2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 81 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്.ജൂൺ 15ന് നടന്ന അഭിരുചി പരീക്ഷയിൽ 77 വിദ്യാർഥികളാണ് പങ്കെടുത്തത്. എട്ടാം ക്ലാസ് എ യിൽ പഠിക്കുന്ന തരുൺ മഹേഷാണ് ഏറ്റവും കൂടുതൽ സ്കോർ നേടി ഈ അഭിരുചി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഉയർന്ന സ്കോർ നേടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടിയ വിദ്യാർഥികളുടെ യോഗം, ഹെഡ്മാസ്റ്റർ,കൈറ്റ് മാസ്റ്റർ, മിസ്‌ട്രെസ് എന്നിവരുടെ സാന്നിധ്യത്തിൽ പിന്നീട് ചേരുകയുണ്ടായി. ഈ ബാച്ചിന്റെ യൂണിറ്റ് ലീഡറായി തരുൺ മഹേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ആറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തിൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾ ക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ

രണ്ട് ഘട്ടങ്ങളായി നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായി ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പോളിംഗ് സ്ലിപ്പുമായി വന്നാണ് ആദ്യഘട്ട ഇലക്ഷനിൽ വോട്ട് ചെയ്തത്. ഓരോ ക്ലാസിൽ നിന്നും ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഈ ഇലക്ഷനിൽ, ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ പ്രത്യേകമായി നൽകിയിരുന്നു. എൽ പി ക്ലാസുകളിൽ ബാലറ്റ് പേപ്പറിൽ മത്സരാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എന്നുള്ളത് ഒരു പുതുമ തന്നെയായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ്,സെക്കൻഡ് പോളിംഗ്, തേർഡ് പോളിംഗ് എന്നിങ്ങനെയുള്ള ഓഫീസേഴ്സ് എല്ലാം തന്നെ വിദ്യാർത്ഥികളായിരുന്നു. മൂന്നു മണിയോടെ അവസാനിച്ച വോട്ടിങ്ങിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൽസമയം വിജയികളെയും, ഓരോ മത്സരാർത്ഥികളുടെ ലീഡും പ്രഖ്യാപിച്ചതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു. മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു, സ്കൂൾ ലീഡറെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട ഇലക്ഷൻ വിജയകരമായി നടത്തിയത്. ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ലോകസഭ, നിയമസഭ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതുപോലെ തിരിച്ചറിയൽ രേഖയായി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ്, പോളിംഗ് സ്ലിപ്പ്, പോളിംഗ് ഓഫീസേഴ്സി ന്റെ കൈയിൽ ഇലക്ട്രൽ റോൾ എന്നിവയെല്ലാം തന്നെ രണ്ടാംഘട്ട ഇലക്ഷനിലും ഉപയോഗിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചു സ്കൂൾ ലീഡറായി സ്ഥാനമേറ്റത് ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദയാണ്. ഇലക്ഷൻ കമ്മീഷണർ ആയ ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്ററിന്റെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ ഓഫീസറായ സ്വപ്ന തോമസ് ടീച്ചറും കൈറ്റ് മാസ്റ്ററായ ഫ്രാൻസിസ് തോമസ് പി മാസ്റ്ററും, ഹൈസ്കൂൾ, യു പി, എൽ പി എന്ന വിഭാഗങ്ങളിലെ രണ്ട് അധ്യാപകർ അടങ്ങുന്ന ടീമും ചേർന്നാണ് ഇത്തരത്തിലുള്ള ഇലക്ഷൻ വിജയകരമായി നടത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്.