ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

അന്ന് ഒരു സാധാരണ ദിവസമായിരുന്നു. ജിജോ എണീറ്റ് വരുമ്പോൾ അപ്പൻ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ചൈന,വൈറസ് അങ്ങനെ എന്തൊക്കെയോ കേൾക്കുന്നുണ്ട് അവൻ അത് ശ്രദ്ധിക്കാതെ സ്കൂളിലേക്ക് പോയി.
ശ്ശോ.... ഔസേപ്പച്ചനും കടയടച്ചോ.. അവൻ ക‍ൂട്ട‍ുകാരനോട് ചോദിച്ചു .
അതെ അതെ ....കുറെ കടകൾ അടച്ചിരിക്കുകയാണ് .
അതെന്താ ! അവൻ അത്ഭുതത്തോടെ ചോദിച്ചു
അറിഞ്ഞില്ലേ ....ആ സാധനം.... ആ കൊറോണ വൈറസ്....അതാ കാരണം.
അവന്റെ മുഖത്ത് ചെറിയ നിരാശ പടർന്നു.
വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തി ചെരുപ്പ് അഴിക്കുന്നതിനിടെ അവൻ അമ്മയോട് പറഞ്ഞു .
അമ്മച്ചി......അമ്മച്ചി......
എന്താടാ കാറുന്നേ.......അമ്മച്ചി കയ്യിൽ ചട്ടുകം പിടിച്ച് ഉമ്മറത്തേക്ക് വന്നു.
അമ്മച്ചി....എനിക്ക് മാസ്ക് വേണം. പിന്നെ.....അവൻ ആലോചിച്ച് പറഞ്ഞു സാനിറ്ററിയും വേണം.
അമ്മ ചിരിച്ചു കൊണ്ട് അവനെ തിരുത്തി സാനിറ്റൈസർ ...
അല്ലാ....ഇതൊക്കെ എന്തിനാ.
ടീച്ചർ പറഞ്ഞിട്ടുണ്ട് ...അമ്മച്ചി പോയി അപ്പനോട് പറ.
ഒരു അഞ്ചാം ക്ലാസുകാരന്റെ വാശിക്ക് അപ്പുറം അത് ഒരു ഉത്തരവാദിത്വബോധം കൂടിയായിരുന്നു. അമ്മച്ചി പറഞ്ഞു നമുക്കൊന്നും അതുവേണ്ട അത് ചൈനയിൽ മാത്രമേ ഉള്ളൂ.
നീ പേടിക്കേണ്ട ....നീ പോയി ചായ കുടിക്ക് മേശപ്പുറത്ത് വച്ചിട്ടുണ്ട്.
അവൻ ഒന്നും മിണ്ടാതെ അവിടുന്ന് പോയി .
അപ്പോൾ അപ്പുറത്തെ വീട്ടിലെ റസിയാത്ത....... സ്റ്റെല്ലേ.....
എന്തേ....എന്താ റസിയാത്താ ....
അതേ.....നാളെ ബാബുക്ക ഗൾഫിൽ നിന്ന് വരുന്നുണ്ട്. അപ്പൊ കുറച്ചു ചക്ക വേണം ന്ന് പറഞ്ഞു. അപ്പോ ഇട്ടതാ ഇതാ ഒരു കഷ്ണം. ഉപ്പേരിക്ക് പറ്റും.
ജിജോ ഇതുകേട്ട് അമ്മച്ചിയോട് ചോദിച്ചു.
അമ്മച്ചി ബാബുക്കാക്ക് കൊറോണ ഉണ്ടാവില്ലേ.
ഈശ്വരാ......ഈ ചെക്കൻ എന്തൊക്കെയാ ഈ പറയണേ..... മിണ്ടാതിരിക്ക് .പോയി ചായ കുടിച്ചേ.
അന്ന് രാത്രി മിനി ടീച്ചറുടെ മെസ്സേജ് വന്നു 1 മുതൽ 7 വരെ ക്ലാസ‍ുകളിലെ പരീക്ഷ ഇല്ല.
ആ മെസ്സേജ് വായിച്ചപ്പോ അമ്മച്ചിക്ക് കാര്യത്തിലെ ഗൗരവം മനസ്സിലായി.
ജിജോക്ക് സന്തോഷമോ സങ്കടമോ വന്നില്ല.
പിറ്റേന്ന് ബാബ‍ുക്ക വന്ന‍ു.പക്ഷേ പണ്ടത്തെപ്പോലെ ഒര‍ുപാട് ചോക്ലേറ്റ‍ുകൾ കൊണ്ട് വന്നില്ല.
പിന്നെയാണ് അറി‍ഞ്ഞത് ബാബ‍ുക്കക്ക് കൊറോണയാണെന്ന്.
ദേഷ്യത്തോടെയ‍ും സങ്കടത്തോടെയ‍ും അവൻ അമ്മച്ചിയോട് ചോദിച്ച‍ു....
നമ‍ുക്ക് വരില്ല...വരില്ല....ചൈനയിലാണ്......എന്നൊക്കെ പറഞ്ഞിട്ടിപ്പൊ.....ന്തായീ.....
ഒര‍ു മതിലിനപ്പ‍ുറം എത്തീല്ലേ......
അമ്മച്ചി മിണ്ടാതിര‍ുന്ന‍ു.......
പിന്നീട‍ുളള ദിവസങ്ങൾ നിശബ്ദതയ‍ുടെതായിര‍ുന്ന‍ു.ക‍ുറച്ച‍ു ദിവസം കഴിഞ്ഞപ്പോ അറിഞ്ഞ‍ു ബാബ‍ുക്കാക്ക് സ‍ുഖമായി.പക്ഷേ ഒര‍ുപാട് പേർക്ക് ഉണ്ടെന്ന‍ും.....
ലോകം കട‍ുത്ത പ്രതിസന്ധിയിലാണെന്ന‍ും.......
ഒര‍ു വീടോ....രാജ്യമോ അല്ല...... ലോകം തന്നെ നിശബ്‍ദതയ‍ുടെ താഴ്‍വരയിലേക്ക് എത്തിപ്പെട്ട നാള‍ുകൾ........
ജിജോ തന്റെ ചായക്ക‍ൂട്ട‍ുകൾ കൊണ്ട് ച‍ുമരിൽ എഴ‍ുതി.....
“നമ്മൾ അതിജീവിക്ക‍ും”

ലദീത.എ.കെ
8 C ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