കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പഠനോത്സവം19

പഠനോത്സവം19

സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ അറബിക് ഡിജിറ്റൽ മാഗസിൻ സ്കൂൾ മാനേജർ ശ്രീ പി ടി പി മുഹമ്മദ് കുഞ്ഞി അവർകൾ പ്രകാശനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി നഫീസ, വാർഡ് മെമ്പർ ശ്രീമതി ഷമീമ, പ്രിൻസിപ്പാൾ ശ്രീ രാജേഷ് കെ, മയ്യിൽ ബി.പി.ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി, പി.ടി.എ പ്രസിഡണ്ട് ശ്രീ എം മമ്മു മാസ്റ്റർ, പി.ടി.എ.വൈസ്പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽ മജീദ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സജ്‌ന എന്നിവർ സന്നിഹിതരായിരുന്നു. ആറാം തരം വിദ്യാർത്ഥിനി കുമാരി ഫാത്തിമത്തുൽ നുസ്ഹ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സി.ആർ.സി കോ-ഓർഡിനേറ്ററായ ശ്രീമതി ബിജിന സി സമാപനം വരെ പരിപാടിയിൽ പങ്കാളിയായിരുന്നു. യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പഠനോത്സവത്തിൽ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാഠഭാഗപ്രവർത്തനളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സൃഷ്‌ടികൾ ഉണ്ടായിരുന്നു. കൂടാതെ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളും സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. യു.പി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് സംഗീത ശില്പം നടന്നു. ഗണിത ചാർട്ടും, ഗണിത കളികളും കുട്ടികളിൽ കൂടുതൽ കൗതുകമുണർത്തുന്നുണ്ടായിരുന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ കൂടുതൽ ആകർഷകമായി. വിദ്യാർത്ഥികളുടെ അഭിനയ മികവ് വിളിച്ചോതുന്നതും ഇന്നത്തെ കാലഘട്ടത്തിലെ സമകാലിക പ്രശ്‍നങ്ങളെ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതുമായ സ്കിറ്റ്, കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഹൈസ്കൂൾ വിഭാഗത്തിലെ സൃഷ്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായാണ് പ്രദർശിപ്പിച്ചത്. പഴയകാല സ്മരണകളിലേക്ക് നയിക്കുന്ന രീതിയിലുള്ള പ്രാചീനകാല കാർഷിക ഉപകരണങ്ങൾ മുതൽ ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ വരെ പ്രദർശനത്തിന്റെ ഭാഗമായി. പ്രത്യേകം സജ്ജീകരിച്ച റൂമിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠന ഉത്പന്നങ്ങളും പഴയ കാല നാണയങ്ങൾ, വീട്ടുപകരണങ്ങൾ, സ്റ്റാമ്പുകൾ, ശേഖരങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ പഴമയുടെ മാഹാത്മ്യം കൊണ്ടുവന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രാനുഭൂതി വളർത്താൻ ഇലക്ട്രോമാഗ്നറ്റിസം, തമോഗർത്തങ്ങൾ, റോക്കറ്റ് വിക്ഷേപങ്ങൾ എന്നിവയുടെ സമന്വയ രൂപം കൊണ്ട് സാധിച്ചു. മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കഥ, കവിത, ചിത്രാവിഷ്ക്കാരം, യാത്രാവിവരണം  തുടങ്ങിയവയുടെ പതിപ്പ് പ്രദർശിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയും തത്സമയ പാചകവും വിദ്യാർത്ഥികളിൽ വ്യത്യസ്തമായൊരു അനുഭവമാണ് സൃഷ്ടിച്ചത്. കുട്ടികൾ തന്നെ ടൈപ്പ് ചെയ്ത് ഉണ്ടാക്കിയ 33 പേജ് അടങ്ങുന്ന അറബിക്ഡിജിറ്റൽ മാഗസിൻ പഠനോത്സവ ഉദ്ഘാടന വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാഗസിൻ അറബിക് ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. "കെ മാക്ക്" (അറബിക് ക്ലബ്ബ്)ന്റെ ഭാഗമായി ആവിഷ്കരിച്ച സ്കൂൾ റേഡിയോ പ്രോഗ്രാം കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ കൗതുകമുണർത്തുന്നതായിരുന്നു. വിദ്യാർഥികളിലെ രചനാ വൈഭവം വളർത്തുന്ന കുട്ടികൾ തന്നെ തയ്യാറാക്കിയ കാലിഗ്രാഫി പ്രദർശനത്തിന്റെ ഭാഗമായി ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോൽസവത്തിൽ മത്സരിച്ച പാവ നിർമ്മാണം, നാച്ചുറൽ ഫൈബർ വർക്കിംഗ് തുടങ്ങിയവ പ്രദർശനത്തിനുണ്ടായി. പഠനോത്സവത്തിന്റെ പ്രദർശനവും വില്പനയും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ നടത്താൻ സാധിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധയിനം ജ്യോമെട്രിക്കൽ ചാർട്ടുകൾ, പാറ്റേണുകൾ, സംഖ്യാചാർട്ടുകൾ, ടാൻഗ്രാം ചാർട്ടുകൾ, ഗണിത ക്വിസുകൾ, ഗണിത വർക്കിംഗ് മോഡലുകൾ എന്നിവ വിദ്യാർത്ഥികളിൽ പുതിയ ഗണിതാനുഭവം വളർത്തുന്നതായിരുന്നു. ചിത്ര പ്രദർശനവും കൂടി പഠനോത്സവത്തിന്റെ ഭാഗമാക്കി ഉൾക്കൊള്ളിക്കാൻ സാധിച്ചു.  പഠനോത്സവം വളരെ വിജയകരമായ രീതിയിൽ തന്നെ സമാപിക്കാൻ സാധിച്ചു. വിദ്യാർത്ഥികളിൽ കൂടുതൽ അറിവുകളും കൗതുകങ്ങളും നിറക്കുന്ന ഒരു ദിവസമായി പഠനോത്സവം മാറി.