സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്
സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ് | |
---|---|
വിലാസം | |
തിരുവനന്തപുരം വള്ളക്കടവ് പി.ഒ, , തിരുവനന്തപുര 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0471-2501650 |
ഇമെയിൽ | st.rochshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസി പെരേര |
അവസാനം തിരുത്തിയത് | |
04-05-2020 | 43064 |
ചരിത്രം
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ അഗ്രഗണ്യമായ സ്ഥാനം നിലനിർത്തി പോന്നിട്ടുള്ള ശംഖുമുഖം കടൽത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ വലിയതോപ്പിൽ എയ്ഡഡ് സ്കൂൾ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബൽജിയത്തിലെ വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ്, മദർ ഗബ്രിയേല, മദർ. എലിശ എന്നീ മിഷണറി സഹോദരിമാർ 1924-ൽ ഈ കോൺവെൻറ് സ്ഥാപിച്ചു. തുടർന്ന് 1925-ൽ സെൻറ് റോക് സ് സ്കൂൾ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയർ ആയിരുന്ന മദർ. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജർ. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂർണമായ ജീവിതങ്ങളിലേയ്ക്ക് വളർച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാൻ ഈ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ സാധിച്ചു. ഈ സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ ICM Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു. കടലോര ഗ്രാമങ്ങളിൽ കൂടെക്കൂടെ പടർന്നു പിടിച്ചിരുന്ന കോളറ തുടങ്ങിയ പകർച്ച വ്യാധികളിൽ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാർ തങ്ങളുടെ കോൺവെൻറിനും സ്കൂളിനും സെൻറ് റോക് സ് എന്നുപേരിട്ടു. ആരംഭദിശയിൽ പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉൾപ്പെടെ മിഡിൽ സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കാലക്രമത്തിൽ മൂന്നാം ഫോറം വരെയായി. 1934-ൽ പരിശീലനം സിദ്ധിച്ച അധ്യാപകർ വിരളമായിരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂൾ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവർക്ക് ലോവർ വെർണാക്കുലർ സെക്ഷനിലും 9-ാം ക്ലാസ് പാസായവർക്ക് ഹയർ വെർണാക്കുലർ സിക്സ്ത് ഫോറം പാസായവർക്ക് അണ്ടർ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നൽകി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളിൽ ഏറ്റവും പഴക്കമേറിയിരുന്ന ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ. ട്രെയിനിംഗ് സ്കൂൾ നിലവിൽ വന്നതോടെ മിഡിൽ സ്കൂളിൻറെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂൾ ആയി ഉയർന്നു. 1958-ൽ ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തിൽ തുടങ്ങി. തുടർന്ന് മിഡിൽ സ്കൂൾ, ഹൈസ്കൂൾ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസ നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴിൽ നേടുന്നതിനും പെൺകുട്ടികൾക്ക് ഇത് വഴിയൊരുക്കി. 1925-ൽ സ്കൂൾ ആരംഭിക്കുമ്പോൾ ഇവിടെ ആദ്യമായി ചേർന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റിൽ ചേർന്ന് സിക് സ് ത് ഫോറം വരെ പഠിച്ച് സ്കൂൾ പഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആൻറ് ട്രെയിനിംഗ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ൽ ട്രെയിനിംഗ് സ്കൂൾ, ഹൈസ് സ്കൂൾ എന്ന് വേർതിരിക്കപ്പെട്ടു. ആരംഭ കാലം മുതൽ തന്നെ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണങ്ങളിൽ ആദ്യമായി വോളി ബോൾ ടീം സംഘടിപ്പിച്ചത് സെൻറ് റോക് സാണ്. തുടർന്ന് ഈ മേഖലയിൽ മികച്ച വിജയങ്ങൾ കൊയ്യുകയും ചെയ്തു. തയ്യൽ, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു. കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോർഡിംഗ് ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദർ സ്റ്റെഫാൻ ആയിരുന്നു. തുടർന്ന് 1957 മുതൽ 1982 വരെ റവ. സിസ്റ്റർ ബ്രിട്ടോ ഈ സ്കൂളിൻറെ പ്രഥമാധ്യാപികയെന്ന നിലയിൽ മികച്ച സേവനം കാഴ്ച വച്ചു. വിദ്യാഭ്യാസ രംഗത്തും ഇതര മേഖലകളിലും ദീർഘവീക്ഷണവും അർപ്പണ മനോഭാവവും എല്ലാറ്റിനും ഉപരിയായി അച്ചടക്ക ബോധവും നില നിർത്തുന്നതിൽ സിസ്റ്റർ. ബ്രിട്ടോ നിഷ്കർഷ പാലിച്ചിരുന്നു. തുടർന്ന് ഈ സ്കൂളിന്റെ സാരഥ്യം വഹിച്ചവർ ശ്രീമതി. ടി. വിജയമ്മ, ശ്രീമതി. മീനാക്ഷി അമ്മ, ശ്രീമതി. എൽസി. കെ.എം., ശ്രീമതി ലീല.സി., ശ്രീമതി. ജയലക്ഷമി ഇ.പി., ശ്രീമതി ശോഭ എസ്.എൽ, ശ്രീമതി അൽഫോൺസ ജോസഫ് എന്നിവരാണ്. ഇവർ പ്രഥമാധ്യാപകരെന്ന നിലയിൽ ഈ സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിച്ചു. 2019-2020 അധ്യയന വർഷം മുതൽ ശ്രീമതി സൂസി പെരേര വി പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച് വരുന്നു. പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. ഗൈഡ്സ്, ജെ.ആർ.സി., കെ.സി.എസ്.എൽ., ഗാന്ധി ദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബുകൾ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. ഹ്യൂമൻ റൈറ്റ്സ് എഡ്യൂക്കേഷൻറെ നേതൃത്വത്തിൽ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടർ പഠനം നിർബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ മോണിംഗ് സ്റ്റാർ എന്ന പേരിൽ ഒരു കമ്പ്യൂട്ടർ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങൾ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ ഒരു ആഡിയോ വിഷ്വൽ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക് സ് ഹൈസ്കൂൾ 90% ലേറെ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ നാടിൻറെ മുതൽക്കൂട്ടാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ വിജയധാരയിലെത്തിക്കാൻ അധ്യാപകർ അക്ഷീണം പ്രയത്നിക്കുന്നു. സായാഹ്നങ്ങളിലും ശനിയാഴ്ചകളിലും യോജ്യമായ മറ്റ് അവധി ദിവസങ്ങളിലും അധ്യാപകർ ക്ലാസെടുക്കുന്നു. ഇപ്പോൾ (2019-2020) ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 21 ഉം യു.പി. വിഭാഗത്തിൽ 15 ഉം ആയി 36 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്.
മാനേജ്മെന്റ്
ഈ സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ ICM Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1925-1932 | |
1932-1945 | റവ. ഡി. എം. ഗബ്രിയേൽ ഡി. സ്പീഗ്ലീയർ |
1945-1957 | റവ. ഡി. എം. സ്ററഫാൻ ബ്രയൻസീൽസ് |
1957-1982 | റവ. സിസ്ററർ ബ്രിറ്റോ |
01-04-1982 - 31-03-1986 | ശ്രീമതി വിജയമ്മ ടി |
01-04-1986-31-03-1987 | ശ്രീമതി മീനാക്ഷി അമ്മാൾ എൻ. |
01-04-1987 - 30-04-1995 | ശ്രീമതി എൽസി കെ.എം. |
01-05-1995 - 31-03-2001 | ശ്രീമതി ലീല സി. |
01-04-2001 - 31-03 -2003 | ശ്രീമതി ജയലക്ഷ്മി ഇ. പി. |
01-04-2003 - 31-03-2007 | ശ്രീമതി ശോഭ എസ്. എൽ . |
01-04-2007 - 31-05-2015 | ശ്രീമതി അൽഫോൺസ ജോസഫ് പി. |
01-06-2015 - 27-03-2019 | ശ്രീമതി ബിന്ദു എ. (ടീച്ചർ ഇൻ ചാർജ്ജ്) |
27-03-2019 - | ശ്രീമതി സൂസി പെരേര വി. |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4777948,76.9145644 | zoom=12 }}