മലപ്പുറം/എഇഒ താനൂർ
മലപ്പുറം | ഡിഇഒ തിരൂരങ്ങാടി | പരപ്പനങ്ങാടി | താനൂർ | വേങ്ങര |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയും ഒരു ബ്ളോക്കും ചരിത്രപ്രാധാന്യമുള്ള ഒരു തീരദേശ നഗരമാണ് താനൂർ.അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്. തിരൂരിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) വടക്കും പരപ്പനങ്ങാടിയിൽ നിന്ന് 9 കിലോമീറ്റർ തെക്കും മലബാർ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2011-ലെ കണക്കനുസരിച്ച് ഒരു ചതുരശ്ര കിലോമീറ്ററിന് ഏകദേശം 3,568 താമസക്കാരുള്ള, സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള പതിനേഴാമത്തെ മുനിസിപ്പാലിറ്റിയും, ജില്ലയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ മുനിസിപ്പാലിറ്റിയും, മലപ്പുറം ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ മുനിസിപ്പാലിറ്റിയുമാണ് ഇത്. താനൂർ നഗരം കടലുണ്ടി നദിയുടെ കൈവഴിയായ പൂരപ്പുഴയുടെ അഴിമുഖത്തിന് തെക്ക് സ്ഥിതി ചെയ്യുന്നു.
കേരളത്തിൻറെ പ്രത്യേകതയായ മലനാടും ഇടനാടും തീരപ്രദേശവും താനൂരിലുണ്ട്. മലനാട് എന്ന കുന്നിൻ പ്രദേശമായി മോര്യ കുന്നുംപുറവും, ഇടനാടായി പനങ്ങാട്ടൂർ കാട്ടിലങ്ങാടി പ്രദേശവും തീരപ്രദേശമായി താനൂരങ്ങാടിയും കൂടിച്ചേർന്ന് കേരളത്തിൻറെ ഭൂപ്രകൃതിയുടെ ഒരു ചെറു മാതൃകയാണ് താനൂർ.1861-ൽ തിരൂർ മുതൽ ചാലിയം വരെ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ ലൈനിന്റെ ഭാഗമാണ് താനൂർ റെയിൽവേ സ്റ്റേഷൻ.