അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ആമുഖം
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം....
ജൂൺ 1.സ്കൂൾ പ്രവേശനോത്സവം-2023
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു........കൂടുതൽ വായിക്കാം.
പ്രവേശനോത്സവം വീഡിയോ കാണാം താഴെ link ൽ click
https://www.youtube.com/watch?v=39Mq23Rnz7E
ജൂൺ 1.ശ്രീ.ബിനു തോമസ് പുതിയ ഹെഡ്മാസ്റ്റർ ആയിചുമതലയേറ്റു.
അസംപ്ഷൻ ഹൈസ്കൂളിൽ ശ്രീ.ബിനു തോമസ് പുതിയ ഹെഡ്മാസ്റ്റർ ആയിചുമതലഏറ്റു.ബിനു സാറിനെ അധ്യാപകരും ഓഫീസ് സ്റ്റാഫും ചേർന്നു സ്വീകരിച്ചു. മുൻപ് അദ്ദേഹം കൊട്ടിയൂർ ഐ.ജെ .എം.എച്ച് .എസ്. എസിൽ ഹെഡ്മാസ്റ്റർ ആയിരുന്നു.
ജൂൺ 5.പരിസ്ഥിതിദിനം ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5ന് അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.ഹെഡ്മാസ്റ്റർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ വൃക്ഷത്തൈ നട്ടു. എൻ.സി.സി. വിദ്യാർത്ഥികൾ സ്കൂൾ പരിസരം ശുചിയാക്കി.
ജൂൺ 19.വായനാ ദിനാചരണം,സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം .
ജൂൺ 19 വായനാദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ ശ്രീ.സാദിർ തലപ്പുഴ നിർവഹിച്ചു. വായന നമ്മെ അറിവിലന്റെ ലോകത്തേക്ക് നയിക്കും. അജ്ഞയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കും .ഇന്ന് മൊബൈൽ ഫോണും ഇൻറർനെറ്റുുംവ്യാപകമായി എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ സുകളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നിർവ്വഹിച്ചു. ക്ലബ്ബുകളെ പ്രതിനിധീകരിച്ച് മൺചിരാതുകൾ തെളിയിച്ചു.
വായനാ വാരം-
വായന ദിനാചരണത്തെ തുടർന്ന് ഒരാഴ്ച വായനവാരമായി ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം ഭാഷാ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു .
ജൂൺ 19 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ജൂലൈ മാസം 19 ബുധനാഴ്ച ,എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി "വിജയോത്സവം" ഹൈസ്കൂളിൽ സംഘടിപ്പിച്ചു .ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ് .പി .ശ്രീ പ്രിൻസ് എബ്രഹാം വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ബിനു തോമസ് ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ്, ശ്രീ ഷാജി എ ടി ശ്രീ ഷാജു എം എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി ശ്രീ പ്രിൻസ് എബ്രഹാം വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയമാണ് നേടാനായത് .പരീക്ഷയിൽ പങ്കെടുത്ത 289വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും,71 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു...........കൂടുതൽ വായിക്കാം.
ജൂൺ 21. വേൾഡ് മ്യൂസിക് ഡേ.
ലോക സംഗീത ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി സെബാസ്റ്റ്യൻ സംഗീതം ആലപിച്ചു .മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ സംഗീത പരിപാടികളും സംഘടിപ്പിച്ചു .സംഗീതജ്ഞരെയും ഗായകരെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് മ്യൂസിക് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള സംഗീതത്തോടുള്ള ഇഷ്ടം അവതരിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വളർന്നുവരുന്ന യുവജനങ്ങളെയും പ്രൊഫഷണൽ സംഗീതജ്ഞരെയും പ്രചോദിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.
ജൂൺ 21. വേൾഡ് യോഗാ ഡേ.
ലോക യോഗാ ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും യോഗ ഡെമോൺസ്ട്രേഷനും ഡിസ്പ്ലേയും സംഘടിപ്പിച്ചു .അസംപ്ഷൻ ഹൈസ്കൂളിലെ എൻ.സി.സി.കേഡറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗ പ്രദർശനത്തിൽ നൂറോളം എ.സി.സി വിദ്യാർത്ഥികൾ പങ്കെടുത്തു .പരിപാടികൾക്ക് സി.ടി.ഓ (എൻസിസി ഇൻചാർജ് .)ശ്രീ .അർജുൻ തോമസ് നേതൃത്വം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പരിപാടികൾ ഒരു മണിക്കൂർ നീണ്ടുനിന്നു .
ജൂൺ 26.ലഹരി വിരുദ്ധ വാരാചരണം
വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ , പോസ്റ്റർ പ്രദർശനങ്ങൾ .ലഹരി വിരുദ്ധ റാലികൾ, ഒപ്പു ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ് .ലഹരി ഉപയോഗം മുതിർന്നവരിൽ നിന്നും വിദ്യാർത്ഥികളിലേക്ക് പടരുന്ന ഒരു പ്രവണത നാം കണ്ടുവരുന്നു .ഇത് നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് .ലഹരി മാഫിയകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. ക്ലബ്ബ് മുഖ്യചുമതല ശ്രീ സജി സാർ നിർവഹിക്കുന്നു.......കൂടുതൽ വായിക്കാം
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി.
അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഗാന്ധി ജംഗ്ഷനിൽ ബോധവൽക്കരണ യോഗവും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിലെ ഗാന്ധി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ്,വിദ്യാർത്ഥികളെയും അവിടെ കൂടി നിന്നവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹം ഉണരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് , ക്ലബ്ബ് കോർഡിനേറ്റർ ശ്രീ സജി ആൻറണി, ശ്രീമതി ദീപ്തി ടെന്നീസ് എന്നിവർ സംസാരിച്ചു.തുടർന്ന് സ്കൂളിൽ വച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒപ്പു ശേഖരണം നടത്തി.
ജൂലൈ 14.ചാന്ദ്രയാൻ വിക്ഷേപണം ലൈവ്.
ജൂലൈ 14-ആം തീയതി ചാന്ദ്രയാൻ 3 യുടെ ലൈവ് വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ വീക്ഷിക്കുന്നതിന് അവസരം ഒരുക്കി .എല്ലാ ക്ലാസുകളിലും ലാപ്ടോപ്പുകളും പ്രോജക്ടറുകളും അറേഞ്ച് ചെയ്തിരുന്നു.ചാന്ദ്രയാൻ 3 യുടെ ലൈവ് ടെലികാസ്റ്റ് വിദ്യാർത്ഥികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു.വിക്ഷേപണവുമായി ബന്ധപ്പെട്ട് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകർ വിക്ഷേപണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.
ജൂലൈ .സ്കൂൾതല കലോത്സവം,മേളകൾ സംഘടിപ്പിച്ചു.
