തിരുവനന്തപുരം

Schoolwiki സംരംഭത്തിൽ നിന്ന്
തിരുവനന്തപുരംഡിഇഒ ആറ്റിങ്ങൽഡിഇഒ തിരുവനന്തപുരംഡിഇഒ നെയ്യാറ്റിൻകരകൈറ്റ് ജില്ലാ ഓഫീസ്


തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2

തിരുവനന്തപുരം ജില്ല

    കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം. അനന്തപുരി എന്ന ‌പേരിലും ഇത് അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും, വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2011-ലെ കാനേഷുമാരി പ്രകാരം 957,730 പേർ നഗരസഭാ പരിധിയിൽ അധിവസിക്കുന്നു. ഇത് പ്രകാരം കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരവും തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരം കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയ സിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരള സർ‌വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ്, സർക്കാർ ഏൻജനീയറിംങ് കോളേജ് ബാർട്ടൺഹിൽ,ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ സി സി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസെസ് ആൻഡ് ടെക്നോളജി തുടങ്ങിയവ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനവും ഇവിടെയാണ്.

കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം ഉൾക്കൊള്ളുന്നതുമായ ജില്ല . ആസ്ഥാനം തിരുവനന്തപുരം നഗരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ കളിയ്ക്കാവിള നിന്നും 54 കീലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വടക്കുകിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ തെക്കുകിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു. നെയ്യാറ്റിൻകരതാലൂക്കിൽ മലനാട്, ഇടനാട്, തീരമേഖല എന്നീ മൂന്നു ഭൂവിഭാഗങ്ങളേയും അനുക്രമമായ നിലയിൽ കാണാവുന്നതാണ്. നെടുമങ്ങാട് താലൂക്കിന് മൊത്തത്തിൽ നിമ്നോന്നത പ്രകൃതിയാണ്; സഹ്യപർവത ശൃംഗങ്ങളിൽ നിന്നു തെ.പടിഞ്ഞാറേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് കിടപ്പ്. തിരുവനന്തപുരം പൊതുവേ ഉച്ചാവചം കുറഞ്ഞ മേഖലയാണ്. ചിറയിൻകീഴിന്റെ കിഴക്കേപ്പകുതി ഇടനാട്ടിലും പടിഞ്ഞാറേപ്പകുതി തീരമേഖലയിലും ഉൾപ്പെട്ടിരിക്കുന്നു; ഈ താലൂക്കിൽ തീരത്തോടടുത്ത് ചെറുതും വലുതുമായ കായലുകളുടെ നിരയുമുണ്ട്. ഗിരിശൃംഗങ്ങളിൽ നിന്ന് കടലിറമ്പിലേക്കുള്ള ഏറ്റവും കൂടിയ ദൂരം 56 കി.മീ. ആണ്. ജില്ലാതിർത്തിക്കുള്ളിൽ സഹ്യപർവതനിരകളുടെ ശരാശരി ഉയരം 914 മീ. ആണ്. അഗസ്ത്യകൂടം (1,869 മീ.) ആണ് ഏറ്റവും പൊക്കം കൂടിയ കൊടുമുടി. തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല (1,074 മീ.). കടലിലേക്ക് ഉന്തിനിൽക്കുന്ന കോവളം, വർക്കല തുടങ്ങി ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാൽ പൊതുവേ ഋജുവായ കടലോരമാണ് ജില്ലയ്ക്കുള്ളത്.

"https://schoolwiki.in/index.php?title=തിരുവനന്തപുരം&oldid=1908148" എന്ന താളിൽനിന്ന് ശേഖരിച്ചത്