എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രസിദ്ധമായ സഖാഫത്തിന്റെ ഗ്രാമമാണ് ഇന്ന് ഉമ്മത്തൂർ. എന്നാൽ ഒരുകാലത്ത് വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്‍ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഉമ്മത്തൂരിന്റെ സാംസ്‍കാരിക നവോത്ഥാനത്തിന് അടിത്തറയിട്ടുകൊണ്ട് ഒരു എൽ പി സ്‍കൂൾ തുടങ്ങിയത് 1883ലാണ്. കിഴക്കയിൽ കുഞ്ഞമ്മദ് ഹാജി, എം പി മമ്മിസാഹിബ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. പുക്കൂട്ടമഠത്തിൽ അബ്ദുല്ല സീതിയായിരുന്നു സ്ഥാപക മാനേജർ. ചന്തുക്കുറുപ്പായിരുന്നു ആദ്യ അധ്യാപകൻ. സ്‍കൂൾ ആരംഭത്തിൽ 12 ആൺകുട്ടികളും 5 പെൺകുട്ടികളും ഉൾപ്പെടെ 17 വിദ്യാർത്ഥികളുണ്ടായിരുന്നു എന്ന് ചരിത്രരേഖകകളിൽ കാണാം.
1950കളിൽ പിറവിയെടുത്ത ദർസ് സമ്പ്രദായം ഉമ്മത്തൂരിനെ കേരളത്തിലെ തന്നെ എണ്ണമറ്റ പണ്ഡിതരുടെ തീർത്ഥാടന കേന്ദ്രമാക്കി എന്ന് പറയാം. പ്രഗത്ഭ എഴുത്തുകാരനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഇസ്മായിൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ എന്ന പാനൂർ വലിയ തങ്ങളും അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന കേരള ജംയ്യത്തുൽ ഉലമയുടെ പ്രസിഡന്റും മഹാപണ്ഡിതനുമായിരുന്ന കണ്ണിയത്ത് ഉസ്താദും വർഷങ്ങളോളം നിലനിർത്തിപ്പോന്ന ദർസിന്റെ സാന്നിധ്യം ഉമ്മത്തൂരിൽ ഒരു വിജ്ഞാന പ്രഭ തന്നെ വളർത്തി. ഉമ്മത്തൂരിന്റെ ചരിത്രത്തെ തന്നെ മാറ്റിക്കുറിച്ചുകൊണ്ട് പാനൂർ വലിയതങ്ങളുടെയും പ്രൊഫ: പി മമ്മു സാഹിബിന്റെയും ശ്രമഫലമായി 1974 ൽ ഇവിടെ ഒരു അറബിക് കോളേജ് സ്ഥാപിതമായി. കേരളത്തിൽ തന്നെ മതഭൗതിക സമന്വയ വിദ്യാഭ്യാസം ആദ്യമായി പ്രയോഗവൽക്കരിച്ച സ്ഥാപനങ്ങളിലൊന്നാണ് അന്ന് രൂപംകൊണ്ട ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ്.
കോളേജിന്റെ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി 1976 ൽ ഉമ്മത്തൂരിൽ സംഘടിപ്പിക്കപ്പെട്ട മഹാസമ്മേളനം ഒരു ചരിത്ര സംഭവമാണ്. മതപണ്ഡിതർ, രാഷ്ടീയ നേതാക്കൾ, അബൂദാബി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രമുഖ വ്യക്തികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണൻമാർ തുടങ്ങിയവരൊക്കെ പങ്കെടുത്ത ആ മഹാസമ്മേളനത്തിലെത്തിയ പ്രമുഖരെല്ലാം താമസിച്ചിരുന്നത് വടകര ഗസ്റ്റ് ഹൗസിലായിരുന്നു. അവിടെ നിന്ന് നാദാപുരത്തെ വി എ കെ പോക്കർ ഹാജിയുടെ നേതൃത്വത്തിൽ 5 ബെൻസുകളടക്കമുള്ള മുന്നോറോളം വാഹനങ്ങളിലായാണ് എല്ലാവരെയും ഉമ്മത്തൂരിലെ സമ്മേളനനഗരിയിലേക്ക് ആനയിച്ചത്. കെട്ടിട ഉദ്ഘാടനത്തിന് പുറമെ വിദ്യാഭ്യാസ സമ്മേളനം, ഉലമാ കോൺഫ്രൻസ് തുടങ്ങിയ വിവിധ സെഷനുകളും സംഘടിപ്പിക്കുകയുണ്ടായി.
ഉമ്മത്തുർ സഖാഫത്തിന്റെ കീഴിൽ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർധനവ് കാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൗകര്യമുള്ള മറ്റു പ്രദേശത്തയ്‍ക്ക് സ്‍കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പ്രൊഫ. പി.മമ്മു സാഹിബിന്റെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിച്ച് ഒരു അൺഎയിഡഡ് ഹൈസ്‍കൂൾ നിലവിൽ വരുത്തി. അതാണ് ഇന്ന് കാണുന്ന എസ്.ഐ.എ.കോളജ് എച്ച്.എസ്. ഉമ്മത്തുർ. 1970 കളോടെ വ്യാപകമായ ഗൾഫ് കുടിയേറ്റം മറ്റേതൊരു നാദാപുരം ഗ്രാമങ്ങളെ പോലെയോ അതിലധികമോ ഉമ്മത്തൂരിന്റെ സാമൂഹിക സാമ്പത്തിക ഘടനയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. സഖാഫത്ത് കമ്മിറ്റിക്ക് കീഴിൽ എൽ പി സ്കൂൾ, അൺ എയിഡഡ് ഹൈസ്കൂൾ, കോളേജ് എന്നിവ വന്നതോടെ ഉമ്മത്തൂരിന്റെ വിദ്യാഭ്യാസരംഗം സജീവമായി. പ്രദേശത്തെ പ്രവാസികളാണ് ഇതിനാവശ്യമായ ഭൗതികസൗകര്യം ഒരുക്കാൻ മുന്നിൽ നിന്നത്. കമ്മിറ്റി പ്രസിഡന്റായിരുന്ന പ്രൊഫ : പി മമ്മു സാഹിബിന്റ നിരന്തര ശ്രമഫലമായി 1995ൽ അന്നത്തെ ഗവർൺമെന്റ് ചെക്യാട് പഞ്ചായത്തിൽ ഒരു എയിഡഡ് ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. 1994 നവംബർ 23 ലെ സർക്കാർ ഉത്തരവ് പ്രകാരം ഉമ്മത്തൂരിന് ഒരു എയിഡഡ് ഹൈസ്‍കൂൾ ലഭിച്ചു. അങ്ങിനെ 1995 ജൂലൈ 27ന് ബഹുമാന്യനായ അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ സ്‍കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2010ൽ ഇവിടെ ഹയർസെക്കണ്ടറി അനുവദിച്ചു. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവ് തെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഇന്ന് നെഴ്‍സറി വിദ്യാഭ്യാസം മുതൽ സർവ്വകലാശാലാ വിദ്യാഭ്യാസം വരെ 400 മീറ്റർ ചുറ്റളവിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ അപൂർവ്വം ഗ്രാമങ്ങളിലൊന്നാണ് ഉമ്മത്തൂർ.