ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. ഗേൾസ് ഹൈസ്കൂൾ പെരിങ്ങര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചുപെരിങ്ങര സ്കൂൾ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര
37040-cover.1.jpg
വിലാസം
പെരിങ്ങര

പെരിങ്ങര.പി.ഒ, തിരുവല്ല,
പത്തനംതിട്ട
,
689108
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04692607800
ഇമെയിൽgghsperingara@gmail.com
ghssperingara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37040 (സമേതം)
യുഡൈസ് കോഡ്32120900235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല‍പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷമീമ എസ് എൽ
പ്രധാന അദ്ധ്യാപികഷമീമ എസ് എൽ
പി.ടി.എ. പ്രസിഡണ്ട്സിബി സി.ജി
അവസാനം തിരുത്തിയത്
27-03-2024Gghsperingara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ. പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂളും ഇതു തന്നെ.

1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്. തുടർന്ന് വായിക്കുക...

ദേശചരിത്രം

പെരുമയേറും പെരിങ്ങര

ശ്രീലക്ഷ്മി എസ്. വാര്യർ, പൂർവ്വ വിദ്യാർത്ഥിനി

ദൈവത്തിന്റെ സ്വന്തം നാടായ കേരളക്കരയിലെ ഒരു മലയോര കർഷക ജില്ലയായി പത്തനംതിട്ടയിലെ തിരുവല്ല താലു ക്കിലാണ് എന്റെ പ്രിയ ഗ്രാമം പെരിങ്ങര . കിഴക്ക് മലകളും, മല കളുമായി ഉയർന്നുപോകുന്ന മരതകപ്രഭയിൽ ആസേചനം ചെയ്തു നിൽക്കുന്ന അന്തരീക്ഷവും പടിഞ്ഞാറോട് ഹരിതാഭ തടവി നിവർന്നു കിടക്കുന്ന സമതലവും പുഴകളും തോടുകളും വയലുകളുമായി നീണ്ടു പോകുന്ന പീഠഭൂമി യേയും തഴുകി നിൽക്കുന്ന വശ്യതയും ഉദാത്തമായ അദ്ധ്യാത്മികതയുടെ പരിവേഷം അണിഞ്ഞ് നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് അവാച്യമായ ഒരു നിർവൃതിയിൽ നമ്മെ ആഴ്ത്തിക്കളയുന്ന പ്രദേശമാണ് പെരിങ്ങര .

ശാലീനസുന്ദരമായ ഈ ഗ്രാമത്തിന്റെ പഴയദേശനാമം പെരുംകൂർ എന്നായിരുന്നു. 1956 വരെ മദ്ധ്യതിരുവിതാംകൂ റിന്റെ ഭാഗമായിരുന്ന പെരിങ്ങരയും അതിനോട് ബന്ധപ്പെട്ടു കിടന്നിരുന്ന മറ്റ് ഉപഗ്രാമങ്ങളും ഒരു കാലത്ത് കടലിൽ ആഴ്ന്ന് കിടന്നിരുന്നു. പെരിങ്ങര പ്രദേശത്തിന് വടക്ക് പടിഞ്ഞാറുള്ള മേപ്രാൽ റോഡുകടവിന് ഇന്നും അഴിമുഖം എന്നാണ് പേര്. കുട്ടനാടൻ പുഞ്ചകൾ കടലിൽ ആഴ്ന്ന് കിടന്നിരുന്ന കാലത്ത് ഈ അഴിമുഖത്ത് പായ്ക്കപ്പലുകൾ അടുത്തിട്ടുണ്ട്.

പെരിങ്ങര ഉപഗ്രാമത്തിൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാരയ്ക്കൽ, കാരയ്ക്കൽ ദേശം തോടുകളും പുഞ്ചകളും നിറഞ്ഞ നിമനഭൂമിയായിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്താണ് ജലസമൃദ്ധമായ പുഞ്ച പ്പാടങ്ങളുടെ നാട് അഥവാ നിമനഭൂമി എന്ന അർത്ഥത്തിലാണ് കാരെക്കാൽ എന്ന സ്ഥലനാമം ഉണ്ടായത്. കാലാന്തരത്തിൽ ഇത് ലോപിച്ച് കാരയ്ക്കൽ എന്നായി. കാരയ്ക്കൽ ദേശത്ത് പണിയുന്ന കെട്ടിടങ്ങൾ കാലക്രമത്തിൽ ഇരുത്തിക്കാണുന്നുണ്ട്. മണ്ണിന്റെ ഉറപ്പിന്റെ കുറവിനെയാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ഇന്നും ഇരുനില മാളികകൾ പണിയുന്നത് ചുരുക്കമാണ്. പെരിങ്ങര ദേശത്തിന്റെ കിഴക്കേ അതിര് പെരിങ്ങരയാറും പടിഞ്ഞാറേ അതിര് ചാത്തങ്കേരി ആറുമാണ്. ഒരു കാലത്ത് നായന്മാരും നമ്പൂതിരിമാരും ആയിരുന്നു ഇവിടുത്തെ പ്രധാന ജാതിക്കാർ, പത്തില്ലക്കാരിൽപ്പെട്ടവാരുക്കോട്, ഇളമൺ, ചോമാ ഇളമൺ, കുമാരമംഗലത്ത്, മുവിടത്ത് മേച്ചേരി, മുത ലായ ഇല്ലങ്ങളും തിരുവിതാംകൂർ രാജഗുരുസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന കല്ലന്താറ്റ് ഇടമന ഗുരുക്കൾ ഇല്ലവും സാഗര ബ്രാഹ്മണരുടെ ഇല്ലവും ഇവിടെയാണ്.

പെരിങ്ങര അഞ്ച് ദേവന്മാരുടെ നാടാണ് ഈശ്വരം ചൈതന്യം സാധാരണക്കാർക്കു പോലും അനുഭവവേദ്യമാകുവാൻ സ്ഥാപിതമായ പുരാനക്ഷേത്രങ്ങളുടെ ബാഹുല്യം ഈ നാടിന്റെ സവിശേഷതയാണ്. മണിമലയാറിന്റെ കൈവഴിയായി ഒഴുകാൻ പെരിങ്ങരയാറിന്റെ കിഴക്കേ തീരത്താണ്, പുരാതനമായ ലക്ഷ്മി നാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവല്ലാ ഗ്രാമത്തിലെ ഏറ്റവും പഴയ ബ്രാഹ്മണസങ്കേതം പെരിങ്ങരയാണെന്നും ഗ്രാമ ക്ഷേത്രം ലക്ഷ്മീ നാരായണമാണെന്നും അഭിപ്രായമുണ്ട്.

പെരിങ്ങര പഞ്ചായത്തിന്റെ രൂപീകരണം

1958 -ൽ ജനസംഖ്യ, ആദായം, ഭൂവിസ്തൃതി എന്നിവ കണക്കിലെടുത്ത് പെരിങ്ങര പഞ്ചായത്ത് രൂപീകരിച്ചു. ഒട്ടേറെ - വിവാദങ്ങളേയും പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് പി. എൻ. നമ്പൂതിരി ദാനമായി നൽകിയ 10 സെന്റ് സ്ഥലത്ത് പെരിങ്ങര പഞ്ചായത്ത് കെട്ടിടം സ്ഥാപിച്ചു. താത്കാലികമായ കെട്ടിടത്തിൽ അന്നു മുതൽ നാളിതുവര സമഗ്രമായ രീതിയിൽ ഭരണം നടന്നു വരുന്നു. സർവ്വശ്രീ പി. എൻ. നമ്പൂതിരി, തോമസ് ജോസഫ്, തോമസ് കോശി, പി. ജി. പുരുഷോത്തമപ്പണിക്കർ, എം. വി. രാഘവൻ നായർ എന്നിവരായിരുന്നു ആദ്യകാലത്തെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ. ലോക്സഭ മണ്ഡലമായ പത്ത നംതിട്ടയിലും നിയമസഭ മണ്ഡലമായ തിരുവല്ലയിലും ഉൾപ്പെ ടുന്ന പ്രദേശമാണ് പെരിങ്ങര.

ഭൂപ്രകൃതി

പെരിങ്ങര പഞ്ചായത്തിന്റെ കിഴക്കൻ ഭാഗങ്ങൾ മിക്കവാറും ഉയർന്ന സമതലമാണ്. ചെമ്മണ്ണും മണലും കലർന്ന ഫലഭൂഷ്ടമായ മണ്ണാണിവിടെയുള്ളത്. നീർവാർച്ചയുള്ള ഈ മണ്ണ് തെങ്ങ്, മാവ്, റബ്ബർ എന്നീ വിളകൾക്കനുയോജ്യവും ആണ്. വടക്കുപടിഞ്ഞാറു ഭാഗങ്ങളിൽ വളക്കൂറുള്ള എക്കൽ - മണ്ണാണ്. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന വയൽ നിരകളാണ് തെക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും. ഈ ഭാഗങ്ങളിൽ കൂടുതലും തുണ്ടുഭൂമിയും താഴ്ന്ന നെൽവയലുകളും ഇടകലർന്ന പ്രദേശമാണ്. ഉയർന്ന ഭൂപ്രദേശങ്ങളിൽ മണലും എക്കലും കലർന്ന മൺതരമാണ്. പൊതുവേ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്, കിണ റുകളിൽ നിന്നുള്ള വെള്ളം വേനൽക്കാലത്തും മഴക്കാലത്തും ഉപയോഗ്യമല്ല. വേനൽക്കാലത്ത് മാലിന്യങ്ങൾ വീണ് കിണറിലെ വെള്ളം മലിനമാകുന്നു.

കൃഷി

പെരിങ്ങരയുടെ കാർഷിക ചരിത്രത്തിലെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് 1920 മുതൽ 1941 വരെയുള്ള ദേശീയതയുടെ യുഗമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് നിരവധി വ്യകതികളും സംഘടനകളും പലവിധത്തിലുളള ഗ്രാമീണ കാർഷിക പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. ഈ കാലഘട്ടത്തിലും ജന്മി കുടിക്കാൻ സമ്പ്രദായവും പട്ട വ്യവസ്ഥയും നിലനിന്നിരുന്നു . ഭൂപ്രകൃതിയിലും കാലവസ്ഥയിലും ഒട്ടെറെ പ്രത്യേകതകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ പ്രദേശമാണിത്. ആദ്യ കാല ഘട്ടങ്ങളിൽ പ്രധാന കാർഷിക വിളകൾ നെല്ല് , എളള് , കരിമ്പ്, മധുരകിഴങ്ങ് മരച്ചീനി പച്ചക്കറികൾ പഞ്ഞിപ്പുല്ല് , വാഴ തുടങ്ങിയവയായിരുന്നു. എക്കലും മണലും കലർന്ന പെരിങ്ങര ഉയർന്ന സമതലങ്ങളിലെ ആദ്യകാല കാർഷിക വിളകൾ തെങ്ങ്, വാഴ മരച്ചീനി, കരിമ്പ് എന്നിവയായിരുന്നു. ജൈവവളം മാത്രം ആശ്രയിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. ഉൽപദാന ക്ഷമത കൂടിയ വിത്തിനങ്ങളോ കീടനാശിനികളോ അന്ന് പ്രചാരത്തിൽ ഇല്ലായിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. ചക്രം ചവിട്ടി വെള്ളം കയറ്റിയും തേങ്ങക്കുട്ട ഉപയോഗിച്ച് തേവി വെള്ളം വറ്റിച്ചുമായിരുന്നു കൃഷി ചെയ്തിരുന്നത്. കൃഷിയിടങ്ങളിൽ 60% നെൽപ്പാടങ്ങൾ ആയിരുന്നു. പല സവി ശേഷതകളോടുകൂടിയ വിത്തിനങ്ങളാണ് പ്രതികൂല സാഹചയും അണുബാധയേയും അതിജീവിക്കാൻ ഉപയോഗിച്ചിരുന്നത്. അതിൽ പ്രാധാന്യമർഹിക്കുന്നവ കുളപ്പാല, ചെറുമ ണിയൻ, ചന്ദനക്കുറുക്ക, വൈക്കത്താരൻ എന്നിവയും ഔഷ ധഗുണപ്രാധാന്യമുള്ള വൈര്യ തുടങ്ങിയവയായിരുന്നു. കാർഷികവൃത്തിയിൽ മർമ്മപ്രധാനമായ സ്ഥാനമാണ് ജലഗതാഗതത്തിനുള്ള ത്, പാടശേഖരങ്ങളുടെ വരമ്പുകൾ നിർമ്മിക്കുന്നതിനും നിലം ഫലഭൂയിഷ്ഠമാക്കുന്നതിനും എക്കൽ തുറക്കുന്നതിനും വിത്തും വിളവും ഉൽപ്പന്നങ്ങളും കൊണ്ടു പോകുന്നതിനും ഭൂരിഭാഗം കർഷകരും ആശ്രയിച്ചിരിക്കുന്നത് വള്ളങ്ങളാണ്. പെരിങ്ങര പ്രദേശത്തുള്ള പുഞ്ചപ്പാടങ്ങളുടെ മദ്ധ്യത്തിലൂടെയാണ് കാരയ്ക്കൽ തോട് കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഇവിടെ നിന്നാണ് ലഭിക്കുന്നത്. ഏതാണ്ട് രണ്ട് മൈൽ നീളമുള്ള കാരയ്ക്കൽ തോട്ടിൽ പള്ളിയുടെ സമീപത്തു മാത്രമായിരുന്നു ഒരു ഗോവണിപ്പാലം ഉണ്ടായിരുന്നത്.

മത്സ്യബന്ധനവും മൃഗസംരക്ഷണവും

കൃഷി കഴിഞ്ഞാൽ ഗ്രാമീണ ജീവിതത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പു വരുത്തുന്ന മേഖല യാണ് മൃഗ സംരക്ഷണവും മത്സ്യബന്ധനവും . പെരിങ്ങരയെ സംബന്ധിച്ചിട് ഒട്ടേറെ പ്രാധാന്യമർഹിക്കുന്നു മേഖലയാണിതെങ്കിലും കർഷകർ ഒട്ടേറെ ദുരിതങ്ങളും പ്രതികൂല സാഹചര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. പശു, ആട് എന്നിവയാണ് പ്രധാന വളർത്തു മൃഗങ്ങൾ, കോഴി, താറാവ് എന്നിവയാണ് വരുമാനത്തിനായി വളർത്തപ്പെടുന്ന പക്ഷികൾ .പഞ്ചായത്തൊട്ടാകെയുള്ള വെള്ളക്കെട്ടുകളും . താറാവു കൃഷിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. കടലോരഗ്രാമം അല്ലെങ്കിൽപ്പോലും മത്സ്യബന്ധനം - നടത്തി ഉപജീവനം കഴിക്കുന്ന നിരവധി മത്സ്യബന്ധനത്തൊഴി ലാളികൾ ഇവിടെയുണ്ട്. വെള്ളക്കെട്ടുകളും കുളങ്ങളും ധാരാളമായി കാണപ്പെടുന്ന ഇവിടെ ശുദ്ധജല ഓരുജല കൃഷിയ്ക്ക് അനന്തസാധ്യതകളാണുള്ളത്. വരാൽ, വാള, കുറുവ, പരൽ, - കരിമീൻ, ചെറുമീൻ, കൊഞ്ച് എന്നിവയാണ് ആദ്യകാല ഉൾനാടൻ മത്സ്യയിനം. കേരളത്തിന്റെ തന്നെ ഊർജപ്രതിസന്ധിയ്ക്ക് പരിഹാരമായി മാറാൻ കഴിയുന്ന ഗോബർ ഗ്യാസ് പ്ലാന്റുകൾക്ക് ഇവിടെ വമ്പിച്ച സാധ്യതയുണ്ടെങ്കിലും വേണ്ടത്ര അവബോധം ജനങ്ങളിൽ ഉളവാക്കാൻ കഴിയാത്തതിനാൽ ഈ രംഗത്ത് കാര്യമായ പുരോഗയുണ്ടായിട്ടില്ല. ചില വാർഡുകളിൽ നാമമാത്രമായി ഇവ അവശേഷിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗശൂന്യവും പ്രവർത്തനരഹിതവുമാണ്.

വ്യവസായം

വ്യവസായ മേഖലയിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിന് കാര്യമായി മുന്നേറാൻ കഴിഞ്ഞിട്ടില്ല. കാർഷിക ഗ്രാമമായ ഇവിടെ കൃഷി അനുബന്ധ വ്യവസായങ്ങൾക്കാണ് കൂടുതൽ സാധ്യത. ആധുനിക വ്യവസായ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ നിലനിൽക്കുന്നില്ല. ഇവ തുടങ്ങുന്നതിന് ആവശ്യമായ വിഭവസമ്പത്തോ ഭൂപ്രകൃതിയൊ ഇവിടെയില്ല അതുകൊണ്ടു തന്നെ ചെറുകിട വ്യവസായങ്ങൾ ക്കാണ് കൂടുതൽ സാധ്യത. ഖാദി കെെത്തറി വ്യവസായങ്ങൾക്ക് വേരുറപ്പിക്കാൻ കഴിയുന്ന ഒരു പശ്ചാ ത്തലം ഇവിടെയുണ്ട്. പരമ്പരാഗത വ്യവസായങ്ങളും നാമമാത്രമായി ഇവിടെ കാണപ്പെടുന്നു വെങ്കിലും കുട്ട, വട്ടി, തഴപ്പായ ഇവയുടെ നിർമ്മാ ണത്തിലേർപ്പെട്ടിരിക്കുന്ന കൈത്തൊഴിലുകാർ ഏറെയുണ്ട്. കരകൗശ ലവസ്തുകളുടെയും കളിക്കോപ്പുകളുടെയും നിർമ്മാണത്തിന് സാധ്യതയുണ്ട്. പ്രകൃതി യിൽ നിന്നു ലഭിക്കുന്ന വസ്തുക്കൾക്ക് പ്രിയം കൂടി വരുന്ന ഇക്കാലത്ത് ചിരട്ടകൊണ്ട് നിർമ്മിക്കുന്ന വസ്തുക്കൾക്കും കരകൗശല വസ്തുക്കൾക്കും പ്രചാരം ഏറിവരികയാണ്. കൂടാതെ വമ്പിച്ച കയറ്റുമതി സാധ്യതയും ഉണ്ട്. സ്വകാര്യമേഖലയിലെ പ്രധാന ചെറുകിട വ്യവസായങ്ങൾ, ഇഷ്ടിക നിർമാണം, ഫർണിച്ചർ നിർമാണം, ശീതളപാനീയ നിർമാണം, അലുമിനിയം ഫാബ്രിക്കേഷൻ എന്നിവയാണ്. ഇഷ്ടിക നിർമാണത്തിനാവശ്യമായ ചെളി പഞ്ചായത്തിൽ സുലഭമായതുകൊണ്ട് ഈ വ്യവസായം നല്ല രീതിയിൽ നടക്കുന്നുണ്ട്.

വിദ്യാഭ്യാസം

1915ൽ ആണ് പെരിങ്ങരയിൽ നാലു ക്ലാസുകളോടു - കൂടി ഒരു സ്കൂൾ ആരംഭിച്ചത്. പിന്നീട് 1967 - 68 കാലഘട്ടമായപ്പോൾ ഇത് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർന്നു. ഈ പഞ്ചായത്തിലെ ഗ്രന്ഥശാലകളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും അനൗപചാരിക വിദ്യാഭ്യാസത്തെയും വളരെ പ്രാത്സാഹിപ്പിച്ചു. വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളിൽ വില് യേറിയ സംഭാവനകൾ നൽകിയിട്ടുള്ള പെരിങ്ങര പഞ്ചായത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ അനവധി ഔപചാരിക സ്ഥാപനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. സാക്ഷരതയിലും ഈ ഗ്രാമം മുൻപന്തിയിൽ തന്നെ. നഴ്സറി മുതൽ ഹയർ സെക്കന്ററി വരെ പതിനെട്ടോളം വിദ്യാലയങ്ങളുണ്ട്.

സംസ്കാരം

നാനാജാതി മതസ്ഥർ ഐക്യബോധത്തോടെ ജീവിക്കുന്ന നാടാണ് പെരിങ്ങര, ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കതയും നൈർമല്യവും എങ്ങും ദൃശ്യമാണ്. 1945-50 കാലഘട്ടത്തിൽ സാമൂഹ്യ സംഘടനകളോ സാംസ്കാരിക സംഘടനകളോ ഇവിടെ പ്രവർത്തിച്ചിരുന്നില്ല എന്നാണ് പഴമക്കാരുമായി നടത്തിയ അഭിമുഖത്തിൽ നിന്നും മനസ്സിലാകുന്നത്. അക്കാലത്ത് പി. എൻ. നമ്പൂതിരി, രാമൻകുട്ടി വൈദ്യർ, രാഘവൻ നായർ തുടങ്ങിയ സാമൂഹ്യസ്നേഹികളുടെ നേതൃത്വത്തിൽ വില്ലേജ് യൂണിയൻ ഉടലെടുത്തു. പെരിങ്ങര, നെടുമ്പ്രം , കാവുംഭാഗം,കാരയ്ക്കൽ, നടുവിലേമുറി, കുഴിവേ ലിപ്പുറം, എന്നീ റവനു വില്ലേജുകളെ സംയോജിപ്പിച്ചുകൊണ്ട് 1948 ൽ വില്ലേജ് യൂണിയൻ നിലവിൽ വന്നു. ഈ ഗ്രാമത്തിലെ ആദ്യ സാംസ്കാരിക കേന്ദ്രം വി.പി. ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങളിൽ മുഖ്യസാരഥികളായിരുന്ന ഇളമൺസഹോ ദരങ്ങളായ പി. എൻ. നമ്പൂതിരിയും, വി.പി. കൃഷ്ണൻ നമ്പൂ തിരിയും ആദ്യഗ്രന്ഥശാലയുടെ പ്രവർത്തനവും സ്ഥാപനവും നടത്തിയത്. ഇവരുടെ സ്ഥിരോത്സാഹം ഒന്നുകൊണ്ട് മാത്രമാണ് സുഗമമായി തുടർന്നുപോരുന്നത്. ഗ്രാമത്തിന്റെ സാസ്കാരിക മുന്നേറ്റത്തിനായി കാതലായ സംഭാവനയാണ് ഗ്രന്ഥശാലകൾ നൽകിപ്പോരുന്നത്. നാനാജാതി മതവിഭാഗങ്ങൾ മതസഹിഷ്ണുതയോടും സൗഹാർദ്ദത്തോടും കഴിയുന്ന ഗ്രാമമാണിത്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. രണ്ടാം സ്ഥാനമാണ് ക്രിസ്ത്യാനികൾക്ക്. മുസ്ലീങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ഹിന്ദു - ക്രിസ്ത്യൻ മതാഘോഷങ്ങൾ ഗ്രാമത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന് മുഖ്യ പങ്കു വഹിക്കുന്നു. പെരിങ്ങര - കാരയ്ക്കൽ റോഡിന്റെ കിഴക്ക് ദേശത്താണ് പുതുക്കുളങ്ങര ദേവീ ക്ഷേത്രം . മണ്ഡലകാലം ഇവിടെ വിശേഷമാണ്. 101 ദിവസം എഴുന്നള്ളിപ്പിക്കുന്ന ചടങ്ങുകളിവിടെയുണ്ട്. പുതുക്കുളങ്ങര യക്ഷിയെ ഇവിടെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിൽ നടത്തുന്ന തീയാട്ട് എന്ന ദൈവീക കലാരൂപം അന്യം നിന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക പൈതൃകത്തിന്റെ തിരുശേഷിപ്പാണ്. ദേവിക്ക് അത്യന്തം പ്രിയങ്കരമായ ഈ വഴിപാട് നെടുമ്പത്ത് പനവേലി ഉണ്ണികളാണ് നടത്തുന്നത്. വിദ്യാകാരത്വമുള്ള ദേവിയുടെ ക്രോധഭാവം ഇതിൽ അവതരിപ്പിക്കുന്നു.

പെരിങ്ങര കാരയ്ക്കൽ ദേശത്തിന്റെ കേന്ദ്രബിന്ദുവായി പ്രശോഭിക്കുന്നത് കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രമാണ്. സമീപകാലത്ത് ഉത്സവം പതിവില്ല അതിപ്രധാനമായ ആട്ടവിശേഷങ്ങളും ഇല്ല. പെരിങ്ങര ഗ്രാമനിവാസികൾ പരദേവതയായി കണക്കാക്കുന്നതും കൂട്ടുമ്മേൽ ഭാഗവതിയെയാണ് അതിപ്രാചീന കാലത്ത് ആലന്തുരുത്തി ഭഗവതിക്കു വേണ്ടി നടത്തപ്പെടുന്ന തിരുപന്തമഹോത്സവവും ജീവിതകളിയും പ്രസിദ്ധമാണ്. തിരുപന്തം ദീപോത്സവം ആയതിനാൽ രാത്രിയിലാണ് നടത്തുന്നത്. ദേവീപ്രസാദത്തിനുവേണ്ടി കൊളുത്തപ്പെടുന്നതിനാലാവും തിരുപന്തം എന്നു പേർ വന്നത് അഥവാ വണ്ടി ചക്രം പോലെ തിരിയുന്നത്. തിരുപന്തത്തിന്റെ ചടങ്ങുകൾ അരമണിക്കൂർ നീണ്ടു നിൽക്കും. അതുകഴിഞ്ഞാൽ ജീവിതകളിയാണ്. മനോഹരമായി കെട്ടിയലങ്കരിച്ച വാഹനമാണ് ജീവിത. ഇതിനുള്ളിലാണ് അർച്ചനാബിംബം വയ്ക്കുന്നത്. രാജാക്കന്മാർ യാത്ര ചെയ്യുമ്പോൾ ശിബികകളിലാണ് യാത്ര ചെയ്യാറുള്ളത്. ശിബിക എന്ന വാക്കിൽ നിന്നാണോ ജീവിതം എന്ന വാക്കുണ്ടായതെന്ന് തീർച്ചയില്ല. മണിമലയാറിന്റെ കൈവഴിയായ വടക്കേകരയിൽ കാരയ്ക്കൽ, പെരിങ്ങര, വെട്ടിയക്കോണം, കുഴിവേലിപ്പുറം എന്നീ റവന്യൂ വിഭാഗങ്ങളുടെ മധ്യത്തിൽ ക്രിസ്ത്വബ്ദം 1866 ൽ കാരയ്ക്കൽപ്പള്ളി സ്ഥാപിതമായി. ഈ പള്ളിയുടെ തെക്കുവശങ്ങളിലെ ചില പുരയിടങ്ങ ളിലും പുഞ്ചിപ്പാടങ്ങളിലും മുകളിലത്തെ ഒരടുക്ക് ചെളി മണ്ണിനടിയിൽ കടൽക്കക്കയുടെ അതിവിസ്തൃതമായ അടുക്കുകൾ കാണപ്പെ ടുന്നുണ്ട്. ഇവിടെനിന്നും കണ്ടൽമരങ്ങളും കടൽസസ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെരിങ്ങര കാരയ്ക്കൽ പ്രദേശങ്ങൾ ഒരു കാലത്ത് കടലിൽ ആഴ്ന്ന് കിടന്നിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വസ്തുക്കൾ .

സാഹിത്യസാമൂഹിക രംഗം

മഹാകവിത്രയത്തിന്റെ പ്രഭാപൂർണ്ണമായ കാലത്തിനും ശേഷം മലയാള കവിത പിന്നിട്ട സുദീർഘമായ ഒരു കാലത്തെ അനശ്വരമാക്കിയ ഒരു സംഘം കവികളിൽ പ്രമുഖനാണ് ശ്രീ. വിഷ്ണു നാരായൺ നമ്പൂതിരി. മേപ്രാൽ ചീരവള്ളി മഠത്തിൽ വിഷ്ണു നമ്പൂതിരിയുടെയും കല്ലന്താറ്റ് ഇടമന ഗുരുക്കൾ ഇല്ലത്തെ അദിതി അന്തർജനത്തിന്റെയും പുത്രനായ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജന്മദേശം പെരിങ്ങര ഉപഗ്രാമത്തിൽപ്പെട്ട കാരയ്ക്കലിൽ ആണ്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും യൗവ്വനത്തിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത് കുടുമ്മൽ ക്ഷേത്രപരിസരങ്ങളിലാണ്. ആർഷസംസ്കാരത്തിന്റെ അന്തസത്തയിൽ സ്ഫുടം ചെയ്തെടുത്ത ഒരു കവി ഹൃദയമാണ് അദ്ദേഹത്തിന്റേത്. ഗ്രാമത്തിലെ ക്രിസ്തീയ ദേവാലയമായ കാരയ്ക്കൽ പള്ളിയുടെ സമീപത്തുകൂടിയുള്ള കാരയ്ക്കൽ തോടിന്റെ മനോഹാരിത അദ്ദേഹത്തെ പോലും അത്യഅധികം ആകർഷിച്ചിരുന്നുവെന്ന് കൂരച്ചാൽ എന്ന കവിതയിലെ ചില വരികളിൽ നിന്നും മനസ്സിലാക്കാം.

" വിണ്ണകലെ മണണിലേക്ക് കുമ്പിടുന്ന ദിക്കവ

- വെള്ളം അല്ലാ നീലാറിപ്പരവതാനി

വെണ്ണതോൽക്കുമടിക്കാമ്പു കാഴ്ചവെക്കം

കൈതയുടെ വെള്ളിലാപ്പോളകൾ - ചേർത്തും വിരുന്നു നൽകേ"

തിരുവല്ലയുടെ സാംസ്കാരിക പൈതൃകം കാത്തുസൂ എന്ന ക്ഷേത്രമാണ് ശ്രീ വല്ലഭക്ഷേത്രം. ശ്രീ വല്ലഭ സങ്കേതണെന്നു വിശ്വസിച്ചു പോകുന്ന സങ്കേതങ്ങളാണ് പെരിങ്ങരയും കാരയ്ക്കലും . വിഷ്ണുനാരായൺ നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ധാരാളം കൃതികൾ ജി. കുമാരപിള്ളയുടെ ജീവിതത്തിന്റെ പ്രധാനഘട്ടകങ്ങൾ, അനേകം സംഭവങ്ങൾ അദ്ദേഹം പെരിങ്ങരയിൽ താമസമാക്കിയപ്പോഴാണുണ്ടായത്. ജനിച്ചത് കോട്ടയത്താണെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചെലവഴിച്ചത് പെരിങ്ങര-കാരയ്ക്കൽ പ്രദേശങ്ങളിലാണ്. ഗാന്ധിയൻ ജീവിതശൈലി പിന്തുടർന്ന് അദ്ദേഹം തന്റെ ഗ്രാമവാസികൾക്കും അത് പകർന്ന് കൊടുക്കുവാൻ ശ്രമിച്ചിരുന്നു. കൂടാതെ ഇളമൺമന സഹോദരന്മാരോടൊപ്പം സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും ഗ്രാമത്തിന്റെ സംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ആദ്യസാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്നത് വി. പി. ഗ്രന്ഥശാലയാണ്. നേരു പറഞ്ഞാൽ ഇളമൺമന സഹോദരന്മാരിൽ ഒരാളായ വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ സ്ഥിരോത്സാഹം ഒന്നുകൊണ്ട് മാത്രമാണ് ഗ്രന്ഥശാലയുടെ പ്രവർത്തനം സുഗമമായി നടക്കുന്നത്. ഇത് ഇവിടെ കൂടുതൽ ഗ്രന്ഥശാലകൾ ഉയർന്നു വരുന്നതിനും നിത്യജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ച് അറിവ് പകർന്ന് കൊടുക്കുന്നതിനും സഹായകമായി. ഇളമൺമന സഹോദരന്മാരിൽ പ്രധാനിയായ രണ്ടാ മത്തെ വ്യക്തിയാണ് പി. എൻ നമ്പൂതിരി. സാഹിത്യസാംസ്കാരിക മേഖലയിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സമൂഹത്തിൽ തനിക്കർഹതപ്പെട്ട ഒരു സ്ഥാനം നേടിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ഷേത്രസങ്കൽപ്പങ്ങളിലും ആരാധനാക്രമങ്ങളിലും ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ഒരു സാമൂഹ്യപ്രതിഭയും വാഗ്മിയുമാണ് അദ്ദേഹം . ചെങ്ങന്നൂർ താലൂക്കിലെ മാലക്കര ആനന്ദവാടി സ്ഥാപകനായ ആത്മാനന്ദ ഗുരുദേവന്റെ ജന്മദേശം പെരിങ്ങരയാണ്. ജ്ഞാനമാർഗ്ഗവും കർമ്മമാർഗ്ഗവും സ്വീകരിച്ചിരുന്ന യോഗിവര്യനായ അദ്ദേഹം ശ്രീ യോഗാനന്ദസ്വാമികളുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പെരിങ്ങര മൂവിടത്ത് മേച്ചേരി ഇല്ലത്തെ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഗുരുദേവന് ധാരാളം ശിഷ്യന്മാരുണ്ട്. എന്റെ പ്രദേശത്തെക്കുറിച്ച് ആധികാരികമായി അറിയുവാനുള്ള തീവ്രമായ ആഗ്രഹം അറിവിന്റെ പുതുലോകമാണ് എനിക്കു മുന്നിൽ തുറന്ന് തന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഐക്യബോധത്തോടെ വാഴുന്ന ദേശമാണ് പെരിങ്ങര. പെരിങ്ങരയും കാരയ്ക്കലും അതിനോട് ചേർന്ന മറ്റു സ്ഥലങ്ങളും ഒരു മഹത് സംസ്കാരമാണ് ഉൾക്കൊള്ളുന്നതെന്ന് ഞാൻ മനസ്സിലാക്കി. അപ്പർകുട്ടനാടിന്റെ കിഴക്കൻ ദേശമായ തിരുവല്ല പ്രദേശം, തിരുവല്ലാഴപ്പന്റെ പൂങ്കാവനമായി അറിയപ്പെടുന്നു. കെട്ടുവള്ളങ്ങൾ നിറഞ്ഞ കാരയ്ക്കൽ തോടും തോടിന്റെ ഇരുവശത്തുമായി വഴികളും പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ട കാരയ്ക്കൽ പള്ളിയുടെ സമീപത്തുള്ള ഗോവണിപ്പാലവും ഈ ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് കൂടുതൽ ചാരുതയേകി. ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി, ജി. കുമാരപിള്ള എന്നീ സാഹിത്യകാരന്മാരുടെ പാദസ്പർശമേറ്റ് അനുഗ്രഹീതമായ ഈ മണ്ണ് ആത്മാനന്ദ ഗുരുദേവൻ, ഇളമൺ സഹോദരന്മാരെപ്പോലുള്ള സാമൂഹ്യപ്രവർത്തകരാലും ധന്യമാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ഓർമ്മത്താളുകളിൽ ...

ഗോൾഡൻ ജൂബിലി

ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തിക്കണ മെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനാ യോഗം കൂടുകയും,ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിന്റെ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർ ത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു.അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു.

കനകജൂബിലി ആഘോഷ പരിപാടികൾ

ഒന്നാം ദിവസം (09-05-1965ഞായർ)

8.30 A.M.- പതാക ഉയർത്തൽ - ശ്രീ. സി.കെ. പരമേശ്വരൻ പിളള(സ്വാഗതസംഘാദ്ധ്യക്ഷൻ)

10-1 വരെ - കായിക മത്സരങ്ങൾ

5 P.M മുതൽ - ഉത്ഘാടന സമ്മേളനം

അദ്ധ്യക്ഷൻ - Dr.ജോർജ്ജ് കുരുവിള B.A., M.B.B.S. (മുനിസിപ്പൽ ചെയർമാൻ തിരുവല്ലാ)

ഉത്ഘാടനം - പത്മശ്രീ കെ.എം. ചെറിയാൻ M.A.(ചീഫ്‌ എഡിറ്റർ , മലയാള മനോരമ)

സ്വാഗതം - ശ്രീ സി. കെ. പരമേശ്വരൻ പിളള

റിപ്പോർട്ടു വായന - കെ.ജി. കരുണാകരൻ നായർ (ഹെഡ്മാസ്റ്റർ)

പ്രസംഗങ്ങൾ - ശ്രീമതി പി. സുന്ദരീഭായി B.A.L.T (D.E.O തിരുവല്ല

ശ്രീ. ജി. കുമാരപിളള M.A.

ശ്രീ. വി. മാധവൻ നായർ B.A.L.T.

കൃതജ്ഞത - ശ്രീ. എൻ. എസ്‌. പ്രഭാകരൻപിളള (കൺവീനർ)

ജനഗണമന

രാത്രി 10മുതൽ ഡാൻസ് - S.S.L. നൃത്ത കലാവേദി, വളളംകുളം

രണ്ടാം ദിവസം (10-05-1965 തിങ്കൾ)

രാവിലെ 10-12 വരെ - വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കലാമത്സരങ്ങളും

ഉച്ചയ്ക്ക് 3-5 വരെ - പ്രസംഗമത്സരം, വടംവലി

5മുതൽ - സമാപനസമ്മേളനം

അദ്ധ്യക്ഷൻ - Dr. ജോർജ്ജ് തോമസ് M.A Ph.D(മാനേജിംഗ് എഡിറ്റർ, കേരളദ്ധ്വനി)

സ്വാഗതം - ശ്രീ. തോമസ് കുന്നുതറ

പ്രസംഗങ്ങൾ - ശ്രീ. അലക്സാണ്ടർ B.A., കാരയ്ക്കൽ

ശ്രീ. എൻ ഗോപാലകൃഷ്ണപിളള B.A B.L.

ശ്രീ. വി. പി. പി. നമ്പൂതിരി M.A. Ex. M.L.A

സമ്മാനദാനം - അദ്ധ്യക്ഷൻ

കൃതജ്ഞത - കെ. ജി. കരുണാകരൻ നായർ (ഹെഡ്മാസ്റ്റർ)

ജനഗണമന

രാത്രി 9 മുതൽ - വയലിൻ കച്ചേരി - ശ്രീ. V.K. കൃഷ്ണൻ നമ്പൂതിരി & പാർട്ടി

രാത്രി 10 മുതൽ - ഗാനമേളയും നാടകങ്ങളും (പൂർവ്വ വിദ്യാർത്ഥികൾ)

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കറോളം ( 2.87) സ്ഥലം സ്ക്കൂളിന് സ്വന്തമായുണ്ട്.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾക്ക് ഹൈടെക് ക്ലാസ്സ് മുറികളാണുള്ളത്. വിശാലമായ മൾട്ടിമീഡിയ റൂം വിദ്യാലയപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്.എണ്ണായിരത്തിലധികം പുസ്തകങ്ങളോടുകൂടിയ വിപുലമായ ലൈബ്രറിയാണ് വിദ്യാലയത്തിനുള്ളത്. പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടെ ഇടപെടലോടെ ലൈബ്രറി നവീകരിയ്ക്കുകയുണ്ടായി. എല്ലാദിവസവും കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം രക്ഷിതാക്കൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാൻ അവസരം നല്കുന്നുണ്ട്.എന്നാൽ പ്രയോജനപ്രദമായ ഒരു പ്ലേഗ്രൗണ്ട് നിർമ്മിയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്ന പോരായ്മ പരിഹരിയ്ക്കപ്പെടേണ്ടതായിട്ടുണ്ട്.

  • ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പൂർണ്ണമായും സ്മാർട്ട് ക്ലാസ്സ്റൂമുകൾ
  • വിശാലമായതും മികച്ച സൗകര്യങ്ങളോടു കൂടിയതുമായ മൾട്ടി മീഡിയ ഹാൾ
  • ഡിജിറ്റൽ പഠനസൗകര്യം
  • കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹായത്തോടെ സ്ഥാപിച്ച ശാസ്ത്രപോഷിണി ലാബുകൾ
  • എണ്ണായിരത്തിലധികം പുസ്തകങ്ങളോടു കൂടിയ വിപുലമായ ലൈബ്രറി
  • ശിശുസൗഹൃദ പ്രീ - സ്കൂൾ പഠനമുറി
  • ചുറ്റും കൽക്കെട്ടുകളോടുകൂടിയ ജൈവവൈവിധ്യക്കലവറയായി സംരക്ഷിക്കപ്പെടുന്ന കുളം
  • ജൈവവൈവിധ്യ സമ്പന്നമായ കുട്ടിവനം

ഹൈടെക് പൂർത്തീകരണം

ഹൈടെക് സ്ക്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം

സമ്പൂർണ്ണ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം സ്കൂൾതലം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഹൈടെക് ലാബ് പദ്ധതിയുടെയും പൂർത്തീകരണ പ്രഖ്യാപനച്ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച്ച പകൽ 11 മണിയ്ക്ക് ബഹു.സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങ് വീക്ഷിയ്ക്കുന്നതിന് സ്ക്കൂളിൽ സൗകര്യമൊരുക്കി. ജനപ്രതിനിധികളും രക്ഷാകർത്തൃ പ്രതിനിധികളും അദ്ധ്യാപകരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു.

സംസ്ഥാനതല പ്രഖ്യാപനം വീക്ഷിയ്ക്കുന്നു

തുടർന്ന് ചേർന്ന യോഗത്തിൽ സ്ക്കൂൾതല ഹൈടെക് ക്ലാസ്സ് മുറികളുടെയും ഹൈടെക് ലാബിന്റെയും പൂർത്തീകരണ പ്രഖ്യാപനം ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ആശാദേവി, പി.ടി.എ പ്രസിഡന്റ് അമ്പിളി.ജി.നായർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകന്റെ അധിക ചുമതല യുള്ള സീനിയർ അദ്ധ്യാപകൻ അജയകുമാർ.കെ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക നീത.വി ചടങ്ങിന് നന്ദി പറഞ്ഞു. അദ്ധ്യാപികമാരായ സജിത.എസ്, മീര വിശ്വം, സുജാകുമാരി, രാധാമണി.സി ഓഫീസ് സ്റ്റാഫ് താജുന്നീസ എന്നിവർ പങ്കെടുത്തു.


വെർച്വൽ പ്രവേശനോത്സവം

ഡോ.വിനീത് രാജഗോപാൽ

2021 ജൂൺ 1 ന് 2021 -2022 അദ്ധ്യയന വർഷത്തെ വെർച്വൽ പ്രവേശനോത്സവം നടന്നു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കില ഡയറക്ടറുമായ ഡോ.ജോയ് ഇളമൺ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചണ്ഡിഗഢ് PGIMER ലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.വിനീത് രാജഗോപാൽ കുട്ടികളുമായി സംവദിച്ചു. പി.ടി.എ പ്രസിഡന്റ് അമ്പിളി.ജി.നായർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രഥമാധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • നിമിഷ കവി മലയിൽ വർക്കി,
  • കെ.കുര്യൻ,
  • വി.എം.മത്തായി,
  • പി.കെ നാരായണപിള്ള,
  • പി.ജി. നാണുപ്പണിയ്ക്കർ,
  • ഏ. സഹസ്രനാമയ്യർ,
  • കെ.മാധവനുണ്ണിത്താൻ(പത്തിയൂർ)
  • കെ.ദാമോദരൻപിള്ള (തിരുവല്ല)
  • ജി.രാമൻപിള്ള,
  • കെ.കുര്യൻ (കാരയ്ക്കൽ)
  • എം.കെ നാരായണപിള്ള (കടപ്ര),
  • കെ.രാമകൃഷ്ണപിള്ള,
  • കെ.നാരായണപിള്ള (ചാത്തങ്കരി),
  • കെ.കെ.ചാണ്ടി,
  • കെ.ജി ബാലകൃഷ്ണപിള്ള BSc, L.T
  • W.J തോമസ്,
  • കെ.എം. മാത്യു B.A, L.T,
  • ഏ.മാധവൻപിള്ള B.A, L.T,
  • പി.കെ.ശ്രീധരൻപിള്ള B.Sc, L.T,
  • കെ.നാരായണൻ നായർ B.A, L.T,
  • കെ.ജി. കരുണാകരൻനായർ M.A, B.Ed.
  • സുമംഗല
  • ആലീസ് സഖറിയാസ്(പെരിന്തൽമണ്ണ),
  • വി.ചന്ദ്രശേഖരൻ നായർ(തലവടി)
  • എൻ.പുഷ്പം(നെയ്യാറ്റിൻകര)
  • ഗ്രേസിക്കുട്ടി (വയനാട് ജില്ല)
  • വിമലമ്മ വില്യംസ്(ഇളമ്പള്ളൂർ)
  • പ്രസീന പി.ആർ(തിരുവല്ല)
  • ആനിയമ്മ ചാണ്ടി(തുരുത്തിക്കാട്)
  • വിൻസന്റ് എ
  • മായ എ.എസ്
  • സോനു ഗ്രേസ് വർക്കി (2021 ആഗസ്റ്റ് 6 - 2022 മാർച്ച് 31)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്മശ്രി വിഷ്ണുനാരായണൻ നമ്പൂതിരി

പ്രശസ്ത കവി പത്മശ്രീ.പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി

https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF

പ്രമുഖ ഗാന്ധിയനും മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ നേതാവും കവിയുമായി പ്രൊഫ.ജി.കുമാരപിള്ള

https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3

കില ഡയറക്ടർ ഡോ.ജോയ് ഇളമൺ

പ്രൊഫ.ജി.കുമാര പിള്ള

കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ വൈസ്ചാൻസലറായിരുന്ന ഡോ.അലക്സാണ്ടർ കാരയ്ക്കൽ

സാഹിത്യകാരൻ പെരിങ്ങര രാജഗോപാൽ

സാഹിത്യകാരനും സർവീസ് സംഘടനാ നേതാവുമായിരുന്ന കെ.എൻ.കെ നമ്പൂതിരി

കളമെഴുത്ത് കലാകാരൻ പെരിങ്ങര രാധാകൃഷ്ണൻ

പ്രശസ്ത സാഹിത്യകാരനായ ശ്രീ പി. എൻ രാജഗോപാൽ.

റിട്ട.സർജൻ കമാണ്ടർ ഡോ.എസ്സ്. സുധാദേവി

ഡോ.അലക്സാണ്ടർ കാരയ്ക്കൽ

ഡോ.വിനീത് രാജഗോപാൽ

ഡോ.കവിതാ രാജഗോപാൽ

പെരിങ്ങര രാജഗോപാൽ

റിട്ടേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ, പ്രാസംഗികൻ, സൂര്യഗായത്രി നാടക ട്രൂപ്പിലെ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.അദ്ദേഹത്തിൻെറ പ്രശസ്തമായ കൃതിയാണ് "ഗ്രന്ഥകാരന്റെ മുദ്രയില്ലാത്ത പ്രതി വ്യാജനിർമ്മിതമാകുന്നു"

ജി.കുമാരപിള്ള

ഡോ.ജോയ് ഇളമൺ

കവി ,ഗാന്ധിയൻ,അദ്ധ്യാപകൻ.

പ്രശസ്തമായ കൃതികൾ അരളിപൂക്കൾ,മരുഭൂമിയുടെ കിനാവുകൾ,ഓർമ്മയുടെ സുഗന്ധം എന്നിവയാണ്

കേരള സാഹിത്യ അക്കാദമി,ഓടക്കുഴൽ അവാർഡ് എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഡോ.ജോയ് ഇളമൺ

ഡയറക്ടർ ജനറൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)

പൂർവ്വവിദ്യാർത്ഥി സംഗമം ഉദ്ഘാടനം
പെരിങ്ങര രാജഗോപാൽ

പൂർവ്വ വിദ്യാർത്ഥി സംഘടന

പൂർവ്വ വിദ്യാർത്ഥി സംഗമം

വളരെ ഫലപ്രദമായി വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയുന്ന നിലയിലേയ്ക്ക് പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ മാറിക്കഴിഞ്ഞു. 2016ൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം,ഗുരുവന്ദനം എന്നിവയും 2017ൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം,വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർത്ഥികളെ ആദരിയ്ക്കൽ എന്നിവയും സംഘടിപ്പിച്ചു. സ്ക്കൂൾ ലൈബ്രറി നവീകരണം, 'ഒന്നാം ക്ലാസ്സ് ഒന്നാം തരം' എന്നിവയും സമിതിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്രസിഡന്റായി സി.രവീന്ദ്രനാഥും(വാര്യന്തറ) സെക്രട്ടറിയായി കെ.ആർ.ബാലകുമാറും (കിടങ്ങാട്ട്) പ്രവർത്തിയ്ക്കുന്നു. 2018 ലെ വെള്ളപ്പൊക്ക ദുരന്ത നിവാരണപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ചു.കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനാവശ്യമായ ടി.വി, മൊബൈൽഫോണുകൾ എന്നിവ നല്കിയും സ്കൂളിൽ സ്ഥാപിച്ച ടി.വി.യ്ക്ക് ഡിഷ് കണക്ഷൻ നല്കിയും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു.


പൂർവ്വ വിദ്യാർത്ഥികൾ എഴുതുന്നു

ഇന്നലെയുടെ നക്ഷത്രത്തിളക്കം

ഡോ.ജോയ് ഇളമൺ

വീട്ടുമുറ്റത്തായിരുന്നു സ്ക്കൂൾ . മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകരും മുൻപിലൂടെ നടന്നു പോകുമ്പോൾ ഓടിയിറങ്ങിയാൽ മതി. ഒന്നാം ബെല്ലടി ശബ്ദം കേട്ടതിനു ശേഷമായാലും താമസിക്കില്ല. സ്ക്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളും സ്കൂൾ പരിസരത്തും അമ്പല മുറ്റത്തുമായി കഴിഞ്ഞ നാളുകൾ. ഇതൊന്നുമല്ലെങ്കിൽ കൂട്ടുകാർ വീട്ടിൽ . അവധിക്കാലവും വ്യത്യസ്തമല്ല. പൂമ്പാറ്റ സ്‌റ്റഡി സർക്കിളെന്ന കുട്ടികളുടെ കൂട്ടവും വീട്ടിലും സ്കൂളിലുമായി പരിപാടികൾ തന്നെ. ഒട്ടേറെ ഓർമ്മകൾ . ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ് വരെയുള്ള നാലു വർഷങ്ങൾ ! ഒന്നാം ക്ലാസ്സിൽ പദ്മാവതിയമ്മ ടീച്ചർ പകർന്നു തന്നു തുടങ്ങിയ വിജ്ഞാനം ഏലിയാമ്മ ടീച്ചറിലൂടെയും പൊന്നമ്മ ടീച്ചറിലൂടെയും സരോജിനിയമ്മ ടീച്ചറിലൂടെയും വളർന്നുകൊണ്ടേയിരുന്നു. കർക്കശക്കാരനായിരുന്ന കെജി ബാലകൃഷ്ണപിള്ള സാറും പിന്നീട് കരുണാകരൻ നായർ സാറും സാരഥികളായിരുന്ന കാലത്തായിരുന്നു ഞാനെന്റെ കൊച്ചു പെരിങ്ങര സ്കൂളിൽ പഠിച്ചിരുന്നത്. എവിടെയും, എന്റെ സ്കൂൾ വിദ്യാഭ്യാസം ഗേൾസ് ഹൈസ്കൂളിലായിരുന്നു തുടങ്ങിയത് എന്നു പറയുമ്പോൾ മറ്റുള്ളവർ ചോദ്യമെറിയും അതെങ്ങിനെ ? അതിനെ തുടർന്ന് മറുപടിയായി സ്കൂളിനെ കുറിച്ച് പറയാൻ എനിക്കവസരം കിട്ടാറുണ്ട്. അത് പാഴാക്കാതെ എന്റെ സ്കൂളിനെക്കുറിച്ച് വാചാലനാകാറുമുണ്ട്. അയൽപക്ക സ്കൂളിന്റെ(Neighbourhood school) പ്രസക്തിയെക്കുറിച്ച് പറയുമ്പോൾ സ്വന്തം അനുഭവത്തിലൂടെ കാര്യങ്ങൾ പറയാനുമായി .

ഒട്ടേറെ കൂട്ടുകാർ, ബെൻസിയും രാജശേഖരനും ഞാനും ചേർന്ന ഒരു ത്രിമൂർത്തി സംഘം സ്കൂളിൽ നിന്ന് വീട്ടിലേക്കുമെത്തിയിരുന്നു. താരതമേന്യ അയൽപക്കക്കാരായ ഐപ്പ് വർക്കിയും ഈശോയും ശിവനും പുരുഷനും രാധാകൃഷ്ണനും പിൽക്കാലത്ത് കൂടെ കൂടിയ ഗോവിന്ദ ദാസും വാസുദേവനും മറ്റനവധി പേരും ചേർന്നുള്ള കൂട്ടായ്മ മറ്റെങ്ങുമുണ്ടായിട്ടില്ല. പേരുകൾ ഇനി ഒരുപാടുണ്ട്. അന്നൊക്കെ ഞങ്ങളെല്ലാവരും' വെറും കുട്ടി'കളായിരുന്നു. സ്കൂളിൽ ചേച്ചിമാർക്കായിരുന്നു ഗമ! ഒരുപാടു പേർ! അദ്ഭുതത്തോടെയും അഭിമാനത്തോടെയും അവരുടെ പ്രസംഗങ്ങളും പാട്ടും കേട്ടിരുന്നത് ഇന്നും ഓർമ്മയുണ്ട്. അതിലൊരു ചേച്ചി പിന്നീട് എന്റെ 'അനിയത്തിയായി' മെഡിക്കൽ കോളേജിൽ പഠിക്കാനെത്തിയതും ചരിത്രം - ഡോ.സുധാ ദേവി.

ഫ്യൂഡൽ വ്യവസ്ഥിതി മാറിത്തുടങ്ങിയിരുന്നെങ്കിലും നിഴലുകൾ പൂർണ്ണമായി മാഞ്ഞിരുന്നില്ല. അക്കാലത്ത് ചില്ലറ നേട്ടങ്ങൾ നേടിയവരിലൊരാളാണ് ഞാനെന്ന് പലയിടത്തും ഞാൻ പറയാറുണ്ട്. പല അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ചില സഹപാഠികൾക്കും പോലും | ജോയ് മോനാ'യത് അങ്ങനെയാണ്(നാട്ടുകാരുടെ കാര്യം പറയേണ്ടതില്ല!) പല മത്സരങ്ങളിലും എനിക്ക് പരിഗണന കൂടുതൽ ലഭിച്ചോ എന്ന് ചിന്തിക്കാറുണ്ട്. എന്തായാലും പാട്ടു മത്സരത്തിൽ ശിവന് തന്നെയാണ് സമ്മാനം ലഭിക്കേണ്ടിയിരുന്നതെന്ന് മനസ്സ് പറയാറുണ്ട് ശിവൻ ക്ഷമിക്കുമല്ലോ. അതൊരു കാലഘട്ടത്തിന്റെ പ്രതിബിംബമായിരുന്നു. ഒരു പക്ഷേ, അതിനൊരു പ്രായശ്ചിത്തമെന്ന നിലയിലായിരുന്ന പൂമ്പാറ്റ സ്‌റ്റഡി സർക്കിളിലൂടെ എന്റെ അമ്മ നാട്ടിലെ എല്ലാ കുട്ടികൾക്കും വേദിയൊരുക്കിയത്.

അതുകൊണ്ടു തന്നെ എന്നെ ഞാനാക്കിയതിൽ പ്രധാന പങ്കു വഹിച്ച സ്കൂൾ എന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കാറുണ്ട്. കൂടെയുണ്ടായിരുന്ന പലരും എന്നെപ്പോലെ സമർത്ഥരായിരുന്നു. ചുറ്റുപാടുകളുടെയും അവസരങ്ങളുടെയും അടിസ്ഥാനത്തിൽ പലരും പല വഴിക്കു പിരിഞ്ഞു. കാലം മാറി. തുല്യ അവസരങ്ങളുടെ സാദ്ധ്യതയേറിയിരിക്കുന്നു. അതിനിടയിലും ചുറ്റുപാടുകൾ പുറകോട്ടുവലിക്കുന്ന ഒട്ടേറെ കുട്ടികൾ നമ്മുടെ ഇടയിലുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സംരക്ഷിച്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മറ്റെന്നേക്കാളും അത്യന്താപേക്ഷിതമാക്ക കാലമാണിത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഗുണമേൻമയേറിയ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. എന്നെ ഞാനാക്കിയ സ്കൂൾ, നമ്മെ നമ്മളാക്കിയ സ്കൂൾ ആ നിലവാരത്തിലേക്കുയരാൻ പ്രയത്നിക്കേണ്ട സമയമാണ്. എല്ലാവർക്കുമൊപ്പം ഞാനുമുണ്ട്.

ഡോ.ജോയ് ഇളമൺ ( പൂർവ്വ വിദ്യാർത്ഥി, ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)

ഓർമ്മക്കുറിപ്പുകൾ

പെരിങ്ങര പി. ഗോപാലപ്പിള്ള (പൂർവ്വാദ്ധ്യാപകൻ)

പെരിങ്ങര എന്റെ ജന്മദേശമാണ്. അവിടെയുള്ള ഏക സർക്കാർ വിദ്യാലയമാണ് പെരിങ്ങര അപ്പർ പ്രൈമറി സ്കൂൾ . ഈ സ്കൂളിൽ കുറച്ചുകാലം ഒരു അധ്യാപകനായി ജോലി ചെയ്യാനുള്ള സൗകര്യം എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു പ്രകാരത്തിൽ പ്രസ്തുത സ്കൂളുമായി അഭേദ്യമായ ബന്ധം എനിക്കുണ്ടെന്ന് ആദ്യം തന്നെ പ്രസ്താവിച്ചു കൊള്ളട്ടെ. കനക ജൂബിലി ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഈ സ്കൂളിന്റെ ഉത്ഭവ ചരിത്രത്തെ ക്കുറിച്ച് ഒന്നനുസ്മരിക്കുന്നത് സമുചിതമായിരിക്കുമല്ലോ. കൊല്ലവർഷം 1090-മാണ്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്നു വിദ്യാഭ്യാസ സൗകര്യം വളരെ വിരളമായിരുന്നു. പെരിങ്ങരയിൽ ഉണ്ടായിരുന്ന ഏക വിദ്യാലയം നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമാണ്. അവിടെ രണ്ടു ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. 'കാക്കനാട്ടുശേരി ആശാൻ ' എന്ന പേരിൽ സുവിദിതനായിരുന്ന ഗുരുവര്യനാണ് ആ സ്കൂൾ നടത്തിയിരുന്നത്. പെരിങ്ങര, കാരയ്ക്കൽ പ്രദേശങ്ങളിൽ അദ്ദേഹത്തിന് അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു. ക്രിസ്തുമതക്കാരനാ യിരുന്ന അദ്ദേഹം വിവിധ ജാതി യിൽപ്പെട്ട ശിഷ്യഗണങ്ങളോടു സമഭാവനയോടും പുത്രനിർവിശേഷ മായ വാത്സല്യത്തോടും പെരുമാറി യിരുന്നു. അന്നത്തെ ഗുരുശിഷ്യ ബന്ധം ഇന്നത്തേക്കാൾ ഇന്നത്തേക്കാൾ തുലോം അഭികാമ്യമായിരുന്നു എന്ന് ഓർമ്മിച്ചു പോവുകയാണ്. നെടുകോൺ സ്കൂളിൽ നിന്നും രണ്ടുകൊല്ലത്തെ അഭ്യസനം പൂർത്തിയാക്കിയാൽ ഉപരി വിദ്യാഭ്യാസത്തിന് തിരുവല്ലാ എച്ച്.ജി.ഇ സ്കൂളിൽ ചേർന്നു പഠിക്കണം. കഷ്ടിച്ച് ഏഴും എട്ടും വയസ്സു പ്രായമുള്ള ചെറു പൈതങ്ങൾ. ആ സ്കൂളിലേക്കുള്ള ദൂരം രണ്ടുമൂന്നു നാഴികയിലധികം വഴിമദ്ധ്യേ പെരിങ്ങര വള്ളക്കടവും. രാവിലെ 9 മണിക്ക് പോയാൽ വൈകിട്ട് 5 മണിക്കാണ് വീട്ടിൽ തിരിച്ചെത്തുക.ഉച്ചയ്ക്ക് പട്ടിണിയും. മൂന്നാം ക്ലാസ്സു മുതലുള്ള വിദ്യാഭ്യാസത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് അന്നു ണ്ടായിരുന്ന കാഴ്ചപ്പാട് ഇതിൽ നിന്നു ഊഹിക്കാവുന്നതാല്ലോ.ശ്രീമൂലം തിരുമനസ്സിലെ വാഴ്ചക്കാലം. മറ്റെല്ലാ വകുപ്പിലും എന്നപോലെ വിദ്യാഭ്യാസ വകുപ്പിലും വലിയ പുരോഗതി ഉണ്ടായി. നാട്ടുഭാഷ വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പി രാമസ്വാമി അയ്യരായിരുന്നു. ഒ. എം. ചെറിയാൻ റേഞ്ച് ഇൻസ്പെക്ടരും അവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം പുതിയ വിദ്യാലയങ്ങൾ തുറക്കപ്പെട്ടു. അതിലൊന്നാണു പെരിങ്ങര സർക്കാർ സ്കൂളും.

അന്നു പെരിങ്ങര പകുതിയിലുള്ള പൗരമുഖ്യന്മാരുടെ ഒരു യോഗം നെടുകോൺ സ്കൂളിൽ വച്ചു നടത്തപ്പെട്ടു. പ്രധാന പ്രസംഗകൻ റേഞ്ച് ഇൻസ്പെക്ടർ ഒ. എം. ചെറിയാൻ തന്നെയായിരുന്നു. പ്രൗഢഗംഭീരമായിരുന്ന ആ പ്രസംഗത്തിലെ ചില വരികൾ ഇന്നും ഓർമ്മിക്കുകയാണ്. " പത്തില്ലത്തിൽ പതികളുടെയും അനേകം ധനാഢ്യന്മാരുടെയും സംസ്കാര സമ്പന്നന്മാരുടെയും ആസ്ഥാനമായ പെരിങ്ങരപ്പകുതിയിൽ ഇതിന് എത്രയോ മുൻപു തന്നെ ഉയർന്ന ഗ്രേഡിലുള്ള ഒരു വിദ്യാലയം സ്ഥാപിക്കേണ്ടതായിരുന്നു ആ കുറവു പരിഹരിക്കാൻതക്ക സന്ദർഭമാണിത്" എന്നു തുടങ്ങിയ ആ പ്രസംഗം കുറിക്കു കൊണ്ടു. വിദ്യാലയ സ്ഥാപനത്തിനു വേണ്ട ധനസഹായം ചെയ്യാമെന്ന് എല്ലാവരും വാഗ്ദാനം ചെയ്തു. പെരിങ്ങര, കാരയ്ക്കൽ കരക്കാർ യോജിച്ച് ഒരു വിദ്യാലയം രണ്ടു കരയുടെയും മദ്ധ്യത്തിൽ സ്ഥാപിക്കണമെന്നു തീരുമാനിച്ചതനുസരിച്ച് അതിന്റെ നടത്തിപ്പിലേക്ക് അപ്പോൾ തന്നെ ഒരു കമ്മിറ്റിയും ഉണ്ടാക്കി. ഈ കമ്മിറ്റിയിൽ രണ്ടു കരയിലെയും പല പ്രമുഖന്മാരും ഉൾപ്പെട്ടിരുന്നു. ഉപ്പങ്കര പത്മനാഭക്കുറുപ്പ് ആശാൻ, മൂലമണ്ണിൽ എം. സി. ചെറിയാൻ തുടങ്ങി ചിലരുടെ പേരുകൾ മാത്രമേ ഇപ്പോൾ ഓർമ്മിക്കുന്നുള്ളു. കമ്മിറ്റിക്കാരുടെ ആത്മാർത്ഥമായ പരി ശ്രമം കൊണ്ടും നാട്ടുകാരുടെ ഉദാര മായ സംഭാവന കൊണ്ടും പെട്ടെന്നു വസ്തു തീറുവാങ്ങിക്കുകയും ദിവാൻ പേഷ്ക്കാർ കെ. നാരായണമേനോനെക്കൊണ്ട് കെട്ടിട ത്തിന്റെ ശിലാസ്ഥാപനം നടത്തിക്കുകയും ചെയ്തു. കെട്ടിടം പണി വേഗം പൂർത്തിയായതോടെ നാലു ക്ലാസ്സോടുകൂടി ഒരു എൽ.ജി. ഇ. സ്കൂളാണ് ആദ്യം ആരംഭിച്ചത്. തിരുവല്ലാ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഹുല്യംനിമിത്തം നമ്മുടെ സ്കൂൾ എച്ച്. ജി.ഇ. സ്കൂളായി ഉയരാൻ കാലതാമസം നേരിട്ടില്ല. അങ്ങനെ മലയാളം ഏഴാം ക്ലാസ്സുവരെയുള്ള അഭ്യ സനത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടത്ര സൗകര്യം ലബ്ധമായി. ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടുകൂടി ഇന്നത്തെ നിലയിൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു.

പ്രശസ്തന്മാരും പ്രഗത്ഭന്മാരുമായ പല പ്രഥമാദ്ധ്യാപകന്മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവ രിൽ, പി.കെ. മാധവനുണ്ണിത്താൻ (പത്തിയൂർ), കെ. ദാമോദരൻപിള്ള (തിരുവല്ല) ജി. രാമൻപിള്ള (പെരിങ്ങര), കെ. കുര്യൻ (കാരയ്ക്കൽ), കെ. നാരായണപിള്ള (ചാത്തങ്കരി), എം.കെ. നാരായണപിള്ള (കടപ്ര), കെ.ജി.ബാലകൃഷ്ണപിള്ള B.A., L.T, എ. മാധവൻപിള്ള B.A., L.T, പി.കെ. ശ്രീധരൻപിള്ള B.Sc., L.T, ശങ്കരവേലിൽ നാരായണൻ നായർ B.A., L.T, എന്നീ പേരുകൾ മാത്രം ഓർമ്മയിൽനിന്നും ഇവിടെ രേഖപ്പെടുത്തുന്നു. സഹായാദ്ധ്യാപകന്മാരുടെ കൂട്ടത്തിൽ സാഹിത്യകാരന്മാരും, കലാനിപുണന്മാരുമായ ചിലരുടെ പേരുകൾ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. തോണ്ടുമണ്ണിൽ ജി. രാമൻപിള്ള, പയ്യമ്പള്ളിൽ പി. ഗോപാലപിള്ള, ചാത്തങ്കരി കെ.പി. വേലായുധൻ പിള്ള മുതലായ പേരുകൾ അതിൽ ഉൾപ്പെടുന്നു. സ്വദേശിയും കർമ്മകുശലനുമായ ശ്രീ. കെ. ജി. ബാലകൃഷ്ണപിള്ള പ്രഥമാദ്ധ്യാപകനായിരുന്ന അടുത്ത കാലത്ത് ഈ സ്കൂളിന്റെ സ്ഥായിയായ പുരോഗതിക്കുവേണ്ടി പലതും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ജി. കരുണാകരൻനായരും ഈ സ്കൂളിന്റെ പുരോഗതിയിൽ ശ്രദ്ധാ ന്നാണെന്നു രേഖപ്പെടുത്തുവാൻ സന്തോഷമുണ്ട്. ഈ അപ്പർ പ്രൈമറി സ്കൂൾ ഒരു ഹൈസ്കൂളായി ഉയർന്നു കാണാനുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷം വിനാവിളംബം സഫലീകൃതമായിത്തീരാൻ ജഗദീശ്വരനോടു പ്രാർത്ഥിച്ചുകൊണ്ട് ഈ ഓർമ്മക്കുറിപ്പുകൾ ഉപസംഹരിച്ചു കൊള്ളട്ടെ.

[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്]

അമ്പതു കാരി കഥ പറയുന്നു

ഡോ.അലക്സാണ്ടർ കാരയ്ക്കൽ

പഴയ കഥ കേൾക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണല്ലോ. കഥ പറയുന്നതെനിക്കും ഇഷ്ടമാണ്. എന്ത് കഥയാണ് പറയേണ്ടത്. എനിക്കു തോന്നുന്നത് ഇപ്പോഴത്തെ കഥയിലൊന്നും വലിയ കഴമ്പില്ലെന്നാണ്. അപ്പോൾ പഴയ കഥ പറയുന്നതുതന്നെ യാ യിരിക്കും നല്ലത്. എന്താ അഭിപ്രായം? ഓ - അതൊന്നും ഇപ്പോഴത്തെ പിള്ളേർക്കിഷ്ടമില്ലായിരിക്കും. എന്നാൽ വേണ്ട, എന്റെ കഥ തന്നെ പറഞ്ഞു കൊള്ളാം. എനിക്ക് ഈ വർഷം അമ്പത് വയസ്സ് തികയുകയാണ്. ഇക്കഴിഞ്ഞ അമ്പത് വർഷം കൊണ്ട് എന്റെ ഈശ്വരാ ഞാൻ എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്തു. എന്തൊരു യുദ്ധമായിരുന്നു അത്. ഏതോ രാജാവിനെ വെടിവെച്ചന്നും പറഞ്ഞുതുടങ്ങിയ യുദ്ധമാണ്. ഇപ്പോഴത്തെ ചരിത്ര പിള്ളേർ ആ യുദ്ധത്തിന് ഒന്നാം ലോകമഹായുദ്ധം എന്നാണ് പറയുന്നത്. അതിന്റെ നടുവിൽ ആണ് ഞാൻ ജനിച്ചത്. യുദ്ധം തുടങ്ങി ഒരു കൊല്ലം കഴിഞ്ഞാൽ എന്റെ ജനനം. അന്നീ രാജ്യം ഭരിച്ചിരുന്നത് സായിപ്പന്മാർ ആയിരുന്നു. എന്നെ വളർത്തിയെടുത്തത് ഈ നാട്ടുകാർ ആയിരുന്നു. അവർ കാരയ്ക്കലും പെരിങ്ങരയുമുള്ളവരാണ്. എന്നാൽ എന്നെ ശരിക്കു വളർത്തുവാൻ വേണ്ടി എന്റെ രക്ഷകർത്താക്കൾ എന്നെ സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു. ശ്രീമൂലം തിരുനാൾ മഹാരാജാവ് എന്ന് കേട്ടിട്ടുണ്ടോ? എന്റെ വലിയ വളർത്തച്ഛൻ ആയിരുന്നു. അച്ഛന്റെ ഓരോ തിരുനാൾ വരുമ്പോഴും എനിക്ക് എന്തു സന്തോഷമായിരുന്നെന്നോ! അതിനുശേഷം വർഷങ്ങൾ ഒത്തിരി കഴിഞ്ഞു. എന്റെ ചെറുപ്പത്തിലെന്നെയൊന്നു കാണാണമായിരുന്നു. അഹംഭാവം പറയുകയാന്നെന്നു നിങ്ങൾ വിചാരിക്കരുത്. ഇപ്പോൾ അമ്പതു വയസ്സായതുകൊണ്ടു എന്റെ ശോഭ നശിച്ചെന്നു നിങ്ങൾ കരുതരുത്. ആദ്യം ഞാൻ ഓലക്കെട്ടിടത്തിലാണ് താമസിച്ചത്. ഇപ്പോൾ എന്നെ ഓടിട്ട കെട്ടിടത്തിലാക്കിയിരിക്കുകയാണ്. ഇപ്പോഴെന്റെ പുറത്തു ചില ചായങ്ങളും മറ്റും പൂശുന്നുണ്ടെന്നാണ് തോന്നുന്നത്. ഭംഗിക്കുവേണ്ടിയാണെന്നാണ് പറയുന്നത്. നടക്കട്ടെ. മക്കളുടെ ആഗ്രഹമല്ലെ.എനിക്കെത്ര മക്കളുണ്ടെന്നു സൂക്ഷ്മമായിട്ടറിഞ്ഞു കൂടാ . ഒരുപാടു മക്കളുകാണും . വയസ്സ് അമ്പതായില്ലെ , കുറ ചുവല്ലതുമായിരുന്നെങ്കിൽ ഓർമ്മിച്ചുവെയ്ക്കാമായിരുന്നു . മിടു മിടുക്കന്മാരായ എന്റെ മക്കളെ ഓർത്തു ഞാൻ സന്തോഷിച്ചിട്ടുണ്ട് . അതിൽ എന്റെ ഒരുപാടു മക്കൾ മരിച്ചു പോയി . അക്കാര്യം ഓർക്കുമ്പോൾ എനിക്കു വിഷമമാണ് . പിന്നെ ജനിച്ചാൽ മരിക്കുമല്ലോ എന്നോർത്തു ഞാൻ സമാധാനിക്കുകയാ ണ് . എങ്കിലുമവർ ജീവിച്ചിരുന്നപ്പോൾ വളരെയധികം നന്മ ചെയ്തിട്ടുണ്ടെന്നു കാണുന്നത് എനിക്കു വളരെ ആശ്വാസകരമത്രെ. വിശാലമായ ഈ ലോകത്തിന്റെ മുക്കിലും മൂലയിലും നല്ല നിലയിൽ കഴിയുന്ന അനവധി മക്കൾ എനിക്കിപ്പോഴുമുണ്ട് . മലയായിലും പേർഷ്യയിലും നിലോണിലുമൊക്കെ എന്റെ മക്കളുണ്ട് . എന്റെ മക്കളുടെ ഇടയിൽ നല്ല വക്കീലന്മാരുണ്ട്, വലിയ സർക്കാരുദ്യോഗസ്ഥന്മാരുണ്ട് , പ്രാസംഗികരുണ്ട് , എഴുത്തു കാരുണ്ട് , ഹൈസ്കൂൾ ഹെഡ്മാസ്റ്ററന്മാരുണ്ട് , രാഷ്ട്രീയ പ്രവർത്തകരുണ്ട് , കച്ചവടക്കാരുണ്ട് , ഡോക്ടറന്മാരുണ്ട് , നഴ്‌സുമാരുണ്ട് , അതൃത്തികാക്കുന്ന ജവാന്മാരുണ്ട് എന്നുവേണ്ട എല്ലാ മണ്ഡലത്തിൽ കഴിയുന്നവരുമുണ്ട് . അവരൊക്കെ വല്ലപ്പോഴെ ങ്കിലും എന്റെ അടുത്തു വരാത്തതിൽ എനിക്കു വിഷമമില്ലാതില്ല . ങാ , അവർ വളരെ ജോലിത്തിരക്കുള്ളവരല്ലെ . അവരുടെ ഉയർച്ചയാണ് എനിക്കേറ്റവുമിഷ്ടം . എന്റെ ചെറുപ്പകാലത്തു ഈ ഗ്രാമം ഇങ്ങനെയൊന്നുമായിരുന്നില്ല . അന്നൊന്നും ഇത്രയും ജനങ്ങളില്ല , റോഡുകളില്ല , കെട്ടിടങ്ങളില്ല , കാറുകളില്ല , വല്ലപ്പോഴുമേ കാറുകളും മറ്റും ഞാൻ കണ്ടിട്ടുള്ളൂ . അന്നു കാളവണ്ടിയും വള്ളവുമായിരുന്നു പ്രധാന യാത്രാസൗകര്യം . ഓ ഇന്നത്തെ പരിഷ്ക്കാരി പിള്ളാർക്കു കാളവണ്ടി എന്നു പറഞ്ഞാൽ തീരെ പിടിക്കുകയിലായിരിക്കും . അവർക്കു പിടിക്കേണ്ട . ഇന്നാണെങ്കിൽ കാറും മറ്റും എന്റെ മുമ്പിൽ വന്നു നില്ക്കും . കഴിഞ്ഞ വർഷം ഈ രാജ്യം ഭരിക്കുന്ന ബ . ഭരണാധികാരി ( ഗവർണ്ണർ ) കാറിൽ എന്റെ മുമ്പിൽ വന്നിറങ്ങിയത് എനിക്കു എന്തു സന്തോഷമായിരുന്നെന്നോ.എനിക്കു മുപ്പത്തിരണ്ടു വയസ്സുള്ളപ്പോഴാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത് . എന്റെ യൗവ്വനകാലം ഞാൻ വിദേശഭരണത്തിലാണ് ചിലവഴിച്ചത് . എങ്കിലും അന്ന് ജനങ്ങൾ തമ്മിൽ സ്നേഹവും സഹകരണവും ഉണ്ടായിരുന്നു . അന്നു പണമില്ലെങ്കിലും അയൽക്കാരനെന്ന നിലയിൽ അന്യോന്യം സഹായിക്കുക ജനങ്ങളുടെ ഒരു സ്വഭാവമായിരുന്നു . ഇന്നത്തെ നില കാണുമ്പോൾ എനിക്കു വളരെ ദുഃഖമാണുള്ളത് .

ഇന്നെന്റെ നില കണ്ടിട്ടും അനുകമ്പ തോന്നുന്ന പലരുമുണ്ടെന്നെനിക്കറിയാം . ഈ രാജ്യത്തിന്റെ പല ഭാഗത്തും വമ്പിച്ച വ്യതിയാനങ്ങൾ ഉണ്ടായിട്ടും എനിക്ക് ഒരുയർച്ചയും കാണാത്തതിൽ അവൾക്കു ഖേദമുണ്ടാകുന്നതു സ്വാഭാവികമാണ് . അവരുടെ അമ്മയല്ലെ ഞാൻ. ഈ നിലയിൽ എനിക്കും വിഷമമില്ലാതില്ല . എന്തിനു ഞാൻ വിഷമിക്കണം ? എന്റെ മക്കൾ എന്നെ ഉയർത്തുവാൻ പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് എന്റെ അറിവ് . അതിന്റെ നാന്ദിയാണ് ഇവിടെ നടക്കുന്ന പരിപാടികൾ എന്നു തോന്നുന്നു . ഓ-ഒരു കാര്യം പറയുവാൻ ഞാൻ മറന്നുപോയി . എന്റെ മക്കൾ ഇവിടെനിന്നും പാസ്സായാൽ ഉപരി വിദ്യാഭ്യാസം ചെയ്യുന്നത് സാധാരണയായി പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിലാണ് . അവൾ പ്രായത്തിൽ എന്നെക്കാൾ ഇളയതാണെങ്കിലും അവളെ ഞാൻ ഒരു ജ്യേഷ്ഠസഹോദരിയെപ്പോലെയാണ് കരുതുന്നത് . ഞങ്ങൾ തമ്മിൽ വലിയ സ്നേഹമാണ് . എന്റെ മക്കൾ പലരും നല്ല നിലയിലാകുവാൻ കാരണം എന്റെ ഈ സഹോദരിയാണ് . അവളുടെ രജതജൂബിലി രണ്ടുവർഷം മുമ്പു കെങ്കേമമായി കൊണ്ടാടി . അന്നു നമ്മുടെ ഇളയമഹാരാജാവു തിരുമനസ്സു കൊണ്ടു വന്നിരുന്നു . എന്റെ രജതജൂബിലി ആരും കൊണ്ടാടിയില്ലെന്നാണ് എന്റെ അറിവ് . എന്റെ സഹോദരി ഇനിയും വളർന്നു ഒരു കോളേജാകണമെന്നാ ണെന്റെ ആഗ്രഹം . ഇന്നെനിക്കു 50 വയസ്സായെങ്കിലും ക്ഷീണം തോന്നുന്നില്ല . കാരണം എന്റെ മക്കൾ എന്നെ ശുശ്രൂഷിക്കാനുണ്ട് . എന്നുമെന്റെ കൂടെ ധാരാളം മക്കൾ കാണും . മുന്നൂറിലധികം മക്കൾ ഇപ്പോഴും എന്റെ കൂടെയുണ്ട് . എന്റെ ഭഗവാനെ ഇക്കഴിഞ്ഞ അമ്പതുകൊല്ലം കൊണ്ടു ഞാനെന്തെല്ലാം കളികൾ കണ്ടു .എന്നെ അന്വേഷിക്കുന്നതിനും എന്റെ മക്കളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനും മിടുമിടുക്കന്മാരായ ഒന്നാം സാറന്മാരുണ്ടായിരുന്നു . ഇപ്പോഴത്തെ കുഞ്ഞുങ്ങൾ ഹെഡ്മാസ്റ്റർ എന്നു പറഞ്ഞാലെ അറിയുകയുള്ളൂ . എനിക്കു നാല്പതുവയസ്സുള്ളപ്പോൾ ചെറുപ്പക്കാരനായ ഒരു ഒന്നാം സാർ ഇവിടെയുണ്ടായിരുന്നു . മിടുമിടുക്കൻ . എന്റെ ആ മോൻ ഇപ്പോൾ ഈ വിദ്യാഭ്യാസ ജില്ലയിലെ ഒരു പ്രധാന ഓഫീസറാണ് . എന്നെ പരിശോധിക്കുവാൻ തന്നെ എന്റെ മോൻ ഇവിടെ വന്നിട്ടുണ്ട് . അതുപോലെ എന്റെ ആദ്യത്തെ മക്കളിലൊരാളാണ് ഇപ്പോ ഴത്തെ ഹിന്ദു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ . എന്റെ ഒരു മകൻ യൂണിവേഴ്സിറ്റി കോളേജിലെ മിടുമിടുക്കനും സുസമ്മതനുമായ ഒരദ്ധ്യാപകനാണ് . ഇതെല്ലാം എനിക്കു സന്തോഷമാണ് . ഇപ്പോഴത്തെ ഒന്നാം സാർ നല്ല ചൊറുചൊറുക്കുള്ളവനാണ് . ഉയർന്ന പരീക്ഷായോഗ്യതയുള്ള ആളാണ് . ഓ ഞാൻ വളരെയധികം നീട്ടി പറഞ്ഞു . എന്റെ കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണും . ഞാൻ നിറുത്തുകയാണ് . ഭഗവാന്റെ കാരുണ്യംകൊണ്ടു കൊല്ലംതോറും എന്റെ മക്കളുടെ എണ്ണം കൂടി വരുകയാണ് . നല്ലവരായാലും ചീത്തയായാലും അവരെന്റെ മക്കളാണ് . എന്റെ അമ്പതാം ജന്മദിനം കൊണ്ടാടുവാൻ എന്റെ മക്കൾ ഒരുങ്ങിയിരിക്കുകയാണെന്നു ഞാനറിഞ്ഞു . മക്കളുടെ ആഗ്രഹമല്ലെ നടക്കട്ടെ . ഈ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്റെ തലവൻ തന്നെ ആഘോഷചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ടെന്നു കേട്ടു . എന്റെ മക്കളും നല്ല നിലയിലുള്ള പലരും അതിൽ പങ്കെടുക്കുന്നുണ്ടെന്നുള്ള ത് എനിക്കു ഏറ്റവും സന്തോഷകരമായ ഒരു കാര്യമാണ് . ഈ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്നത് ഈ നാട്ടിലെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഏതാനും പ്രശസ്ത വ്യക്തികൾ ഉൾക്കൊളളുന്ന ഒരു സമിതിയാണ് . വിശിഷ്യാ കാരയ്ക്കലും പെരിങ്ങരയുമുള്ള എന്റെ നാട്ടുകാർ എന്നെ ഒരു പോലെ സ്നേഹിക്കുന്നു . എന്റെ ആഘോഷത്തിൽ സജീവമായി പങ്കെടുക്കുന്നു . ഇതിൽ കൂടുതൽ ഒരമ്മയ്ക്ക് സന്തോഷിക്കാൻ വകയുണ്ടോ ?

ഓ ! ഞാനെന്റെ പേരു പറഞ്ഞില്ല , അല്ലേ . എന്നെ കൊച്ചുപെരിങ്ങര മിഡിൽസ്കൂൾ എന്നാണ് വിളിക്കുന്നത് . ഇപ്പോഴതൊക്കെ മാറി . ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ , പെരിങ്ങര എന്നാണ് . എന്റെ മക്കളുടെ ആഗ്രഹം ഗവ . ഹൈസ്കൂൾ , പെരിങ്ങര എന്നാകണമെന്നാണ് . നടക്കട്ടെ . അവരുടെ ആഗ്രഹമല്ലെ.

എന്നാൽ ഞാൻ നിറുത്തട്ടെ . ഈ അമ്പതുകാരിയുടെ കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണുമോ ? ഇല്ലെന്നാണ് എന്റെ വിശ്വാസം.

എന്റെ സ്കൂൾ എന്റെ ഗ്രാമം

കെ എൻ കെ നമ്പൂതിരി,ചോമ ഇളമൻമന

നൂറുവയസ്സിലെത്തി നിൽക്കുന്ന കൊച്ചു പെരിങ്ങര സ്കൂളിനെ പറ്റി (ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങര) എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ഒരു ഗ്രാമത്തിലെ ഇന്നലെകളുടെ ചിത്രമാണ്. മഴ കനക്കുന്നതോടെ നാലുപാടും ഉയരുന്ന വെള്ളം. ഓളങ്ങൾ തഴുകി ഉണർത്തുന്ന ഒരു ഗ്രാമം അതിനു നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന ഞങ്ങളുടെ സ്കൂൾ കെട്ടിടം. തൊട്ടപ്പുറത്ത് പുതുക്കുളങ്ങര ക്ഷേത്രം. ശ്രീകോവിലിന്റെ തൊട്ടു പിന്നിലൂടെ തുള്ളിക്കളിച്ചു ഒഴുകുന്ന പുഴ. ശബരി തീർത്ഥമായി യാത്ര പുറപ്പെടുന്ന വലിയ പുഴ. പുളിക്കീഴ് എത്തുംമുമ്പ് പമ്പയാറിൽ നിന്ന് വടക്കോട്ടൊഴുകുന്ന ഒരു കൈവഴി. മണിപ്പുഴ കടന്ന് പെരിങ്ങര പാലത്തിനടിയിലൂടെ സ്കൂൾ പരിസരത്ത് കൂടി കാരക്കൽ എത്തി, വായനശാലയ്ക്ക്ക്ക രികിലൂടെ കൂരചാലിലേക്ക് എത്തുന്ന കൊച്ചു പുഴ. വർഷംതോറും ഇരുകരയും കവിഞ്ഞചുവന്ന് കലങ്ങി പ്പതഞ്ഞു വരുന്ന വെള്ളം. പലകുറി ഞങ്ങൾ കുട്ടികളെ തേടി ഞങ്ങളുടെ സ്കൂൾ മുറ്റത്തെത്തും. അത് ഞങ്ങളുടെ ഞങ്ങളുടെ ഉത്സവകാലം. വെള്ളം കയറിയ വീടുകളിൽ നിന്ന് മിക്കവരും സ്കൂളിലേക്ക് ചേക്കേറുന്ന നാളുകൾ! ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം അവധി പ്രഖ്യാപിക്കപ്പെടുന്ന ആഹ്ലാദ ദിനങ്ങൾ. അമ്പതുകളുടെ മധ്യത്തോടെ സ്കൂളിലെത്തിയ ഞങ്ങളുടെ കാലത്ത് പോലും ഈ അപ്പർകുട്ടനാട് ഗ്രാമത്തിന്റെ സ്ഥിതി ഇതായിരുന്നുവെങ്കിൽ നൂറ് സംവത്സരങ്ങൾക്കപ്പുറം പെരിങ്ങര ഗ്രാമത്തിൽ ആദ്യമായി സർക്കാർ വക ഒരു ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആ പ്രദേശത്തിന് സ്ഥിതി എങ്ങനെ ആയിരുന്നുവെന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ആദ്യനാളുകൾ ആണിത്.1915 പെ രുംകൂർ എന്നും പെരുംകാര എന്നും മറ്റുമായിരുന്നു പഴയ ദേശനാമം എന്ന സ്ഥലവാസിയായ ചരിത്രഗവേഷകർ ഉണ്ണികൃഷ്ണൻനായർ (പടിയറ) രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്ക് പെരിങ്ങരയാറും ചാത്തങ്കേരിയാറും വട്ടംചുറ്റി. ആ കാലത്താണ് ഈ സരസ്വതി ക്ഷേത്രം ഉണ്ടായത്. എൽപി സ്കൂളിൽ നിന്ന് യുപി ആയും പിന്നീട് ഹൈസ്കൂളായും ഉള്ള വളർച്ചക്കിടയിൽ എത്രയെത്ര പ്രതിഭാകൾക്കാണ് ഈ അമ്മ ജന്മം നൽകിയത്! ഇവിടെ നിന്ന് ആർജിച്ച അറിവുകളുമായി ലോകത്തിന്റെ ഏതെല്ലാം കോണിലേക്കാണ് എത്രയോ കിടാങ്ങൾ പറന്നുയരുന്നത്! ഈ സരസ്വതി ക്ഷേത്രത്തിന്റെ തൃപ്പടികൾ മനസ്സിൽ പ്രതിഷ്ഠിക്കാൻ പ്രേരണയാകും വിധം വിദ്യാർത്ഥികൾക്ക് അറിവ് മൂല്യബോധവും പകർന്നു നൽകിയ എല്ലാ അധ്യാപകരേയും ഭക്ത്യാദരങ്ങളോടെ ഒരിക്കൽ കൂടി ഓർമ്മിക്കു ന്നതിനുള്ള സന്ദർഭമാണ് സ്കൂളിന്റെ ഈ ശതാബ്ദി യാഘോഷ വേള. നൂറു വർഷങ്ങളുടെ വിജയകഥ എഴുതുമ്പോൾ തെളിഞ്ഞുവരുന്ന മുഖങ്ങൾ. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് അക്ഷരത്തിന്റെ ലോകത്തേക്ക് പിച്ചവെച്ചു കടന്നുപോയ പ്രതിഭകൾ ഏറെ പത്മശ്രീ പുരസ്കാരം മുൾപ്പെടെ, അറിയപ്പെടുന്ന കേന്ദ്ര-സംസ്ഥാന ബഹുമതികൾ എല്ലാം നേടിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി, ഡോ. അലക്സാണ്ടർ കാരക്കൽ തുടങ്ങിയവർ ആ ഗണത്തിൽ പെടുന്ന ഉൾപ്പെടുന്ന, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രമുഖരാണ്. ലോകത്തിന്റെ തലമുറയിൽപ്പെട്ടവർവരെ മേലെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് "കളരിയാശാ"നിൽ നിന്നായിരുന്നു. ഗുരുക്കൾ മഠത്തിനടുത്ത് കളരി (ആശാൻ പള്ളിക്കൂടം) മുറ്റത്തെ പനിനീർ ചാമ്പയുടെ തണൽ. മുമ്പ് കൈലാസത്ത് ഗോവിന്ദപിള്ളയാശാനായിരുന്നു ഗുരു. മണലിൽ ഉരയുന്ന വിരലിലൂടെ അക്ഷരങ്ങളും അക്കങ്ങളും ബുദ്ധിയിലേക്ക് പ്രസിദ്ധീകരിക്കുന്ന പഠനരീതി. നാരായം കൊണ്ട് പനയോലയിൽ പകരുന്ന അക്ഷരങ്ങൾ (മഷിയിട്ട് ഓലതാളുകൾ). ഉരുവിട്ട് പഠിക്കുന്ന ഗുണനപ്പട്ടികകൾ. അക്കാലത്തെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഈ സംവിധാനത്തിലൂടെയാണ് അന്ന് സ്കൂളിൽ എത്തുക. ആശാൻ കളരിയിൽനിന്ന് നേടുന്ന വിദ്യാഭ്യാസത്തിന്റെ വ്യാപ്തി കണകാക്കി ഉയർന്ന ക്ലാസ്സുകളിൽ പ്രവേശനം നൽകുന്നതിന് ആദ്യകാലത്ത് ഹെഡ്മാസ്റ്റർമാർക്ക് അധികാരമുണ്ടായിരുന്നു. ആദ്യകാലത്തെ അധ്യാപകരിൽ പ്രമുഖനായ ഒരാൾ ഹെഡ്മാസ്റ്ററായിരുന്ന പെരിങ്ങര പി.ഗോപാലപിള്ള സാർ ആയിരുന്നു. നാല്പതുകളിൽ ഒക്കെയായിരുന്നു അദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നത്എന്നാണെന്റെ ധാരണ. കവി വിഷ്ണുനാരായണൻ നമ്പൂതിരിയും മറ്റും പഠിക്കുമ്പോൾ അദ്ദേഹം ഇവിടെയുണ്ട്. പ്രമുഖനായ ഗാന്ധിയനും പ്രസിദ്ധനായ കവിയുമായ ജി. കുമാരപിള്ള സാറിന്റെ അച്ഛനാണദ്ദേഹം ഉന്നതമായ മൂല്യബോധവും ബോധവും സ്വാതന്ത്ര്യസമര ചിന്തകളും ഗാന്ധിഭക്തിയും മനസ്സിൽ നിറയെ ആദ്യമായി "കീശനിഘണ്ടു"(പോക്കറ്റ് ഡിക്ഷ്ണറി )തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയത് ഗോപാലപിള്ള സാറായിരുന്നു. എല്ലാ മാസവും ശമ്പളം കിട്ടിയാൽ ആദ്യമായി അദ്ദേഹം പോകുന്നത് മുത്തൂർക്കാണ്. മുത്തൂർ നാരായണപിള്ള എന്ന സ്വാതന്ത്ര്യസമരസേനാനി അവിടെയാണ് താമസിക്കുന്നത്. തന്റെ ശമ്പളത്തിൽനിന്ന് ഒരു പങ്ക് അദ്ദേഹത്തെ ഏൽപ്പിച്ചതിനുശേഷം അദ്ദേഹം നെടുംമ്പ്രത്തുള്ള സ്വന്തം വീട്ടിലേക്ക് പോവുകയുള്ളൂ .ജി കുമാരപിള്ള സാർ ഈ സ്കൂളിൽ പഠിച്ചിരുന്നുവോയെന്ന് എന്ന് ലേഖനം രൂപമില്ല. ഗോപാലപിള്ള സാറും മറ്റും വിദ്യാർഥികൾക്ക് പകർന്നു നൽകിയത് സ്കൂൾ പാഠങ്ങൾ മാത്രമല്ല മൂല്യബോധവും സ്വാതന്ത്ര്യസമര വികാരവും കൂടിയാണ് എന്ന് ചൂണ്ടിക്കാട്ടാൻ ആണ് ഈ കാര്യം എഴുതിയത്. ഗോപാലപിള്ള സാറിന്റെ കഥകൾ പ്രൊഫസർ വിഷ്ണുനാരായണൻ നമ്പൂതിരി എത്രയോ പ്രാവശ്യം പറഞ്ഞിരി ക്കുന്നു. കഥപറയുമ്പോൾ അദ്ദേഹത്തിന് നൂറു നാവാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വിദ്യാർത്ഥി നമ്മുടെ സ്കൂൾ ആ കാലത്ത് സാക്ഷ്യം വഹിച്ചിരുന്നു എന്നും അതിൽ താനും സഹപാഠികളും പങ്കെടുത്തുവരുന്നു എന്നും കവി തുടർന്ന് പറഞ്ഞു ആദ്യമായി തങ്ങൾ ഒക്കെ മുദ്രാവാക്യം വിളിക്കാൻ ഭാരത് മാതാ കീ ജയ് മഹാത്മാഗാന്ധിജി എന്ന് ഉറക്കെ വിളിക്കാൻ പഠിച്ച ദിവസങ്ങൾ എന്ന നിലയിൽ പ്രേരിപ്പിക്കുകയും ആരും തടയുകയില്ല രാജ്യസ്നേഹം പിഞ്ചു മനസ്സിൽ സ്വയം വളർത്തുവാൻ വരാൻ അവസരമൊരുക്കും പോലെ അദ്ദേഹം നിലകൊള്ളും. തൊട്ടപ്പുറത്തെ ബാലകൃഷ്ണൻനായർ സാർ, കിടങ്ങനാട് വാസുദേവൻനായർ സാർ ഇവരൊക്കെ സ്കൂൾ അധ്യാപകരാണ്. ലേഖകൻ ഇവിടെ പഠിച്ചത് 1955 -62 കാലത്താണ് . അന്ന് മിഡിൽ സ്കൂളാണ് . കരുണാകരൻ നായർ സാറാണ് ഹെഡ്മാസ്റ്റർ . കിടങ്ങാട്ടെ ഭാർഗ്ഗവിയമ്മസാർ ( ഞങ്ങളുടെ ചെറുകാലത്ത് ടീച്ചർ ' “ സാർ ” വേർതിരിവോ " മാഷ് ' എന്ന പദപ്രയോഗമോ ഞങ്ങളുടെ അറിവിൽപ്പെട്ടിരുന്നില്ല ) , മറിയാമ്മ സാർ , വാസന്തി സാർ , ചാക്കോ സാർ (ഡ്രിൽ ) ... ഇവരൊക്കെയാണുണ്ടായിരുന്നത് . കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ വളർത്തിയെ ടുക്കുന്നതിൽ ഇവരിൽ പലരും ശ്രദ്ധിച്ചിരുന്നു . ഇന്നത്തെപ്പോലെ ഫൈവ് സ്റ്റാർ കലാമേളകളോ , ജില്ലാ സംസ്ഥാനതല മത്സരങ്ങളോ മത്സരവിജയികൾക്ക് താരപദവിയോ ഒന്നും സ്വപ്നത്തിൽപ്പോലും ഇല്ലാതിരുന്ന കാലം . അക്കാലത്തുതന്നെ അധ്യാപകർ കാട്ടിയ ഈ പരിശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . സ്കൂളിലെ ഒരു വാർഷികാഘോഷ വേളയിലാണ് " കായലിനക്കരെ പോകാനെനിക്കൊരു കളിവളമുണ്ടായിരുന്നു . ഒത്തിരിനേരം തുഴഞ്ഞു തരാനൊരു മുത്തശ്ശിയുണ്ടായിരുന്നു ... ” എന്ന പാട്ട് ആരോ പാടി ആദ്യമായി ഞാൻ കേട്ടത് ( വിശറിക്കു കാറ്റുവേണ്ട എന്ന നാടകത്തിലെ ഗാനം -1958 ) , മടങ്ങി വരാതിരുന്ന ആ മുത്തശ്ശിയുടെ കഥയോർത്ത് ഏറെനേരം ഞാൻ തേങ്ങിക്കരഞ്ഞത് എനിക്കോർമ്മയുണ്ട് . നാലാം ക്ലാസ്സിൽ വച്ചാണ് എന്നാണോർമ്മ . ആദ്യമായി ഒരു നാടകരംഗം എഴുതി തയ്യാറാക്കി വേഷമിട്ട് സ്കൂൾ വാർഷികത്തിന് ഞാനും കൂട്ടുകാരൻ ശശിയും അവതരിപ്പിച്ചത് . മദ്യപാനം മൂലം ജീവിതം തകർന്ന രണ്ടു റൗഡികളുടെ മാനസാന്തരവും ആത്മഹത്യയുമാണ് കഥ . കുറ്റബോധത്തോടെ കഠാരയെടുത്ത് സ്വയം കുത്തി മരിക്കുന്ന രംഗം . ഒരു അബദ്ധമേ പറ്റിയുള്ളൂ . ഞാൻ കഠാരയെടുത്തു കുത്തി , മരിച്ചു. ഞാൻ താഴെ വീണപ്പോൾത്തന്നെ ഒപ്പം ശശിയും “ മരിച്ചുവീണു ” കളഞ്ഞു !! എന്റെയും , മറ്റുപലരുടെയും ബഹുമുഖമായ കലാവാസനകളെ തൊട്ടുണർത്തുന്നതിൽ ഈ സ്കൂളിലെ കൊച്ചു കൊച്ചു കലാപ്രവർത്തനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . പ്രമുഖ സിനിമാ പിന്നണി ഗായകരൊടൊപ്പം തബല വാദകനായി രാജ്യ മാകെ സഞ്ചരിച്ച നാളുകൾ . അപ്പോഴെല്ലാം ഈ സ്കൂളിന്റെ അക്കാര്യത്തിലെ അന്നത്തെ അദ്ധ്യാപകരുടെ സംഭാവനകളും ഞാൻ നന്ദിപൂർവ്വം ഓർമ്മിച്ചിരുന്നു.

പി.ടി.എ പ്രസിഡന്റുുമാർ

സി.കെ.പരമേശ്വരൻ പിള്ള

തോമസ് കുന്നുതറ

എ.ഒ.ചാക്കോ

മനോഹരൻ

അമ്പിളി.ജി.നായർ

മഞ്ജുഷ

അമ്പിളി.ജി.നായർ

സ്കൂൾ ലൈബ്രറി

അറിവിന്റെ ലോകം തേടി പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിലെത്തുന്നവരെ കാത്തിരിക്കുന്നത് വായനയുടെ വിശാലമായ മറ്റൊരു ലോകം കൂടിയാണ്. 106 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിക്ക് ഒരു നൂറ്റാണ്ടു വരെ പഴക്കമുള്ള 8200 ത്തിലധികം പുസ്തകങ്ങളുടെ കലവറയായ ഗ്രന്ഥശാല കൂടി സ്വന്തമായുണ്ട്. വ്യാകരണപുസ്തകങ്ങൾ, അറിയപ്പെടാത്ത എഴുത്തുകാരുടെ രചനകൾ, 85 രാജ്യങ്ങളിലെ കുട്ടികൾ വരച്ച കാർട്ടൂണുകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ച ശങ്കേഴ്സ് വീക്കിലി പുറത്തിറക്കിയ പുസ്തകങ്ങൾ, വ്യത്യസ്ത മേഖലകളിൽ പ്രാഗത്‌ഭ്യം തെളിയിച്ച എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകങ്ങൾ വരെ ഈ ലൈബ്രറിക്ക് സ്വന്തം .

സ്കൂൾ സ്ഥാപിതമായത് 1914 ൽ ആണെങ്കിലും 1968 മുതൽ നാളിതു വരെ സംരക്ഷിച്ചു പോരുന്ന രണ്ടു സ്റ്റോക്ക് രജിസ്റ്ററുകളും, വിതരണ രജിസ്റ്ററുകളും, പുസ്തകങ്ങൾ സാഹിത്യത്തിന്റെ വിവിധ മേഖലകൾ തിരിച്ചെഴുത്തിയ രജിസ്റ്ററുകളും , അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രജിസ്റ്ററും ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. നിലവിൽ 8212 പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് , മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ധാരാളം പുസ്തകങ്ങൾ വിവിധറാക്കുകളിലായി ക്രമീകരിച്ചിട്ടുണ്ട്.

പൂർവ വിദ്യാർത്ഥിസംഘടനകളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും കല, ആത്മകഥ. ജീവചരിത്രം, ബാലസാഹിത്യം, നോവൽ, ചെറുകഥ, ചരിത്രം, മലയാള സാഹിത്യം, സഞ്ചാര സാഹിത്യം, നാടകം. തിരക്കഥ, റഫറൻസ് , പുരാണ വേദ ഇതിഹാസങ്ങൾ എന്നിങ്ങനെ മേഖല തിരിച്ച് അലമാരകളിലും റാക്കുകളിലും ഭംഗിയായി സജ്‌ജീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ കൂടാതെ വിവിധ ദിനപത്രങ്ങളും, യോജന, വിദ്യാരംഗം, കേരകർഷകൻ, ജനപഥം തുടങ്ങിയ മാസികകളും ഇവിടെയുണ്ട്.. നിത്യവും രാവിലെ അസംബ്ലിയിൽ പത്രവായന നിർവഹിച്ച് ആവശ്യമായ വിശദീകരണങ്ങളും നൽകി വരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ സ്റ്റാൻഡേർഡ് അനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ അധ്യാപകരും ലൈബ്രറിയെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

ലൈബ്രറി, കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടി വിവിധ തരം പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിൽ നടത്തി വരുന്നുണ്ട്. അമ്മമാരുടെ വായനയെ മുന്നോട്ടു കൊണ്ടുവരുന്നതിനു വേണ്ടി " അമ്മയ്ക്കും വായിക്കാം" എന്ന സംരംഭത്തിനും തുടക്കം കുറിച്ചു. വ്യത്യസ്തമായ ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറി ഉപയോഗിച്ച് ചെയ്തു വരുന്നു.

കൈപ്പടയും കൈയൊപ്പും -സ്കൂൾ ലൈബ്രറിക്കൊരു സ്നേഹ സമ്മാനം

കൈപ്പടയും കൈയൊപ്പും

വായന പക്ഷാചരണത്തോടനുബന്ധിച്ച് 2017 ജൂൺ 26 ന് തുടക്കം കുറിച്ച വേറിട്ട പ്രവർത്തനമായിരുന്നു." കൈപ്പടയും കൈയൊപ്പും". ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്, ആശാൻ സ്മാരക സമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു എന്നിവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ , പി.റ്റി.എ പ്രസിഡന്റ് അമ്പിളി ജി.നായർ എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത യാത്ര മികച്ചതും വേറിട്ട അനുഭവം സമ്മാനിച്ചതുമായി. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , ശിശു കൗമാര മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.ആർ.ജയപ്രകാശ്, സാഹിത്യകാരൻമാരായ ഡോ.എസ്സ്. രാജശേഖരൻ, ഡോ. സജിത്ത് ഏവൂരേത്ത്, പി.സി. അനിൽകുമാർ എന്നിവരിൽ നിന്നും നേരിട്ട് പുസ്തകങ്ങൾ സ്വീകരിച്ചു.

കേരള സാഹിത്യ അക്കാദമി ചെയർമാനും പ്രശസ്ത സാഹിത്യകാരനുമായ വൈശാഖൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന എം.പി.വീരേന്ദ്രകുമാർ , സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ഡോ.ടി.എം.തോമസ് ഐസക് , കഥാകാരൻ സേതു ,ഗ്രന്ഥാലോകം എഡിറ്റർ എസ്.ആർ. ലാൽ, എസ്. രമേശൻ നായർ , പകൽ ക്കുറി വിശ്വൻ, ക്ലാപ്പന ഷൺമുഖൻ, പെരിങ്ങര രാജഗോപാൽ, ഇയങ്കോട് ശ്രീധരൻ ,രാസിത്ത് അശോകൻ , ചേപ്പാട് ഭാസ്ക്കരൻ നായർ , അജിത്ത് വെണ്ണിയൂർ,പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ തിരുവല്ല ശ്രീനി തുടങ്ങിയവർ പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ പത്മശ്രീ വിഷ്ണു നാരായൺ നമ്പൂതിരി, മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി , പ്രശസ്ത കവി പ്രഭാവർമ്മ, സാഹിത്യ പ്രതിഭ പെരുമ്പടവം ശ്രീധരൻ , കല്ലറ അജയൻ എന്നിവരെ നേരിൽക്കണ്ട് പുസ്തകങ്ങൾ സ്വീകരിച്ചു. ഈ യാത്രയിൽ പ്രമോദ് ഇളമൺ, കെ.ആർ. ബാലകുമാർ, കെ അജയകുമാർ , എസ്സ്. ഉഷ എന്നിവർ പങ്കെടുത്തു.

കൈപ്പടയും കൈയൊപ്പും ഉദ്ഘാടനം

പദ്ധതിയെക്കുറിച്ചറിഞ്ഞ നിരവധി പുസ്തക സ്നേഹികളും പുസ്തകങ്ങൾ സമ്മാനിച്ചു. പെരിങ്ങര തുരുത്തിയിൽ എം.സി. നായർ , മുൻ അധ്യാപിക പി.കെ.ശ്രീകല, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഉഷാദേവി സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, രക്ഷാകർത്താക്കൾ തുടങ്ങി ഒട്ടേറെപ്പേർ പുസ്തകങ്ങൾ സമ്മാനിച്ചു. പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ തിരുവല്ല ശ്രീനി പതിനെട്ടോളം പുസ്തകങ്ങൾ അയച്ചു തന്നു. വിശിഷ്ട വ്യക്തികൾ നൽകിയ പുസ്തകങ്ങളെല്ലാം പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി പ്രത്യേക അലമാരിയിൽ സൂക്ഷിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി പൂർവ്വാദ്ധ്യാപക-വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ലൈബ്രറി നവീകരണ പ്രവർത്തനങ്ങളും നടത്തി. ഇതുവരെ അൻപതോളം എഴുത്തുകാരുടെ ഇരുന്നൂറോളം പുസ്തകങ്ങൾ സ്കൂളിലെത്തിച്ചു. സംസ്ഥാന തല ഹൈസ്കൂൾ ഹിന്ദിഅധ്യാപക പരിശീലനത്തിൽ ഇതൊരുമാതൃക പദ്ധതിയായി വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.



പൂർവ്വ വിദ്യാർത്ഥി കൂടിയായ പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയെ

ശതാബ്ദിയുടെ ഭാഗമായി വീട്ടിലെത്തി ആദരിക്കുന്നു

ക്ലാസ് ലൈബ്രറി

കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ക്ലാസ് ലൈബ്രറി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. പാഠപുസ്തകത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് മുറിയിലും ശേഖരിച്ചുവെയ്ക്കുന്ന ക്ലാസ് ലൈബ്രറി സജ്‌ജീകരിച്ചിട്ടുണ്ട്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധിക വായനയ്ക്ക് നൽകുന്ന പുസ്തകങ്ങളാണ് കൂടുതലും ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ പഠന സൗകര്യാർത്ഥം എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടാനും ക്ലാസ് ലൈബ്രറിക്ക് നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞു. പുസ്തകങ്ങൾ കൂടാതെ ബാലമാസികകളും ദിനപത്രങ്ങളും ക്ലാസ് ലൈബ്രറിയുടെ ഭാഗമാണ്. ക്ലാസിൽ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ രജിസ്റ്ററും ക്ലാസ് അധ്യാപകർ തന്നെയാണ് സൂക്ഷിക്കുന്നത്. ഇപ്പോൾ LP , UP. വിഭാഗങ്ങളിലാണ് ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്.

വിദ്യാലയം പ്രതിഭകൾക്കൊപ്പം

പെരിങ്ങര രാജഗോപാലിനൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ " വിദ്യാലയം പ്രതിഭകൾക്കൊപ്പം " എന്ന സംരംഭത്തിന്റെ ഭാഗമായി പെരിങ്ങര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പതിനഞ്ച് കുട്ടികളും അധ്യാപകരുമടങ്ങുന്ന ഒരു ടീം 15/11/2019 വൈകിട്ട് 4 മണിയോടു കൂടി സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പെരിങ്ങര രാജഗോപാൽ സാറിന്റെ വീട് സന്ദർശിക്കുകയുണ്ടായി . കുട്ടികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം അനുഭവങ്ങളുടെ പിൻബലമുള്ള മറുപടി നൽകി. സ്കൂളിന്റെയും നാടിന്റെയും പിന്നിട്ട കാലത്തെക്കുറിച്ചുള്ള അറിവുകളിലേക്ക് നയിക്കുന്നതായിരുന്നു ആ സംവാദം . പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒട്ടനവധി വസ്തുക്കൾ മനോഹരമായി അദ്ദേഹത്തിന്റെ വീട്ടിൽസൂക്ഷിച്ചു വെച്ചിട്ടുണ്ട് . താളിയോല ഗ്രന്ഥങ്ങൾ , ഉപ്പുമാങ്ങ ഭരണി , കരിങ്കല്ലിലുള്ള ഉപ്പുപാത്രം , നാണയങ്ങൾ , ശില്പങ്ങൾ തുടങ്ങി ഒരു പുരാവസ്തു മ്യൂസിയത്തിൽ എന്നതുപോലെ അവയെല്ലാം ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എന്നതിലുപരി സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് .

ഡോ.ജോയ് ഇളമൺ കുട്ടികളുമായി സംവദിക്കുന്നു

വിദ്യാലയം അടുത്ത പ്രതിഭയായി തെരഞ്ഞെടുത്തത് പൂർവ്വ വിദ്യാർത്ഥിയും 'കില'യുടെ ഡയറക്ടറുമായ ഡോ. ജോയ് ഇളമൺ സാറിനെയായിരുന്നു. കുട്ടികൾ, അധ്യാപകർ ,പ്രഥമാധ്യാപിക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പത്തനംതിട്ട ജില്ലാ കോ-ഓഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട് എന്നിവർ ഡോ.ജോയ് ഇളമൺ സാറിനെ പെരിങ്ങരയിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിലെത്തി കാണുകയുണ്ടായി .അദ്ദേഹം വളരെ സ്നേഹപൂർവ്വം എല്ലാവരേയും വരവേറ്റു .കുട്ടിക്കാലത്ത് ആരാകണമെന്നായിരുന്നു ആഗ്രഹം എന്ന കുട്ടികളുടെ ചോദ്യത്തിന് കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ മാറിമറിയും എന്ന് ജീവിത ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും വാക്കുകളും കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു


കായികം

സ്കൂളിന് വിശാലമായ ഒരു പ്ലേഗ്രൗണ്ട് ഉണ്ടെങ്കിലും പ്രയോജനകരമായ രീതിയിൽ ആക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏറിയ സമയങ്ങളിലും വെള്ളക്കെട്ടും കാടുമൂടിയ നിലയിലുമാണ് സ്കൂൾ ഗ്രൗണ്ടിലെ അവസ്ഥ.എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ പോലും സ്കൂൾതല കായിക മത്സരങ്ങൾ നടത്തി എടുക്കുവാൻ സാധിച്ചിട്ടുണ്ട്. സബ് ജില്ലാ കായികമേളയിൽ ഗെയിംസ് ഇനങ്ങളിൽ സ്കൂൾ ടീം പ്രതിനിധീകരിച്ചിട്ടുണ്ട് (കബഡി, ഫുട്ബോൾ). കൂടാതെ അത്‌ലറ്റിക് വിഭാഗത്തിൽ ഹൈജമ്പ് ഇനത്തിന് ഒരു കുട്ടി ജില്ലാ കായികമേളയിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ പത്തനംതിട്ട എസ്. എസ്. കെ യുടെ ഭാഗമായ തിരുവല്ല ബി.ആർ.സി യിൽ നിന്നും അനുവദിച്ച കിട്ടിയിരിക്കുന്ന കായിക അധ്യാപകൻ ശ്രീ സജീവ് എം കെ ആഴ്ചയിലൊരു ദിവസം സ്കൂളിലെത്തി സേവനമനുഷ്ഠിക്കുന്നു. നല്ലൊരു കളി സ്ഥലത്തിന്റെ അഭാവംമൂലം കുട്ടികൾക്ക് ശരിയായ രീതിയിൽ കായിക പരിശീലനത്തിനോ കളികളിൽ ഏർപ്പെടുന്നതിനോ സാധിക്കാതെ വരുന്നു.

സ്കൂൾ ഫോട്ടോകൾ

ഗവർണ്ണറായിരുന്ന വി.വി.ഗിരി സ്കൂൾ സന്ദർശിച്ചപ്പോൾ
നവീകരിച്ച കുളം
പ്രാദേശിക സംഗമം
കുട്ടിവനം
സംഗമം
പ്രാദേശിക സംഗമം
കൈപ്പടയും കൈയൊപ്പും പദ്ധതിയ്ക്ക്ല് ആശംസകൾ നേർന്നുകൊണ്ട് സുഗതകുമാരി ടീച്ചർ നൽകിയ കത്ത്
                                                                                                                                                                                                                                                                                                      കോവിഡ് കാലത്തെ കുഞ്ഞുവരകൾ
ആദി.ജെ.കുമാർ
അദ്വൈത് എൽ.എ
ആദിത്യ ഹരിദാസ്
അർപ്പിത് എൽ.എ
ഞങ്ങളുടെ സ്കൂളിൽ
ദ്രൗപതി

വേനൽപ്പറവകൾ - അവധിക്കാല സഹവാസ ക്യാമ്പ്

വേനൽപ്പറവകൾ
ഓലക്കാലിൽ തീർത്ത കരവിരുത്
പക്ഷി നിരീക്ഷണം
ആടാം പാടാം
രാത്രിയിൽ അരങ്ങേറിയ പത്തനംതിട്ടയുടെ തനതു കലാരൂപമായ പടയണി
പടയണി ആസ്വദിക്കുന്നവർ
പക്ഷി നിരീക്ഷണം വിലയിരുത്തൽ
നാടൻപാട്ടിന്റെ താളത്തിൽ






കോവിഡ് കാലത്ത് കൃഷിയ്ക്കായി വിത്തും വളവും വിതരണം ചെയ്യുന്നു










വഴികാട്ടി

Loading map...