അസംപ്ഷൻ ഹൈസ്ക്കൂളിൽ സ്കൂൾതല കലാമേളയും ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐടി മേളകളും സംഘടിപ്പിച്ചു.വിദ്യാർത്ഥികളെ 4 ഹൗസുകൾ ആക്കി തിരിച്ചായിരുന്നു കലാ മത്സരങ്ങൾ നടത്തിയത്.നാല് സ്റ്റേജുകളിലായാണ് മത്സര പരിപാടികൾ .സമ്മാനം നേടിയ വിദ്യാർത്ഥികളെയും കൂടുതൽ പോയിൻറ് നേടിയ ഹൗസിനെയും സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐടി മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി.
ആഗസ്റ്റ് 1.വേൾഡ് സ്കാർഫ് ഡേ ആചരിച്ചു
ആഗസ്റ്റ് 1: സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.അന്നേ ദിവസം പ്രത്യേക സ്കൗട്ട് ആൻഡ് ഗൈഡ്സ് മീറ്റിംഗ് വിളിക്കുകയും വിദ്യാർത്ഥികൾ സ്കൗട്ട് ഗൈഡ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾ സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി.സ്കൗട്ട് ചടങ്ങുകൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ് സാറും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ ടീച്ചറും നേതൃത്വം നൽകി.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാറിനെ സ്കാർഫ് അണിയിച്ച് ആദരിച്ചു.
ആഗസ്റ്റ് 6,9.ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പ്രത്യേക സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.അസംബ്ലിയിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ്സ് ,ജെ ആർ സി ,എൻ സി സി തുടങ്ങിയ സംഘടനകളും പ്രവർത്തനങ്ങളിൽ സഹകരിച്ചു.
ലോക യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി
ലോകയുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി. വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച പേപ്പർകൊക്കുകൾ എല്ലാ വിദ്യാർത്ഥികളും ഗ്രൗണ്ടിലേക്ക് ഇറങ്ങി നിന്ന് പ്രതീകാത്മകമായി ആകാശത്തിലേക്ക് ഉയർത്തി വിട്ടു .മനോഹരമായ കാഴ്ചയായിരുന്നു അത്.വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധമനോഭവം വളർത്തുക എന്ന ലക്ഷ്യത്തോടെ യുദ്ധവിരുദ്ധ പോസ്റ്റർ,യുദ്ധവിരുദ്ധ റാലി ,പ്രദർശനം,ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു .സോഷ്യൽസയൻസ് അധ്യാപകരും സ്കൗട്ട് ഗൈഡ് ടീച്ചേഴ്സും പരിപാടികൾക്ക് നേതൃത്വം നൽകി .
യുദ്ധവിരുദ്ധദിനം; വീഡിയോ കാണാം താഴെ link ൽ click
https://www.youtube.com/watch?v=E9K0UfunZvs
വൃദ്ധസദന സന്ദർശനം.
നിരാലംബരായ ആളുകളെ സന്ദർശിച്ച് അവരുടെ സ്ഥിതികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്യുന്നതിന് വേണ്ടി അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വൃദ്ധസദനങ്ങൾ സന്ദർശിക്കുന്നു, ഒപ്പം അവർക്ക് അന്നേദിവസം ഭക്ഷണവും വിതരണം ചെയ്യുന്നു . ഈ പ്രവർത്തനങ്ങൾ മാസത്തിൽ ഒന്ന് വെച്ച് നടത്തുന്നു. എല്ലാ ക്ലാസ്സുകൾക്കും മാസത്തിൽ ഒരുതവണ ഊഴമായി നൽകുന്നു. വിദ്യാർത്ഥികൾ ഓരോരുത്തരും പൊതിച്ചോർ കൊണ്ടുവരികയും വൃദ്ധസദനത്തിൽ നേരിട്ട് ചെന്ന് വിളമ്പി നൽകുകയും ചെയ്യുന്നു. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വലിയൊരു അനുഭവമാണ്. കാരണം സമൂഹത്തിൽ ആരാലും സംരക്ഷിക്കപ്പെടാതെ വൃദ്ധസദനത്തിൽ കഴിയുന്ന അനേകം വൃദ്ധരുടെ അവസ്ഥകൾ കണ്ടു മനസ്സിലാക്കുന്നതിനും അവർക്ക് അല്പം ആശ്വാസം നൽകുന്നതിനും ഇത് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.
ജെ.ആർ.സി. വിദ്യാർത്ഥികൾ "തൃപ്പാദം"അഗതിമന്ദിരം സന്ദർശിച്ചു.
സമൂഹത്തിൽ ഒറ്റപ്പെട്ടവരും ഏകാന്തത അനുഭവിക്കുന്നവരുമായ വൃദ്ധരെ സന്ദർശിക്കുകയും അവരുടെ ജീവിത അനുഭവങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലെ ജെ ആർ സി വിദ്യാർഥികൾ ബത്തേരിക്ക് സമീപമുള്ള കോട്ടക്കുന്ന് "തൃപ്പാദം" അഗതിമന്ദിരം സന്ദർശിച്ചു. മുപ്പതോളം അന്തേവാസികൾ താമസിക്കുന്ന അഗതിമന്ദിരത്തിൽ ഉച്ചഭക്ഷണവുമായാണ് വിദ്യാർഥികൾ എത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ ഇടയ്ക്കിടെ സമീപമുള്ള വൃദ്ധസദനങ്ങൾ സന്ദർശിക്കാറുണ്ട്. വിദ്യാർത്ഥികൾ അഗതിമന്ദിരത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുകയും അവിടുത്തെ അന്തേവാസികളുമായി സംവദിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ. ജെ ആർ സി ഇൻ ചാർജ് ശ്രീമതി സ്മിത പോൾ എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി. ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വലിയൊരു അനുഭവമായിരുന്നു .തങ്ങളുടെ ഭവനത്തിൽ അവശത അനുഭവിക്കുന്ന മാതാപിതാക്കളോടുള്ള സമീപനത്തിൽ എത്തരത്തിലുള്ള മാറ്റം വരുത്തണം എന്ന് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കി.
ആഗസ്റ്റ് 10-11"ഫ്രീഡം ഫെസ്റ്റ്" സംഘടിപ്പിച്ചു.
റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിന് "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ റോബോട്ടിക്സ് പ്രദർശന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ കൈറ്റ് നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും ആഗസ്റ്റ് മാസം പത്താം തീയതി മുതൽ 14-ാം തിയതി വരെ "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള, പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമാണ്. വിദ്യാർത്ഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് നിരവധിയായ റോബോട്ടിക് പ്രോഡക്ടുകൾ നിർമ്മിച്ചു. ടോൾ ഗേറ്റ്, സീബ്രാ ക്രോസിംഗ് ലൈറ്റ്,ഹെൻ ഫീഡിങ് ,ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ,സ്ട്രീറ്റ് ലൈറ്റ് , ഡാൻസിങ് ലൈറ്റ് മുതലായവ അവർ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ ചിലതാണ്. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി. ഐടി ലാബിലും സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ പ്രദർശനം ഒരുക്കി. ഐടി കോർണറും തയ്യാറാക്കിയിരുന്നു. ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് നിർവഹിച്ചു. ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ലിറ്റിൽ വിദ്യാർഥികൾ മറ്റു കുട്ടികൾക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ശ്രീ വി എം ജോയ് ,ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ........കൂടുതൽ അറിയാൻ
ആഗസ്റ്റ് 15.സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ആഗസ്റ്റ് 15 :സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ പതാക ഉയർത്തി. പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനാലാപനം, ഡിസ്പ്ലേ, തുടങ്ങിയവയുമുണ്ടായിരുന്നു .തുടർന്ന് സ്കൗട്ട് ഗൈഡ്,എൻസിസി,ജെ ആർ സി .വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി...........കൂടുതൽ വായിക്കാം
സ്വാതന്ത്ര്യദിന റാലി വീഡിയോ കാണാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://www.youtube.com/watch?v=c6qZIdiRJhQ
നഗരവീഥിയെ ആവേശമണിയിച്ച് സ്കൗട്ട് ഗൈഡ് സ്വാതന്ത്ര്യദിന റാലി.
ബത്തേരി നഗരവീഥിയെ ആവേശമാണിയിച്ച് അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി. സ്കൂളിലെ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിനറാലി ബത്തേരി നഗരം ചുറ്റി. ഭാരതത്തിന്റെ രാഷ്ട്രപിതാവിനെ അനുസ്മരിച്ചും,ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചും വിദ്യാർഥികൾ മുദ്രാവാക്യം ഏറ്റുചൊല്ലി.
ആഗസ്റ്റ് 25.ഓണാഘോഷ പരിപാടികൾ
ആഗസ്റ്റ് 25: ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഓണപ്പാട്ട് മത്സരം,പൂക്കള മത്സരം,വടം വലി, മറ്റ് ഓണക്കളികൾ തുടങ്ങിയവ സംഘടിപ്പിച്ചു.അധ്യാപകർ ചേർന്ന് ഓണപ്പാട്ട് ആലപിച്ചു.വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും , പായസ വിതരണവും നടത്തി.
സെപ്റ്റംബർ 4.എൻ.സി.സി. ഐക്യ ഓട്ടം
സർദാർ വല്ലഭ്ഭായ് പട്ടേലിനോടുള്ള ആദരസൂചകമായി സുൽത്താൻബത്തേരിയിൽ നടത്തിയ എൻ.സി.സി. ഐക്യ ഓട്ടം ശ്രദ്ധേയമായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുകയെന്ന സന്ദേശമുയർത്തി സെയ്ന്റ് മേരീസ് കോളേജിലെയും അസംപ്ഷൻ സ്കൂളിലെയും എൻ.സി.സി. കാഡറ്റുകൾ നടത്തിയ ഐക്യ ഓട്ടം എൻ. സി.സി. വയനാട് കമാൻഡിങ് ഓഫീസർ കേണൽ അവിജിത്ത്ദാസ് ഫ്ലാഗ് ഓഫ് ചെയ്തു.സെയ്ന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.സി. റോയ്, കോളേജ് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. കെ.എസ്. പ്രമോദ്, അസംപ്ഷൻ സ്കൂൾ അസോസിയേറ്റ് എൻ.സി.സി. ഓഫീസർ അർജുൻ തോമസ്, എസ്.ഐ. സണ്ണി ജോസഫ്, ഷാജു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിനോള്ള ആദരസൂചകമായാണ് ഓട്ടം സംഘടിപ്പിച്ചത്. ചുങ്കംമുതൽ ജൈനക്ഷേത്രം വരെയായിരുന്നു ഓട്ടം.
മെഡലുകൾ വിതരണം ചെയ്തു .
അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വിവിധ മേളകളിൽ നേടിയ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു .പ്രത്യേക അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാറും മറ്റ് വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിലായിരുന്നു മെഡലുകൾ വിതരണം ചെയ്തത്.സ്കൂൾ കലോത്സവം,പ്രവർത്തി പരിചയം,ഗണിതശാസ്ത്രം ,ഐടി മേള സാമൂഹ്യ ശാസ്ത്രം, സ്പോർട്സ് മേള തുടങ്ങിയ ഇനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം വിതരണം ചെയ്തു .
ലഹരിക്കെതിരെ തെരുവ് നാടകം.
ലഹരിക്കെതിരെ തെരുവ് നാടകം .എൻ.എസ്.എസ്. വാളണ്ടിയർ അവതരിപ്പിക്കുന്ന ലഹരിക്കെതിരെ പരിപാടിയുടെ ഭാഗമായി അസംപ്ഷൻ ഹൈസ്കൂളിലും തെരുവുനാടകം അവതരിപ്പിച്ചു .സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് തെരുവ് നാടകം അവതരിപ്പിച്ചത്. വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുകയാണ് തെരുവ് നാടകത്തിലൂടെ ലക്ഷ്യമിടുന്നത്. അസംപ്ഷൻ ഹൈസ്കൂളിലെയും യുപി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് പരിപാടി കാണുന്നതിനുള്ള അവസരമൊരുക്കി.
സെപ്റ്റംബർ 5.അധ്യാപകദിനാചരണം നടത്തി.
സെപ്റ്റംബർ 5: സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.പി.ടി.എ.യു ടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലായിരുന്നു ദിനാചരണം നടത്തിയത്.സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് പരുവുമ്മേൽ അധ്യാപകദിന സന്ദേശം നൽകി. പി.ടി.എ.യോടൊപ്പം സ്കൂൾ പാർലമെൻറ് അംഗങ്ങൾ,സ്കൗട്ട് ഗൈഡ്,എൻ.സി.സി,ജെ ആർ.സി, വിദ്യാർത്ഥികൾ ചേർന്ന് അധ്യാപകർക്ക് മെമെന്റോയും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ശാലിനി വിദ്യാർത്ഥി പ്രതിനിധിയായി എൽന എന്നിവർ അധ്യാപകരെ അനുമോദിച്ചു സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് പിടിഎക്കും,വിദ്യാർത്ഥികൾക്കും നന്ദി അറിയിച്ചു.തുടർന്ന് അധ്യാപകർ വിദ്യാർഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.കൂടുതൽ .
