എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ

പ്രവേശനേൽസവം

2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ .സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക കെ സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അതാത് ക്ലാസധ്യാപകർ 11 മണിക്ക് WhatsApp Online / Google meet സംവിധാനത്തിലൂടെ ഒത്തുകൂടുകയും ,പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ ആശംസ കാർഡിലൂടെ വരവേൽക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ സന്ദേശ വീഡിയോ ഓരോ ക്ലാസുകളിലും നൽകി. തുടർന്ന് ക്ലാസധ്യാപകരെ പരിചയപ്പെടുത്തുകയും, കുട്ടികൾ പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

കോവി ഡ് കാലഘട്ടത്ത് ,വിദ്യാർഥികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ, വീട്ടിൽ ഇരുന്നു തന്നെ വിദ്യാലയ പ്രതീതി സൃഷ്ടിച്ചു കൊണ്ട് ....വലിയ കൂട്ടായ്മയിൽ ഈ അധ്യയന വർഷത്തെ പ്രവേശന ഉത്സവവും വിദ്യാരംഭവും നടത്തി

ലോക പരിസ്ഥിതി ദിനം 2021 ജൂൺ 5


🌱 നല്ലൊരു നാളെക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണം 🌱

"Re imagine-Recreate-Restore-Together" 🌿🌿🌿🌿🌿🌿🌿🌿🌿 നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണ ഉറപ്പുവരുത്തുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു . ആവാസ വ്യവസ്ഥകൾക്ക് ഏറെ കരുതൽ നൽകേണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.കാരണം ധാരാളം പാരിസ്ഥിതിക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി ഇന്ന് . വെള്ളപ്പൊക്കം , പേമാരി , ചൂട് , ഭൂകമ്പങ്ങൾ , ഹിമ താപം ,  മലിനീകരണം എന്നിവ പ്രവചനാതീതമായി ഈ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നു.ഇവയെല്ലാം വളരെ വലിയതോതിൽ ജനജീവിതത്തെയും ബാധിക്കുന്നു. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് . 1972 ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത് . മരങ്ങളും കാടുകളും സംരക്ഷിക്കുക , വനപ്രദേശങ്ങൾ വിപുലീകരിക്കുക , ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം . ഓരോ വർഷവും ഓരോ സന്ദേശത്തോടെ ആണ് ഈ ദിനം ആഘോഷിക്കുന്നത് . " പരിസ്ഥിതി പുനസ്ഥാപനം " എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.ഇത് സാധ്യമാകുന്നത് മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമാണ് . നാം ശ്വസിക്കുന്ന വായു , നമ്മൾ കഴിക്കുന്ന ഭക്ഷണം , കുടിവെള്ളം , നമ്മൾ താമസിക്കുന്ന ആവാസവ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് നൽകിയിട്ടുണ്ട് . അതിനാൽ അവയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ് . പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് പരിസ്ഥിതിദിനത്തിൽ മാത്രമായി ചുരുക്കാതെ എല്ലാദിവസവും ആയി വിപുലീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതല തന്നെയാണ് . അതിനായി കൈകോർക്കാം കൈപിടിച്ചുയർത്താൻ നമ്മുടെ പരിസ്ഥിതിയെ നല്ലൊരു നാളെക്കായി ...പുതു തലമുറയിലേക്കാണ് ഈ സന്ദേശം കൈമാറപ്പെടേണ്ടത്.. അതുകൊണ്ടു തന്നെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് ഓൺ ലൈൻ സംവിധാനത്തിലൂടെയാണെങ്കിലും വളരെ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.

ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനമിത്ര അവാർഡ് ജേതാവ് ശ്യാംകുമാർ തേങ്കുറുശ്ശി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു നൽകി. ഓരോ കുട്ടിയും ഒരു ചെടിയെങ്കിലും നടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും വീട്ടിൽ വരുന്ന ജീവ ജാലങ്ങൾക്ക് തീറ്റയും വെള്ളവും നൽകി ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചതിനെകുറിച്ചും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രധാന അധ്യാപകൻ എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

വായനദിനം[1] 2021 ജൂൺ 19

പി എൻ പണിക്കരുടെ[2] ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ വഴി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു വായനയുടെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കാൻ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ : ജൂൺ 19: സാഹിത്യ ക്വിസ് ജൂൺ 20: വായനാമത്സരം ജൂൺ 21: ആസ്വാദനക്കുറിപ്പ് അവതരണം ജൂൺ 22: പോസ്റ്റർ രചന ജൂൺ 23: ചിത്രത്തിന് അടിക്കുറിപ്പ് നൽകൽ ജൂൺ 24: പുസ്തക പരിചയം ജൂൺ 25:പ്രസംഗമത്സരം "വായനയും വളരുന്ന ലോകവും"

ഒന്നാം ദിവസം

2021 - 22 അധ്യായന വർഷത്തെ വായനാദിന പരിപാടികൾ ജൂൺ 19 ന് 11 AM ന് പ്രമുഖ പത്രപ്രവർത്തകൻ പി.ആർ സഞ്ജയ് ഉദ്ഘാടനം ചെയ്തു. മുംബൈയിൽ പത്രപ്രവർത്തകനും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂബെർഗിൽ റിപ്പോട്ടറുമായ ഇദ്ദേഹം കുട്ടികളിൽ കളി കവിത എഴുത്ത് നാടകം തുടങ്ങിയവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്ത് മയിൽപീലി ക്യാമ്പുകൾ വിജയകരമായി നടത്തിവരുന്നു. നാലു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത ഈ ക്ലാസ്സിൽ രസകരമായ വായന അനുഭവങ്ങളിലൂടെയും കഥകളിലൂടെയും വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാനും വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു ഉയർത്തുവാനും സഹായകരമായ ക്ലാസുകൾ ആയിരുന്നു. മാത്രമല്ല കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന സെഷനും ഉൾപ്പെടുത്തി വളരെ വിജയകരമായി പരിപാടി പര്യവസാനിച്ചു.

രണ്ടാം ദിവസം

പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കെ കെ പല്ലശ്ശനയായിരുന്നു വായനാവാരാചരണത്തോടനുബന്ധിച്ചുള്ള രണ്ടാം ദിനത്തെ ക്ലാസ്സ് നയിച്ചത്. യുവതലമുറയിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയും ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. എങ്ങനെ ഒരു നല്ലവായനക്കാരാവാമെന്നുള്ളതും പുസ്തകത്താളുകളിലെ പുതുലോകം വായനക്കാരിൽ ഉണ്ടാക്കുന്ന വ്യത്യസ്ത അനുഭവങ്ങളെ കുറിച്ചും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. ഗ്രന്ഥശാല പ്രസ്ഥാനത്തിന് വേണ്ടി ജീവിതം മാറ്റിവച്ച പി എൻ പണിക്കരുടെ ജീവിതരേഖ വിശദീകരിച്ചു. പിന്നീട് സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് രണ്ടാം ദിന ആഘോഷങ്ങൾക്ക് പര്യവസാനം കുറിച്ചു.

തുടർന്നുള്ള ഓരോ ദിവസങ്ങളിൽ കുട്ടികൾക്കായി കഥാരചന,കവിതാ രചന,ഉപന്യാസ രചന,വായനാ മത്സരങ്ങൾ എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫക്കറ്റ് നൽകുകയും ചെയ്തു.

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. സതീഷ് പി.കെ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് എക്സൈസ് ആൻഡ് ആൻറി നാർക്കോട്ടിക് സ്ക്വാഡ് പാലക്കാട് ) ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് വഴിനടത്തി. ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് ക്ലാസിന് പര്യവസാനം കുറിച്ചു . ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ജൂലൈ

ജൂലൈ 5 ബഷീർ ചരമ ദിനം

ജൂലൈ 5 ബഷീർ ദിനാഘോഷം വിപുലമായ പരിപാടികളോടെ നമ്മുടെ വിദ്യാലയം ആഘോഷിച്ചു. അധ്യാപകനും എഴുത്തു കാരനുമായ ടി പി പൗലോസ് പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ബഷീർ[3] എന്ന സാഹിത്യകാരന്റെ ജീവിതരേഖ വിവരിച്ചു നൽകുകയും, ബഷീർ കൃതികളുടെ വീഡിയോ അവതരണവും വിദ്യാർഥികൾക്കായി ഒരുക്കി. തുടർന്ന് വിദ്യാർത്ഥികളോട് അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താനും ആവശ്യപ്പെട്ടു. "വീട്ടിലൊരു ലൈബ്രറി" എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി അദ്ദേഹത്തിൻറെ പുസ്തകശേഖരം (വീട്ടിലെ ലൈബ്രറി) പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിജ്ഞാനപ്രദവും മാതൃകാപരവുമായ ഈ ക്ലാസോടുകൂടി ബഷീർ ദിനാഘോഷം പര്യവസാനിച്ചു.

CPTA

ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസിലെ സി പി ടി എ യോഗം വാട്സ്ആപ്പ് ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്.സി.പി.ടി.എ യോഗത്തിൽ സ്വാഗതം, അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ക്ലാസ് അധ്യാപകരാണ്. സ്കൂൾ എച്ച്.എം. വേണുഗോപാലൻ, പി ടി എ പ്രസിഡണ്ട് മാധവൻ അവർകൾ എന്നിവരാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. വിക്ടേഴ്സ് ക്ലാസ് ചർച്ച, വാട്സാപ്പ് ഓൺലൈൻ ക്ലാസ് , കുട്ടികളുടെ പഠന പുരോഗതി നിലവാരം എന്നിവ , രക്ഷിതാക്കളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവയായിരുന്നു സി.പി.ടി.എ യിൽ പ്രധാന അജണ്ട. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ അധ്യായനം നഷ്ടപ്പെടാത്ത രീതിയിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് വിദ്യാലയം നടത്തിവരുന്നത് എന്നതിനെക്കുറിച്ചും ഓൺലൈൻ ക്ലാസ് കൂടുതൽ മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും എച്ച്.എം വിശദീകരിച്ചു .നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നുണ്ടെന്നും കുട്ടികൾക്ക് വേണ്ട പിന്തുണ നൽകുന്നുണ്ടെന്നും പി.ടി.എ പ്രസിഡന്റ് പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ ഫലപ്രദമാകും വിധം മുന്നോട്ട് പോകുന്നുണ്ടെന്നും സ്വയം വിലയിരുത്തൽ നടത്തണം എന്ന് എല്ലാ രക്ഷിതാക്കളും അഭിപ്രായം പറഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ നിർദേശങ്ങൾ പരിഗണിച്ച് സ്വയം വിലയിരുത്തൽ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും ഓൺലൈൻ മികവാർന്ന രീതിയിൽ തുടർന്ന് കൊണ്ടുപോകുന്നതിനും ക്ലാസ് സമയങ്ങളിൽ പൂർണ്ണ പങ്കാളിത്തം വേണമെന്നും ക്ലാസ് അധ്യാപകർ മറുപടി പ്രസംഗത്തിൽ വിശദമാക്കി.മീറ്റിങ്ങിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടികൾക്ക് പര്യവസാനം കുറിച്ചു.75 ശതമാനം രക്ഷിതാക്കൾ സി.പി.ടി.എ യോഗത്തിൽ പങ്കെടുത്തു.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്ര ദിനത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ വഴിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തികളെക്കുറിച്ചും ആദ്യ ചന്ദ്രയാത്ര പേടകത്തെക്കുറിച്ചും പരിചയപ്പെടുത്തി. ചന്ദ്രൻറെ പ്രത്യേകതകളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.തുടർന്ന് ചാന്ദ്രദിന ക്വിസ്, പോസ്റ്റർ, ചാന്ദ്രദിനപതിപ്പ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ഓഗസ്റ്റ്

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം[4] വിവിധ പരിപാടികളോടെ യാണ് നമ്മുടെ വിദ്യാലയത്തിൽ ആഘോഷിച്ചത്.സ്കൂളില പതാക ഉയർത്തൽ ചടങ്ങ് ഗൂഗിൾ മീറ്റ് വഴി ലൈവായി കാണാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അതോടൊപ്പം തന്നെ പ്രാർത്ഥന, പ്രതിജ്ഞ, പ്രസംഗം, പതാകഗാനം, എന്നീ പരിപാടികൾ കുട്ടികൾ ഓൺലൈൻ വഴി അവതരിപ്പിച്ചു. തുടർന്ന് എച്ച് എം, മാനേജ്മെൻറ് അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, വാർഡ് മെമ്പർ എന്നിവർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗിക്കുകയും നാളത്തെ നല്ല പൗരന്മാരായി വളർന്നു നാടിന് അഭിമാനമാകാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം എന്നിവ ഓൺലൈൻവഴി അവതരിപ്പിച്ചു.വിജ്ഞാനപ്രദവും സർഗ്ഗാത്മകത ഉണർത്തുന്നതുമായ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാന മത്സരങ്ങൾ ആയി സംഘടിപ്പിക്കുകയും ചെയ്തു. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

ഓണാഘോഷം

ചിങ്ങം പിറന്നു കഴിഞ്ഞാൽ പിന്നെ മലയാളികൾ ഓണത്തിനുള്ള കാത്തിരിപ്പാണ്. ഐശ്വര്യത്തിൻറെയും സമ്പൽ സമൃദ്ധിയുടേയും ആഘോഷമാണ് ഓണം.മലയാളിയുടെ ഒത്തൊരുമ സ്ഥിതികരിക്കുന്ന ഒരു നാടിൻറെ മുഴുവൻ ഉത്സവമാണ് ഓണം. ഈ വർഷത്തെ ഓണം കൊറോണ വൈറസ് എന്ന മഹാമാരിയുടെ നടുവിലാണ്. അതുകൊണ്ടുതന്നെ ഓണത്തിന് അല്പം നിറപ്പകിട്ട് കുറവായിരിക്കും എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചൊല്ല് നമുക്കോർക്കാം. മലയാളികളുടെ ദേശീയോത്സവമാണ് ഓണം എന്ന ആശയം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുവേണ്ടി വിദ്യാലയത്തിൽ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു.

ശാസ്ത്രരംഗം

ശാസ്ത്രരംഗം പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് ശാസ്ത്രലോകം. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക, കപട ശാസ്ത്രങ്ങൾക്കതിരെ പ്രചാരണം നടത്താനുള്ള ബോധം വളർത്തിയെടുക്കുക, ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തി നമ്മുടെ വിദ്യാലയം ശാസ്ത്രരംഗം പദ്ധതിക്ക് രൂപം നൽകി. 28/08/21 ശനിയാഴ്ച 6 30 ന് സുരേഷ് എഴുവന്തല ഓൺലൈൻ വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി രസകരമായ ഒരു ശാസ്ത്രപരീക്ഷണം നൽകിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. ശാസ്ത്രബോധം, ശാസ്ത്രാഭിരുചി, ഗവേഷണ മനോഭാവം എന്നിവയിലൂന്നിയ പരീക്ഷണ പ്രാധാന്യമുള്ള നല്ലൊരു ക്ലാസ് ആയിരുന്നു. തുടർ പ്രവർത്തനമായി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ നിഗമനങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു. ശാസ്ത്ര ലക്ഷ്യങ്ങൾ പൂർണമായും കുട്ടികളിലെത്തിക്കാൻ സഹായകമായ നല്ലൊരു ക്ലാസ്സ്

സെപ്തംബർ

അധ്യാപക ദിനാഘോഷം[5]

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അധ്യാപക ദിനാഘോഷം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. നിരവധി പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി. പൂർവ്വ വിദ്യാർത്ഥിയും, GMVHSS ലെ Rtd.H.M ആയ രാഘവൻകുട്ടി മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വെളിച്ചമായി നടന്ന് നമുക്ക് വഴികാട്ടിയായ എല്ലാ അധ്യാപകരേയും ഈ ദിനത്തിൽ ഓർക്കാം എന്നും ,വിദ്യ പകർന്നു തരുന്നവരാരോ അവർ അധ്യാപകരാണ്, അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ്നമുക്കുള്ളത് എന്നും ശില്പികളായ അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാ അധ്യാപകരേയും എന്നും ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യാം എന്ന് ആശംസിച്ചു.എസ്.ബി.എസിലെ വിരമിച്ച പ്രധാനാധ്യാപകരായ സേതുമാധവൻ മാസ്റ്റർ, ആനന്ദവല്ലി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു . സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി അറിയിച്ചുകൊണ്ട് അധ്യാപകദിന ആഘോഷത്തിന് പര്യവസാനം കുറച്ചു .

മറ്റു പ്രവർത്തനങ്ങൾ

ഒക്ടോബർ

ഗാന്ധിജയന്തിദിനം

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നമ്മുടെ വിദ്യാലയം ആഘോഷിച്ചത് കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ ഗാന്ധി വേഷം, ഗാന്ധിവചനങ്ങൾ , ചിത്രം വരയ്ക്കൽ, ഗാന്ധി പതിപ്പ് തയ്യാറാക്കൽ, ഗാന്ധി കവിതകൾ, ഗാന്ധി ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

പിടിഎ ജനറൽ ബോഡി യോഗം

അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും, വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമുള്ള നല്ലൊരു രക്ഷാകർത്തൃസംഘടന നമ്മുടെ വിദ്യാലയത്തിലുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളുടെ കരുത്തും ഊർജ്ജവുമായ ഈ ശക്തി , വിദ്യാർത്ഥികളുടെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

2021 22 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർത്താക്കളുടെ ഒരു സംയുക്ത യോഗം 20-10-21 വൈകുന്നേരം 6 മണിക്ക് ഓൺലൈൻ വഴി സംഘടിപ്പിച്ചു. 80 % രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. ഈ വർഷത്തെ പിടിഎ പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് ,പിടിഎ അംഗങ്ങൾ ,MPTA അംഗങ്ങൾ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് -വിനീത്.എൻ

വൈസ് പ്രസിഡണ്ട് -രവീന്ദ്രൻ

MPTA പ്രസിഡണ്ട് -രജിത

MPTA വൈസ് പ്രസിഡണ്ട് - നിഷ

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാർഥികളും രക്ഷിതാക്കളും പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് അധ്യാപകരായ സതീഷ് മാഷ് ,മോഹനൻ മാഷ് എന്നിവർ ക്ലാസെടുത്തു.തുടർന്നുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് പ്രധാനാധ്യാപകൻ മറുപടി നൽകി.

*Reaching out to students program..( ISRO

*ആയുർ സൗഖ്യ ക്ലാസ്സ്

നവംബർ

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട രണ്ടു വർഷക്കാലം കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ഒതുങ്ങി കിടക്കുകയായിരുന്നു. പഠനകാലം കുട്ടികളിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒളിച്ചു വെക്കാൻ കഴിയാത്ത ഒരു സത്യമാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉള്ള സാഹചര്യം ഒരുക്കി മുന്നോട്ടുപോകാൻ നമ്മുടെ വിദ്യാലയത്തിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ഈ കാലയളവിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരുപാട് തിരിച്ചറിവുകളിലൂടെ ഡിജിറ്റൽ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ ലോകം മെനയുന്നതോടൊപ്പം ചുറ്റുപാടുകളെ അറിഞ്ഞും നിറഞ്ഞും കൊണ്ടുപോകാൻ കുട്ടികൾക്ക് കഴിയണം. അതിനായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.സ്കൂൾ തുറക്കുന്നതോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ ക്കായി 11/10/2021 എസ്. ആർ.ജി യോഗം ചേർന്ന് ചർച്ചകൾ നടന്നു. അവലോകനം നടത്തി തീരുമാനങ്ങളെടുത്തു.കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെട്ട സമ്മാന പൊതി നൽകിയും മധുരം നൽകിയും സ്വീകരിച്ചു .വിശദമായി

കേരള പിറവി ദിനം

കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ ദിവസങ്ങൾക്കു ശേഷം നമ്മുടെ കുരുന്നുകൾ തിരികെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നത് നവംബർ 1 കേരളപ്പിറവി[6] ദിനത്തിലാണ്.കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ ഈ ദിനം ആഘോഷിച്ചു.

കേരളം പിറന്ന അതിനെക്കുറിച്ചും കേരളത്തിൻറെ സവിശേഷതകൾ ജില്ലകൾ പാലക്കാടിനെ പ്രത്യേകത കേരളത്തിൻറെ ഔദ്യോഗിക പക്ഷി മൃഗ ഫലം എന്നിവ ഉൾപ്പെട്ട വീഡിയോ പ്രദർശനം നടത്തി.ചിത്രരചന, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ശിശു ദിനം[7]

നവംബർ 14 ശിശു ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നമ്മുടെ വിദ്യാലയം ആഘോഷിച്ചത്. ശിശുദിന പോസ്റ്റർ നിർമ്മാണം, (നെഹ്റു) ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ , ശിശുദിനപ്രസംഗം, പ്രച്ഛന്നവേഷം ( ചാച്ചാജി ),തൊപ്പി നിർമാണം, ശിശുദിനക്വിസ് തുടങ്ങി നിരവധി മത്സരങ്ങൾ ക്ലാസടിസ്ഥാനത്തിൽ നടത്തുകയും, വിജയികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ഡിസംബർ

ഡിസംബർ 3-ലോക ഭിന്നശേഷി ദിനം

ഐക്യരാഷ്ട്രസഭ 1992 മുതൽ എല്ലാ വർഷവും ഡിസംബർ 3 ലോകമെമ്പാടും ലോക ഭിന്നശേഷി ദിനാചരണമായി ആഘോഷിക്കുന്നു.അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിക്കുകയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ദിനാചരണത്തിൽ അറിയപ്പെടുന്നത്. ഈ വർഷത്തെ ലോക ഭിന്നശേഷി ദിന വിഷയം " കോവിഡ്-19 ശേഷം ഉള്ള ലോകത്തിൽ വൈകല്യമുള്ളവരുടെ നേതൃത്വം, പങ്കാളിത്തം ഇനി ഉറപ്പാക്കുക നിലനിർത്തുക " എന്നതാണ്.

ഈ വർഷത്തെ ഭിന്നശേഷി ദിനാചരണം വളരെ വിപുലമായാണ് ആഘോഷിച്ചത്. IEDC അധ്യാപികയായ രാഖി , സ്കൂളിലെ മറ്റ് അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും, അവർക്ക് മധുരപലഹാരങ്ങളും , സമ്മാനങ്ങളും നൽകുകയും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു.കുട്ടികൾക്കായി വിദ്യാലയത്തിൽ പോസ്റ്റർ രചന, ചിത്രം വരയ്ക്കൽതുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരെയും ചേർത്തു പിടിക്കാൻ ഈ ഭിന്നശേഷി ദിനം നമ്മെ ഓർമ്മപ്പെടുത്തുകയാണ്.


ക്രിസ്തുമസ് ദിനാഘോഷം

നമ്മുടെ വിദ്യാലയത്തിൽ 23/12/21 വ്യാഴാഴ്ച ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ക്രിസ്തുമസ് നക്ഷത്രം നിർമ്മാണം ,ആശംസ കാർഡ് നിർമ്മാണം, ക്രിസ്മസ് സമ്മാനങ്ങൾ കൈമാറ്റം ,പ്രസംഗം തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലാസ്സ് അടിസ്ഥാനത്തിൽ നല്ല പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം അധ്യാപകർ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് വിതരണം നടത്തി.

ജനുവരി

റിപ്പബ്ലിക്ക് ദിനം

രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി,ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾ അവസാനിച്ചു.തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ക്ലാസ് അടിസ്ഥാനത്തിൽ പ്രസംഗം, പോസ്റ്റർ നിർമ്മാണം, പതാക നിർമാണം, ദേശഭക്തിഗാനാലാപനം, ആശംസ കാർഡ് നിർമ്മാണം, തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി

ക്ലാസ്സ് പി.ടി.എ

ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസിലെ സി പി ടി എ യോഗം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത് .രണ്ട് ദിവസങ്ങളിലായാണ് സി പി ടി എ നടത്തിയത് എച്ച് എം വേണുഗോപാലൻ മാസ്റ്റർ സി പി ടി എ യോഗം ഉദ്ഘാടനം ചെയ്തു.

കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ, കൈറ്റ് വിക്റ്റേഴ്സ് ക്ലാസ് , സ്കൂൾ ഓൺലൈൻ ക്ലാസ്സ് , പഠനപ്രവർത്തനങ്ങൾ വിലയിരുത്തൽ , രക്ഷിതാക്കളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന അജണ്ടകൾ .

ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ നടന്ന യോഗത്തിൽ കുട്ടികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ,വിക്ടേഴ്സ് ക്ലാസ് ,സ്കൂൾ ഓൺലൈൻ ക്ലാസ് , എന്നിവയിലെ കുട്ടികളുടെ അറ്റൻഡൻസ് , പഠനപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചും ,രക്ഷിതാക്കൾക്ക് അവബോധം നൽകി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സുരക്ഷിതരായി വീട്ടിൽ ഇരിക്കുവാനുള്ള സുരക്ഷാ മാർഗങ്ങളെക്കുറിച്ചും യോഗത്തിൽ ക്ലാസ് അധ്യാപകർ വിവരിച്ചു.

ഫെബ്രുവരി

ഉല്ലാസ ഗണിതം 05-02-2022

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിഒന്ന് ,രണ്ട് ക്ലാസുകളിൽ ഗണിതത്തിന്റെ അടിസ്ഥാന ധാരണകൾ ഉറപ്പുവരുത്തുന്നതിനു വേണ്ടി ഉല്ലാസഗണിതം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു .

ഒന്നാംതരത്തിലെ എല്ലാ കുട്ടികൾക്കും ഗണിതത്തോട് ഇഴുകിച്ചേരാൻ മുത്തുകൾ, സ്‌മൈലി ബോളുകൾ, ബഹുവർണ ടോക്കണുകൾ, ചിത്രകാർഡുകൾ, സങ്കലന വ്യാഖ്യാന കാർഡുകൾ, ഗെയിം ബോർഡുകൾ, ഡൈസുകൾ തുടങ്ങി ആകർഷകമായ പഠനോപകരണങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഗണിതാശയങ്ങൾ കൂട്ടുകാരോടൊപ്പം കളിച്ചുപഠിക്കാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്. ഇതിനാവശ്യമായ പഠന കിറ്റുകൾ നൽകി. കുട്ടികൾക്ക് സ്വയം പഠിക്കാൻ അവസരമൊരുക്കുകയും ഗണിതശേഷികൾ പൂർണമായും ആർജിക്കാൻ വഴിയൊരുക്കുകയുമാണ് ഉല്ലാസഗണിതം.

ഈ വർഷത്തെ ഉല്ലാസഗണിതം 5/2/22ശനിയാഴ്ച ആഴ്ച വൈകുന്നേരം 6 മണിക്ക് ഓൺലൈൻ വഴി സി. ചന്ദ്രൻ (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. ആസ്വാദ്യകരമായ രീതിയിൽ ഗണിതം അവതരിപ്പിക്കുക, സ്നേഹിക്കുക എന്നതാണ് ഗണിതപഠനം ഫലപ്രദമാകുന്നത് ഉള്ള അടിത്തറ എന്ന സമീപനമാണ് ഉല്ലാസഗണിതം പരിപാടി ഉയർത്തിപ്പിടിക്കുന്നത്.ഒരു കുട്ടിയുടെയും ഗണിതാശയ രൂപീകരണ പ്രക്രിയ പ്രധാനമാണ്.ഗണിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗണിതാശയ രൂപീകരണത്തിന് അവസരം ലഭിക്കുമ്പോൾ കുട്ടി വരുത്തുന്ന തെറ്റുകൾ ചൂണ്ടിക്കാണിച്ച് ശരിയായ രീതിയിൽ കാണിച്ച് തൽസമയം തിരുത്തുന്നതിനു പകരം മറ്റു കുട്ടികളുടെ ചിന്ത കൂടി പ്രയോജനപ്പെടുത്തി തിരിച്ചറിവോടെ തിരുത്താൻ അവസരം നൽകുന്നു കുട്ടിക്ക് ആത്മവിശ്വാസമുള്ള ക്രിയാരീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്.ഈ കാര്യങ്ങൾ അധ്യാപികയായ ഗുരു പ്രഭ ടീച്ചർ വിശദീകരിച്ചു.തുടർന്നുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് പ്രധാനധ്യാപകൻ മറുപടി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി അറിയിച്ചു കൊണ്ട് പരിപാടി അവസാനിപ്പിച്ചു. തുടർന്ന് ക്ലാസ്സ് അടിസ്ഥാനത്തിൽ ഗണിത പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുക്കുകയും, പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിലാക്കി നൽകി വരുന്നു.

ഗണിത വിജയം

വിദ്യാലയത്തിലും വീട്ടിലും ഒരുപോലെ ഗണിത പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് പ്രചോദനം നൽകുന്ന ഗണിത വിജയം പരിപാടി 3, 4 ക്ലാസിൽ നടപ്പാക്കി. ഗണിതപഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിവരുന്ന പഠന പരിപോഷണ പരിപാടിയാണ് ഗണിതവിജയം, ഗണിതോത്സവം തുടങ്ങിയവ. ആസ്വാദ്യകരമായ രീതിയിൽ കുട്ടികൾക്ക് ഗണിതം അവതരിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകർഷകമായ നിരവധി പ്രവർത്തനങ്ങളുമായാണ് ഗണിത വിജയം പദ്ധതിക്ക് തുടക്കമായത്. എല്ലാ ഗണിത പ്രവർത്തനങ്ങളും പഠനോപകരണങ്ങൾ ഉപയോഗിച്ച് ചെയ്യുമ്പോൾ ആഴത്തിൽ ഉറപ്പിച്ചുനിർത്താൻ സഹായിക്കുന്നു.

പ്രീപ്രൈമറി പ്രവേശനോത്സവം

കൊറോണ മഹാമാരിയെ തുടർന്ന് നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 2022 ഫെബ്രുവരി 21 മുതൽ സർക്കാർ നിർദേശപ്രകാരം മുഴുവൻ കുട്ടികളെയും വിദ്യാലയത്തിൽ എത്തിച്ചേർന്നുള്ള ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.

പ്രീ പ്രൈമറി വിദ്യാർഥികൾക്കായി ക്ലാസുകൾ അലങ്കരിച്ചു കൊണ്ടാണ് പ്രവേശനോത്സവം നടത്തിയാണ് കുട്ടികളെ വരവേറ്റത്.തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി വിവിധ കലാപരിപാടികളോടെ പ്രവേശനോത്സവം അവസാനിപ്പിച്ചു.

മാതൃഭാഷാദിനം 21-02-2022

മലയാള വാക്കുകളുടെ ഓലത്തുമ്പത്തൂയലാടി….. പാലക്കാട് ഓലശ്ശേരിയിലെ കുട്ടികൾ

“ആരാണ് ഈ ഭിഷഗ്വരൻ? [8] വിഷ്ണുക്രാന്തി[9] എന്നൊരു പൂവുണ്ടോ?” പാലക്കാട് ഓലശ്ശേരിയിലെ പള്ളിക്കൂടത്തിലെ അഞ്ഞൂറോളം ചിരപരിചിതമല്ലാത്ത മലയാള പദങ്ങൾ കുഞ്ഞു ചാർട്ടിൽ തൂങ്ങുന്നത് കണ്ടപ്പോൾ ഒരു മൂന്നാം ക്ലാസ്സുകാരി തലയിൽ ചെറിഞ്ഞ് അധ്യാപികയോട് ചോദ്യമെറിഞ്ഞു.

ഉത്തരം പറയും മുമ്പെ അടുത്ത ചോദ്യവുമായി മറ്റൊരു ