എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർഅലൻ സി അനിൽ
ഡെപ്യൂട്ടി ലീഡർഉത്തര വിനോദ് കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
19-01-202337001

ലിറ്റിൽകൈറ്റ്സ് 2022-23 പ്രവർത്തനങ്ങൾ

അദ്ധ്യായന വർഷം കോവിഡ് കാലത്തിനുശേഷം ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കൂടുതൽ ഊഷ്‌മളമായിട്ടാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അമ്മ അറിയാൻ

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള  എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ  അമ്മ അറിയാൻ എന്ന പേരിലുള്ള കേരള സർക്കാറിന്റെ രണ്ടാം നൂറ് ദിന കർമ പരിപാടി വിപുലമായി നടത്തി. സൈബർ സുരക്ഷാ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ്‌ 7 ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിവഹിക്കുകയുണ്ടായി. തുടർന്ന്  പ്രസ്തുത പരിപാടിയുടെ പത്തനംതിട്ട ജില്ലയിലെ  ഉദ്ഘാടനം ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ റ്റി ടോജി ഉദ്ഘാടനം നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന സൈബർ സുരക്ഷാ ക്ലാസ്സിൽ  ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,മൊബൈൽ ഫോൺ ഉപയോഗം സുരക്ഷയൊരുക്കാൻ പാസ്‌വേഡുകൾ, വാർത്തകളുടെ കാണാലോകം, ഇന്റർനെറ്റിലെ ചതിക്കുഴികൾ,  ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ 30 മിനിറ്റ് ദൈർഘ്യമുള്ള രണ്ടര മണിക്കൂറിന്റെ അഞ്ച് സെക്ഷനോടുകൂടിയാണ് പരിശീലനം നടന്നത്. പരിശീലനത്തിന് പത്തനംതിട്ട കൈറ്റ്  ഡിസ്റ്റിക് കോഡിനേറ്റർ  സുദേവ് സാർ, ഹെഡ്മിസ്ട്രസ് അനില ശാമുവേൽ, പി ടി എ പ്രസിഡന്റ് എൽദോസ് വർഗീസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ് ആഷ പി മാത്യു,  കൈറ്റ് മാസ്റ്റർ ജെബി തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന ഈ സൈബർ സുരക്ഷാ ക്ലാസ്സിന്റെ തുടർന്നുള്ള ബാച്ചുകൾ മെയ്‌ മാസം 10,11 തീയതികളിൽ എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സമീപപ്രദേശത്തെ മുതിർന്ന അമ്മമാർ ഉൾപ്പെടെ ഏകദേശം 154 പേർ ക്ലാസ്സിൽ ഉത്സാഹത്തോടെ പങ്കെടുത്തു.

റിസോഴ്സ് പേഴ്സൺസ് ആയി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൊബൈൽ ഫോണിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള അറിവ് അമ്മമാർക്ക് പങ്കുവെച്ചു. ഓരോ സെഷനും ക്രോഡീകരണം നടത്തിയത് കൈറ്റ് മിസ്ട്രസ് ആഷ പി മാത്യു ആയിരുന്നു.  ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോൺ ആയിരുന്നു മീറ്റിങ്ങിന് നന്ദി ആശംസിച്ചത്.

ദേശീയ സ്കൂൾ സുരക്ഷാദിനം

ജൂൺ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനത്തോടനുബന്ധിച്ച് നടന്ന ജാഗ്രത സമിതിയുടെ യോഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി  ജൂൺ 23, 24, 25  തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് രജിസ്റ്റർ ചെയ്ത 50 കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു.

ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ്

ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ഡോക്യുമെന്റ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.

കാർഗിൽ വിജയദിനം

എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന കാർഗിൽ വിജയദിനം ലിറ്റിൽ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.കേഡൻലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്ത് സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തെ കുറിച്ചുള്ള  അറിവ് പകരുന്ന അസംബ്ലി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം.ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ ഓഗസ്റ്റ് 13 2022 ന് നടത്തുകയുണ്ടായി.2020-23 ബാച്ചിലെ കുട്ടികളാണ് ഡോക്കുമെന്റേഷന് നേതൃത്വം നൽകിയത്.പത്തനംതിട്ട ജില്ലയിലെ പാറക്കൽ പണിക്കേഴ്സ് കളരിയാണ് കുട്ടികൾ ഡോക്കുമെന്റേഷൻ ആവശ്യത്തിനായി സന്ദർശിച്ചത്. പ്രധാന ഗുരുക്കൾ ആയ ശ്രീ പ്രകാശ് പണിക്കർ അവർകൾ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി.

കേരളത്തിന്റെ പ്രാചീന ആയോധന കലാരൂപം ആണ് കളരിപ്പയറ്റ്. വിവിധങ്ങളായ അഭ്യാസമുറകളും അടവുകളും നിറഞ്ഞ ഈ ഒരു കലാരൂപം കേരളത്തിന്റെ മറ്റ് എല്ലാ കലകളിൽ നിന്നും വ്യത്യസ്തമാകുന്നു. പ്രാചീന കേരളത്തിൽ കളരിപ്പയറ്റ് ജീവിതത്തിന്റെ ഭാഗമായിരുന്നു.ആൺ-പെൺ  വ്യത്യാസമില്ലാതെ ബാല്യത്തിൽ തന്നെ കുട്ടികളെ കളരിയിൽ ചേർത്ത് നിരവധി അഭ്യാസന മുറകളിലൂടെ കുട്ടികളെ ശാരീരികമായും മാനസികമായും കളരിപ്പയറ്റിന് പാകപ്പെടുത്തുന്നു. കളരിപ്പയറ്റ് രണ്ട് വിധത്തിൽ ഉണ്ട്: വടക്കൻ കളരിപ്പയറ്റും, തെക്കൻ കളരിപ്പയറ്റും. ഇവയിൽ മെയ്താരി കോൽത്താരി,അങ്കത്താരി,വെറുംകൈ, എന്നിങ്ങനെ വിവിധ അഭ്യാസമുറകൾ കളരിപ്പയറ്റിലുണ്ട്. സംവാദത്തിലൂടെ കുട്ടികൾക്ക് കളരിപ്പയറ്റിലെ ചികിത്സാ മുറകളെ പറ്റിയും ഗുരുക്കൾ വിവരിച്ചു. കളരിപ്പയറ്റിലൂടെ കുട്ടികൾക്ക് നൽകുന്ന ഘട്ടം ഘട്ടമായുള്ള വിവിധങ്ങളായ പരിശീലനമുറകളെ പറ്റിയും ഗുരുക്കൾ കുട്ടികൾക്ക് അറിവ് നൽകി.

വിവിധങ്ങളായ മർമ്മ വിദ്യകൾ , ചുവടുകൾ  , വടിവുകൾ  തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സമൂഹത്തിന് നൽകുന്ന ഡോക്കുമെന്റേഷനാണ് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ തയ്യാറാക്കിയത്.വഞ്ചിപ്പാട്ട്, വിൽപ്പാട്ട് തുടങ്ങിയ നാടൻ കലകളെ കുറിച്ചുള്ള അറിവ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പകർന്നു തന്നത് മധുസൂദനൻ കെ എസ് പൂവത്തൂർ, ബിനു എം.പി ചങ്ങനാശ്ശേരി തുടങ്ങിയവരാണ്.

ലോക ജനസംഖ്യ ദിനം ഡോക്യൂമെന്റഷൻ

ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ്, ഉപന്യാസം മുതലായവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

ശാസ്ത്രരംഗം സ്കൂൾതല ഉദ്ഘാടനം

ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

യങ്   ഇന്നോവേറ്റേഴ്സ് പ്രോഗ്രാം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പൊതു വിദ്യാലയങ്ങളിൽ  എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്‌സ്   പ്രോഗ്രാം സംബന്ധിച്ച  പരിശീലനം നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.കൈറ്റ് മാസ്റ്റർ, മിസ്ട്രസ്മാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.കൈറ്റ് തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. വിദ്യാർത്ഥികളെ 100 പേരടങ്ങുന്ന വാച്ചുകളായി തിരിച്ച് മൊഡ്യൂളിന്റെ ഒന്നാം ഭാഗം പ്രയോജനപ്പെടുത്തിയാണ് ആദ്യഭാഗം പരിശീലനം പൂർത്തിയാക്കിയത്. മോഡ്യൂളിന്റെ രണ്ടാം ഭാഗം താല്പര്യമുള്ള കുട്ടികൾക്കായി നടത്തിവരുന്നു.ഈ പ്രോഗ്രാമിൽ ലഭിച്ച  നല്ല  ആശയങ്ങൾ ശാസ്ത്രമേളയിൽ കുട്ടികൾ പ്രയോജനപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.

ഐ.റ്റി മേള

ആറന്മുള ഉപജില്ലയുടെ ഐ.റ്റിമേള 17 10 2022 ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നായി യുപി,എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗത്തിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.കോവിഡ് കാലത്തിനു ശേഷമുള്ള ഐ റ്റി മേളയായതിനാൽ കുട്ടികൾ വളരെ ഉന്മേഷത്തോടെയാണ് മേളയിൽ പങ്കെടുത്തത്.യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു. പത്തനംതിട്ട കൈറ്റ് ഓഫീസിൽ നിന്നും ആറന്മുള ഉപ ജില്ലയുടെ മാസ്റ്റർ ട്രെയിനറായ സോണി പീറ്റർ സാറും, മനു സാർ, സുപ്രിയ ടീച്ചർ തുടങ്ങിയവർ ഐടി മേളയ്ക്ക് നേതൃത്വം നൽകി. സ്കൂളിലെ യുപി,എച്ച്എസ്എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലായി വിവിധ കുട്ടികൾ മേളയിൽ പങ്കെടുത്ത് സമ്മാനാർഹരായി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ 31.10.2022 തിങ്കളാഴ്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  പി.ടി.എയുടെ പിന്തുണയോടെ  വിപുലമായി നടത്തപ്പെട്ടു.പി ടി എ പ്രസിഡന്റ് ശ്രീ. സന്തോഷ് അമ്പാടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നടത്തിയ ലഹരി വിരുദ്ധ റാലിയിൽ  സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ലാലി ജോൺ സ്വാഗതം ആശംസിക്കുകയും, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനില ശ്യാമുവേൽ കൃതജ്ഞത നിർവഹിക്കുകയും ചെയ്തു. സ്കൂളിലെ വിവിധ യൂണിറ്റുകളായ എൻസിസി, ജെ ആർ സി, എൻ എസ് എസ്, എസ്പി സി തുടങ്ങിയ സംഘടനയിലെ കുട്ടികൾ വിവിധ ലഹരി വിരുദ്ധ പരിപാടികൾ അവതരിപ്പിച്ചു.  ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഫ്ലാഷ് മോബ്, മൈമം, മനുഷ്യച്ചങ്ങല  തുടങ്ങിയവ സമൂഹത്തിന്റെ ശ്രദ്ധ ഏറെ ആകർഷിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളുമായി കൊച്ചുകുട്ടികൾ റാലിയിൽ അണിനിരുന്നു.

സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ്‌ ശ്രീ. പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ ശ്രീ. അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്.

വ്യക്തിത്വ വികസന ക്ലാസ്

എ.എം.എം എച്ച് എസ് എസ് ഇടയാറൻമുള സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട യുപി വിഭാഗം കുട്ടികൾക്കായി ഒക്ടോബർ 27 ന് കൗൺസിലിംഗ്, വ്യക്തിത്വ വികസന ക്ലാസ് നടത്തി. ഈ ക്ലാസിന് നേതൃത്വം നൽകിയത്  പത്തനംതിട്ട ജില്ലയിലെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജർ, ദിശ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട ദിലീപ് കുമാർ എം. ബി ആയിരുന്നു. ശ്രീമതി അനില കെ. ശാമുവൽ (എച്ച്.എം)അധ്യക്ഷത വഹിച്ചു. ശ്രീമതി സുനു മേരി സാമുവൽ സ്വാഗതം പറയുകയും, ശ്രീമതി ലെജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസ്സ് ആയിരുന്നു.

ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനം

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ  ലഹരി ഉപയോഗം തടയുന്നതിനും ഉള്ള തീവ്ര യജ്ഞ പരിപാടി സംസ്ഥാനത്തെ സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്നു.അതിന്റെ ഒന്നാംഘട്ട പരിപാടികൾ 2022 ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തുകയും ചെയ്തു.തീവ്രയജ്ഞ പരിപാടിയുടെ രണ്ടാം ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ നടപ്പിലാക്കാൻ തീരുമാനിച്ചു. രണ്ടാം ഘട്ട പരിപാടിയുടെ ആരംഭമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി നവംബർ 14ന്  വിക്ടേഴ്സ്  ചാനൽ മുഖേന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.മുഖ്യമന്ത്രിയുടെ ഈ സന്ദേശം  ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ  പ്രദർശിപ്പിക്കുകയും ലഹരി വിമുക്ത തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.

വിക്ടേഴ്സ്  ചാനലിലൂടെയുള്ള സംപ്രേഷണം

ഒക്ടോബർ ആറാം തീയതി ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട്   വിക്ടേഴ്സ്  ചാനലിലൂടെയുള്ള   മുഖ്യമന്ത്രിയുടെ സന്ദേശം ഐടി ലാബിൽ സംപ്രേഷണം ചെയ്തു. എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.

സത്യമേവ ജയതേ - കുടുംബശ്രീ യൂണിറ്റ്

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ പരിപാടി ഇടയാറന്മുള പ്രോഗ്രസീവ് പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് ഇടയാറൻമുളയിലെ വിവിധ സ്കൂളുകളിലും കുടുംബശ്രീ യൂണിറ്റുകളിലും നടത്തപ്പെട്ടു... വിവിധ വായനശാലകൾ കേന്ദ്രീകരിച്ചും പരിശീലനം നടന്നു. വായനാശീലം കേന്ദ്രീകരിച്ച് പരിശീലനം നടന്നതിലൂടെ കുട്ടികളിൽ വായനശീലം വളർത്തുവാൻ കഴിഞ്ഞു.

2021- 24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 നവംബർ 26 തീയതി  നടന്നു.കൈറ്റ് തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ  അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും, ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തൽ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകൽ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളുടെയും പരിശീലന പ്രവർത്തനങ്ങളുടെയും പൊതുവായ ഘടന പരിചയപ്പെടൽ, സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനാവശ്യമായ പ്രാഥമികശേഷികൾ ഉറപ്പുവരുത്തൽ തുടങ്ങി യവയാണ് പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ജനറൽ സെഷനും തുടർന്ന് അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സെഷനുമാണ് മോഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാ ണ് ഓരോ സെഷനും നടപ്പാക്കിയത്.ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

പടയണി ഡോക്കുമെന്റേഷൻ

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയുടെ അനുഷ്ഠാന കലയായ പടയണിയെ കുറിച്ചുള്ള ഡോക്കുമെന്റേഷൻ നടന്നു.ഈ ഡോക്കുമെന്റേഷൻ തയ്യാറാക്കാനുള്ള അറിവ് പകർന്ന് തന്നത് ശ്രീ വേണുഗോപാൽ,  ദേവിവിലാസം കലാലയം ആണ്.കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. അസുരനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കുവാൻ ശിവനിർദ്ദേശത്താൽ ഭൂതഗണങ്ങൾ കോലംകെട്ടി തുള്ളിയതിൻറെ  സ്മരണയാണ്  ഈ കലാരൂപം എന്നാണ് ഐതിഹ്യം.

ദക്ഷിണ കേരളത്തിൽ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ കടമ്പനിട്ട,ഓതറ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ഇന്നും പടയണി പതിവുണ്ട്. പടയണിക്ക് പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. തപ്പാണ് പ്രധാന വാദ്യം. ചെണ്ടയും ഉപയോഗിക്കും. കോലങ്ങൾ പലതരമുണ്ട് ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷികോലം, മാടൻ കോലം, കാലാരി കോലം, മറുതക്കോലം, പിശാചുകോലം,  ഭൈരവിക്കോലം.കോലത്തിന് നിറം നൽകുന്നത് പ്രകൃതിദത്തമായ സാധനങ്ങൾ കൊണ്ടാണ്. അതായത് കരി, ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവകൊണ്ടാണ് കോലം എഴുതുന്നത്.16 പാള മുതൽ   1001 പാള വരെയുണ്ട്. പത്താമുദയം മുതൽ  കുട്ടികളെ കച്ചകെട്ടി പഠിപ്പിക്കും. മൂന്ന് വർഷമാണ് പഠിത്തത്തിനുള്ള ആകെ കാലയളവ്. ഈ പ്രവർത്തനങ്ങളെല്ലാം ഡോക്കുമെന്റ് ചെയ്ത് സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. സ്കൂളിന്റെ യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്കൂൾ ബ്ലോഗ് തുടങ്ങിയവയിൽ അപ്ലോഡ് ചെയ്യുന്നു.

ആകാശവാണി അഭിമുഖം

കേരള സർക്കാറിന്റെ രണ്ടാം നൂറു ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സത്യമേവ ജയതേ എന്ന പരിപാടിയെക്കുറിച്ച് ആകാശവാണി തിരുവനന്തപുരം പ്രഭാതഭേരിയിൽ ഇടയാറന്മുള എ.എം.എം  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് അഭിമുഖം നടത്തി.വ്യാജവാർത്തകളെ ചെറുക്കുന്നതിനായി കുട്ടികളെയും,  രക്ഷകർത്താക്കളെയും പരിശീലിപ്പിക്കുവാൻ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സാമൂഹ്യ ഇടപെടലുകളെ കുറിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കൊപ്പം ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ചുമതല വഹിക്കുന്ന ടീച്ചറും പങ്ക് ചേർന്നു ഇതെല്ലാം സ്കൂളിന്റെ വേറിട്ട അനുഭവങ്ങൾ ആയിരുന്നു.