എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
37001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 37001 |
യൂണിറ്റ് നമ്പർ | LK/2018/37001 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ലീഡർ | അഖിൽ പി സന്തോഷ് |
ഡെപ്യൂട്ടി ലീഡർ | കീർത്തന പ്രകാശ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെബി തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ പി മാത്യു |
അവസാനം തിരുത്തിയത് | |
17-11-2024 | 37001 |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് 21 സിസ്റ്റത്തിൽ 58 കുട്ടികൾക്കായി നടത്തി. 54 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. നാലു കുട്ടികൾ ആബ്സെന്റ് ആയിരുന്നു. റിസൾട്ട് എൽ.കെ.എം.എസ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ എക്സാമിന് ഉൾപ്പെടുത്തിയിരുന്നു. 41 കുട്ടികൾക്ക് സെക്ഷൻ ലഭിച്ചു.
2023-26 ബാച്ച്
ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2023-26 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
പ്രിലിമിനറി ക്യാമ്പ്
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിൽ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി അനില സാമുവേൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് സ്വാഗതം കൈറ്റ് മാസ്റ്റർ ജെബി തോമസ് പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ ആശംസ അറിയിച്ചു. പത്തനംതിട്ട ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. പ്രവീൺ സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നിത്യ ജീവിതത്തിലെ ഇന്റർനെറ്റിന്റെ സ്വാധീനം, വിവരവിനിമയ സാങ്കേതിവിദ്യയുടെ സാധ്യതകൾ, പദ്ധതിയുടെ പ്രസക്തി എന്നിവയെക്കുറിച്ച് ധാരണ ലഭിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. ദൈനദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതികാധിഷ്ഠിതമായ ഉപകരണങ്ങളെ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തി. ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതിയുടെ സ്വാധീനം മനസ്സിലാക്കിയായിരുന്നു ഓരോ സെക്ഷനും കൈകാര്യം ചെയ്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ പ്രിലിമിനറി ക്യാമ്പിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു.
ഉദ്ദേശ്യങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ഗ്രൂപ്പിങ്
സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്, ഈ കൊമേഴ്സ്, എ.ഐ, ജി.പി.എസ്, വി.ആർ എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡറിനെയും, ഗ്രൂപ്പ് ലീഡേഴ്സിനെയും തെരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ കുട്ടികളെ ബോധ്യപ്പെടുത്തി. സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിമുകൾ, കുട്ടികളിൽ ഐ.ടി മേഖലയിൽ ഏറെ താൽപര്യം ഉളവാക്കി. വിജയികളായ ടീമിന് സ്കോറുകളും നൽകി. ഉച്ചഭക്ഷണത്തിനുശേഷം മൊബൈൽ ആപ് ഇൻവെന്റർ ഉപയോഗിച്ചുള്ള ഗെയിമുകൾ പരിചയപ്പെടുത്തൽ, ഓപ്പൺടൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണം, വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം, ഐ.ആർ ഡിസ്റ്റൻസ് സെൻസർ, സർവ്വോ മോട്ടോർ, ആർഡിനോ ഇവ ഉപയോഗിച്ച് അർഡുബ്ലോക്കിൽ തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകളിൽ നിന്നുള്ള വീഡിയോകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ലീഡർ അഖിൽ പി സന്തോഷ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. കൈറ്റ് മിസ്ട്രസ് ആശ പി മാത്യു കൃതജ്ഞത അറിയിച്ചു .
ക്രമനമ്പർ | പേര് |
---|---|
1 | പ്രമാണം:37001 LittleKites Preliminary camp report 2023-26 Batch.pdf |
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.
ക്യാമറ പരിശീലനം
എട്ടാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താൽ ക്യാമറ പരിശീലനം സംഘടിപ്പിച്ചു.
ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
കുട്ടികളുടെ സൃഷ്ടികൾ
വിദ്യാർത്ഥികൾ ജിമ്പ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ചിത്രങ്ങൾ
ഹെൽത്ത് ക്യാമ്പയിൻ
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ 2023 - 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെയുള്ള എല്ല വിദ്യാർത്ഥികളുടെയും, സ്കൂളിന്റെ സമീപപ്രദേശങ്ങളിലെ രക്ഷകർത്താക്കളുടെയും, പൊതുസമൂഹത്തിന്റെയും ആരോഗ്യം മുൻനിർത്തിയുള്ള ഔർ സൊസൈറ്റി - ഹെൽത്തി സൊസൈറ്റി എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഹെൽത്തി സ്റ്റുഡന്റ്'
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 5 മുതൽ 8 വരെയുള്ള എല്ല വിദ്യാർത്ഥികളുടെയും ബി.എം.ഐ പട്ടിക തയാറാക്കി. കുട്ടികളിലെ വിവിധ ആരോഗ്യപ്രശ്നങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ കണക്കെടുപ്പ് നടത്തിയത്. ചില വിദ്യാർത്ഥികളിൽ അമിത വണ്ണവും എന്നാൽ മറ്റുചിലർക്ക് പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങൾ ഉള്ളതായി മനസിലാക്കാൻ ഈ പട്ടികയിലുയുടെ കഴിഞ്ഞു. ശരീരഭാരം ക്രമീകരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും സമീകൃത ആഹാരത്തെ പറ്റിയും കുട്ടികളെ ബോധവത്കരിക്കാൻ വേണ്ടി ഒരു പ്രസന്റേഷനും നടത്തുകയുണ്ടായി. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ ഗ്രാഫിക്കൽ ചിത്രീകരണവും കുട്ടികൾക്ക് വളരെ അധികം പ്രയോചനപെട്ടു.
ഔർ സൊസൈറ്റി - ഹെൽത്തി സൊസൈറ്റി
ആധുനിക കാലഘട്ടത്തിൽ ഉണ്ടാകുന്ന വിവിധ രോഗങ്ങൾ, പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള മാർഗമായി മുതിർന്ന വ്യക്തികളുടെ ശരീരഭാരവും ഉയരവും കണക്കാക്കി അവരുടെ ബിഎംഐ നിർണയിച്ചു. ജീവിതശൈലി രോഗങ്ങളെപ്പറ്റി കുട്ടികൾ ചർച്ച ചെയ്തു. ബോഡി മാസ് ഇൻഡക്സ് ക്രമരഹിതമായവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ പറ്റി ആരോഗ്യവകുപ്പുമായി സഹകരിച്ച് സ്കൂളിൽ നടത്തുന്ന ക്ലാസിലേക്ക് മുതിർന്ന പൗരന്മാരെ ക്ഷണിക്കുകയും ചെയ്തു.
സ്കൂൾ കുട്ടികൾ ഭവനങ്ങളിലേക്ക് കടന്നു വരികയും തങ്ങളുമായി ആശയവിനിമയം നടത്തുകയും ജീവിതശൈലി രോഗങ്ങളെ പറ്റി സംസാരിക്കുകയും സ്കൂളിൽ നടക്കാനിരിക്കുന്ന ക്ലാസിലേക്ക് ക്ഷണിക്കുകയും ചെയ്തത് മുതിർന്ന വ്യക്തികൾക്ക് സന്തോഷകരമായ അനുഭവമായിരുന്നു.
പ്രാദേശിക ഗ്രന്ഥശാല ഡിജിറ്റലൈസേഷൻ
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പ്രാദേശിക ലൈബ്രറിയായ കൈരളി ഗ്രന്ഥശാലയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
രജിസ്റ്ററുകളിൽ മാത്രം എഴുതി സൂക്ഷിച്ചിരുന്ന ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങളും ലൈബ്രറിയിൽ അംഗത്വം ഉള്ളവരുടെ വിവരങ്ങളും സമാഹരിച്ച് യഥോചിതം തരംതിരിച്ച് കമ്പ്യൂട്ടറിൽ സന്നിവേശിപ്പിക്കുകയും സിഡിയിൽ പകർത്തി ലൈബ്രറി അധികൃതർക്ക് കൈമാറുകയും ചെയ്തു. കൈരളി ഗ്രന്ഥശാലയുടെ പ്രസിഡന്റ് ശ്രീമതി രാജി മഹേന്ദ്രൻ, ലൈബ്രറേറിയൻ ശ്രീമതി. സുഷമ. ബി, കമ്മിറ്റി അംഗം ശ്രീമതി. ഡെയ്‌സി മാത്യു, ശ്രീമതി. അനിത പി. ബി. കൈറ്റ് മാസ്റ്റർ ജെബി തോമസ് എന്നിവർ പ്രസംഗിച്ചു ലൈബ്രറി ചുമതലക്കാർ കുട്ടികൾക്ക് നന്ദി പറയുകയും സ്കൂളിനെ ആദരിക്കുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ്സ് ആശ പി മാത്യു ലൈബ്രറി ചുമതലക്കാർ നൽകിയ ഉപഹാരം സ്വീകരിച്ചു.
അക്വാ സ്റ്റാർസ്
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.റ്റി.എ യുടെയും ലിറ്റൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്രമീകരിച്ച നീന്തൽ പരിശീലനം 2024 ഏപ്രിൽ 17 ന് ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികൾക്ക് ഇതിനുള്ള അവസരം ഒരുക്കിയ എഎംഎം സ്കൂൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ബഹു. മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടനസമ്മേളനത്തിൽ സ്കൂൾ പിറ്റിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് സ്വാഗതവും, സ്കൂൾ മാനേജിംഗ് ബോർഡ് ട്രഷറർ വി. ഒ. ഈപ്പൻ, പ്രിൻസിപ്പാൾ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ എന്നിവർ ആശംസയും അറിയിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ കൃതജ്ഞത അറിയിച്ചു.
സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പ്രത്യേക നീന്തൽക്കുളത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികളുടെ സുരക്ഷക്ക് മുൻഗണന നൽകിയിരുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ വെള്ളം ശുദ്ധീകരിക്കുന്നതിനും മാറ്റുന്നതിനും ഉള്ള സംവിധാനങ്ങൾ ക്രമീകരിച്ചിരുന്നു. ദേശീയ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവരും ഗവൺമെന്റ് അംഗീകൃത നീന്തൽ പരിശീലകരുമായ നിതിൻ, അശ്വതി, അനന്തു എന്നിവരാണ് പത്ത് ദിവസം നീണ്ടു നിന്ന പരിശീലനത്തിന് നേതൃത്വം നൽകിയത്. 77 കുട്ടികൾ പരിശീലനം നേടി. സ്ത്രീകൾ ഉൾപ്പെടെ മുതിർന്ന 22 പേരും ഇവിടെ നിന്നും നീന്തൽ പരിശീലിച്ചു.
ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഉൾപ്പെടുന്നു. 2018 ൽ ഉണ്ടായ പ്രളയ സാധ്യത മുൻനിർത്തി പ്രളയ ദുരന്തത്തെ നേരിടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നീന്തൽ അഭ്യസിച്ചത്. ഇതിന്റെ എല്ലാ ഡോക്യുമെന്റേഷനും നടത്തിയത് കൈറ്റ്സ് വിദ്യാർത്ഥികളാണ്. ഇന്നത്തെ സാഹചര്യത്തിൽ നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഈ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതിലൂടെ മറ്റുള്ളവരെ ബോധ്യവാന്മാരാക്കി.അവധിക്കാലം ആഘോഷമാക്കുവാനും അവർക്ക് സാധിച്ചു.
ഗ്രീൻ തമ്പ്സ്
തണ്ണിമത്തൻ കൃഷിയിലൂടെ നൂറുമേനി വിളവെടുത്തു നാടിന് മാതൃകയായ ഇടയാറന്മുള കൃഷ്ണമന്ദിരത്തിൽ എൻ കെ ഉണ്ണികൃഷ്ണൻ നായരുടെ ജൈവകൃഷിത്തോട്ടം 2024 ഏപ്രിൽ 15 ന് ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
പമ്പാനദിയുടെ തീരത്തുള്ളതായ കൃഷിത്തോട്ടം കുട്ടികൾ നടന്നു കണ്ടു. തണ്ണിമത്തൻ കൃഷി രീതികളെപ്പറ്റി ശ്രീ. ഉണ്ണികൃഷ്ണൻ നായർ വിവരിച്ചു. ജൈവ കൃഷിയുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. കൃഷിയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ നിരവധി സംശയങ്ങൾക്ക് അദ്ദേഹം നിവർത്തി വരുത്തി. പുത്തൻ തലമുറ ജൈവകൃഷി രീതികളെ കുറിച്ച് ബോധവാന്മാരായി. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ ഈ പ്രവർത്തനങ്ങൾ ഡോക്യൂമെന്റ് ചെയ്തു.
പറക്കാൻ അറിവിന്റെ ചിറകുകൾ
2024-25 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.
2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.
ഉയരുന്ന നക്ഷത്രങ്ങൾ
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.
കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ലൈവ് ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന പ്രവർത്തനം നടന്നുവരുന്നു. സ്കൂൾ വെബ്സൈറ്റിലെയും സ്കൂൾ വിക്കി പേജിലെയും അപ്ഡേഷനുകളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ക്ലിക്ക് & ക്രിയേറ്റീവ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പെൺകുട്ടികൾക്ക് പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നതിൽ പ്രാധാന്യം നൽകുന്നു. ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണുകളിലൂടെ കാണാനും അവരുടെ കാഴ്ചപ്പാട് ദൃശ്യങ്ങളിലൂടെ പകർത്താനും അവരെ പ്രാപ്തരാക്കുന്നു. ഇത് അവരുടെ സർഗ്ഗാത്മകത വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും. സാധാരണയായി പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഒരു മേഖലയിൽ പെൺകുട്ടികളെ ഉൾപ്പെടുത്തുന്നതിലൂടെ ലിംഗ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികളാകും.
ലിറ്റിൽ കൈറ്റ്സ്, പ്ലാസ്റ്റിക് മുക്ത ഭാവിയിലേക്ക്
ജൂലൈ 3 അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്ച്, 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ പേപ്പർ ബാഗുകൾ നിർമ്മിച്ചു. ഈ ബാഗുകൾ സ്കൂളിന്റെ പരിസരത്തുള്ള കടകളിലും വീടുകളിലും നൽകിക്കൊണ്ട്, നമ്മുടെ ആവാസവ്യവസ്ഥകൾക്കും സമൂഹങ്ങൾക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പ്രകൃതിയെ രക്ഷിക്കാനും, ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷണത്തിൽ സജീവമായി പങ്കെടുക്കാനും അവർ പ്രതിജ്ഞാബദ്ധരായി.
വായന മാസാചരണത്തിന്റെ ഭാഗമായി ടാഗാർ മെമ്മാറിയൽ ലൈബ്രറി സന്ദർശനം
2024 ജൂലൈ എട്ടാം തീയതി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, കോട്ടയിലെ ടാഗാർ മെമ്മാറിയൽ ഗ്രന്ഥശാല വിദ്യാർത്ഥികളും അദ്ധ്യാപകരും സന്ദർശിച്ചു. ഈ സന്ദർശനത്തിൽ, വിദ്യാർത്ഥികൾ പുസ്തകങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചു, കൂടാതെ ഗ്രന്ഥശാല ജീവനക്കാരുമായി അഭിമുഖം നടത്തി.
ഈ സന്ദർശനം ലൈബ്രറി ഡിജിറ്റലൈസേഷൻ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ഈ പദ്ധതി പ്രകാരം, ഒരു വർഷത്തെ കാലയളവിനുള്ളിൽ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികൾ ഡിജിറ്റലൈസ് ചെയ്യും. ഈ വർഷത്തെ വായന മാസാചരണത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പരിപാടി സമാപിച്ചത്.
നെൽപാടത്തെ കലാകാരന്മാർ
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് വ്യത്യസ്തമായ അനുഭവം ഒരുക്കുന്നതിനായി 2024 ജൂലൈ 9 ന് ഒരു നെൽപ്പാടം സന്ദർശനം സംഘടിപ്പിച്ചു. പുതിയ കൃഷിരീതികളെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്.
ശബരിമല നിറപുത്തരിക്കായുള്ള നെൽച്ചെടികൾ ചെറുപ്പളക്കാട്ട് ദേവീക്ഷേത്രത്തിന്റെ പാടത്ത് അയ്യപ്പന്റെ രൂപത്തിൽ വിതച്ച് വളർത്തുന്നു. കലാകാരനായ അഖിൽ ഈ വിത്ത് വിതയ്ക്കുന്ന സ്ഥലം അയ്യപ്പന്റെ രൂപത്തിൽ അടയാളപ്പെടുത്തി. ഇസ്രായേലിൽ കൃഷി പഠനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർഥിയും കൃഷിക്കാരനുമായ ഉത്തമന്റെ നേതൃത്വത്തിലാണ് ഈ നെൽകൃഷി ഇറക്കിയത്.
വിദേശ ഇനങ്ങൾ ഉൾപ്പെടെയുള്ള വിത്തിനങ്ങൾ കലർത്തിയാണ് കൃഷി ചെയ്തത്. ഗുജറാത്തിൽ നിന്നുള്ള നാസർബത്ത്, തമിഴ്നാട് പച്ചരിയിനം എ.എസ്.റ്റി, ജപ്പാൻ വയലറ്റ്, പഴയകാലത്ത് രാജാക്കന്മാർ കഴിച്ചിരുന്ന രക്തശാലി, കാർഷിക സർവകലാശാല ഇറക്കിയ ഹൈബ്രിഡ് വെറൈറ്റിയായ മണി രത്ന തുടങ്ങിയ അഞ്ച് ഇനം വിത്തുകൾ മിശ്രിതമാക്കിയാണ് ഈ രൂപം നിർമ്മിച്ചത്. ഈ വിത്തുകൾ ഒരുമിച്ച് കതിരിട്ടപ്പോൾ അയ്യപ്പ വിഗ്രഹ രൂപം ആയി.
പുതിയ കൃഷിരീതികളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുക എന്നതാണ് ഈ ഡോക്യുമെന്റേഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷം പഞ്ചായത്ത് തലത്തിൽ കുട്ടികർഷകരായി ആദരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തനം ചിത്രീകരിച്ചത്. ലിറ്റിൽ കൈറ്റ്സ് ലക്ഷ്മി പ്രകാശ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആകാശത്തെ തൊട്ട സ്വപ്നം
ജൂലൈ 21ചന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ, ഉപന്യാസം മത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചന്ദ്രയാനെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ വിവിധ ക്ലാസുകളിൽ അവതരിപ്പിച്ചു.
മാജിക്കിലൂടെ ശാസ്ത്രം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 27ന് അജിത് അഞ്ചാലുംമൂട് നടത്തിയ മാജിക് ഷോയിലൂടെ വിദ്യാർത്ഥികൾക്ക് ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലെ അടിസ്ഥാന തത്വങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. ആശ പി മാത്യു യോഗത്തിന് സ്വാഗതവും, സീന ജോയി നന്ദിയും പ്രകാശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ലൈവ് ടെലികാസ്റ്റ് ചെയ്തു. ഡോക്യുമെന്റേഷൻ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ശാസ്ത്രം
നീല ലിറ്റ്മസ് പേപ്പർ ചുവപ്പാക്കുന്നതും, നാരങ്ങ ഉപയോഗിച്ച് നിറം മാറ്റുന്നതുമായ പ്രവർത്തനങ്ങളിലൂടെ ആസിഡുകളെക്കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തി. ബലൂൺ ഊതി വീർപ്പിക്കുന്ന പ്രവർത്തനത്തിലൂടെ വായുവിന്റെ മർദ്ദത്തെക്കുറിച്ചും, പച്ചവെള്ളം ഉപയോഗിച്ച് തിരി കത്തിക്കുന്നതിലൂടെ കേശിക പ്രവർത്തനത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലായി. ഒരു ബീക്കറിൽ കത്തിച്ച മെഴുകുതിരി അണയുന്നത് കൊണ്ട് തീ കത്താൻ ഓക്സിജൻ ആവശ്യമാണെന്ന് മനസ്സിലാക്കി.
