എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സന്നദ്ധ സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് എൻ.എസ്.എസിന്റെ പ്രവർത്തനം ഞങ്ങൾ ആരംഭിച്ചത്.സ്കൂളിലെ എൻ.എസ്. എസ് പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളിൽ ആത്മവിശ്വാസവും നേതൃത്വഗുണവും ഉടലെടുക്കുന്നു . വ്യക്തിഗതവും ഗ്രൂപ്പായും ഉള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പുതിയ ഒരു ലോകത്തേക്കുള്ള കയ്യൊപ്പു വെക്കുന്നു. ഹയർസെക്കണ്ടറിയിലാണ് എൻ എൻ എസ് പ്രവർത്തിക്കുന്നത്.

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നടത്തിയ പ്രധാനപ്രവർത്തനങ്ങൾ

കവളപ്പാറയിൽ എൻ.എസ്.എസ് വളണ്ടിയർമാരുടെ കൈത്താങ്ങ്

ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമും അലിവ് പാലിയേറ്റീവ് കെയറും സംയുക്തമായി കവളപ്പാറക്കടുത്ത ശാന്തിഗ്രാമത്തിൽ റിഫോംസ് പോത്തുകൽ ന്റെ ഭാഗമായി പുനരുദ്ധാരണം നടത്തിയ വീടുകളുടെ സമർപ്പണം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി തകർന്ന ഒരു വീടിന്റെ അടുക്കള നിർമിച്ചു നൽകുകയും മറ്റ് വീടുകൾ തകർന്ന ഭാഗം പുതുക്കി പണിയുകയും ജനവാതിലുകളും കട്ടിലയും മാറ്റുകയും ചെയ്തു. ഗ്രാമത്തിലെ രണ്ട് കിണറുകൾ ശുദ്ധീകരിച്ച് കുടിവെള്ള യോഗ്യമാക്കി.

ജീവിത ശൈലി രോഗ ബോധവത്കരണവും പരിശോധനയും

ഉമ്മത്തുർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമും സമഗ്ര വിദ്യാഭ്യാസ പദ്ധതി - എജ്യുകെയറും സംയുക്തമായി മലബാർ ഗോൾഡ്, ഇഖ്റാ ഹോസ്പ്പിറ്റൽ, സ്നേഹ സ്പർശം എന്നിവയുടെ സഹകരണത്തോടെ ജീവിത ശൈലി രോഗ ബോധവൽക്കരണവും പരിശോധനയും നടത്തി.മാറി മാറി വരുന്ന ജീവിത ശൈലികളും പരമ്പരാഗത ഭക്ഷണ സമ്പ്രദായങ്ങളിൽ വരുന്ന മാറ്റങ്ങളും പല മാരക രോഗങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിൽ ഇത്തരം രോഗങ്ങളെ നേരത്തെകണ്ടെത്തി പ്രതിരോധിക്കുന്നതിന്റെ ഭാഗമായ് സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ ഉത്ഘാടനം ചെയ്തു.ഇഖ്റാ ഹോസ്പിറ്റലിൽ നിന്നുള്ള എട്ടംഗ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത് .ജീവിത ശൈലി രോഗങ്ങളും അവയുടെ കാരണങ്ങളും നിയന്ത്രണമാർഗങ്ങളും സംബദ്ധിച്ച ക്ലാസ് ഡോ: ഷാരോൺ നയിച്ചു.തുടർന്നു നടന്ന പരിശോധനയിൽ നിരവധി പേർ പങ്കെടുത്തു.

ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ്

ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെയും സ്കൗട്ട് - ഗൈഡ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നാദാപുരം സർക്കിൾ എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ കുട്ടികളിൽ ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കാൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും ഡോക്യുമെന്ററി പ്രദർശനവും എക്സ്പോയും നടത്തി.

കാവലാൾ - ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടന്ന പരിപാടി പി.ടി.എ പ്രിസിഡണ്ട് പഴയങ്ങാടി അബ്ദു റഹ്മാൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.ടി.അബ്ദുറഹ്മാൻ, എക്സൈസ് ഓഫീസർമാരായ ജയരാജ്, വിജേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

ജൈവ പച്ചക്കറി വിളവെടുപ്പ്

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ സ്കൂൾ പച്ചക്കറി തോട്ടത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറിയുടെ വിളവെടുപ്പ് വിദ്യാർത്ഥികൾ ഉത്സവമാക്കി. എൻ. എസ്. എസ് യൂനിറ്റിന്റെ കീഴിൽ വിദ്യാർത്ഥികളിൽ കാർഷിക താത്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് സ്കൂൾ മുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്. കുട്ടികൾ രക്ഷിതാക്കൾക്ക്‌ സമ്മാനമായി പച്ചക്കറിയുമായാണ് വീട്ടിലേക്ക് മടങ്ങിയത്. പൂർണ്ണമായും ജൈവ കൃഷി ചെയ്ത ഇവിടെ ഗ്രോ ബാഗുകളിലും അല്ലാതെയുമായാണ് കൃഷി ചെയ്തത്. കാപ്സികം, കോളിഫ്ളവർ, വെണ്ട, ചീര, മുളക്, മുരിങ്ങ, വാഴ മുതലായവയായിരുന്നു പ്രധാന കൃഷി വിളകൾ .

വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു.

അങ്കണവാടിക്കുട്ടികൾക്ക് എൻ.എസ്.എസ്.വളണ്ടിയർമാരുടെ സ്നേഹവിരുന്ന്

അങ്കണവാടിയിലെ കുരുന്നുകളോട് സ്നേഹം പങ്കുവെച്ചും പാട്ടു പാടിയും കഥകൾ പറഞ്ഞും മധുരം വിതരണം ചെയ്തും എൻ.എസ്.എസ് വളണ്ടിയർമാരുടെ സ്നേഹവിരുന്ന് ശ്രദ്ധേയമായി.

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ദത്തു ഗ്രാമമായ ചെക്യാട് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് അങ്കണവാടിയിലാണ് വിദ്യാ'ത്ഥികൾ കുരുന്നുകളോട് കൂട്ടുകൂടിയത്.

എൻ.എസ്.എസ് വളണ്ടിയർമാർ ശേഖരിച്ച കളിപ്പാട്ടങ്ങളുടെ സമർപ്പണം തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആമിന ടീച്ചർ നിർവ്വഹിച്ചു.

"അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന

ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച അരുത് ചങ്ങായി ' ലഹരി വിരുദ്ധ ചിത്ര രചന ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു .

ലഹരിയുടെ വിപത്തുകൾ നിറഞ്ഞു നിന്ന ചിത്രങ്ങൾ ഏറേ ശ്രദ്ധ ആകർഷിച്ചു.

ഓണക്കിറ്റുകൾ വിതരണം ചെയ്തു

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ അഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അധ്യാപകരും വളണ്ടിയർമാരും ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് ഒപ്പം എന്ന് നാമകരണം ചെയ്ത ഈ പരിപാടിയിലൂടെ കൊറോണ മൂലം ദുരിതത്തിലായ ചെക്ക്യാട് ഗ്രാമപഞ്ചായത്തിലെ 60 വീടുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോത്ഘാടനം ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തൊടുവയിൽ മഹമൂദ് നിർവഹിച്ചു.

വന മഹോത്സവം: കരിമുരിക്ക് തൈ നടീൽ

കേരള വനം വന്യ ജീവി വകുപ്പിന്റെ സമൂഹ്യ വനവൽകരണ വിജ്ഞാന വ്യാപന വിഭാഗവും ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമും സ്കൗണ്ട് ആൻഡ് ഗൈഡ് യൂണിറ്റും സംയുക്തമായി ' വനങ്ങളെ സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെ വനമഹോത്സവം 2021 സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ കേരള സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി യുടെ ഭക്ഷണസസ്യമായ കരിമുരിക്ക് തൈ നട്ട് കുറ്റ്യാടി റൈഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. നീതു പരിപാടി ഉദ്ഘാടനം ചെയ്തു. വന ആവാസ വ്യവസ്ഥയെ അറിയാം എന്ന വിഷയത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് വിദ്യാർത്ഥികളുമായി ഓൺലൈനിൽ സംവദിച്ചു.വന മഹോത്സവത്തിന്റെ ഭാഗമായി ഉദ്യാനങ്ങളുടെ നവീകരണവും വനവത്ക്കരണത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികൾക്കുമാണ് സ്കൂളിൽ തുടക്കം കുറിക്കുന്നത്.

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമും, അലിവ് പാലിയേറ്റീവ് കെയറും കോഴിക്കോട് അൽസലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കണ്ടി സകൂൾ ഹാളിൽ സൗജന്യ നേത്രപരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും നടത്തി. ഇരുന്നോ റോളം രോഗികൾ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു.