മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു പ്രധാന പട്ടണവും മുനിസിപ്പാലിറ്റിയുമാണ് പരപ്പനങ്ങാടി. അറബിക്കടലിന്റെ തീരത്തോട് തൊട്ടുരുമ്മി മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറായാണ് പരപ്പനങ്ങാടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയുടെ (തിരൂർ-ചാലിയം) ഭാഗമായിരുന്നു ഇത്. തിരൂർ-കടലുണ്ടി ടിപ്പു സുൽത്താൻ റോഡിൽ താനൂരിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) വടക്കായാണ് പരപ്പനങ്ങാടി സ്ഥിതി ചെയ്യുന്നത്. കടലുണ്ടി നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. കടലുണ്ടി നദിയുടെ കൈവഴിയായ പൂരപ്പുഴയുടെ അഴിമുഖത്തിന് വടക്കും വള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ അഴിമുഖത്തിന് തെക്കുമായാണ് പരപ്പനങ്ങാടി പട്ടണം സ്ഥിതി ചെയ്യുന്നത്.
പരപ്പനങ്ങാടി ഗ്രാമത്തിന്റെ ചരിത്രം പ്രസിദ്ധമായ “പരപ്പനാട് കോവിലക”വുമായി ബന്ധപ്പെട്ടുകിടക്കുന്നു. പരപ്പനാട് കൊട്ടാരവും, ഊട്ടുപുരയും, കുളിപ്പുരയും നെടുവ ജി.യുപി.സകൂളിനു കിഴക്കുവശത്തായി ആറേക്കർ വിസ്തൃതിയിൽ ജീർണിച്ച നിലയിലാണെങ്കിലും ഇന്നും അവശേഷിക്കുന്നു. 1921-ലെ മലബാർ കലാപത്തിൽ പോലീസിനും പട്ടാളത്തിനും മാർഗതടസ്സം സൃഷ്ടിക്കുന്നതിനായി പരപ്പനങ്ങാടിയിൽ റെയിൽപ്പാളം പൊളിച്ചുമാറ്റിയിരുന്നു. കടപ്പുറത്തെ അങ്ങാടി എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു പരപ്പനങ്ങാടിയുടെ ആദ്യകാലത്തെ ആസ്ഥാനം. അന്നത്തെ വലിയ വാണിജ്യകേന്ദ്രവും ഇവിടെയായിരുന്നു. ഈ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളും ഇന്നും അവിടവിടെയായി കാണാവുന്നതാണ്.
വിദ്യാഭ്യാസതൽപരരായ വ്യക്തികൾ മുൻകൈയ്യെടുത്ത് പ്രദേശികാടിസ്ഥാനത്തിൽ സ്ഥാപിച്ചവയും പഴയ ഓത്തുപളളികളോടനുബന്ധിച്ച് നടത്തിയിരുന്നവയുമായ പള്ളിക്കൂടങ്ങളാണ് പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മിക്കതും. ബി.ഇ.എം.സ്കൂളാണ് ആദ്യത്തെ ഔപചാരികവിദ്യാലയം. 1904-ൽ സ്ഥാപിച്ച ഈ സ്കൂൾ, 1942-43 വർഷത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും എൽ.പി.വിഭാഗം അതോടനുബന്ധിച്ച് പ്രത്യേകവിഭാഗമായി പ്രവർത്തിച്ചു വരികയും ചെയ്തു.