ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-2023

പ്രവേശനോത്സവം_ജൂൺ-2022

ഇടവപ്പാതിയിലെ മഴമാറിനിന്ന ഇടവേളയിൽ കാവനൂർ പഞ്ചായത്തിലെ ഒന്നാം ക്ലാസ് പ്രവേശനോത്സവം ജി എൽ പി സ്‌കൂൾ തവരാപറമ്പിൽ വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പഞ്ചായത്തിലെ തന്നെ മാതൃക സ്‌കൂളായ തവരാപറമ്പിൽ ഇപ്രാവശ്യം റെക്കോർഡ് അഡ്മിഷൻ കൂടി കണക്കിലെടുത്താണ് പ്രവേശനോത്സവം സ്‌കൂളിൽ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ലോവർ പ്രൈമറി പഠനം നടത്തിയ പ്രത്യേകതയും കൂടി ഈ സ്‌കൂളിനുണ്ട്.

കൃത്യമായ പ്ലാനിങ്ങും നാട്ടുകാരുടെ ജനകീയ പങ്കാളിത്തവും പ്രവേശനോത്സവം വർണാഭമാക്കി മാറ്റി. പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി പരിപാടി തുടങ്ങുന്നതിനും ഏറെ നേരം മുമ്പേ കുട്ടികൾ സ്‌കൂളിലേക്ക് പ്രവഹിച്ചു. ഏകദേശം പതിനൊന്ന് മണിയോടെ പ്രവേശനോത്സവ ഉദ്ഘാടനം തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പിൽ പൂർവ്വ വിദ്യാർത്ഥിയും കാവനൂർ പഞ്ചായത്ത് പ്രസിഡന്റുമായ പി വി ഉസ്മാൻ നിർവഹിച്ചു. ആദ്യാക്ഷരം നുകർന്ന പ്രിയപ്പെട്ട സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘടനം ചെയ്യാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അമൂല്യ നിമിഷമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കാവനൂർ അങ്ങാടിയിൽ നിന്നും ഏറെ ദൂരമുണ്ടങ്കിലും പ്രവർത്തനമികവ് കൊണ്ടും പഠന-പഠനേതര പ്രവർത്തികൾ കൊണ്ടും തവരാപറമ്പ് ജിഎം എൽ പി സ്‌കൂൾ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സൈഫുദ്ധീൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. തവരാപറമ്പ് പോലെയുള്ള ഒരു പ്രദേശത്ത് അക്ഷരവിപ്ലവം നടത്തുന്ന സ്‌കൂൾ നിരവധി പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുഞ്ഞുനാളിലെ അറിവിൻ മധുരം തേടിയെത്തുന്ന കുരുന്നുകൾ ജീവിതകാലത്തേക്കെന്നും സൂക്ഷിച്ചു വെക്കാനുള്ള ഓർമകളുമായാണ് സ്‌കൂൾ കാലയളവ് കഴിഞ്ഞു മടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

പത്തൊമ്പതാം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.

ചിത്ര ശലഭങ്ങളെ പോലെ അക്ഷരമധുരം നുകരാൻ പറന്നെത്തിയവരാണ്  എല്ലാ കുഞ്ഞു കൂട്ടുകാരുമെന്ന് തുടർന്ന് സംസാരിച്ച കാവനൂർ സ്‌കൂളിന്റെ ചുമതല വഹിക്കുന്ന സച്ചിൻ (ബിആർസി അരീക്കോട്) അഭിപ്രായപ്പെട്ടു. ചെറിയ ക്ലാസ്സുകളിൽ നമ്മൾ ചിലവിട്ട സുന്ദരമായ നാളുകൾ ഒരിക്കലും മറക്കാത്ത ഓർമകളായി നമ്മോടൊപ്പം എന്നുമുണ്ടാകും.

കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവരെ ഉത്തമ പൗരന്മാരായി വളർത്താനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കലും മതേതരമായി വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കലുമാണ് രക്ഷിതാക്കളുടെ കടമ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ അദ്ധ്യാപിക അംബിക ടീച്ചർ നന്ദി പറഞ്ഞു.

കുട്ടികൾക്കുള്ള കിറ്റ് വിതരണം, പുസ്തകവിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്‌ഘാടനവും നടന്നു.

കാവനൂർ പഞ്ചായത്തിലെ മികച്ച സ്‌കൂളുകളിലൊന്നായി വളരാൻ തവരാപറമ്പ് ജി എ എൽ പി സ്‌കൂളിന് കഴിഞ്ഞത് നാട്ടുകാരുടെ നിസ്സീമമായ സഹകരണം കൊണ്ടും കുട്ടികളെ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആവേശം കൊണ്ടുമാണെന്നു സ്‌കൂളിന്റെ പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച അധ്യാപകരാണ് സ്‌കൂളിനുള്ളത്. അതുകൊണ്ട് തന്നെ നൂറുശതമാനം എഫേർട്ട് അവർക്ക് കുട്ടികൾക്ക് നൽകാൻ കഴിയുന്നു. അതും തവരാപറമ്പ് സ്‌കൂൾ ജില്ലയിലെ തന്നെ അറിയപ്പെടുന്ന സ്‌കൂളായി മാറാൻ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.  സ്വകാര്യ സ്‌കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ഇപ്രാവശ്യം നൂറിനടടുത്ത് കുട്ടികൾ സ്‌കൂളിൽ അഡ്മിഷൻ എടുത്തു. പൊതുജനങ്ങൾക്ക് സ്‌കൂളിനോടുള്ള താല്പര്യവും സ്നേഹവുമാണ് അത് കാണിക്കുന്നത്. 140 പ്രി പ്രൈമറി കുട്ടികളും ഒന്ന് മുതൽ നാലുവരെ മുന്നൂറിൽ പരം കുട്ടികളും നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. ഒരു നോൺ ടീച്ചിങ് സ്റ്റാഫ്‌ ഉൾപ്പെടെ പതിനെട്ട് അധ്യാപകർ സ്‌കൂളിനുണ്ട്. അവരെല്ലാം തന്നെ കുട്ടികളുടെ സർവോന്മുഖമായ വികസനത്തിന് വേണ്ടി ശ്രമിക്കുന്നതിൻറെ ഫലമായി കുട്ടികൾ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നു. അതോടൊപ്പം പി ടി എ കമ്മറ്റിയും സജീവമാണ്.

രക്ഷകർതൃസംഗമം

    തവരാപറമ്പ് ഗവണ്മെന്റ് LP സ്കൂളിൽ 2022-23 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി.ടി.എ (രക്ഷകർതൃ സംഗമം ) വിപുലമായി നടന്നു.

അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മുഹമ്മദ് കോയ സാർ ആദ്യ ദിവസത്തെ ക്ലാസ്സ് പി.ടി.എ ഉദ്ഘാടനം ചെയ്തു. 2022-23 അദ്ധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും അമ്മ വായന പരിപാടിയുടെ ഉദ്ഘാടനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ രീതികളുമായി കുട്ടികളെ ബന്ധപ്പെടുത്തണമെന്നും കുട്ടികളെ നന്നായി വളർത്തുക എന്നത് രക്ഷിതാക്കളുടെ ബാധ്യതയാണെന്നും എ.ഇ.ഒ ഓർമ്മപ്പെടുത്തി.

അഞ്ചു ദിവസങ്ങളിലായി നടന്ന സി.പി.ടി.എ. യോഗത്തിൽ അവസാനദിവസം അരീക്കോട് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. പി.ടി. രാജേഷ് ഉദ്ഘാടനം ചെയ്തു. രക്ഷാകർത്തൃശാക്തീകരണ പരിപാടി ഹെഡ്മാസ്റ്റർ V ഷരീഫ് , വാർഡ് മെമ്പർ ശ്രീമതി. ഫൗസിയ സിദ്ദീഖ്,,എ അംബിക , ചന്ദ്രിക , ജെസ്മിന , സിന്ധു , മുഫീദ ,ബിന്ദു , സാദിഖലി, ജി സി തുടങ്ങിയവർ   നിയന്ത്രിച്ചു.

ഈ സംഗമത്തിൽ 462 രക്ഷിതാക്കളിൽ 420 പേരും പങ്കെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും  മികവാർന്ന ക്ലാസ്സുകളും ഈ സംഗമത്തെ ശ്രദ്ധേയമാക്കി.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

തവരാപറമ്പ് ഗവണ്മെന്റ് എൽ പി സ്കൂളിൽ 2022-23 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിപുലമായി നടന്നു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ആദ്യ ഘട്ടത്തിൽ 11 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികൾ മത്സരിച്ചു.

പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാന പ്രത്യേകത.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 സ്ഥാനാർഥികൾ മത്സരിച്ചു.....

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനാൽ കുട്ടികൾക്ക് ഇത് പുതിയൊരു അറിവും അനുഭവവും ആയിരുന്നു.