നേത്രദാന പക്ഷാചരണം ക്വിസ് മത്സരം ;മൂന്നാം സ്ഥാനം.
ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഫിസ ഫസൽ,ഹിബ ഫസൽ എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടുപേരും ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥിനികളാണ്. വയനാട് ജില്ല ആരോഗ്യ വകുപ്പാണ് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് മത്സരം സംഘടിപ്പിച്ചത് . വിദ്യാർഥിനികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു .
സെപ്റ്റംബർ 14.ഹിന്ദി ദിനാചരണം നടത്തി.
രാഷ്ട്രഭാഷ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു .ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തി ഗാനം,പോസ്റ്റർ ,വിവിധ മത്സരങ്ങൾ തുടങ്ങിയവ നടത്തി.
സെപ്റ്റംബർ 18. ഓസോൺ ഡേ ആചരിച്ചു .
സെപ്റ്റംബർ 18 ഓസോൺ ഡേ ആചരിച്ചു.ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ഹെഡ്മാസ്റ്റർ സന്ദേശം നൽകി.പോസ്റ്റർ പ്രദർശനം, ബോധവൽക്കരണ ക്ലാസുകൾ മുതലായവ സംഘടിപ്പിച്ചു.
ലഹരിക്ക് എതിരെ എന്റെ കയ്യൊപ്പ് .
ലഹരിക്കെതിരെ എന്റെ കയ്യൊപ്പ് പ്രവർത്തനങ്ങളിൽ എൻസിസി യൂണിറ്റും പങ്കെടുത്തു .ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. ഇന്ന് യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കൊണ്ടിരിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട് .വിദ്യാർത്ഥികളിൽ ഇതിനെതിരെ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ഇതിൻറെ ഭാഗമായി ലഹരിവിരുദ്ധ ഒപ്പുശേഖരണറാലി ബത്തേരി നഗരവീഥിയിലൂടെ നടത്തി.
ഓസോൺ ഡേ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ക്ലാസ്.
ഓസോൺഡേ യോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു. അസംപ്ഷൻ ഹൈസ്കൂളിലെ മലയാള അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തത്. അനിയന്ത്രിതമായ പരിസ്ഥിതി മലിനീകരണം,പ്ലാസ്റ്റിക്കിന്റെ മാലിന്യങ്ങൾ കത്തിക്കൽ,ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം എല്ലാം അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലാസ്റ്റിക് ബാഗുകൾ (ക്യാരി ബാഗുകൾ )കഴിവതും ഒഴിവാക്കണമെന്നും പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിസഞ്ചികളുടെ ഉപയോഗം വിദ്യാർത്ഥികൾ ശീലമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു .മാത്രമല്ല പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്നതും നിയന്ത്രിക്കണം .
സെപ്റ്റംബർ 21.സ്കൂൾ സ്പോർട്സ് മേള സംഘടിപ്പിച്ചു.
കൽപ്പറ്റ സിന്തറ്റിക് ട്രാക്കിലായിരുന്നു ഈ വർഷത്തെ സ്പോർട്സ് മേള സംഘടിപ്പിച്ചത്.മേളയിൽ 150 ഓളം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിലായി മത്സരിച്ചു. കായികമേള സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് പരുവുമ്മൽ ഉദ്ഘാടനം ചെയ്തു.കായികാധ്യാപകനായ ശ്രീ.അർജുൻ തോമസും മറ്റ് അധ്യാപകരും മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
സെപ്റ്റംബർ 21.വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകൾക്കെതിരെയും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദുരുപയോഗത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം സംഘടിപ്പിച്ചു. മുൻ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ബത്തേരി ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ പലപ്പോഴും വഞ്ചിതരായി പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. പണം നൽകി പ്രലോഭിപ്പിച്ച് പലരെയും ചതിക്കുഴികളിൽ വീഴ്ത്തുന്നു. പിന്നീട് ഒരു തിരിച്ചു വരവ് അസാധ്യമാക്കി തീർക്കുന്നു. ഇതിനെതിരെ ബോധവാന്മാരായിരിക്കേണ്ടതുണ്ട്. ശ്രീ ഷാജൻ സെബാസ്റ്റ്യൻ ചടങ്ങിൽ നന്ദി പറഞ്ഞു.ഡയറ്റ് സീനിയർ ലക്ചർ ശ്രീ മനോജ് സാറും സനിഹിതനായിരുന്നു.
സെപ്റ്റംബർ 26."ഒപ്പം ഒപ്പത്തിനൊപ്പം" .
പഠന മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ പദ്ധതിയായ "ഒപ്പം ഒപ്പത്തിനൊപ്പം" സ്കൂളിൽ തുടക്കമായി. 8,9 ക്ലാസുകളിലെ കണക്ക് ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുകയാണ് ചെയ്യുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി മുനിസിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ടോംജോസ് ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് ശ്രീ .ഷാജൻ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ബൗദ്ധികമായി മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയായ "മാസ്റ്റർ ബ്രെയിൻ പദ്ധതി"ക്കും തുടക്കം കുറിച്ചു.
മികച്ച വിദ്യാർത്ഥികൾക്കായി "മാസ്റ്റർ ബ്രെയിൻ".
പഠന മേഖലയിൽ മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വിദഗ്ധമായ പരിശീലനം നൽകുന്ന പദ്ധതിയാണ് "മാസ്റ്റർ ബ്രെയിൻ പദ്ധതി". ഇതിനായി എട്ടാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്നു. ഇതിനുവേണ്ടി അവർക്ക് പ്രത്യേക സമയം കണ്ടെത്തുകയും പ്രത്യേക മേഖലകളിൽ അവർക്ക് വിദഗ്ധ പരിശീലനം നൽകുകയും ചെയ്യുന്നു .പദ്ധതിക്കായി പുറത്തുനിന്നുള്ള റിസോഴ്സ് അധ്യാപകരുടെയും സേവനവും ലഭ്യമാക്കുന്നു.
ഒൿടോബർ 2. ഗാന്ധിജയന്തി
ഒക്ടോബർ 2: ഗാന്ധിജയന്തി ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻസിസി, ജെ ആർ സി തുടങ്ങിയ ക്ലബ്ബുകൾ ഭാഗമാക്കായി. സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻസിസി എന്നിവർ സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിയെ അറിയാം പരിപാടിക്ക് തുടക്കമിട്ടു .ഒക്ടോബർ രണ്ടു മുതൽ 8 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അതിൻറെ ഭാഗമായി ബത്തേരി പട്ടണത്തിലൂടെ ഗാന്ധിയെ അറിയാം റാലി നടത്തി. സ്കൗട്ട് അധ്യാപകനായ ശ്രീ.ഷാജി ജോസഫ് ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ നേതൃത്വം നൽകി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ റാലി ഫ്ലാഗ്ഓഫ് ചെയ്തു.അന്നേദിവസം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയിൽ പുഷ്പചക്രം അർപ്പിച്ചു.
"ഗാന്ധിയെ അറിയാം"
സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിയെ അറിയാം പരിപാടിക്ക് തുടക്കമിട്ടു .ബത്തേരി പട്ടണത്തിലൂടെ ഗാന്ധിയെ അറിയാം റാലി നടത്തി. സ്കൗട്ട് അധ്യാപകനായ ശ്രീ.ഷാജി ജോസഫ് ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ നേതൃത്വം നൽകി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.ഗാന്ധിയെ അറിയാം പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഗാന്ധി പ്രശ്നോത്തരി, പോസ്റ്റർ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു .
സ്കൗട്ട് ആൻഡ് ഗൈഡ്സ് റാലി വീഡിയോ താഴെ...
https://www.youtube.com/watch?v=zcUXht8JE5A
ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം
സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്. ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ. ജോസഫ് പരിവുമ്മേൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് , യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റാൻലി ജേക്കബ്, ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടോം ജോസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ, എം.പി.ടി.എ.പ്രസിഡൻ്റ് ശ്രീമതി ശാലിനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ.
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ U/14 ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ,വയനാടിന്റെ, കാർത്തിക്. എൻ. എസ് .അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥി ആണ്.
ന്യൂസ് കാണാം ..താഴെ ലിങ്ക്
https://www.youtube.com/watch?v=-Lq5r5s3Zok
ഒൿടോബർ 25.സാമൂഹ്യമാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.
സമൂഹത്തിൽ വർദ്ധിച്ച്‍ വരുന്ന സാമൂഹ്യമാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു .സുൽത്താൻബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ ശ്രീമതി ഗ്രേസി ടീച്ചറാണ് ക്ലാസ് കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ യൂട്യൂബ്, ഫേസ്ബുക്ക് ,instagram തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് ശ്രീമതി ഗ്രേസി ടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഇന്ന് യൂട്യൂബിലൂടെയും ഫേസ്‍ബുക്കിലൂടെയും മറ്റും ധാരാളം വ്യാജ വാർത്തകളും വീഡിയോകളും പ്രചരിക്കുന്നുണ്ട് ,അവയ്ക്കെതിരെ ജാഗരൂകരായിരിക്കണം. ഫേസ്ബുക്കിൽ സൗഹൃദങ്ങൾ സ്ഥാപിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. വ്യാജ പ്രൊഫൈൽ ഫോട്ടോകൾ വെച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നവരുണ്ട്. സൗഹൃദം നടിച്ച് അടുപ്പം കാണിക്കുകയും പിന്നീട് വഞ്ചിക്കപ്പെടുകയുംചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്, ടീച്ചർ ഓർമിപ്പിച്ചു. ചടങ്ങിന് ശ്രീ സജി ആൻറണി സാർ സ്വാഗതവും ശ്രീ ജോയ് സാർ നന്ദിയും ആശംസിച്ചു.
നവംബർ 1.ബത്തേരി സബ്ജില്ല ഐ.ടി മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന്ചാമ്പ്യൻഷിപ്പ്.
ഒൿടോബർ മാസം 31: മീനങ്ങാടിയിൽ വച്ച് നടന്ന സബ്ജില്ലാമേളയിൽ, ഐടി,ഗണിതശാസ്ത്രം എന്നീ വിഭാഗത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്രം, സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു.
നവംബർ 1.കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തിരുവാതിര
കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേമുളവാക്കി. വിദ്യാർത്ഥികൾ താളെത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.
മെഗാ തിരുവാതിര: മുഴുവൻ വീഡിയോയും കാണാം ..താഴെ ലിങ്ക്
ന്യൂസ്
https://www.youtube.com/watch?v=-Lq5r5s3Zok
സബ്ജില്ല,ജില്ലാ തല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
സബ്ജില്ല ,ജില്ലാതല മേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.പങ്കെടുത്ത 20 ഇനങ്ങളിൽ നിന്നായി 95 പോയിന്റുകൾ കരസ്ഥമാക്കി.വിജയം കൈവരിച്ച വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു. മേളകളിൽ, ഗണിതശാസ്ത്രംവിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സബ്ജില്ല ശാസ്ത്ര ,സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു .
ജില്ലാ കലാമേളയിൽ മികവ്.
ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിൽയിൽ വച്ച് നടന്ന വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ അസംപ്ഷന് മികവ്. മാർഗംകളി,സംഘഗാനം,കൂടിയാട്ടം,സംസ്കൃത സംഘഗാനം തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ Aഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി .കൂടാതെ മറ്റു വ്യക്തിഗത ഇനങ്ങളിൽ മികവ് പുലർത്തുകയും ചെയ്തു. മാർഗംകളിയിൽ വർഷങ്ങളായുള്ള ചരിത്രം ആവർത്തിച്ച് എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം.
സംസ്ഥാന ഗണിതശാസ്ത്ര മേളിൽ അസംപ്ഷൻ ഹൈസ്കൂളിൽ മികച്ച നേട്ടം. പങ്കെടുത്ത 5 ഇനങ്ങളിൽ 23 പോയിന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ,സ്കൂളുകളുടെ പോയിൻറ് നിലയിൽ സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി.സംസ്ഥാനതല വർക്ക് എക്സ്പീരിയൻസ് മേളയിൽ 2 എ ഗ്രേഡുകൾ ലഭിച്ചു. സോഷ്യൽ സയൻസ് മേളയിൽ ഒരു എ ഗ്രേഡും ലഭിച്ചു.
ഡിസംബർ1. സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് ഡിസംബർ ഒന്ന് രണ്ട് രീതികളിലായി സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു. ഡിസംബർ ഒന്നാം തീയതി വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ച് 2-ാം തീയതി ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധങ്ങളായ അഡ്വഞ്ചറസ് ആക്ടിവിറ്റീസ് സംഘടിപ്പിച്ചു .പെട്രോൾ മീറ്റിംഗ് ,ട്രൂപ് മീറ്റിംഗ്,സ്കൗട്ട് ഗെയിമുകൾ, ക്യാമ്പ് ഫയർ മുതലായവ വിദ്യാർത്ഥികളിൽ ആവേശം ഉളവാക്കി .സ്കൗട്ട് അധ്യാപകനായ ശ്രീ.ഷാജി ജോസഫ് ,ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഡിസംബർ 2.സമഗ്രശിക്ഷ അഭിയാൻ കേരള ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു.
സമഗ്രശിക്ഷ അഭിയാൻ കേരള ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും പരിപാടിയിൽ സഹകരിച്ചു .വിദ്യാർത്ഥികൾ ബാനറുകളും പ്ളക്കാർഡുകളുമായി റാലിയിൽ അണിചേർന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ മാറ്റി നിർത്തേണ്ടതല്ലെന്നും അവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടതാണെന്നും അവർക്ക് ശരിയായ പിന്തുണയും സഹായവും നൽകേണ്ടത് ആവശ്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .സ്കൗട്ട് അധ്യാപകരുമാരായ ശ്രീമതി അനിയമ്മ ടീച്ചറും ശ്രീമതി ജീന അഗസ്റ്റിനും വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി, പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഒപ്പ് ശേഖരണവും നടത്തി.
ഡിസംബർ 3.വേൾഡ് ഡിസബിലിറ്റി ഡേ.
വേൾഡ് ഡിസബിലിറ്റി ഡേ ആചരിച്ചു.ചടങ്ങിൽ കുമാരി നന്ദന വിവിധ പരിപാടികൾ അവതരിപ്പിച്ചു .നന്ദനക്ക് കാലിന് സ്വാധീന കുറവുള്ളതാണ്. നന്ദന അവതരിപ്പിച്ച ഡാൻസ് വിദ്യാർത്ഥികളെ ആകർഷിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് നന്ദനയെ പൊന്നാട അണിയിച്ചു. വൈകല്യം ഒരു കുറവല്ലെന്നും അത് ദൈവത്തിൻറെ സമ്മാനമാണെന്നും ഇവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്താൻ പാടില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ സിസ്റ്റർ ആഷ്‌ലി ഓർമ്മിപ്പിച്ചു.
ഡിസംബർ 22.ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ വിപുലമായ രീതിയിൽ ആഘോഷിച്ചു . ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ക്രിസ്മസ് പാപ്പ മത്സരം സംഘടിപ്പിച്ചു. കരോൾ ഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പുൽക്കൂട് നിർമ്മിച്ചു. നക്ഷത്രങ്ങളും ക്രിസ്തുമസ്ട്രിയും കൊണ്ട് സ്‍കൂളും പരിസരവും ഭംഗിയാക്കി. അധ്യാപകർ ചേർന്ന് കരോൾഗാനം ആലപിച്ചു .
വീഡിയോ കാണാം താഴെ link ൽ click
https://www.youtube.com/watch?v=CYziFW-nz-Q
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം.വ്യത്യസ്ത വേദികളിൽ വിവിധ ഇനങ്ങളിലായി 28 കുട്ടികൾ പങ്കെടുത്തതിൽ രണ്ട് ബി ഗ്രേഡ് ഒഴികെ ബാക്കി എല്ലാം ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. അതുപോലെതന്നെ മാർഗംകളി, കൂടിയാട്ടം,സംഘഗാനം, സംസ്കൃതം സംഘഗാനം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും വിദ്യാർഥികൾക്ക് എ ഗ്രേഡ് കരസ്ഥമാക്കാനായി.മാർഗംകളിയിൽ മികവ് ചരിത്രമായി. വർഷങ്ങളായി സംസ്ഥാനത്ത് മാർഗംകളിയിൽ സ്കൂൾ നേടുന്ന എ ഗ്രേഡ് മികവ് ഈ വർഷവും ആവർത്തിച്ചു .
ജനുവരി 3.അർധ വാർഷിക പരീക്ഷ അവലോകനം,പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.
അർധ വാർഷിക പരീക്ഷ അവലോകനവുമായി ബന്ധപ്പെട്ട് പത്താം ക്ലാസിലെ പിടിഎ യോഗത്തിൽ വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്തു. പരീക്ഷ പേപ്പർ വിദ്യാർത്ഥികൾക്ക് നൽകിയതിനുശേഷം വിദ്യാർത്ഥികളുടെ പഠനനിലവാരം രക്ഷിതാക്കളെ ബോധ്യപെടുത്തുകയും പഠന മേഖലയിലെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ കൈക്കൊള്ളുന്നതിനുമാണ് മീറ്റിങ്ങിലൂടെ ഉദ്ദേശിച്ചത്. ആദ്യം ഹെഡ്മാസ്റ്റർ രക്ഷിതാക്കളെയെല്ലാം ജനറൽബോഡിയിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ രക്ഷിതാക്കളുമായി പങ്കുവെച്ചു. വീടുകളിലെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ സംബന്ധിച്ച് ഹെഡ്മാസ്റ്റർ ചില നിർദ്ദേശങ്ങൾ നൽകി. തുടർന്ന് അതാത് ക്ലാസുകളിലേക്ക് രക്ഷിതാക്കളെ പറഞ്ഞുവിട്ടു. അവിടെ ക്ലാസ് അധ്യാപകരുമായി വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തുന്നതിന് അവസരം നൽകി . വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം വീടുകളിൽ മികച്ചതാക്കേണ്ട കാര്യം ക്ലാസ് ടീച്ചർ ബോധ്യപ്പെടുത്തി .
ജനുവരി 4.എസ്എസ്എൽസി ക്യാമ്പ് .
ക്രിസ്മസ് പരീക്ഷ ശേഷം ജനുവരി 4 തിയതി സ്കൂളിൽ എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്നതിന് തീരുമാനിച്ചു .രക്ഷിതാക്കളുമായി ചർച്ച ചെയ്തു ക്യാമ്പിന് നടത്തിപ്പ് ,സമയക്രമം ,ഭക്ഷണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ചയിൽവന്നത്. രക്ഷിതാക്കൾ ക്യാമ്പിന് എല്ലാ പിൻതുണയും നൽകി.
ജനുവരി 4.മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. 2024 മാർച്ച് നാലാം തീയതി എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും മനോധൈര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പരിശീലകനായ ഫാദർ ഡൊമിനിക് ആണ് വിദ്യാർത്ഥികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തിയത്. പത്താം ക്ലാസ് പരീക്ഷയോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് പൊതുവേ ഉണ്ടാകാറുള്ള മാനസിക സംഘർഷം ലഘൂകരിക്കുകയും ആത്മവിശ്വാസത്തോട് കൂടി പരീക്ഷയെ അഭിമുഖീകരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണെന്ന് ഫാദർ ഡൊമിനിക് വിദ്യാർഥികളെ ഓർമിപ്പിച്ചു. വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിന് അനുകൂലമായ പാട്ടുകളും കഥകളും വീഡിയോകളും ഉൾപ്പെടുത്തിയുള്ളതായിരുന്നു ഫാദർ ഡൊമിനിക്കിന്റെ ക്ലാസ്. ഇത് വിദ്യാർത്ഥികൾക്ക് തികച്ചും ആസ്വാദ്യകരമായിരുന്നു. സമയബന്ധിതമായി വിഷയങ്ങൾ പഠിച്ചു തീർക്കേണ്ടതിൻറെയും,വിവിധ കാര്യങ്ങൾക്കായി സമയം ക്രമപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഫാദർ ഓർമ്മിപ്പിച്ചു.
ജനുവരി 8.ബേഡൻ പവൽ ചരമദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ബേഡൻ പവൽ ചരമദിനം ആചരിച്ചു.അന്നേദിവസം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ പ്രത്യേക ട്രൂപ്പ് കമ്പനി മീറ്റിംഗ് വിളിക്കുകയും ബേടൻപവൽ അനുസ്മരണംനടത്തുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ് ശ്രീമതി അനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ജനുവരി 23.ഓഫീസ് ജീവനക്കാരെ ആദരിച്ചു.
അസംപ്ഷൻ ഹൈസ്കൂളിലെ ഓഫീസ് ജീവനക്കാരെ ആദരിച്ചു. ജനുവരി 23 സുഭാഷ് ചന്ദ്രബോസ് ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഓഫീസ് ജീവനക്കാരെ ആദരിച്ചു. അസംപ്ഷൻഹൈസ്കൂളിൽ ആകെ 35 ജീവനക്കാരാണ് ഉള്ളത്. ഇതിൽ അഞ്ചുപേർ ജീവനക്കാരാണ്. സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇവർ നൽകുന്ന സംഭാവനകൾ നിസ്‍തുലമാണ് .സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ച് ഓഫീസ് ജീവനക്കാരെ ആദരിക്കുകയും പൊന്നാടയിക്കുകയും ചെയ്തു.
ജനുവരി 26.റിപ്പബ്ലിക് ദിനം കൊണ്ടാടി.
ഭാരതത്തിൻറെ 75 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തി. യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ജെ ആർ സി ,എൻസിസി , സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ യൂണിഫോമിൽ അണിനിരന്നു. യു പി സ്കൂൾ ഹെഡ് മാസ്റ്റർ സ്റ്റാൻലി മാസ്റ്റർ വിദ്യാർഥികൾക്ക് സന്ദേശം നൽകി.
ജനുവരി 30.രക്തസാക്ഷിത്വദിനം ആചരിച്ചു
അസംപ്ഷൻ ഹൈസ്കൂളിൽ ഗാന്ധിജിയുടെ 76-ാംരക്തസാക്ഷിത്വദിനം ആചരിച്ചു. ഈ ദിനം ദേശീയതലത്തിൽ സർവോദയ ദിനമായും ആചരിക്കുന്നു . അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ ഈ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന ,റാലി ,നഗരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, മുതലായവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഗാന്ധിജിയുടെ ഛായാചിത്രം സ്കൂൾ ഓഫീസിന് മുന്നിൽ പ്രദർശിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു ,തുടർന്ന് റാലിയായി നഗരത്തിലൂടെ പോവുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകനായ ശ്രീ.ഷാജി ജോസഫ്നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി അനിയമ്മ കെ ജെ നിയുക്ത സ്കൗട്ട് അധ്യാപികയായ ശ്രീമതി ജീന ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വീഡിയോ കാണാം താഴെ link ൽ click
https://www.youtube.com/watch?v=zcUXht8JE5A
ജനുവരി30. 42-ാം സ്കൂൾ വാർഷികം ആഘോഷിച്ചു.
അസംപ്ഷൻ ഹൈസ്കൂളിൽ 42-ാം സ്കൂൾ വാർഷികം ആഘോഷിച്ചു.വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. സ്‍കൂളും പരിസരവും മൊത്തമായി അലങ്കരിക്കുകയും സ്കൂൾ കെട്ടിടം വൈദ്യുത ബൾബുകളാൽ ദീപാലാംഗൃതമാക്കുകയും ചെയ്തു.രാവിലെ 10.30 ന് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർസ്കൂൾ പതാക ഉയർത്തി .ആഘോഷ പരിപാടികൾ വൈകിട്ട് 10 മണി വരെ തുടർന്നു.
42-ാം സ്കൂൾ വാർഷികം വീഡിയോ കാണാം താഴെ link ൽ click
https://www.youtube.com/watch?v=oPxIqDcUalQ
ജനുവരി 30.അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു.
അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു. 42-ാംസ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .ജില്ല ,സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. മികവുത്സവ പരിപാടിക്ക് സുൽത്താൻബത്തേരി AEO ശ്രീമതി ജോളിയമ്മ തോമസ് മുഖ്യാതിഥിയായിരുന്നു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ അബ്ബാസ് അലി സർ മികവുത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. പി ടി എ. എം പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ജനുവരി 30.സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി .
അസംപ്ഷൻ ഹൈസ്കൂളിൽ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി .ശ്രീ ഷാജൻ സെബാസ്റ്റ്യൻ 30 വർഷത്തെ സേവനത്തിന് ശേഷമാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ശ്രീമതി ആനിയമ്മ.കെ ജെ 12 വർഷത്തെ സേവനത്തിന് ശേഷവും.സ്കൂൾ വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത് ചടങ്ങിൽ ഇരുവരെയും പൊന്നാടനീക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സാഹിത്യകാരനായ ശ്രീ പി കെ പാറക്കടവ് ആയിരുന്നു.
42-ാംസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വീഡിയോ കാണാം താഴെ link ൽ click
https://www.youtube.com/watch?v=oPxIqDcUalQ
എസ്എസ്എൽസി ക്യാമ്പ് തുടരുന്നു.
വിദ്യാർഥികൾക്ക് എസ്എസ്എൽസി ക്യാമ്പ് തുടരുന്നു. മികച്ച ഗ്രേഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രത്യേക ടൈംടേബിൾ പ്രകാരം ക്യാമ്പ് പുരോഗമിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാറുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച അധ്യയന പ്രധാനം ചെയ്യുന്നു.
ഫെബ്രുവരി 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് സെന്റ് ഓഫ് നൽകി.
അസംപ്ഷൻ ഹൈസ്കൂളിലെ 2023- 2024 എസ്എസ്എൽസി വിദ്യാർഥികൾക്ക് സെന്റ് ഓഫ് നൽകി. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ അധ്യക്ഷത വഹിച്ചു. പി ടി എയും അധ്യാപകരും വിദ്യാർത്ഥികൾക്ക് ആശംസകൾ നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.
ഫെബ്രുവരി 9.എസ്എസ്എൽസി നൈറ്റ് ക്യാമ്പ് :രക്ഷിതാക്കളുടെ യോഗം.
പഠന മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിനായി അവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായി നൈറ്റ് ക്ലാസുകൾ ആരംഭിക്കുന്നതിന് ആലോചനായോഗം നടന്നു. ഇതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുകയും രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. ക്യാമ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ക്യാമ്പ് പന്ത്രണ്ടാം തീയതി മുതൽ വൈകിട്ട് 6 മണിമുതൽ എട്ടര വരെ ആയിരിക്കും. ക്യാമ്പ് സമയം വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണം നൽകുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യും.
രാജ്യപുരസ്കാർ റിസൾട്ട് :അസംപ്ഷൻ സ്കൂളിന് മികച്ച വിജയം.
ഈ വർഷത്തെ രാജ്യപുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു .അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന നേട്ടം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയികളായി. വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെൻറ് അഭിനന്ദിച്ചു. രാജ്യപുരസ്കാർ പരീക്ഷയിൽ 26 ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് പങ്കെടുത്തത്. സ്കൗട്ട് വിദ്യാർത്ഥികളെ ശ്രീ.ഷാജി ജോസഫ് മാസ്റ്ററും, ഗൈഡ് വിദ്യാർത്ഥികളെ ശ്രീമതി ആനിയമ്മ കെ ജെ ടീച്ചറും ആണ് പരിശീലിപ്പിച്ച് ഒരുക്കിയത്. ഗവൺമെൻറ് ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു ഗൈഡ് ക്യാമ്പ്. MGM ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു സ്കൗട്ട് ക്യാമ്പ്.
ഫെബ്രുവരി 12. എസ്എസ്എൽസി നൈറ്റ് ക്യാമ്പ് ആരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറുമണി മുതലാണ് ക്യാമ്പ്. 8 30 വരെ ക്യാമ്പ് തുടരും. വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും സ്കൂളിൽ തന്നെ ക്രമീകരിക്കുന്നുണ്ട്. തുടർന്ന് രക്ഷിതാക്കൾ വന്ന് വിദ്യാർത്ഥികളെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.പഠന മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിനായി അവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായാണ് ശ്രമം നത്തുന്നത്.ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ രണ്ട് ക്ലാസുകളിൽ ഇരുത്തിയാണ് ക്ലാസുകൾ എടുക്കുന്നത്.
ഫെബ്രുവരി 16.ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അദ്ദേഹം സ്കൂളിലെ അധ്യാപകരുമായും ഓഫീസ് ജീവനക്കാരുമായും സംവദിച്ചു. എസ്എസ്എൽസി ക്യാമ്പ് വിവരങ്ങളും, നൈറ്റ് ക്യാമ്പ് കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി .സന്ദർശനത്തിനിടെ അദ്ദേഹം സ്കൗട്ട് ഗൈഡ് യൂണിറ്റ് അംഗങ്ങളെ നേരിട്ട് കാണുകയും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു .
ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ.
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ സൂര്യനന്ദൻ.എ .പിഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് സൂര്യനന്ദൻ മത്സരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച സൂര്യനന്ദനെ പി ടി എയെയും മാനേജ്മെന്റും അഭിനന്ദിച്ചു.
ഫെബ്രുവരി 21.മലയാള ഭാഷാദിനം ആചരിച്ചു.
ഫെബ്രുവരി 21 അസംപ്ഷൻ ഹൈസ്കൂളിൽ മലയാള ഭാഷാദിനമായി ആചരിച്ചു. മലയാളഭാഷ അധ്യാപകനായ ശ്രീ സൂരജ്
വിദ്യാർത്ഥികൾക്ക് മലയാളം ഭാഷാദിനത്തോടനുബന്ധിച്ച് സന്ദേശം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ആശംസകൾ അറിയിച്ചു.
ഫെബ്രുവരി 22. പരിചിന്തന ദിനം (ബേഡൻ പവലിൻറെ ജന്മദിനം)
അസംപ്ഷൻ ഹൈസ്കൂളിൽ ഫെബ്രുവരി 22 ന് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവലിൻറെ ജന്മദിനം പരിചിന്തനദിനമായി ആചരിച്ചു. ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൗട്ട് ഗൈഡ് മീറ്റിംഗ് വിളിച്ചു കൂട്ടി. അന്നേദിവസം രാജ്യപുരസ്കാർ നേടിയ മുഴുവൻ കുട്ടികളെയും വിളിച്ചു ആദരിക്കുകയുണ്ടായി. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ ഷാജൻ സെബാസ്റ്റ്യൻ വിദ്യാർഥികളെ അനുമോദിച്ച് സംസാരിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ ബിജു ഇടയനാൽ,സ്കൗട്ട്മാസ്റ്റർ ശ്രീ.ഷാജി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ ആശംസകൾ അറിയിച്ചു
ഫെബ്രുവരി23.ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
അസംപ്ഷൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ശ്രമഫലമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഐടി ലാബിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക വെച്ച് ചടങ്ങിൽ വച്ച് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് മാഗസിൻ പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ്, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ സന്നിഹിതരായിരുന്നു. മാഗസിൻ തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു."ചിത്ര പതംഗം "എന്ന് പേര് നൽകി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിലേക്ക് വിദ്യാർത്ഥികളിൽ നിന്നും നേരത്തെ രചനകളും ചിത്രങ്ങളും സ്വീകരിച്ചിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ് സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.
മാർച്ച് 1. "ഇംഗ്ലീഷ് ഫെസ്റ്റ്" പ്രകാശനം ചെയ്തു.
അസംപ്ഷൻ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെ പ്രയത്നഫലമായി തയ്യാറാക്കിയ "ഇംഗ്ലീഷ് ഫെസ്റ്റ്" കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. സ്കൂളിലെ ലൈബ്രറിയിൽ ചേർന്ന് പ്രത്യേക ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിങ്ങിൽ വച്ചാണ് മാഗസിൻ പുറത്തിറക്കിയത്. മാസികയുടെ പ്രകാശനം യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് സാറാണ് നിർവഹിച്ചത്. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ മാഗസിൻ ഏറ്റുവാങ്ങി .മാഗസിൻ തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇംഗ്ലീഷ് അധ്യാപകനായ ശ്രീ സജി ആൻറണി യാണ് ചീഫ് എഡിറ്റർ. മറ്റ് ഇംഗ്ലീഷ് അധ്യാപകരും മാഗസിൻ തയ്യാറാക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ചു. 190 ഓളം പേജുകൾ ഉള്ള മാസികയിൽ വിദ്യാർത്ഥികളുടെ കഥകളും കവിതകളും മറ്റു രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.....കൂടുതൽ വായിക്കാം
അസംപ്ഷൻ youtube channel ലിങ്ക്..
https://www.youtube.com/channel/UCCGE-6yVxcPLR7Nyy2Wneyg
അവലംബങ്ങൾ.
1. //ml.wikipedia.org/wiki/ഹിരോഷിമ_ദിനം