ഗണിതം
ഗണിതശാസ്ത്രത്തെ രസകരമാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഗണിത ഭയം കുറച്ചു. ഞെട്ട് തിരിഞ്ഞുവരുന്നത്, ക്യൂബ് ബോളായി മാറുന്നത്, ശൂന്യതയിൽ നിന്ന് പൈസ എടുക്കുന്നത് തുടങ്ങിയ മാജിക് ഷോകൾ കുട്ടികളെ രസിപ്പിച്ചു.
റോഡ് സുരക്ഷ
റോഡ് സുരക്ഷയുടെ പ്രാധാന്യം മാജിക് വഴി വിശദീകരിച്ചു.
ലക്ഷ്യങ്ങൾ
- കുട്ടികളിൽ ശാസ്ത്രത്തോടുള്ള താത്പര്യം വളർത്തുകയും, ശാസ്ത്രം ഒരു വിനോദമായി കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുക
- ഗണിതത്തെ കുറിച്ചുള്ള കുട്ടികളുടെ ഭയം കുറച്ച് അതിനെ ഒരു ഗെയിം പോലെ കാണാൻ പ്രേരിപ്പിക്കുക
- മാജിക് ഉപയോഗിച്ച് പാഠങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുക
- കുട്ടികളുടെ സർഗ്ഗശക്തി വളർത്തുകയും അവരുടെ ചിന്താശക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യുക
- റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുക,അവരെ സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രേരിപ്പിക്കുക
- കുട്ടികളിൽ സമൂഹബോധം വളർത്തുകയും അവരെ നല്ല പൗരന്മാരാക്കി വളർത്തുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ.
ഡിജി വോട്ട്
2024 ഓഗസ്റ്റ് 16 ന്, എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജി വോട്ട് എന്ന പേരിൽ നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ വിജയകരമായിരുന്നു. വിദ്യാർത്ഥികൾ തന്നെ തെരഞ്ഞെടുത്ത പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ, ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വോട്ടിംഗ് നടന്നു. ഈ സോഫ്റ്റ്‌വെയറിൽ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയുണ്ടായിരുന്നു. സെറ്റിംഗ്, സ്റ്റാർട്ട് പോൾ, റിസൾട്ട് എന്നീ ഐക്കണുകൾ ഉപയോഗിച്ച് വോട്ടിംഗ് പ്രക്രിയ സുഗമമായി നടത്തുകയും ഫലങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്തു. റിസൾട്ട് ഐക്കൺ ഉപയോഗിച്ച് എല്ലാ ക്ലാസിലെയും വിജയിയെ കണ്ടെത്താനായി. സോഫ്റ്റ്‌വെയർ വഴി ഫലങ്ങൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഇലക്ഷനിൽ മത്സരിച്ച എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ചാണ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള ബീപ് സൗണ്ടും വിദ്യാർത്ഥികളിൽ സന്തോഷമുളവാക്കി.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ലിപ് നൽകൽ, മഷി പുരട്ടൽ, വോട്ടർമാരുടെ ഒപ്പ് രേഖപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ക്രമമായി നിർവഹിച്ചു. അഞ്ചാം ക്ലാസുകാർ ആദ്യമായി വോട്ട് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു. എൻസിസി വിദ്യാർത്ഥികൾ ഇലക്ഷന്റെ ക്രമസമാധാനം പാലിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ ഇലക്ഷൻ വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും ഡെമോക്രാറ്റിക് മൂല്യങ്ങളും വളർത്തുന്നതിൽ സഹായിച്ചു. (സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോകാണുക)
ഗുരുവന്ദനം
സെപ്റ്റംബർ 5 അധ്യാപക ദിനാചരണത്തോടനുബന്ധിച്ച്, 2024 ഓഗസ്റ്റ് 30-ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം വഹിച്ച് ഗുരുവന്ദനം നടത്തി. ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5, അധ്യാപക ദിനമായി ആചരിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച പ്രഥമ അധ്യാപികയായ ഹെഡ്‌മിസ്ട്രസ് വിൻസി തോമസിനെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ, കൈറ്റ് മാസ്റ്റേഴ്‌സ് ആശ പി. മാത്യു, ലക്ഷ്മി പ്രകാശ്, പിടിഎ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തങ്ങളുടെ പഠനത്തിലും വളർച്ചയിലും അധ്യാപകർ നൽകുന്ന നിർണായക സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഗുരുവന്ദനം. ഇത് വിദ്യാർത്ഥികളിൽ സമൂഹബോധം വളർത്തുകയും, സഹകരണത്തിന്റെയും, സമഗ്രതയുടെയും മൂല്യങ്ങൾ പകർന്നുനൽകുകയും ചെയ്യുന്നു.
ഗുണങ്ങൾ
ഗുരുവന്ദനം വിദ്യാർത്ഥികൾക്ക് നിരവധി ഗുണങ്ങൾ നൽകുന്നു.
ആദരവും ബഹുമാനവും വളർത്തൽ
ഗുരുക്കന്മാരെ ആദരിക്കുന്നതിലൂടെ, വിദ്യാർത്ഥികൾ മൂല്യങ്ങളുടെയും ആദരവിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നു.
കൃതജ്ഞതയുടെ പ്രകടനം
തങ്ങളുടെ പഠനത്തിനും വളർച്ചയ്ക്കും അധ്യാപകർ നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഗുരുവന്ദനം.
സാംസ്കാരിക പാരമ്പര്യങ്ങളുടെ സംരക്ഷണം
ഗുരുവന്ദനം നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് വിദ്യാർത്ഥികളിൽ സാംസ്കാരിക അവബോധം വളർത്തുകയും നമ്മുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ആത്മവിശ്വാസം വർദ്ധിപ്പിക്കൽ
ഗുരുക്കന്മാരുടെ അനുഗ്രഹവും ആശീർവാദവും വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
സമൂഹബോധം വളർത്തൽ
ഇത് വിദ്യാർത്ഥികളിൽ സമൂഹബോധം വളർത്തുകയും, സഹകരണത്തിന്റെയും, സമഗ്രതയുടെയും മൂല്യങ്ങൾ പകർന്നുനൽകുകയും ചെയ്യുന്നു.
ഐടി വാർത്തകൾ ലിറ്റിൽ കൈറ്റ്സിന്റെ കൈകളിൽ
മലയാള മനോരമ പഠിപ്പുരയിലെയും, ഹിന്ദു പത്രത്തിലെയും ഐടി വാർത്തകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച് ജനശ്രദ്ധയാകർഷിക്കുന്നു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ വാർത്തകൾ ചർച്ച ചെയ്ത് സർഗ്ഗാത്മകമായ പ്രോജക്ടുകൾ തയ്യാറാക്കി വിദ്യാഭ്യാസ രംഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ച് ബോധവാന്മാരാകുന്നു.
വായനയുടെ വിസ്മയലോകം ലിറ്റിൽ കൈറ്റ്സിൽ
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന ചിൽഡ്രൻസ് തീയറ്റർ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്, പ്രശസ്ത നാടക്കാരൻ മനോജ് സുനി തന്റെ രചനയായ 'ഉമ്പളങ്ങ' എന്ന പുസ്തകം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. വിദ്യാർത്ഥികൾ ഈ പുസ്തകം ഗ്രന്ഥശാലാ അദ്ധ്യാപിക പ്രൈസി ചെറിയാന് കൈമാറി.
സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം
2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി.
ലിറ്റിൽ കൈറ്റ്‌സിൽ നിന്ന് അത്ഭുത പ്രോജക്ടുകൾ
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 2024 സെപ്റ്റംബർ 26 ന് രക്ഷകർത്താക്കളുടെ യോഗത്തിൽ പങ്കെടുത്ത്, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും, ആർഡിനോ കിറ്റും ഉപയോഗിച്ച് തങ്ങൾ തയ്യാറാക്കിയ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ പ്രദർശിപ്പിച്ചുകൊണ്ട് രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഇതിലൂടെ രക്ഷിതാക്കൾക്ക് പ്രോഗ്രാമിംഗിന്റെ പ്രാധാന്യവും, അതിന്റെ സാധ്യതകളും മനസ്സിലാക്കാൻ സഹായിച്ചു.
ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ 2024 സെപ്റ്റംബർ 30ന് പോഷൺ മാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോഷകാഹാരത്തിന്റെ ആവശ്യകതയും അനീമിയ തടയുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ഈ വർഷത്തെ പോഷൺ മായുടെ പ്രധാന തീമുകളിൽ അനീമിയ, വളർച്ചാ നിരീക്ഷണം, കോംപ്ലിമെൻ്ററി ഫീഡിംഗ്, പോഷൻ ഭി പധായ് ഭി (വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം), മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനാണ് വിദ്യാർഥികൾ നിർമ്മിച്ചത്.
സ്മാർട്ട് കുട്ടികൾ - സ്മാർട്ട് രക്ഷിതാക്കൾ
2024-25 അദ്ധ്യായന വർഷത്തെ പിടിഎ മീറ്റിങ്ങിൽ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഒക്ടോബർ ഒന്നാം തീയതി നിർമിത ബുദ്ധി സങ്കേതം ഉപയോഗിച്ച് പ്രസന്റേഷൻ അവതരിപ്പിച്ചു. ഈ പ്രസന്റേഷനിൽ, വിദ്യാർത്ഥികളുടെ പഠനം കൂടുതൽ മികച്ചതാക്കുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. ഇതിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, പഠിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിനുള്ള തന്ത്രങ്ങൾ, വിദ്യാർത്ഥികളുടെ പഠനഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.
തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 2024 ഒക്ടോബർ ഒന്നാം തീയതി നടന്ന വയോജന ദിനാചരണത്തിൽ പ്രായമായവർക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, അവയുടെ നിത്യജീവിതത്തിൽ ഉള്ള പ്രയോജനങ്ങളും പഠിപ്പിച്ചുകൊടുത്തു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടർ അറിവ് അനിവാര്യമാണെന്ന ബോധ്യത്തോടെ, വിദ്യാർത്ഥികളിൽ നിന്ന് കമ്പ്യൂട്ടർ അഭ്യസിക്കുന്നത് വയോജനങ്ങൾക്ക് പുതിയ അറിവുകൾ നേടാനുള്ള അവസരം ഒരുക്കി. ഇത് അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം വളർത്തി. മൗസ് ഉപയോഗിക്കൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഇ-മെയിൽ അയക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾ അവരെ പഠിപ്പിച്ചു.
സ്കൂൾതല ക്യാമ്പ്
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2024 ഒക്ടോബർ അഞ്ചിന് സ്കൂൾ ഐടി ലാബിൽ നടന്നു. രാവിലെ പത്തുമണിക്ക് സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ സുനിത എൻ എസ്, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസൈനിങ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾ ഐടി കോഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. ഓണം എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കി. ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിംഗ് വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തി.
ഉദ്ദേശ്യങ്ങൾ
ഓണത്തെ പ്രധാന തീമായി സ്വീകരിച്ച്, ക്യാമ്പിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. സ്ക്രാച്ച് ഉപയോഗിച്ച് ഓണാഘോഷത്തിനു യോജിച്ച ഓഡിയോ ബീറ്റുകൾ സൃഷ്ടിക്കൽ, ഓണത്തെ ആധാരമാക്കിയുള്ള കമ്പ്യൂട്ടർ ഗെയിമുകൾ രൂപകൽപ്പന ചെയ്യൽ, ഓപ്പൺ ടൂൺസ് ആനിമേഷൻ സോഫ്റ്റ്‌വെയർഉപയോഗിച്ച് അനിമേഷൻ ജിഫ് ചിത്രങ്ങൾ നിർമ്മിക്കൽ, പ്രമോഷണൽ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.
ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം
താളവാദ്യങ്ങളുടെ സാങ്കേതികതയെ കുറിച്ചുള്ള ധാരണ കൈവരിക്കുന്ന പ്രവർത്തനമായിട്ടാണ് ക്യാമ്പ് ആരംഭിച്ചത്. സ്ക്രാച്ചിൽ റിഥം കമ്പോസിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ തയ്യാറാക്കി.
അനിമേറ്റഡ് ചിത്രങ്ങൾ
വിദ്യാർത്ഥികൾ ഓണാശംസകൾ അടങ്ങിയ അനിമേറ്റഡ് ചിത്രങ്ങൾ തയ്യാറാക്കി. പൂക്കളമുള്ള പശ്ചാത്തലത്തിൽ ഒരു മരക്കൊമ്പിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ആടുന്ന കിളിയും, ഹാപ്പി ഓണം എന്ന എഴുത്തും, ഈ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ലളിതമായ അനിമേഷൻ സന്ദേശങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. കിളിയെ അനിമേഷൻ ചെയ്യുമ്പോൾ അതിന്റെ സ്ഥാനവും വലിപ്പവും മാറ്റാനുള്ള സാധ്യത വിദ്യാർത്ഥികളെ ആകർഷിച്ചു. ചിത്രത്തിന്റെ വലിപ്പം മാറ്റാനും ചിത്രം പൂർത്തിയാക്കാനുമുള്ള പ്രക്രിയ അവർക്ക് വളരെ രസകരമായി തോന്നി.
പ്രമോഷൻ വീഡിയോകൾ
പ്രേക്ഷകരിൽ ആശയങ്ങൾ വേഗത്തിൽ പകർത്താൻ പ്രമോഷൻ വീഡിയോകൾ സഹായിക്കുന്നു. ഈ സെക്ഷനിലെ പ്രവർത്തനം രണ്ടു ഘട്ടങ്ങളായി പൂർത്തിയാക്കി. ആദ്യം ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ നിർമ്മാണം നടത്തി. പിന്നീട് വിവിധ അസൈൻമെന്റുകൾ ചെയ്തു.
ഓണാഘോഷത്തെ അടിസ്ഥാനമാക്കി പശ്ചാത്തല സംഗീതം ഉൾപ്പെടുത്തിയ ഒരു അനിമേഷൻ വീഡിയോ വിദ്യാർത്ഥികൾ തയ്യാറാക്കി. മെനു ബാറിലെ അടിസ്ഥാന ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സൂര്യനെ കാണിക്കുന്ന പശ്ചാത്തല ചിത്രം കറക്കുന്നത്, ചിത്രങ്ങളെ വരിവരിയായി ക്രമീകരിക്കുന്നത്, മേഘങ്ങൾ ചലിക്കുന്നതും മരങ്ങൾക്ക് പിന്നിലായി കാണിക്കുന്നതും, ചിത്രത്തെ പകർത്തുന്നത്, ആനയെ അനിമേഷൻ ചെയ്യുന്നത്, ചിത്രം ആവർത്തിച്ച് കാണിക്കുന്നത്, പ്ലേ ബട്ടൺ ഉപയോഗിച്ച് അനിമേഷൻ കാണുന്നത്, ചിത്രം സേവ് ചെയ്യുന്നത് തുടങ്ങിയവ വിദ്യാർത്ഥികൾ പഠിച്ചു.
പൂവേപൊലി പൂവേ - ഗെയിം
വിദ്യാർത്ഥികൾ നാല് ഘട്ടങ്ങളിലൂടെയാണ് 'പൂവേപൊലി പൂവേ' എന്ന ഗെയിം പൂർത്തിയാക്കിയത്. പരിശീലനത്തിന് ആവശ്യമായ എല്ലാ ഫയലുകളും വിദ്യാർത്ഥികളുടെ കമ്പ്യൂട്ടറുകളിൽ നേരത്തെ തന്നെ കോപ്പി ചെയ്തിരുന്നു.
ലക്ഷ്യങ്ങൾ
വിദ്യാർത്ഥികളുടെ യുക്തിചിന്ത വളർത്തുക, പ്രോഗ്രാമിങ്ങിൽ അഭിരുചി വളർത്തുക, വിഷ്വൽ പ്രോഗ്രാമിംഗിലുള്ള കഴിവ് വിലയിരുത്തുക എന്നിവയായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ.
ഗെയിം
രണ്ടുപേർ ചേർന്ന് ഒരു ലാപ്ടോപ്പിൽ കമ്പ്യൂട്ടർ ഗെയിം കളിച്ചു. ഈ ഗെയിമിൽ രണ്ടു പൂക്കളം, സ്പ്രയിറ്റ് വിൻ ചെയ്യുന്ന മെസ്സേജ് തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു. ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ സ്വയം പ്രവർത്തനങ്ങൾ പൂർത്തിയാക്കി. അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് സ്ക്രാച്ചിൽ കോഡുകൾ, കോസ്റ്റ്യൂംഎന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു. സ്ക്രാച്ച് ത്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഉച്ചയ്ക്ക് ശേഷമുള്ള എല്ലാ പ്രവർത്തനവും നടന്നത്.
സോഫ്റ്റ്‌വെയറുകളിലെ കോഡുകൾ, കോസ്റ്റ്യൂം ആഡ് ചെയ്യുന്ന വിധം, ലേബൽ തയ്യാറാക്കുന്ന വിധം, റാൻഡമായി പൂക്കളുടെ പ്രത്യക്ഷപ്പെടൽ, പൂക്കളുടെ നിറം മാറ്റം, പൂക്കൾ ലഭിക്കുന്നതിന് അനുസൃതമായി മാറി വരുന്ന പൂക്കളം, ഇതുമായി എല്ലാം ബന്ധപ്പെട്ടു കോഡുകൾ ആഡ് ചെയ്യുന്ന വിധം, മെസ്സേജ് വോൺ ചെയ്യുന്ന ലേബൽ, പശ്ചാത്തല ചിത്രങ്ങൾ ചേർക്കുന്ന വിധം തുടങ്ങിയവ വിദ്യാർത്ഥികളിൽ കൂടുതൽ താല്പര്യം ജനിപ്പിച്ചു. പ്രോഗ്രാമിംഗ് ആനിമേഷൻ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അസൈൻമെന്റുകളും വിദ്യാർത്ഥികൾക്ക് നൽകി. ക്യാമ്പിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തവും, അസൈൻമെന്റിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ടാണ് സബ്ജില്ലാ സെലക്ഷൻ നടത്തുന്നത്.
വിദ്യാർത്ഥി മികവിന് പുരസ്‌കാരം
ലിറ്റിൽ കൈറ്റ്സ് 2023-ൽ 26-ാം ബാച്ചിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച വ്യവസായ സന്ദർശനത്തിൽ ഏറ്റവും മികച്ച റിപ്പോർട്ട് തയ്യാറാക്കിയതിന് നിരഞ്ജന എ.യ്ക്ക് 2024 നവംബർ 13-ന് ലിറ്റിൽ കൈറ്റ്സ് അനുമോദന ചടങ്ങിൽ അവാർഡ് നൽകി. ഈ അവാർഡ് പത്തനംതിട്ട ജില്ലയിലെ കൈറ്റ് മുൻ ജില്ലാ കോർഡിനേറ്റർ സോണി പീറ്റർ വിതരണം ചെയ്തു.
ഇ -ഗ്രാമം പ്രോജക്റ്റ്
ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ടി. ടോജി സ്കൂളിന്റെ ദീർഘകാല ഇ-ഗ്രാമം ഐടി സാക്ഷരതാ പ്രോജക്റ്റ് 2024 നവംബർ 13ന് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഇ-ഗ്രാമം. ഗ്രാമീണ ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക, ഗ്രാമങ്ങളിൽ സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുക, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമങ്ങളെ വികസിപ്പിച്ചെടുക്കുകയും, ഗ്രാമീണ ജനങ്ങളുടെ ജീവിതം സുഖകരമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2023-26 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു.