മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ/ജൈവവൈവിദ്ധ്യ രജിസ്റ്റർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായി സ്കൂളിൽ ജലയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നട്ടു പരിപാലിച്ചുപോരുന്നതും പുതുതായി വച്ചുപിടിപ്പിച്ചതുമായ വൃക്ഷങ്ങളുടേയും ചെടികളുടേയും എണ്ണം, ശാസ്ത്രീയ നാമം, ഉപയോഗം എന്നിവ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ജൈവ വൈവിധ്യ രജിസ്റ്റർ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്. പ്രകൃതിക്കുവേണ്ടി പഠനം നടത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് പഠന പ്രക്രിയയെ ഉയർത്തി കൊണ്ടുവരാൻ ഈയൊരു സംരംഭം ഏറെ സഹായകരമാണ്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി മുന്നേറുന്നു.പ്രാചീന ഭാരതീയ ചിന്തകന്മാർ പ്രപഞ്ച ജീവിതത്തെ സമീകൃതഘടനയായിട്ടാണ് കണ്ടത്. ഒന്നും വേറിട്ടു നില്ക്കുന്നില്ല അതിൽ . പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും ഏകീകരിച്ചു സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗള പൂർണ്ണമായിത്തീരുന്നതെന്ന് ഭാരതീയർ ദർശിച്ചു.ഈ പാരസ്പര്യമാണ് മനുഷ്യന്റെ നിലനില്പിന്നടിസ്ഥാനം. ഈ ജീവിതസമൈക്യത്തെ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ എപ്പോൾ ഭഞ്ജിക്കുന്നുവോ അപ്പോൾ പ്രപഞ്ച ജീവിതത്തിന്റെ മൗലികമായ താളം തെറ്റുന്നു. സരളമായ സ്നേഹ രസം നഷ്ടപ്പെടുന്നു .പ്രകൃതിയെ കീഴടക്കിയെന്നഹങ്കരിച്ച മനുഷ്യൻ പ്രകൃതിയുടെ തിരഞ്ഞെതിർപ്പിനെ നേരിടേണ്ടി വന്നിരിക്കയാണ്. ഹിമാലയവും ഗംഗയും മരിച്ചിട്ട് മനുഷ്യനു മാത്രം ജീവിച്ചു നില്ക്കുവാൻ സാധിക്കുകയില്ല. ഈയൊരു തിരിച്ചറിവിൽ നിന്നുമാണ് മാതസ്ക്കൂൾ ജൈവ വൈവിധ്യ സംരക്ഷണം എന്നൊരു ആശയത്തെ പ്രവർത്തിപഥത്തിലേക്കെത്തിക്കുന്നത്.ശുദ്ധജലം പോലും അപൂർവ്വ വസ്തുവായി കുപ്പികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ എല്ലാ ചാരുതയോടും കൂടി സംരക്ഷിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമായിരിക്കുന്നു. വരും തലമുറയുടെ അത്യാവശ്യമായിരിക്കുന്നു.വിദ്യാർത്ഥികളിൽ ഇത്തരം ഒരു ചിന്താധാരകൂടി നല്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്.ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവരൂപങ്ങൾകാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൗമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്.