4A ക്ലാസിലെ ഫാത്തിമ റന എം റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാം സ്ഥാനം നേടിയ ഇനാസ് എം പി യെ ഡെപ്യൂട്ടി ലീഡർ ആയി തെരഞ്ഞെടുത്തു.

റിസൾട്ട്‌ പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച വിജയഹ്ലാദ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചു.ഇലക്ഷൻ വാർത്തകൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബോധവൽക്കരണ ക്ലാസ്

കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ,വാർഡ് മെമ്പറുടെ പ്രധിനിധി സി പി സിദ്ധീഖ് ഉദ്ഗാടനം ചെയ്ത പരിപാടി ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി

മനുഷ്യ ചങ്ങല

നവംബർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ലഹരിക്കെതിരെ കയ്യൊപ്പ്

സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ ബഷീർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ശേഖരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .

കളിയാണ് ലഹരി

കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്....

കാൽപന്തുകളിയെ ജീവനുതുല്യം സ്നേഹിക്കുന്ന മലയാളിയുടെ ആവേശം സ്കൂൾ മുറ്റത്ത് നിന്നു തന്നെ തുടങ്ങട്ടെ. കളിയാണ് ലഹരി എന്നമുദ്രാവാക്യത്തോടെ പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് കുരുന്നുകൾക്കൊപ്പം ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു ഉദ്ഘാടനം നിർവഹിച്ചു.പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.

സ്വാതന്ത്യ ദിനാഘോഷം

സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ  സംഘടിപ്പിച്ചു . പ്രധാനാധ്യാപകൻ ശരീഫ് തൃക്കളയൂർ പതാക ഉയർത്തി.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന റാലി സഘടിപ്പിച്ചു. റാലിയുടെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.

സ്കൂളിൽ നിന്ന് ആരംഭിച്ച റാലിക്ക് പാലക്കാപറമ്പിൽ വിവിധ ക്ലബ്, പാർട്ടി പ്രവർത്തകർ ചേർന്നു സ്വീകരണം നൽകി.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നടത്തി.ശേഷം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.

പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, ഇ കെ.ജലീൽ സാഹിബ്‌, സി.പി. സിദ്ദീഖ്. സി.പി. അഹമ്മദ് ഹാജി ,തുടങ്ങിയവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു..........

റിപ്പബ്ലിക് ദിനാഘോഷം

തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി.   സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954- ൽ സകൂൾ ആരംഭിച്ചപ്പോൾ ആദ്യമായി അഡ്മിഷൻ നേടിയ പി. മൂസക്കട്ടി മൊല്ലയെ ആദരിച്ചു.. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്കൂർ ഹെഡ് മാസ്റ്റർ വി. ഷരീഫ്, PTA കമ്മിറ്റി മെമ്പർമാരായ സി.പി. സിദ്ദീഖ്, സി. ആശിക്ക, ജംഷീന .അംബിക ടീച്ചർ, ചന്ദ്രിക ടീച്ചർ വിജി. ടീച്ചർതുടങ്ങിയവർ സംസാരിച്ചു. മധുരവിതരണം നടത്തി.

വായനചങ്ങാത്തം

വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിൽ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്,അമ്മത്തിളക്കം,മഷിത്തൂവൽ.കണ്ണാടി, തുടങ്ങിയവയായിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വീട്ടു ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ലൈബ്രറി ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി

മെഗാ ക്വിസ് 2023

കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ നടന്നുവരുന്ന ഒരു പദ്ധതിയാണ് മെഗാ ക്വിസ് . എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ആണ് ഇതിന്റെ പ്രവർത്തനം. എല്ലാവർഷവും ഫെബ്രുവരി മാസം അവസാനത്തിലാണ് മെഗാ ക്വിസ് നടത്തുന്നത്. അതിനു മുന്നോടിയായി ഒരോ മാസവും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ആനുകാലികസംഭവങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കായി  എല്ലാദിവസവും പഠിക്കാൻ ആവശ്യമായ വിവരങ്ങൾ ഓരോ ക്ലബ് അംഗങ്ങളും നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മെഗാ ക്വിസ് മത്സരം നടക്കുന്നത്. ഈ വർഷം മുതൽ വിജയികൾക്ക് ഒന്നാം സമ്മാനം 2000 രൂപ.  രണ്ടാം സമ്മാനം ആയിരം രൂപ മൂന്നാം സമ്മാനം 500 രൂപ എന്നിങ്ങനെ നൽകുന്നു

ഗൃഹ സന്ദർശനം

കുട്ടിയെ അടുത്തറിയാൻ അവരുടെ വീടുമായി അധ്യാപകർ നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്.  ഞങ്ങളുടെ സ്കൂളിൽ നേരത്തെ ആരംഭിച്ച പരിപാടിയാണ് ഗൃഹ സന്ദർശനം.ഈ വർഷത്തെ സന്ദർശന പരിപാടിയുടെ  ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു കുട്ടിയുടെ വീട്ടുലൈബ്രറി കാണുക എന്നുള്ളത് . കുട്ടിയുടെ ഇഷ്ട മേഖലകൾ ,അവർക്ക് ആവശ്യമായ പഠന പിന്തുണകൾ .വീട്ടിലെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ എന്നിവയെല്ലാം അവരുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേക്കുറിച്ച് കൂടുതൽ അറിയുക, അമ്മയുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ

അറബി ഭാഷ ദിനം-'അൽ ഖലം' മാഗസിൻ

അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടാനുബന്ധിച്ച് മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ മാഗസിൻ ആണ് അൽ ഖലം. കുട്ടികളുടെ വരകൾ, കഥ കവിത കാലിഗ്രഫി തുടങ്ങിയവ ഇതിൽ ഉൾപ്പടുന്നു. സ്കൂളിൽ സംഘടിപ്പിച്ച അറബിക് അസംബ്ലിയിൽ കാവനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി ഉസ്മാൻ സാഹിബ്‌ അവർകൾ മാഗസിന്റെ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ മുഖ്യാതിഥിയായി തവരാപറമ്പിലെ പൂർവ്വ വിദ്യാർത്ഥിയും അറബി ഭാഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോക്ടർ ശരഫുദ്ദീൻ സാറും പങ്കെടുത്തു. ഹെഡ്മാസ്റ്റർ വി ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. അരീക്കോട് സബ് ജില്ലയിൽ നടന്ന അറബിക് മാഗസിൻ മത്സരത്തിൽ വെച്ച്  ഞങ്ങളുടെ മാഗസിൻ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ഞങ്ങളുടെ അറബിക് അധ്യാപകരായ ഡോക്ടർ സൗദാബി ടീച്ചറുടെയും ലത്തീഫ് വാഫിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.അറബിക് ക്ളബ്ബിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാനം,കളറിംഗ് ,പേരുപറയാമോ,അറബി ക്വിസ്,എന്നീ മത്സരങ്ങളും രു ദിവസം ഒരു ചോദ്യം ഒരറിവ് ഒരു വിജയി എന്ന പ്രശ്ണോത്തരിയൂംസംഘടിപ്പിച്ചു

ദേശീയ ഗണിതശാസ്ത്ര ദിനം- ഗണിത മാഗസിൻ -'മഞ്ചാടി'

ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഗണിത മാഗസിനാണ് മഞ്ചാടി. മാഗസിൻപ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖിന് നൽകിക്കൊണ്ട് നിർവഹിച്ചു.ഗണിത ശാസ്ത്രജ്ഞർ,കുസൃതി ചോദ്യങ്ങൾ ഗണിതപസി,ൽ ഗണിത ചാർട്ടുകൾ .ജ്യോമെട്രിക് പാറ്റേൺ തുടങ്ങി വിവിധങ്ങളായ രചനകൾ മഞ്ചാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റർ വി ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ സാഹിബ് എസ് ആർ ജി കൺവീനർ അംബിക ടീച്ചർ ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

അക്ഷരമിഠായി

അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്

കോവിഡ്  കാലഘട്ടത്തിനു ശേഷം സ്കൂളിൽ  എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി .ശനി ഞായർ ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ നടക്കുന്നു. കൂടാതെ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പരിശീലനവും നടത്തി വരുന്നു .

കൈത്താങ്ങായി അധ്യാപകരും

അക്ഷരമിഠായി പദ്ധതിയിലേക്ക് തെരെഞ്ഞെടുത്ത കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകുന്നതിനായി ഓരോ കുട്ടിയേയും ഓരോ അധ്യാപകർ ഏറ്റെടുത്ത എല്ലാ ദിവസവും പ്രത്യേക സമയം കണ്ടെത്തി അവർക്കാവശ്യ മായാ പിന്തുണ നൽകുന്നു .അത്ഭുതകരമായ മറ്റങ്ങൾ ഇതിലൂടെ കുട്ടികളിൽ കാണാൻ കഴിഞ്ഞു .കൂടാതെ പഠനത്തിൽ താല്പര്യം വർധിക്കുകയും പതിയെ വായനയുടെയുമെഴുത്തിന്റെയും ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങുകയും ചെയ്യുന്നു .

പഠന യാത്ര

നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്രസംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലേക്ക് ആയിരുന്നു യാത്ര .വേറിട്ട കുറെഅനുഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ഈ യാത്രക്ക് കഴിഞ്ഞു .ബേപ്പൂർ ഷിപ്പിയാർഡ്,കോമൺ വെൽത് ടൈൽ ഫാക്ടറി ,ഫയർ സ്റ്റേഷൻ .ട്രെയിൻ യാത്ര ,പ്ലാനെറ്റേറിയം.ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി .ഓട് ഫാക്ടറിയിലെ ഓട്നിർമാണവും അതിന്റെ ഘട്ടങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .കുട്ടികളുടഫറോക്ക് മുതൽ കോഴിക്കോട് വരെ യുള്ള ട്രെയിൻ യാത്ര മറ്റൊരു യാത്രാനുഭൂതതന്നെയായിരുന്നു കുട്ടികൾക്ക് .പാഠപുസ്തകങ്ങൾക്കപ്പുറം നേരിയറിയാൻ കണ്ടറിയാൻഅനുഭവിച്ചറിയാൻ ഇത്തരം യാത്രകൾ കുട്ടികൾക്ക് ഏറെ പ്രായോജനം ചെയ്യുന്നു ..

2021-2022

പ്രവേശനോത്സവം

2021 22 അധ്യായന വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ദിഖിനെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശരീഫ് സ്വാഗതം പറഞ്ഞു. എസ്എസ്എൽസി ചെയർമാൻ മൂസക്കുട്ടി എസ് ഡബ്ല്യു സി അംഗം Ek ജലീൽ സാഹിബ്‌, ആലുങ്ങാപ്പറമ്പ് ലക്കിസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗം ജിജേഷ്, പാലക്കാപറമ്പ് ന്യൂ ആർട്സ് ആൻഡ് സ്പോർട്സ് അംഗംഅർഷദ് എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഇതോടൊപ്പം ഓൺലൈനായി സംഘടിപ്പിച്ചു ശ്രീമതി റഫീഖത്ത് ടീച്ചർ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.

നീണ്ട ഒന്നര വർഷത്തെ ഇടവേളക്കുശേഷം നവംബർ ഒന്നിന് സ്കൂളിലെത്തിയ കുട്ടികൾക്കായി പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ വിപുലമായിത്തന്നെ തവരാപറമ്പ് ജിഎൽപി സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശരി സാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ smc ചെയർമാൻ പി മൂസക്കുട്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ധീൻ,വൈസ് പ്രസിഡന്റ് ദിവ്യ രതീഷ്, വാർഡ് മെമ്പർ ഫൗസിയ സിദ്ദിഖ്, പി ടി എ പ്രസിഡന്റ് ടി കെ അഷ്റഫ്, പിടിഎ പ്രസിഡണ്ട് സൽമത്ത് എന്നിവർ സന്നിഹിതരായി. പായസ വിതരണവും കുട്ടികളുടെ കലാപരിപാടികളും നടത്തി.

ബാച്ചുകൾക്കും കോറോണക്കും വിടപറഞ്ഞുകൊണ്ട് വീണ്ടും ഫെബ്രുവരി 21 ന് സ്കൂൾ തുറന്നപ്പോൾ എല്ലാ കൂട്ടുകാർക്കും ഒന്നിച്ച് ആഘോഷിക്കാനായി ഒരു കലാവിരുന്ന് തന്നെ ഇവിടെ സംഘടിപ്പിച്ചു. പാട്ടും കളിയും നൃത്തചുവടുകളുമായി കുട്ടികൾ ഈ ദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ വി ഷരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ അംബിക ടീച്ചർ സ്വാഗതം പറയുകയും

വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.മധുര വിതരണം നടത്തുകയുമുണ്ടായി.

ലോക മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് ഇന്നേ ദിവസം ഭാഷാ ദിന പ്രതിജ്ഞ ചൊല്ലുകയും

ചെയ്തു.

മുന്നേറ്റം

2020 മാർച്ച്‌ 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം.

ഗൃഹ സന്ദർശനം

ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. ഞങ്ങളുടെ HM V ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഇത് രണ്ടാം വർഷത്തിലെത്തി. ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും

അൽഹിലാൽ മാഗസിൻ

നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ ആണ് അൽഹിലാൽ. കുട്ടികളുടെ വര കവിത ഡ്രാമ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ മാഗസിന്റെ പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലാം ക്ലാസിലെ അറബി അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിലാണ് അൽഹിലാലിന്റെ പ്രവർത്തനം നടന്നത്.

മെഗാ ക്വിസ് 2022

കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022. എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മെഗാക്വിസ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കുട്ടികൾക്കായി പഠിക്കാനുള്ള ചോദ്യങ്ങൾ നേരത്തെ നൽകിവരുന്നു. വിവിധ മേഖലകളുമായി ഉൾപ്പെട്ടതും ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. മെഗാ ക്വിസ് വിജയികൾക്ക് ഒന്നാം സമ്മാനം 1001 രൂപ

രണ്ടാം സമ്മാനം 501 രൂപ, മൂന്നാം സമ്മാനം 201 രൂപ എന്നിങ്ങനെ നൽകാൻ തീരുമാനിച്ചിരിക്കുന്നു.

2020-2021

ഓൺലൈൻ പഠനം

കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞനങ്ങളുടെ സ്കൂൾ.2020-2021ബാച്ച് ന് ആദ്യമായി ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ മുതൽ വാട്സ്ആപ്പ് വഴി എല്ലാ കുട്ടികളെയും ഓൺലൈൻ ഇൽ വരുത്തി ചർച്ച ക്ലാസ്സുകൾ നടത്തുകയും അന്നത്തെ ഫീഡ് ബാക്ക് നൽകുകയും ചെയ്തു.

പഠന പ്രവർത്തങ്ങൾ കുട്ടികൾ ചെയ്ത് sent ചെയ്യുമ്പോൾ അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ STARS OF THE WEEK എന്ന ഒരു പരിപാടി കൂടി ഞങ്ങൾ ആരംഭിച്ചു. ഈ പരിപാടി ആദ്യമായി ആരംഭിച്ചത് ഞങളുടെ സ്കൂൾ തന്നെ ആയിരികാം.രക്ഷിതാക്കളും കുട്ടികളും വളരെ ഉത്സാഹത്തോടെ ഇതിന്റെ ഭാഗമായി. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ കുട്ടികൾ ഇന്ന് പഠനത്തിൽ മുന്നിട്ട് നിൽക്കുന്നതായി കാണുന്നതിൽ വളരെ സന്തോഷം തോനുന്നു.

സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നമ്മളും മാറേണ്ടതുണ്ടല്ലോ.2021-2022 വർഷം ഞങ്ങളുടെ ചർച്ച ക്ലാസ്സുകളും ഓൺലൈൻ ദിനചാരണങ്ങളും എല്ലാം ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലേക്ക് മാറ്റി. ഈ വർഷത്തെ എല്ലാ പ്രവർത്തങ്ങളും നല്ലരീതിയിൽ ഗൂഗിൾ മീറ്റിൽ നടന്നു പോകുന്നു. എല്ലാ ദിവസവും കൃത്യമായ സമയത്ത് ക്ലാസ്സ്‌ നടക്കുന്നതിനാൽ ഭൂരിപക്ഷം കുട്ടികളും പങ്കെടുക്കുന്നുണ്ട്.എന്തെങ്കിലും കാരണവശാൽ പങ്കെടുക്കാൻ കഴിയാതെ വരുന്നവർക്കും മറ്റുമായി അന്നത്തെ ക്ലാസ്സിന്റെ വിശകലനം, വർക്കുകളുടെ വിശദീകരണം എന്നിവ വാട്സ്ആപ്പ് വഴിയും ഇപ്പോഴും നൽകി വരുന്നു.

ഇതുവരെ നടന്നതിൽ നിന്നും വ്യത്യസ്തമായി സ്കൂൾ തുറന്ന ശേഷം വീണ്ടും എത്തിയ ഒൺലൈൻ പാഠന പിന്തുണയുടെ സ്റ്റാർ ഓഫ് ദി വീക്ക്‌ എല്ലാ ഗൂഗിൾ മീറ്റ് ക്ലാസ്സിലും പങ്കെടുക്കുന്നവർക്കായി മാറ്റി. ചർച്ചക്ലാസ്സിലെ പൂർണ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ പുതിയ ലക്ഷ്യം.

ഗൃഹ സന്ദർശനം

ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. . ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും