എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ്
2018-19കാലയളവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി. പ്രത്യേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 40 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത്. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത്. എല്ലാ ബുധനാഴ്ചകളിലും, അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓണം, ക്രിസ്തുമസ് എന്നീ വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു. സ്‌കൂൾ ഐ.ടി ലാബ് പരിപാലനം, സ്മാർട്ട് ക്‌ളാസ് പരിപാലനം, സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ്.ഐ. ടി ക്ലബ് -വിവര സാങ്കേതിക വിദ്യയുടെ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിൽ ലഭ്യമാണ് . ഹൈസ്കൂളിലെ കുട്ടിപ്പട്ടങ്ങൾക്കായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലാസിലെ പരിശീലനം വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. കുട്ടികൾ ക്രിയാത്മകമായ രീതിയിൽ അവരുടെ പ്രതിഭ തെളിയിക്കുകയും ചെയ്യുന്നു. സ്കൂളിലെ എല്ലാ അധ്യാപകർക്കും ഐടി മേഖലയിൽ ആവശ്യമായ ഘട്ടത്തിൽ പരിശീലനം കൊടുത്തു വരുന്നു
ലിറ്റിൽ കൈറ്റ്സ് അവാർഡ്-2025-26: എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങവനത്തിന് ജില്ലാതലത്തിൽ തിളക്കമാർന്ന നേട്ടം*
ചിങ്ങവനം: പൊതുവിദ്യാലയങ്ങളിലെ വിവരസാങ്കേതികവിദ്യ അധിഷ്ഠിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്‌കാരങ്ങളിൽ ചിങ്ങവനം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധേയ വിജയം നേടി. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച യൂണിറ്റുകളുടെ പട്ടികയിൽ വിദ്യാലയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരുപതിനായിരം രൂപയും ട്രോഫിയും പ്രശംസാപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ചിറക്കടവ് സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
ഡിജിറ്റൽ സാക്ഷരത, ആനിമേഷൻ, സോഫ്റ്റ്‌വെയർ നിർമ്മാണം, സൈബർ സുരക്ഷ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സ്കൂൾ യൂണിറ്റ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹത നേടിക്കൊടുത്തത്. യുവജനോത്സവ വേദികളിൽ ക്യാമറ പ്രവർത്തിപ്പിക്കുന്നതിലും ദൃശ്യങ്ങൾ പകർത്തി രേഖപ്പെടുത്തുന്നതിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധേയമായ മികവ് പുലർത്തി.
വിവരസാങ്കേതിക മേഖലയിലെ വിപ്ലവകരമായ മുന്നേറ്റമായി മാറിയ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയിലും വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു. കൂടാതെ റോബോട്ടിക്സ്, ഇലക്ട്രോണിക്സ് മേഖലകളിലും പരിശീലനം നേടി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കൺവീനർമാരായ സുമ എ.കെ., ദിവ്യ ഡി. എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. വിവരസാങ്കേതികവിദ്യ അധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്കൂൾ നടത്തുന്ന സജീവ ഇടപെടലുകൾക്കുള്ള അംഗീകാരമാണിതെന്ന് സ്കൂൾ അധികൃതരും പി.ടി.എയും അറിയിച്ചു.