കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കൗമാരരോഗ്യ വിദ്യാഭ്യാസം

കൗമാരരോഗ്യ വിദ്യാഭ്യാസം

ഒന്നാം ദിവസമായ 18-01-2020ന് സ്കൗട്ട്അദ്ധ്യാപകനായ മുഹമ്മദ്റാഷിദ് മാസ്റ്റർ കൗമാരക്കാരായ കുട്ടികൾ ആർജ്ജിക്കേണ്ട ജീവിത നൈപുണികൾ, വ്യക്ത്യാന്തരബന്ധം എന്നീ സെഷനുകൾ കൈകാര്യം ചെയ്തു. ഏത് പ്രവർത്തനമായാലും അതിന്റെ വിജയത്തിന് കൃത്യമായ ലക്‌ഷ്യം, പ്രവർത്തന രീതി, ഉത്തരവാദിത്ത്വങ്ങളുടെ വിഭജനം, പരസ്പര വിശ്വാസം, സഹകരണം, കാര്യക്ഷമമായ ആശയ വിനിമയം, എന്നിവ ആവശ്യമാണെന്നും വ്യക്ത്യാന്തര ബന്ധം സ്ഥാപിക്കുന്നതിന് ഏറ്റവും അനിവാര്യമായ ഘടകം അനുയോജ്യമായ ആശയ വിനിമയമാണെന്നും നിഷ്‌ക്രിയമായ ആശയ വിനിമയം, ആക്രമണ സ്വഭാവമുള്ള ആശയ വിനിമയം, ദൃഢതയോടെയുള്ള ആശയ വിനിമയം എന്നീ മൂന്ന് ആശയ വിനിമയ രീതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കാനും കാഴ്ചപ്പാടുകൾ മനസ്സിലാക്കി പെരുമാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്ന തരത്തിലായിരുന്നു ക്ലാസ്സ് കൈകാര്യം ചെയ്തിരുന്നത്.
രണ്ടാം ദിവസമായ 19-01-2020 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിമുതൽ 5 :30വരെ "കാലത്തിനൊപ്പം" എന്ന സെഷൻ പി കെ ദീപ ടീച്ചർ കൈകാര്യം ചെയ്തു. ആൺ കുട്ടികളിലെയും പെൺ കുട്ടികളിലെയും ശാരീരിക വളർച്ച, ശാരീരിക മാറ്റങ്ങൾ എന്നിവ കുട്ടികളുമായി ചർച്ച ചെയ്തു. പിന്നീട് കൗമാരപ്രായത്തിലെ ശാരീരിക വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട "മിഥ്യകൾ" എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്ത ടീച്ചർ ആർത്തവവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾക്ക് ശാസ്ത്രീയാടിസ്ഥാനമില്ലെന്നും നമ്മുടെ ശരീരത്തെക്കുറിച്ച് ശരിയായ അറിവു നേടണമെന്നും പറഞ്ഞു. കൗമാരക്കാരിൽ പലതരം മാനസിക സാമൂഹിക മാറ്റങ്ങൾ ഉണ്ടാകും. ശരിയായ പോഷകാഹാരം ശാരീരിക മാനസിക വളർച്ചക്ക് അത്യാവശ്യമാണെന്ന് വിശദീകരിച്ച ടീച്ചർ സമീകൃതമായ ഭക്ഷണ പാത്രം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ ഭക്ഷണ പാത്രം തയ്യാറാക്കി. അതിനു ശേഷം "ശുചിത്വശീലങ്ങൾ" എന്ന വിഷയമാണ് ടീച്ചർ ചർച്ച ചെയ്തത്. തുടർന്ന് ലൈംഗിക രോഗങ്ങൾ, എച്ച്.ഐ.വി./എയ്ഡ്സ്എന്നിവയെക്കുറിച്ചും അവ പകരുന്ന വിവിധ മാർഗ്ഗങ്ങളെ കുറിച്ചും വിശദീകരിച്ചു. ഈ പ്രായത്തിൽ കൂട്ടുകെട്ടുകൾ, അമിതാവേശം, അറിവില്ലായ്മ എന്നിവമൂലം പല അപകടങ്ങളിലും ചെന്നുപെടാം. അത്തരമൊരു മേഖലയാണ് ലൈംഗികരോഗങ്ങൾ, എച്ച്.ഐ.വി./എയ്ഡ്സ് എന്നിവ ജീവിതത്തിൽ ശരിയായ അറിവും നൈപുണികളും നേടുക വഴി ഇവയെ നമുക്ക് പ്രതിരോധിക്കാമെന്നും ടീച്ചർ നിർദ്ദേശിച്ചു.
20-01-2020 ബുധനാഴ്ച്ച "സൈബർ സുരക്ഷ" എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ ഐ.ടി കോ-ഓർഡിനേറ്ററായ ജാബിർ മാസ്റ്റർ ക്ലാസ്സെടുത്തു. രാവിലെ 11:30 മുതൽ 1 മണിവരെ നീണ്ടു നിന്ന ക്ലാസ്സ് നവ മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം, വാർത്തകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യം, ഇന്റർനെറ്റിന്റെ അമിത ഉപയോഗം, പുതിയ ഉപഭോക്തൃ സംസ്കാരങ്ങൾ എന്നിവ ചർച്ച ചെയ്തു. ഇന്റർനെറ്റിന്റെ അമിത ഉപയോഗം മൂലം വ്യക്തികൾക്ക് സാമൂഹ്യ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുന്നുവെന്നും അതുകൊണ്ട് തന്നെ ഇന്റർനെറ്റ് ഉപയോഗം ആവശ്യത്തിന് മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി.
ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ സ്കൂൾ അധ്യാപികയായ അപർണ്ണ ടീച്ചർ "സമത്വം സുന്ദരം" എന്ന ഭാഗം കൈകാര്യം ചെയ്തു. ലിംഗഭേദം, ലിംഗത്വം എന്നിവ വിശദീകരിക്കുകയും ലിംഗത്വം എന്നത് ജൈവപരവും ജന്മനാ ഒരു വ്യക്തിയിൽ ഉള്ളതാണെന്നും മാറ്റാൻ കഴിയില്ലെന്നും(ശസ്ത്രക്രിയയിലൂടെയല്ലാതെ) ലിംഗഭേദമെന്നത് സാമൂഹ്യപരമായ നിർമ്മിതിയാണെന്നും അത് ഒരു വ്യക്തി തന്റെ പ്രവർത്തികളിലൂടെ പ്രകടിപ്പിക്കുന്നതാണെന്നും ടീച്ചർ പറഞ്ഞു.
ട്രാൻസ്ജൻഡർ എന്ന ഒരു ലിംഗത്വം കൂടിയുണ്ട്. ലിംഗത്വത്തിനനുസരിച്ച് ജൻഡർ തിരിച്ചറിയാൻ കഴിയാത്തവരാണ് ട്രാൻസ്ജൻഡർ. ലിഗത്വമെന്നത് സംസ്കാരം, സമൂഹം, രാജ്യം എന്നിവക്കനുസരിച്ച് മാറുന്നതാണ്. നമ്മുടെ സമൂഹത്തിൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ നീതി ലഭിക്കേണ്ടതാവശ്യമാണെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.
"ജെന്റർപവർവാൾക്ക്" എന്ന പ്രവർത്തനത്തിൽ നിന്നും സമൂഹത്തിൽ എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നില്ലെന്നും പല തരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കുട്ടികൾക്ക് മനസ്സിലായി. നമ്മുടെ സ്വഭാവത്തിൽ നാം വിവേചനപരമായ സമീപനം സ്വീകരിക്കരുതെന്നും എല്ലാവരോടും സമത്വത്തോടെയും പരസ്പര ആദരവോടെയും പെരുമാറണമെന്നും ടീച്ചർ നിർദ്ദേശിച്ചു. 21-01-2020 വ്യാഴാഴ്ച്ച "മുന്നോട്ട്" എന്ന സെഷനിൽ ഒ.ആർ.സി കൺവീനറായ ലബീബ് മാസ്റ്റർ "വൈകാരിക സുസ്ഥിതിയും മാനസികാരോഗ്യവും" എന്ന വിഷയമാണ് ആദ്യം കൈകാര്യം ചെയ്തത്. വിവിധ തരം വികാരങ്ങൾ അനുഭവിച്ചു തുടങ്ങുന്ന കാലമാണ് കൗമാരം. കുട്ടികൾക്കറിയാവുന്ന വികാരങ്ങൾ ബോർഡിൽ ലിസ്റ്റ് ചെയ്ത ശേഷം കുട്ടികൾക്ക് പരിചയമില്ലാത്ത വികാരങ്ങൾ കാണിക്കുന്ന ഇമേജുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. വികാരങ്ങൾക്കനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ അവസരം കൊടുത്ത് അവ ജീവിതത്തിന്റെ ഭാഗമാണെന്നും ചില വികാരങ്ങൾ എപ്പോൾ? എങ്ങിനെ? അനുഭവപ്പെടുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ നല്ല തീരുമാനങ്ങൾ എടുക്കുവാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വിഷമകരമായ സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ അവ നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട വിവിധ മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. വികാരങ്ങൾ നമ്മളെയല്ല, നമ്മൾ വികാരങ്ങളെയാണ് നിയന്ത്രിക്കേണ്ടതെന്നും പ്രശ്‌നഘട്ടങ്ങളിൽ ആരോഗ്യകരമായ തന്ത്രങ്ങൾ പ്രയോഗിക്കുകയോ പ്രശ്നസന്ദർഭം മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ വിശ്വസിക്കാവുന്ന സുഹൃത്തിന്റെയോ മുതിർന്നവരുടെയോ അഭിപ്രായം തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തുടർന്ന് "സ്വോട്സ്" വ്യായാമം കൈകാര്യം ചെയ്ത് കുട്ടികൾ സ്വന്തം ശക്തി, അവസരം എന്നിവ കൂടുതൽ കണ്ടെത്തുകയും അവരുടെ ദൗർബല്യം, ഭയം എന്നിവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്തു. വൈകാരിക സന്തുലനവും മികച്ച വ്യക്ത്യാന്തരബന്ധങ്ങളും നൈപുണികളും വർദ്ധിപ്പിച്ച് നമ്മുടെ ശേഷികൾ വർദ്ധിപ്പിക്കുന്നതിലൂടെ നമുക്ക് മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പവർപോയിന്റ് പ്രസന്റേഷൻ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ മൊത്തം ക്ലാസ്സ് സജീവമായും രസകരമായും കൊണ്ട് പോകാൻ കഴിഞ്ഞു. മുസ്തഫ.പി.പി. ഷാനിബ.പി.പി എന്നിവർ ഫീഡ്ബാക്ക് അവതരിപ്പിച്ചു. നന്ദി പ്രകാശനത്തോടെ ക്ലാസ്സ് വൈകുന്നേരം 4 മണിക്ക് അവസാനിപ്പിച്ചു.