സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഡി.വി.എച്ച്.എസ് .എസ്  ചാരമംഗലം


ചരിത്രം

 

ഗവൺമെന്റ് ദുർഗാ വിലാസിനി ഹയർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

സ്ക്കൂൾ നാമചരിത്രം

കൂറ്റുവേലി ക്ഷേത്രത്തിൽ കൂറ്റു വേലി ഭഗവതിയെ സ്നേഹത്തോടെയും ആദരവോടെയും വേലി കെട്ടി സംരക്ഷിച്ചിരുന്നതിന് അതിന്റെ ആദരവ് കാണിക്കുന്നതിനായി 'കൂറു വേലി, എന്നറിയപ്പെട്ടു. പ്രാദേശിക ഭാഷയുടെ സ്പർശനത്താൽ കൂറ്റുവേലി എന്ന നാമത്തിന് വഴിമാറി. കൂറ്റുവേലി യുടെ ചരിത്രത്തെ വിളിച്ചോതുന്ന കൂറ്റുവേലി പ്രദേശവാസികളുടെ ഹൈന്ദവ ആരാധനാലയമായ കൂറ്റുവേലി ക്ഷേത്രത്തിലാണ്.

 
കൂറ്റുവേലി ക്ഷേത്രം

കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം എന്നാണ് ഇതിന്റെ പൂർണ്ണനാമം. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് വടക്കൻ പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബ്രാഹ്മണനും ഭഗവതിയും കൂറ്റുവേലി യുടെ സമീപപ്രദേശമായ മായത്തറ (ഇന്നത്തെ മായിത്തറ) എന്ന സ്ഥലത്തെത്തി. കാലക്രമേണ അവർ കൂറു വേലിയിലെത്തി. (ബ്രാഹ്മണ നോടൊപ്പം വടക്കൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന വിഗ്രഹത്തെ ആണ് ഇവിടെ ഭഗവതിയായി സൂചിപ്പിക്കുന്നത്). പിന്നീട് പ്രദേശവാസികൾ ഭഗവതിയെ കൂറ്റുവേലി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ആനമറുത യായിരുന്നു ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കാലക്രമേണ സമുദായസംഘടനകളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തെ ഉയർത്തിക്കൊണ്ടുവന്നു ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കാലായ്ക്കൽ കുടുംബം മേലെ കുടുംബം വടക്കേടത്ത് കുടുംബം തുടങ്ങിയ കുടുംബങ്ങൾ നേതൃത്വം ഏറ്റെടുത്തു. ക്രമാനുഗതമായി ഉത്സവങ്ങളും അവർ നടത്തി.

 
പുതിയ കെട്ടിടങ്ങൾ
 
പഴയ പ്രവേശന വാതിൽ
 
പഴയ ഹൈസ്ക്കൂൾ കെട്ടിടം

1917

1917ൽ വടക്കേടത്തു മഠത്തിൽ ശ്രീ രാമകർത്താവ് ആരംഭിച്ച ദുർഗാ വിലാസം എൽ പി സ്കൂൾ പിന്നിട് സർക്കാറിനു കൈമാറുകയും തുടർന്ന് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 1979ൽ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തിൽ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി മൂന്നേക്കർ സ്ഥലവും കെട്ടിടവും നിർമ്മിച്ച് ക്ലാസുകൾ ആരംഭിച്ചു. ഹൈസ്ക്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ആയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ ശ്രീ ടി.കെ, പളനി (കൺവീനർ), വടക്കേടത്ത് ശ്രീ വിശ്വനാഥകർത്താവ്‌ (സെക്രട്ടറി), കമലാലയത്തിൽ ശ്രീ ദാമോദരൻ നായർ (ഖജാൻജി) എന്നിവർ ഉൾപ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എൽ. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷൻ ഉൾപ്പടെ നിരവധി സുമനസ്സുകളുടെ സഹായത്തോടെ ആ വർഷം തന്നെ ഹൈസ്കൂൾ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.

2019-20

 
2019-20 കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് നില കെട്ടടം
 
ഭിന്ന ശേഷിക്കാർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ് ലറ്റുകൾ
 
ബഹുമാന്യനായ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും 1 കോടിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടടം

2019-20 കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ടും ബഹുമാന്യനായ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും 1 കോടിയും ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 19 മുറികളുള്ള 2 കെട്ടിട സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്ന ശേഷിക്കാർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ് ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് .2020 ഒക്ടോബർ 3 ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ഓൺലൈനായി ഉദ് ഘാടനം നിർവ്വഹിച്ചു.

2020-22

 
കഞ്ഞിക്കുഴി പഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽപെടുത്തി ഒരു കോടി രൂപ മുടക്കി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം
 

കഞ്ഞിക്കുഴി പഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽപെടുത്തി ഒരു കോടി രൂപ മുടക്കി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിതു.ഷീറ്റിട്ടതും ,മോശവും ,പഴയതുമായ കെട്ടിടങ്ങൾ മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ പി.റ്റി.എ പ്രസിഡൻറ് ശ്രീ പി. അൿബർ കൂടി അംഗമായിരുന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. സ്കൂളിൻെറ പ്രവർത്തന മികവിനുള്ള അംഗീകാരമായിരുന്നു ഈ സമ്മാനം.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് റർബൻ മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവഹിച്ചു വേദിയും സദസ്സും നിറഞ്ഞ പ്രൗഢ ഗംഭീരമായ ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ചേർത്തലയുടെ സ്വന്തം എം എൽ എ യും നാടിന്റെ പ്രിയപ്പെട്ട കൃഷി മന്ത്രിയും ആയ ശ്രീ പി പ്രസാദ് അവർകളാണ്.

2022-23

അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീസ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. ഇതിനായി പ്രീപ്രൈമറി കുട്ടികളുടെ വികാസ മേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ ആക്ടിവിറ്റി ഏരിയകൾ സജ്ജീകരിക്കുന്നതിനായി 10 ലക്ഷം രൂപ വീതം നൽകും. സ്‌കൂൾ കെട്ടിടത്തിന് പുറത്തും അനുഭവ ഇടങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്.കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രനുഭവങ്ങൾക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വർണയിടം , ഗണിതയിടം എന്നിങ്ങനെ വികാസമേഖലകൾക്കും പഞ്ചേന്ദ്രീയാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ 13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയിൽ സജ്ജീകരിക്കുന്നത്.27/06/2023ൽ സ്റ്റാർസ് പദ്ധതി പ്രകാരം എസ് എസ് കെ ആലപ്പുഴGovt DVHSS ചാരമംഗലത്ത് അനുവദിച്ച പത്തുലക്ഷം രൂപയുടെ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി A M ആരിഫ് നിർവഹിച്ചു.