ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എന്റെ ഗ്രാമം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കഞ്ഞിക്കുഴി
ഭൂമിശാസ്‌ത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്. ആലപ്പുഴ ജില്ലാ ആസ്ഥാനത്തു നിന്നും 16 km വടക്കും ചേർത്തലയിൽ നിന്നും 7 km തെക്കും ആയിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വേമ്പനാട്ട് കായലിന് പടിഞ്ഞാറ് ഭാഗത്ത് ഒരു പുസ്തകത്താള് പോലെ ഇന്ന് കാണുന്ന പ്രദേശമാണ് കഞ്ഞിക്കുഴി എന്ന ഗ്രാമം. ആധുനികതയുടെയും പുരോഗമനത്തിന്റെയും വിഹായസ്സിലേക്ക് മുന്നോട്ട് ഉയരുന്ന ഈ കൊച്ചു ഗ്രാമം, പുരാതനകാലത്ത് കടലിൽ നിന്ന് ഉയർന്നു വന്ന ഒരു തിട്ടയാണ് ( പ്രദേശം )എന്ന് കരുതുന്നു. പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കി എന്ന സങ്കല്പം പോലെയാണെങ്കിലും ഖനനത്തിനായി കുഴൽ കിണർ കുഴിക്കുമ്പോൾ കിട്ടുന്ന ചെളി മണ്ണും കടൽ കക്കയുടെ അവശിഷ്ടങ്ങളും ആ വാദത്തെ ബലപ്പെടുത്താൻ പര്യാപ്തമാണ്.കഞ്ഞിക്കുഴി ഉൾപ്പെട്ട ചേർത്തല താലൂക്ക് ഭാഗത്തിന്റെ രൂപം പോലും ഈ വാദത്തിന് ബലം നൽകുന്നതാണ്.ഒരുകാലത്ത് ചൊരിമണൽ പ്രദേശമായിരുന്ന ഈ ഇടം മനുഷ്യന്റെ അതിജീവനത്തീലൂടെ ജൈവകൃഷിയിടമായും സർവ്വ ജാതി മനുഷ്യർ സന്തോഷത്തോടെ അധിവസിക്കുന്നഭൂപ്രദേശമായിമാറി.
സ്ഥലനാമ ചരിത്രം
ചരിത്രസംഭവങ്ങൾ വാമൊഴിയിലൂടെ രൂപഭാവങ്ങൾ പകർന്നാണ് ഇന്നത്തെ കഞ്ഞിക്കുഴി എന്ന കൊച്ചു ഗ്രാമത്തിന് ആ പേരു പോലും ലഭിച്ചത് എന്നതാണ് യാഥാർത്ഥ്യം. ഇന്നത്തെ എസ് എൽ പുരം ജംഗ്ഷൻ കിഴക്കായി ഒരു വലിയ കുളവും അതിനോട് ചേർന്ന് ഒരു ഗോസ്വാമി പുരയും സംഭാര പുരയും ഉണ്ടായിരുന്നു. കണ്ടേ ലാറ്റ് മലന്മാർ എന്ന നമ്പൂതിരി വിഭാഗമാണ് ഇവയുടെ ഉടമസ്ഥർ എന്നു കരുതപ്പെടുന്നു. അവർക്ക് വിശാലമായ പാടങ്ങൾ ഉണ്ടായിരുന്നു. ഈ ഗ്രാമത്തിന്റെ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും കൂറ്റുവേലി, കൊച്ചിനാകുളങ്ങര, ചാലിനാരായണപുരം ദേവസ്വങ്ങളുടേതായിരുന്നു .അന്നത്തെ ഗ്രാമവാസികളിൽ ഭൂരിഭാഗവും ഈ ഭൂമിയിലെ പാട്ട കുടിയന്മാർ ആയിരുന്നു. ആർക്കും തന്നെ സ്വന്തമായി ഭൂമി ഇല്ലായിരുന്നു എന്ന് സാരം . കുടിയാന്മാരെ അടിയാന്മാരായി കണ്ടിരുന്ന കാലം എന്ന് പറയേണ്ടതില്ലല്ലോ .?.ഈ ഭൂമിയിൽ കൃഷി ചെയ്തിരുന്ന കൂടിയാന്മാർക്കായി മേൽപ്പറഞ്ഞ നമ്പൂതിരി കുലങ്ങൾ ഇടയ്ക്കിടക്ക് ഈ സംഭാര പുരയിലും ഗോസ്വാമി പുരയിലും അന്നദാനം നടത്തിയിരുന്നു.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ഈ കുടിയാന്മാർക്ക് പാത്രത്തിൽ കഞ്ഞി നൽകുവാൻ (അവകാശം)കഴിഞ്ഞിരുന്നില്ല. മണ്ണിൽ കുഴി കുഴിച്ച് അതിൽ താമരയില വെച്ച് അതിൽ കഞ്ഞി നൽകുകയായിരുന്നു പതിവ് .ഇങ്ങനെ കഞ്ഞി വീഴ്ത്തിയ കുഴികൾ പിന്നീട് " കഞ്ഞികുഴി "ആയി മാറി എന്നതാണ് ചരിത്രം .
നവോത്ഥാന മുന്നേറ്റങ്ങൾ
ജാതിചിന്തയും തൊട്ടുകൂടായ്മയും കൊടികുത്തിവാണിരുന്ന ആ കാലഘട്ടത്തിലും ജില്ലയിൽ തന്നെ വ്യത്യസ്തമായി നിലനിന്ന പ്രദേശമാണ് കഞ്ഞിക്കുഴി .ഈ ഗ്രാമത്തിൻറെ വടക്കൻ പ്രദേശത്ത് ഈ വേർതിരിവുകൾ നിന്നപ്പോഴും നവോത്ഥാന ചിന്തകൾ കുറെയെങ്കിലും സ്വാധീനം ചെലുത്തിയിരുന്നു പ്രദേശമാണ് തെക്കൻ ഭാഗം. ഇന്നത്തെ പുപ്പാളി ക്ഷേത്രം നിലനിന്നിരുന്ന പ്രദേശം കോലാട്ടുനായർ തറവാട്ടുകാരുടെ കൃഷിയിടമായിരുന്നു .അവിടെ പുലയ സമുദായക്കാർ കൊയ്ത്തുത്സവം നടത്തിയിരുന്നു.ഈ ഉത്സവത്തിന് എണ്ണയും തിരിയും കൊടുത്തിരുന്നത് അടുത്ത് ഈഴവ കുടുംബമായ പാപ്പാളിക്കാരായിരുന്നു എന്നത് ഈ വാദഗതിക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാം.
സ്വാതന്ത്ര്യ സമര ചരിത്രം
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായി. ഈ ആവേശം കഞ്ഞിക്കുഴിയിലെ ജനങ്ങളും ഏറ്റെടുത്തു.ടി കെ കരുണാകരൻ, വാസു ദേവ കർത്താവ് ,എം കെ കേശവൻ. തെക്കെ പുറത്ത് പത്മനാഭൻ എന്നിവർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഭാഗമായി ദേശീയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിച്ചെന്ന് കൊണ്ട് കഞ്ഞിക്കുഴിയ്ക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് പ്രവേശനം നൽകി.
തൊഴിലാളി പ്രസ്ഥാനങ്ങൾ
അടിമകൾക്ക് തുല്യമായ ജീവിതമായിരുന്നു അന്നത്തെ കയർ, കർഷക തൊഴിലാളികൾക്ക് അനുഭവിച്ചിരുന്നത് ,സമസ്ത മേഖലയിലും തൊഴിലാളികൾ അവഗണനയും പീഡനവും പതിവായിരുന്ന ഈ അവസരത്തിലാണ് മുഹമ്മ തൊഴിലാളി യൂണിയൻ നിലവിൽ വന്നത് . പി കെ നാരായണനും, സി.കെ കുമാരപ്പണിക്കരുമാണ് ഇതിന് രൂപംകൊടുത്തത്.തൊഴിലാളികളുടെ സംഘം ചേരലും സമരവും സർ സിപി യും നാട്ടുപ്രമാണിമാരും അംഗീകരിക്കാതിരുന്ന സമയത്താണ് പുഴു നിറഞ്ഞ റേഷൻ അരി വിതരണത്തിനെതിരെ തൊഴിലാളികൾ സംഘടിക്കുകയും അവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയതും എന്നത് ഓർക്കുക.സർ സിപി യും നാട്ടുപ്രമാണിമാരും മർദ്ദനമുറകൾ കൊണ്ട് നേരിട്ടെങ്കിലും അത്തരം സമരങ്ങൾ സംഘ ബോധത്തെ വളർത്തി എന്നതാണ് യാഥാർത്ഥ്യം.മലബാറിലും മറ്റും നടന്ന വിവിധ സമരങ്ങളെ തുടർന്ന് ഒളിവിലായ എകെജി യും പി കൃഷ്ണപിള്ളയും സങ്കേതങ്ങൾ ആയി തിരഞ്ഞെടുത്ത ഈ ഗ്രാമത്തെ തന്നെ എന്നതിൽ നമുക്ക് അഭിമാനിക്കാം.ഈ കൃഷ്ണപിള്ള കഞ്ഞിക്കുഴിയിലെ കണ്ണാർകാട് ചെല്ലികണ്ടത്തിൽ പി കെ നാണപ്പന്റെ വീട്ടിലാണ് ഒളിവിൽകഴിഞ്ഞത് .ഒളിവിലിരുന്ന് കൊണ്ട് തന്നെ ഈ പ്രദേശത്തെ ജനങ്ങളെ പുരോഗമന നവോത്ഥാന ബോധമുള്ളവരാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.അതിന്റെ ഫലമായിരിക്കാം ഈ കൊച്ചു ഗ്രാമത്തിലെ തെക്കുഭാഗം തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാതെ മാനവികതയുടെ മുഖമായി മാറിയത്എന്ന് നമുക്ക് കരുതാം.ഈ പ്രവർത്തനങ്ങൾക്കിടയിൽ സർപ്പ ദർശനം ഏറ്റ് ഈ മണ്ണിൽ തന്നെ കൃഷ്ണപിള്ള മരിക്കാനിടയായി അഥവാ ഈ മണ്ണ് പാവന ഭൂമിയായി മാറി എന്ന് സാരം.
രാഷ്ട്രീയ മുന്നേറ്റങ്ങൾ
പ്രായപൂർത്തി വോട്ടവകാശം, അമേരിക്കൻ മോഡൽ അറബിക്കടലിൽ, സ്വാതന്ത്ര്യ തിരുവിതാംകൂർ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി തൊഴിലാളികൾ നടത്തിയ സമരങ്ങളെ പട്ടാളത്തെ ഉപയോഗിച്ച് സർ സി പി അടിച്ചൊതുക്കി. പുന്നപ്ര വെടിവെയ്പ്പിനു ശേഷം പട്ടാളം വയലാർ ക്യാമ്പിലേക്ക് നീങ്ങുന്ന വിവരമറിഞ്ഞ തൊഴിലാളികൾ , അവരെ തടയാൻ മാരാരിക്കുളം പാലം പൊളിക്കുകയാണ് മാർഗ്ഗമെന്നുറച്ച് അതിനായി വാരിക്കുന്തളുമായി നീങ്ങി പട്ടാളമായി ഏറ്റുമുട്ടി. ഈ പോരാട്ടത്തിൽ പാടത്ത് രാമൻകുട്ടി , ആശാരി കുമാരൻ , തോട്ടത്തു വെളി കുമാരൻ, പൊട്ടച്ചാൽ ഭാനു, മുഹമ്മ ശങ്കരൻ എന്നിവർ രക്തസാക്ഷികളായി.
ആരാധനാലയങ്ങളുടെ ചരിത്രം-കൂറ്റുവേലി ക്ഷേത്രം
കൂറ്റുവേലി ക്ഷേത്രത്തിൽ കൂറ്റു വേലി ഭഗവതിയെ സ്നേഹത്തോടെയും ആദരവോടെയും വേലി കെട്ടി സംരക്ഷിച്ചിരുന്നതിന് അതിന്റെ ആദരവ് കാണിക്കുന്നതിനായി 'കൂറു വേലി, എന്നറിയപ്പെട്ടു. പ്രാദേശിക ഭാഷയുടെ സ്പർശനത്താൽ കൂറ്റുവേലി എന്ന നാമത്തിന് വഴിമാറി. കൂറ്റുവേലി യുടെ ചരിത്രത്തെ വിളിച്ചോതുന്ന കൂറ്റുവേലി പ്രദേശവാസികളുടെ ഹൈന്ദവ ആരാധനാലയമായ കൂറ്റുവേലി ക്ഷേത്രത്തിലാണ്.
കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം എന്നാണ് ഇതിന്റെ പൂർണ്ണനാമം. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് വടക്കൻ പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബ്രാഹ്മണനും ഭഗവതിയും കൂറ്റുവേലി യുടെ സമീപപ്രദേശമായ മായത്തറ (ഇന്നത്തെ മായിത്തറ) എന്ന സ്ഥലത്തെത്തി. കാലക്രമേണ അവർ കൂറു വേലിയിലെത്തി. (ബ്രാഹ്മണ നോടൊപ്പം വടക്കൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന വിഗ്രഹത്തെ ആണ് ഇവിടെ ഭഗവതിയായി സൂചിപ്പിക്കുന്നത്). പിന്നീട് പ്രദേശവാസികൾ ഭഗവതിയെ കൂറ്റുവേലി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ആനമറുത യായിരുന്നു ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കാലക്രമേണ സമുദായസംഘടനകളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തെ ഉയർത്തിക്കൊണ്ടുവന്നു ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കാലായ്ക്കൽ കുടുംബം മേലെ കുടുംബം വടക്കേടത്ത് കുടുംബം തുടങ്ങിയ കുടുംബങ്ങൾ നേതൃത്വം ഏറ്റെടുത്തു. ക്രമാനുഗതമായി ഉത്സവങ്ങളും അവർ നടത്തി.
ഗവ. ദുർഗ വിലാസിനി ഹയർ സെക്കൻഡറി സ്കൂൾ
കൂറ്റുവേലി ക്ഷേത്രത്തിന്റെ ചരിത്രം പിന്നീട് തുടക്കമിടുന്നത് കൂറ്റുവേലി സ്കൂൾഅഥവാ ദുർഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ തറക്കല്ലിടലേക്കണു. കൂറ്റുവേലി ഗ്രാമത്തിലുള്ള ആളുകൾക്ക് വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടുകൂടി വടക്കേടത്ത് കുടുംബത്തിന്റെ വകയായി ദുർഗ വിലാസം എൽപി സ്കൂൾ സ്ഥാപിതമായി. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻപറ്റാത്ത കാലത്ത് സർക്കാറിലേക്ക് ഒരു രൂപ പ്രതിഫലം നൽകുകയും സ്കൂൾ സർക്കാറിലേക്ക് കൊടുക്കുകയും ചെയ്തു. 1917 സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ അധികാരികളുടെയും ചില സാമൂഹ്യ പ്രവർത്തകരുടെയും പ്രവർത്തനഫലമായി യുപിസ്കൂൾ ആവുകയും 1980കളിൽ ഇത് ഹൈസ്കൂൾ ആവുകയും കാലക്രമേണ ഹയർ സെക്കൻഡറി സ്കൂൾ ആവുകയും ഇന്നത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു . ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ക്ലാസ്മുറികളും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു ക്രമേണ അത് കോൺക്രീറ്റ് കെട്ടിടങ്ങളിലും ഹൈടെക് സ്ഥലങ്ങളിലേക്കും ഉയർന്നു.
കാർഷിക സംസ്ക്യതി
വിദ്യാഭ്യാസരംഗത്ത് എന്നപോലെ കാർഷികരംഗത്തും കഞ്ഞിക്കുഴി നിവാസികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, കരപ്പുറം പൂതിയുണർത്തി തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തിക്യഷി. മനുഷ്യർ പരമ്പരാഗത തൊഴിലുകളും കൃഷിയും ചെയ്താണ് ജീവിച്ചിരുന്നത് തികച്ചും ലളിതമായിരുന്നു ഇവരുടെ ജീവിതം. ഒളിമ്പ്യൻ മനോജ് ലാൽ ,രഞ്ജിത്ത് മഹേശ്വരി തുടങ്ങിയ കായികതാരങ്ങൾക്കും കലാകാരന്മാർക്കും കഞ്ഞിക്കുഴി എന്ന ഗ്രാമം പിറവി നൽകിയിട്ടുണ്ട്.ആധുനികതയുടെ കൈപിടിച്ച് കഞ്ഞിക്കുഴി ഇനിയും ഉയരേണ്ടതുണ്ട്. അപ്പോഴും ചരിത്രം എന്നും ചരിത്രമായി തന്നെ നിൽക്കട്ടെ എന്ന് പ്രത്യാശിക്കാം.