കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ19-20

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബ് ഉൽഘാടനം

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം Dr.നിധീഷ് കെ പി നിർവ്വഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998-2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉദ്‌ഘാടകൻ. മലയാളം സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉദ്‌ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി മൊമെന്റോ നൽകി ആദരിച്ചു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം [1]

എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനമായ 2019 ആഗസ്റ്റ് 15ന് പ്രിൻസിപ്പൽ ശ്രീ രാജേഷ് കെ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ജി പി.ടി.എ പ്രസിഡന്റ്, മറ്റു പി.ടി.എ ഭാരവാഹികൾ, അധ്യാപകർ വിദ്യാർത്ഥികൾ, അനധ്യാപക ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കഴിഞ്ഞ വർഷത്തെ പത്താം തരം വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു.

സെപ്തംബർ 5 അധ്യാപക ദിനം[2]

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് അധ്യാപകരെ ആദരിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്‌തു.

ഓണാഘോഷം[3]

മലയാളികളുടെ ദേശീയോത്സവമാണ് ഓണം‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനിൽക്കുന്നുണ്ടെങ്കിലും, ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതൻറെയും, പാമരൻറെയും, കുചേലൻറെയും, കുബേരൻറെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പായസവിതരണവും ഉണ്ടായി.

ഒക്ടോബർ 15ലോക കൈകഴുകൽ ദിനം[4]

കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15നു ലോക കൈകഴുകൽ ദിനംആചരിച്ചു വരുന്നു. 2008ൽ ആണ് ഇതിന്റെ ആരംഭം. 2008ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

നമ്മുടെ സ്കൂളിലും ഒക്ടോബർ 15 കൈകഴുകൽ ദിനം ആചരിച്ചു. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രമോദ് മാസ്റ്റർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി പരിപാടി ഉദ്‌ഘാടനം ചെയ്തു. അശോകൻ മാസ്റ്റർ, എ പി പ്രമോദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

"മിഴി" പദ്ധതി

കൊളച്ചേരി പി.എച്ച്.സി, ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന "മിഴി" പ്രോഗ്രാം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പദ്ധതിയുടെ ഉദ്‌ഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി താഹിറ നിർവഹിച്ചു. സ്കൂൾ ഹെൽത്ത് നഴ്‌സ് എന്നിവർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടയും നേത്രരോഗമുള്ള കുട്ടികളെ ഉയർന്ന ആശുപത്രികളിലേക്കും മാറ്റി. കമ്പിൽ മാപ്പിള ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധർമ ജി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ ഉമേഷ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വാർഡ് മെമ്പർ ഹനീഫ, കൊളച്ചേരി പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബാബു എന്നിവർ സംസാരിച്ചു.

സൈബർ ബോധവൽക്കരണ ക്ലാസ്സ്

ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് നൽകി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ തമ്പാൻ ബ്ലാത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സൈബർ ബോധവൽക്കരണ ക്ലാസ്സിലൂടെ സാധിച്ചു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി സുധർമ്മ ജി ഉദ്‌ഘാടനം ചെയ്തു. ജെ.ആർ.സി കൗൺസിലർ ശ്രീ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി ശ്രീജ ടീച്ചർ സ്വാഗതവും ശ്രീമതി കെ വി വിമല ടീച്ചർ നന്ദിയും പറഞ്ഞു.

ഗ്രൂപ്പ് കൗൺസിലിങ്

പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും വഴിതെറ്റുന്ന കൂട്ടുകെട്ടിൽ പെട്ട് ജീവിതം നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ മനഃശാസ്ത്ര ക്ലാസ്സ് സംഘടിപ്പിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം സമൂഹമാദ്ധ്യമങ്ങൾ കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ ശ്രീ മുഹമ്മദ് റിയാസ് വാഫി കുട്ടികളെ ഓർമ്മപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി സ്വാഗതം പറഞ്ഞു.

വിദ്യാലയം പ്രതിഭകളോടൊപ്പം

പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി നവംബർ 14ന് വ്യാഴാഴ്‌ച്ച തങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ, എഴുത്ത്കാരൻ കൂടിയായ ശ്രീ കെ പി നിധീഷിനെ ആദരിക്കാനാണ് പോയത്.

സ്കൂൾ തോട്ടത്തിലെ ചെറിയ പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച ബൊക്കെയും ശിശുദിന ഗ്രീറ്റിംഗ് കാർഡും അദ്ദേഹത്തിന് നൽകി. സ്കൂളിലെ കുട്ടികൾ അനുഭവങ്ങളും അറിവുകളും അവരുമായി പങ്കുവെച്ചു. കണ്ണൂരിലെ നാറാത്ത്, ഓണപ്പറമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ "നളിനം" വീട്ടിൽ പി ആർ ചന്ദ്രശേഖരന്റേയും നളിനിയുടെയും മകനായ നിധീഷ്, കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മയ്യിൽ ഹയർസെക്കൻണ്ടറിയിൽ നിന്നും തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഹയർസെക്കണ്ടറി വിദ്യാർത്ഥിയായിരിക്കേ "സ്വപ്നകൊട്ടാരം" എന്ന പേരിൽ കഥ എഴുതി സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദംപാസ്സായി. 2014ൽ ഡോക്ടറേറ്റ് നേടി.
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ ഗുരുക്കന്മാരാണെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ തനിക്ക് അതാണ് പറയാനുള്ളതെന്നും നിങ്ങളും ഈയൊരു തിരിച്ചറിവിൽ എത്തണമെന്നും കുട്ടികളോട് അദ്ദേഹം ഉപദേശിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി നേതൃത്വം നൽകി. ശ്രീമതി ശ്രീജ, ശ്രീ ബൈജൂ, ശ്രീ അരുൺ എന്നിവരും പങ്കെടുത്തു.

ഡോ.കെ വിനീഷ് പി.എച്ച്.ഡി,മെക്കാനിക്കൽ എൻജിനീയറിങ്

നവംബർ 16 ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊളച്ചേരി സ്വദേശിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും എൻ.ഐ.ടി കോഴിക്കോട് അസ്സിസ്റ്റന്റ് പ്രൊഫെസ്സറുമായ ഡോക്ടർ. വിനീഷ് കെ പിയെ സ്വീകരിച്ചു. വീട്ടിൽ ചെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായ കുട്ടികളോട് തന്റെ മാതൃ വിദ്യാലയത്തിൽ ഒരിക്കൽ കൂടി തനിക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം കുടുംബ സമേതം സ്കൂളിലേക്ക് വരികയും ചെയ്തു. എത്ര ഉന്നതങ്ങളിലെത്തിയാലും തന്റെ മാതൃ വിദ്യാലയത്തെയും അധ്യാപകരെയും സ്നേഹിക്കുന്ന അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉത്തമ മാതൃകയായി. അദ്ദേഹത്തിന് ചുറ്റും വിദ്യാർത്ഥികൾ നിലത്തിരിക്കുകയും തയ്യാറാക്കിയ ചോദ്യാവലിയുമായി അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു. പാഠപുസ്തകത്തിനു പുറത്തുള്ള പുതിയൊരു അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയാണ് ഡോ.കെ വിനീഷ്.

പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം 29-11-2019ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതിക്കുഴികളെ കുറിച്ച് മയ്യിൽ പോലീസ് പി.ആർ.ഒ ശ്രീ രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ താഹിറ യോഗം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ വൈസ്പ്രസിഡന്റ് ശ്രീ കെ പി അബ്ദുൽ മജീദ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ സ്വാഗതവും ശ്രീ എൻ നസീർ നന്ദിയും പറഞ്ഞു.

ഭിന്നശേഷി[5] സൗഹൃദ ചിത്ര രചനാ മത്സരം

യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾക്ക് ഭിന്നശേഷി സൗഹൃദ ചിത്ര രചനാ മത്സരം 29-11-2019ന് സ്കൂളിൽ വെച്ച് നടത്തി. ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും ദീപ്ദാസ് എം കെ (+2) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആരോമൽ സി, യു.പി വിഭാഗത്തിൽ നിന്നും നെഹ്‌ല നസീറും ഒന്നാം സ്‌ഥാനം കരസ്ഥമാക്കി.

നൈതികം പദ്ധതി

വിദ്യാഭ്യാസ വകുപ്പിന്റെയും സർവശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ‘നൈതികം’ പദ്ധതിക്ക്‌ തുടക്കം. ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാദിനമായ നവംബർ 26ന് കരട് തയ്യാറാക്കി അവതരിപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ സ്കൂൾതല ഭരണഘടന തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്യും. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായി വളർത്തിയെടുക്കുന്നതിനും സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം.

നൈതികം പദ്ധതി പ്രകാശനം

ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നൈതികം പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ ജി സ്കൂൾതല ഭരണഘടന പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, സ്വപ്ന, അഫ്സൽ, ഷജില, ഷമിൻരാജ്, അരുൺ, പ്രമോദ്, അർജുൻ, അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി

"നാളത്തെ കേരളം, ലഹരിമുക്ത നവകേരളം" എന്ന സന്ദേശവുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ ഡിസംബർ 4ന് പ്രതിജ്ഞ ചൊല്ലണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സുരേലി ഹിന്ദി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹിന്ദിപഠനം ആസ്വാദവും ആകർഷണീയവുമാക്കുന്നതിന് എസ്.എസ്.എ കേരളനടപ്പിലാക്കുന്ന പദ്ധതിയായ സുരേലി ഹിന്ദി, കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ഭംഗിയായി നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും അഭിനയപാടവവും ഈ ക്ലാസ്സുകളിൽ കാണാൻ കഴിഞ്ഞു . യു.പി വിഭാഗം ഹിന്ദി അധ്യാപകൻ ശ്രീ പ്രമോദ് പി ബി പരിപാടിക്ക് നേതൃത്വം കൊടുത്തു.

സംക്രമീകേതര രോഗ പ്രതിരോധ പരിപാടി

കോളച്ചേരി പി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ സാംക്രമികേതര രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ കായിക മത്സരം നടത്തി. കുട്ടികളിൽ വ്യായാമശീലം വളർത്താൻ ബോധവൽക്കരണം നടത്തുകയും ചെയ്തു. കൊളച്ചേരി പി.എച്ച്.സി ജീവനക്കാരും സ്കൂളിലെ അധ്യാപകരും കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

പ്രാദേശികപി.ടി.എ

പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ തീരുമാനപ്രകാരം നടത്തിയ പ്രാദേശിക പി.ടി.എകൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , നാറാത്ത്, പാമ്പുരുത്തി, പള്ളിപ്പറമ്പ്, പെരുമാച്ചേരി എന്നിവടങ്ങളിലാണ് പി.ടി.എ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ രക്ഷിതാക്കൾക്ക്  നിർദ്ദേശം നൽകി. കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.

മോർണിംഗ്, ഈവനിംഗ് ക്ലാസ്സ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9 മണിമുതൽ മുതൽ 10 മണിവരെയും വൈകുന്നേരം 4 മണിമുതൽ മുതൽ 5 മണിവരെയും ക്ലാസ്സുകൾനടത്തി വരുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ദ കൊടുക്കാറുണ്ട്.

എസ് ആർ ജി

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു.

ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ

ഭിന്നശേഷി സൗഹൃദ കേരളം അനുയാത്ര ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും, കേരള സാമൂഹിക സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ വിദ്യാലയങ്ങളിൽ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ സംഘടിപ്പിച്ചു . കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി യോഗം ഉദ്‌ഘാടനം ചെയ്തു. ശ്രീമതി ധന്യ എം സ്വാഗതം പറഞ്ഞു.

കണ്ണട നിർമ്മാണ പരിശീലനം

വലയ സൂര്യ ഗ്രഹണം വീക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണട നിർമ്മാണം നടത്തുന്നതിനായി ഏകദിന പരിശീലനം നടത്തി.

ന്യൂ ഇയർ ആഘോഷിച്ചു

കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ന്യൂ ഇയർ ആഘോഷിച്ചു. ഉച്ചക്ക് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. രാവിലത്തെ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ന്യൂ ഇയർ സന്ദേശം നൽകി. അധ്യാപകരായ ശ്രീ പി ബി പ്രമോദ്, ശ്രീ എൻ നസീർ എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഇയർ ആഘോഷത്തിന് ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി.

പേപ്പർ ബാഗ് നിർമ്മാണ പരിശീലനം

കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിമ്മാണ പരിശീലനം നൽകി. കേരളം സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമായി മാറിയതിനാൽ പേപ്പർ ബാഗ് നിർമ്മാണം ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രവർത്തി പരിചയ ക്ലബ്ബ് മുതിർന്നത്. കുട്ടികൾക്ക് വീടുകളിൽ നിന്നും പേപ്പർ ബാഗ് നിർമ്മിച്ച് വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി, കമ്പിൽ വ്യാപാരി വ്യവസായി സമിതി പ്രധിനിധി ശ്രീ സഹജന് പേപ്പർ ബാഗ് നൽകി പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ അധ്യാപകൻ ശ്രീ പി ബി പ്രമോദ് സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക കെ വിമല അധ്യക്ഷത വഹിച്ചു.


കൗമാര വിദ്യാഭ്യാസം

"കൗമാര വിദ്യാഭ്യാസം സ്കൂൾ കുട്ടികൾക്ക് "എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസ്സ് കുട്ടികൾക്കുള്ള ക്ലാസ്സ് 18-01-2020 തിങ്കളാഴ്ച ശ്രീമതി കെ വിമല ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രേമലത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് വായിക്കുക ..........

കുട നിർമ്മാണ പരിശീലനം

കമ്പിൽ മാപ്പിള ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുട നിർമ്മാണ പരിശീലനം ആരംഭിച്ചു. സ്കൂളിലെ അദ്ധ്യാപിക ശ്രീമതി എ കെ ദിവ്യയുടെ നേതൃത്വത്തിലാണ് കുടനിർമ്മാണ പരിശീലനം ആരംഭിച്ചത്. ഇതിന് മുമ്പും വിദ്യാർത്ഥികൾ കുടനിർമ്മിച്ചിരുന്നു. സ്കൂളിലെ പൊതുപരിപാടിയിലും വീടുകളിലും കുട്ടികൾ നിർമ്മിച്ച കുടകൾ വില്പന നടത്താറുണ്ട്.

റിപ്പബ്ലിക് ദിനാഘോഷം[6]

2020 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ മമ്മു മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ലീഡർ അദീബ ഭരണ ഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ടി.എ വൈസ്പ്രസിഡണ്ട് ശ്രീ പി പി അബ്‌ദുൾ മജീദ്, മെമ്പർ ശ്രീ മൊയ്‌തു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സജ്‌ന, ഹയർ സെക്കന്ററി അദ്ധ്യാപകൻ ശ്രീ ദാമോദരൻ, ഹൈസ്കൂൾ അധ്യാപകരായ ശ്രീ പ്രമോദ്,ശ്രീമതി ഷജില എന്നിവർ പ്രസംഗിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ രാജേഷ് സ്വാഗതവും അധ്യാപകൻ ശ്രീ എൻ നസീർ നന്ദിയും പറഞ്ഞു.

കൊറോണ[7] ബോധവൽക്കരണം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണ വീഡിയോ നമ്മുടെ സ്കൂളിലിലെ അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികളെ 3-2-2020 രണ്ട് മണി, മൂന്ന് മണി, നാല് മണി എന്നീ സമയങ്ങളിൽ കാണിച്ചു. 812 കുട്ടികളും 27 അദ്ധ്യാപകരും വീഡിയോ കണ്ടിട്ടുണ്ട്. വളരെ സൂക്ഷ്മമായി വിവരിച്ചു തന്ന വീഡിയോ കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. കൊറോണ വൈറസ് എങ്ങിനെയാണ് പകരുന്നതെന്നും തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും വീഡിയോ കണ്ടതിലൂടെ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി എസ്.ഐ.ടി.സി ശ്രീ ജാബിർ എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മുകുളം പദ്ധതി

കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതിയുടെ ഭാഗമായി പത്താംക്ലാസ്സിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കോച്ചിങ് ക്ലാസ്സുകൾ ജൂലൈ മാസം തൊട്ട് രാവിലെ 9 മണിമുതൽ 9:45 വരെയും വൈകീട്ട് 4 മണിമുതൽ 4:45 വരെയും നടത്തി. അർദ്ധ വാർഷിക പരീക്ഷക്ക് ശേഷം രാവിലെ 9 മണിമുതൽ 9:45 വരെയും ബി+ന് താഴെയുള്ള 186 കുട്ടികളെ ബി+ൽ എത്തിക്കുന്നതിനായി വൈകീട്ട് 4 മണിമുതൽ 5:30 വരെ സ്പെഷ്യൽ കോച്ചിങ് ക്ലാസ്സുകൾ നൽകിവരുന്നു. മുകുളം പരീക്ഷക്ക് ശേഷം രാവിലെ 8 മണിമുതൽ 9:30 വരെ ഓരോ വിഷയത്തിന്റെയും യൂണിറ്റ് ടെസ്റ്റ് ഇപ്പോൾ നടത്തി വരുന്നു. പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികളെ വൈകുന്നേരം 4 മണി മുതൽ 4:45 വരെ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. പ്രത്യേക പരിഗണ നൽകേണ്ട 5 വീതം കുട്ടികളെ അധ്യാപകർ ദത്തെടുത്ത് ക്ലാസ്സ് നൽകി വരുന്നു.

ഭക്ഷ്യ മേള

ഒൻപതാം തരത്തിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് "തേൻവരിക്ക" എന്ന പാഠഭാഗത്തെ ആസ്പദമാക്കി നാടൻ വിഭവങ്ങളുടെ ഒരു ഫുഡ് ഫെസ്റ്റ് 14/02/19 വ്യാഴാഴ്ച്ച നാലാമത്തെ പീരീഡ്, ക്ലാസ്സിൽ സംഘടിപ്പിച്ചു. ഭക്ഷ്യ മേള വിദ്യാർത്ഥികൾക്കും മറ്റും ഒരു കൗതുകമായി മാറി. ഭക്ഷ്യ മേള കാണുവാൻ രക്ഷിതാക്കളും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി ഉദ്‌ഘാടനം ചെയ്തു.

ഓ.എൻ.വി.അനുസ്മരണം[8]

ഓ.എൻ.വി.അനുസ്മരണം നടത്തി. ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ പ്രകാശനം ചെയ്യുകയും ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു

ബോധവൽക്കരണ ക്ലാസ്സ്

ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോക്ടർ അനു ക്ലാസ്സിന് നേതൃത്വം നൽകി. സ്ഥലത്തെ സ്റ്റേഷൻ ഹെഡ് ഓഫീസർ ചെയർമാൻ ആയുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് ബാഹ്യശക്തികളിൽ നിന്നും സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തു പോകുന്ന കുട്ടികളെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തങ്ങളാണ് എസ്.പി.ജി നടത്തുക. സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിക്കുവാനും ബോധവൽക്കരണം നടത്തുവാനും തീരുമാനിച്ചു.

രക്ഷാധികാരി: ശ്രീമതി താഹിറ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)ചെയർമാൻ: മയ്യിൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ  

വൈസ് ചെയർമാൻ : ശ്രീ രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ പി.ആർ.ഒ)

ജനറൽ കൺവീനർ: ശ്രീ കെ രാജേഷ്( പ്രിൻസിപ്പാൾ കെ.എം.എച്ച്.എസ്.എസ്)

ജോയിന്റ് കൺവീനർ: ശ്രീമതി സുധർമ്മ ജി ( ഹെഡ്മിസ്ട്രസ്സ് കെ.എം.എച്ച്.എസ്.എസ്)

കൺവീനർ: ശ്രീ എം മമ്മു മാസ്റ്റർ( പി.ടി.എ പ്രസിഡണ്ട്)

പഠനോത്സവം 2019 -2020

2019 -2020 അധ്യയന വർഷത്തെ പഠനോത്സവത്തിന്റെ പഞ്ചായത്ത്തല ഉത്ഘാടനം 24-02-2020 ന് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. സ്കൂളിലെ വിദ്യാർത്ഥികൾ ആലപിച്ച സ്വാഗത ഗാനത്തോടെ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങ് ആരംഭിച്ചു.
കുമാരി റിൻഷാ ഷെറിൻ സ്വാഗതഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ താഹിറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ അജിത്ത് മാട്ടൂൽ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് വായിക്കുക....

അവലംബം