ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(Alapuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴഡിഇഒ ആലപ്പുഴഡിഇഒ കുട്ടനാട്ഡിഇഒ ചേർത്തലഡിഇഒ മാവേലിക്കരകൈറ്റ് ജില്ലാ ഓഫീസ്
ആലപ്പുഴ ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2

കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ. ആലപ്പുഴ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990-ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദികളായിരുന്ന പുന്നപ്ര, വയലാർ എന്നീ പ്രദേശങ്ങൾ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ, 91 വില്ലേജുകളും ഉണ്ട്.

ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലപ്പുഴയ്ക്ക് ശ്രദ്ധേയമായ സ്ഥാനമാണുളളത്.  തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ പോലുളള അനാചാരങ്ങൾക്കെതിരെ ധീരനായ പത്രപ്രവർത്തകൻ റ്റി.കെ മാധവന്റെ നേത്യത്വത്തിൽ കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കപ്പെടുകയും 1925-ൽ ക്ഷേത്രങ്ങളിലേയ്ക്ക് ഉളള എല്ലാ റോഡുകളും പ്രത്യേകിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള  റോഡുകൾ ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാർക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു.  ഭരണഘടനാപരമായ അടിച്ചമർത്തലിനെതിരെ 1932 ൽ ആരംഭിച്ച നിവർത്തന പ്രക്ഷോഭം പോലുളള സമര രീതിക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരം (തൊഴിലാളിസമരം) ഉണ്ടായതും 1938 ൽ ആലപ്പുഴയിലാണ്.

1946 – ൽ ജില്ലയിലെ പുന്നപ്രയിലും വയലാറിലും ഉണ്ടായ എെതിഹാസികപരമായ സമരങ്ങൾ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർക്ക് എതിരായ ജനങ്ങളുടെ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു .  ആ സമരങ്ങൾ  ആത്യന്തികമായി സർ.സി.പി എന്ന ഭരണാധികാരിയെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്ത് നിന്നും എന്നന്നേക്കുമായി നിഷ്കാസിതനാക്കുന്നതിന് വഴിതെളിച്ചു.  ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം 1948-ന് മാർച്ച് 24 ന് ജനകീയ മന്ത്രിസഭ രൂപീകരിക്കപ്പെടുകയും 1949 ജൂലൈ ഒന്നിന്  തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ സംയോജിക്കപ്പെടുകയും ചെയ്തു.  എന്നാൽ 1956 ൽ സംസ്ഥാന പുനസംഘടന കമ്മറ്റി നിലവിൽവരുന്നത് വരെ പഴയ സംസ്ഥാനങ്ങൾ തുടരുകയും ചെയ്തു. ജില്ല ഒരു പ്രത്യേക ഭരണപരമായ യൂണിറ്റായി നിലവിൽ വന്നത് 1957 ഓഗസ്റ്റ് 17 നാണ്.

ചരിത്രം

വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ  ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സൻ പ്രഭു, ആലപ്പുഴ സന്ദർശിച്ച വേളയിൽ , ആലപ്പുഴയുടെ സൌന്ദര്യത്തിൽ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതൽ ലോകഭൂപടത്തിൽ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരിൽ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടൽപ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകൾ, അവയ്ക്ക് കുറുകേയുള്ള പാലങ്ങൾ, റോഡുകൾ, നീണ്ട ഇടമുറിയാത്ത കടൽത്തീരം, പച്ചപ്പ്‌ നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സൻ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാൻ പ്രചോദനം ഏകിയത്. ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂർവ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദിവാൻ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിർമ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളിൽ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമർശങ്ങളുണ്ട്. നോക്കെത്താദൂരത്ത്‌ പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെൽവയലുകളാൽ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിൻ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതൽക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതൽക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകൾ പറയുന്നു.

കിഴക്ക് കോട്ടയം ജില്ലയിൽ നിന്നും, തെക്ക്  കൊല്ലം(പഴയ ക്വൈലോൻ) ജില്ലയിൽ നിന്നും ഉള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് , 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല  രൂപീകരിക്കപ്പെട്ടത്.

അതിരുകൾ

കേരളത്തിലെ ഏറ്റവും ചെറിയ   ജില്ലയാണ് ആലപ്പുഴ :

വടക്ക് അക്ഷാശം     9o 05’ ഉം 9o 54′

കിഴക്ക് രേഖാംശം    76o 17 30′  ഉം 76o 40′

അതിരുകൾ

വടക്ക് – എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂർ താലൂക്കുകൾ

കിഴക്ക് – കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി, അടൂർ താലൂക്കുകൾ

തെക്ക് – കൊല്ലം ജില്ലയിലെ കുന്നത്തൂർ, കരുനാഗപ്പളളി താലൂക്കുകൾ

പടിഞ്ഞാറ് – ലക്ഷദ്വീപ്(അറബി) കടൽ

"https://schoolwiki.in/index.php?title=ആലപ്പുഴ&oldid=2851627" എന്ന താളിൽനിന്ന് ശേഖരിച്ചത്