ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം
കവിത രചന മത്സരം - ആഗസ്റ്റ് 2025
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി നടത്തിയ കവിതാ രചന മത്സരത്തിലെ കവിതകൾ
കനൽപ്പൂവ്
കടന്നുപോയത് കനൽ പാതകൾ കറുത്ത മേഘങ്ങൾ
കരിമ്പുതപ്പിട്ടൊരോരങ്ങൾ .
കരിമ്പട്ട് പുതക്കേണ്ടിവരുമെന്നൊരാധിയെന്നാൽ -
കരവിരുതിൽ കേൾവികേട്ടൊരു ഭിഷഗ്വരൻ
കനലായ് നീറ്റിയഎന്നിലെമരണകാരകത്തെ എടുത്തുമാറ്റി.
കയ്പേറിയ വേളയിൽ കടലോളം ക്ഷമിച്ച് കൂടെ നിന്നയെൻ പാതി
കടപ്പാടിന്നതിരില്ല , കരൾ പകുത്തു തന്നാലുമില്ല പകരം വെക്കാൻ
കടുപ്പിച്ചു പറയാം കറുത്ത കിടനിലംകാണും വരേയും കൂടെ നിൽക്കാമെന്നും
'ക'പടം
കടലോളം സ്നേഹം
കരയോളം ഉപ്പുരസം
കണ്ണിൽ തുടങ്ങി
കർണ്ണത്തിൽ അവസാനിക്കുന്ന
കലഹം നിത്യ സംഭവം
കയറിൽ തുടങ്ങിയവനാസിക്കുന്ന
കഴുത്തിൻ ഭാരം
കഥ തുടരുന്നു
കനൽ
കരിങ്കുപ്പായക്കാരന്റെ
കണ്ണുനീരിൽ വിരിഞ്ഞ
കർണ്ണികാരങ്ങൾ
കത്തിജ്വലിക്കുന്നു.
കല്ലറകൾക്കുള്ളിൽ മുഴങ്ങുന്നു
കർണകഠോര നാദങ്ങൾ
കരുത്തിൽ തകർന്ന ഹൃദയത്തിൽ
കനലെരിയുന്നു
കനവ്
കടുത്ത ചായം തേച്ചോരുലകം
കണിയായ് മുന്നിൽ തെളിയുമ്പോൾ
കനത്ത മഴയിൽ കതിരോനല്പം
കയർത്തു നീങ്ങി പോകുമ്പോൾ
കനത്ത ചിന്തകൾ താഴെ ഇറക്കൂ
കനിഞ്ഞു ചുറ്റും നോക്കീടു
കണ്ണാൽ കോരിയെടുക്കൂ നന്മകൾ
കനവിൻ കോണിൽ കരുതീടാൻ
കണ്ണന്റെ കൃഷ്‌ണ
കണ്ണാ,വീണ്ടും കൃഷ്‌ണയാണ്
കരഞ്ഞുകലങ്ങിയ കണ്ണുമായല്ല
കറുത്ത കൂന്തലഴിച്ചിട്ടുമല്ല
കള്ളച്ചിരിതൻ കാവലിനായല്ല
കനിവിൻ കനകാംബരത്തിനായല്ല
കൺ മൂടിയിരിപ്പോരുടെ കൺതുറപ്പിക്കാൻ
കരുത്തുനേടുന്നുവെന്നോതിടാൻ മാത്രം
കണ്ണാ കൃഷ്‌ണയെത്തി വീണ്ടും....
ക.മ.
കണ്ടു ഞാൻ നിൻമിഴികളിൽ
കടലിരമ്പുന്നതും പൊഴിയുന്നതും
കതിർ മണ്ഡപത്തിൽ നീ കയറുമ്പോൾ
കനലായിരുന്നു കനിവായിരുന്നു.
കണ്ണടക്കുംവരെ കാത്തകെള്ളാമെന്ന്
കണവൻ പറഞ്ഞതും നെഞ്ചിലേറ്റി
കയറിൽ തൂങ്ങിയാടുന്ന നിൽ മേനി കണ്ട്
കണ്ണു നിറഞ്ഞതല്ലാതെ പ്രതികരിച്ചില്ല ഞാൻ
കണ്ണടച്ചു നിന്നു കണ്ടതൊന്നും പിന്നെ...
കിളിക്കൊഞ്ചൽ
കതിരു കാണാക്കിളി
കനൽലെരിയും മനസ്സോടെ
കടലോരമെത്തിയ നേരത്ത്
കഥപറയും കമിതാക്കൾ
കളിയിലമരും കുരുന്നുകൾ
കദനം വിളമ്പും കടലലകൾ
കണ്ടു നിറഞ്ഞ മനമോടെ
കനകച്ചിലങ്ക ചിരിച്ചിറക്കി
ക
കണി കണിയായി കാണുമ്പോൾ
കളി കളിയായി കളിക്കേണം
കളം പലനിറങ്ങളാൽ നിറയ്ക്കുമ്പോൾ
കട കാലിയായ് തീർക്കേണം
കടയിലെ കടിക്കാൻ കലഹിക്കുമ്പോൾ
കളി കളിയായ് കാണാതെ
കള്ളം കളം നിറയുന്നു
കരയുന്നു മനമിടിയുന്നു.
കനവിലെ ബാല്യം
കർക്കിടക കുളിരിലെ കമ്പിളിക്കുള്ളിൽ ചുരുണ്ട പുലരിയിൽ
കനവിൽ വന്നു കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുട്ട
കണ്ണാന്തളിരില തോരനുണ്ടാക്കിയ
കളിവീട് കെട്ടിക്കളിച്ചോരെൻ ബാല്യത്തെ
കട്ടൻ ചായക്കൊപ്പം കയ്യിലെ ചതുരക്കട്ടയിൽ
കണ്ണുടക്കിയ നേരത്ത് കണ്ടതോ
കത്തുന്ന വീഥിയിൽ കല്ലു കൂമ്പാരത്തിനിടയിൽ
കളിമണ്ണ് തിന്നുന്ന മറ്റൊരു ബാല്യത്തെ
കനവിലെ കടൽ
കനവിലെ കനൽ പോടെരിഞ്ഞു
കണ്ടകിനാക്കൾ എരിഞ്ഞടങ്ങി
കത്തിയമരുന്നു ചിതയായി
കലശമായ് നീറുന്ന മനവുമായി
കടലലയായി തിരയുടെ മാറിലാറാടാൻ
കനവിലെ മധുര നാളങ്ങളണയാതെ
കടലാടി തിമർത്തു കാറ്റായി
കലിയായ് കടൽ തിരകൾ ഉയർന്നുപൊങ്ങി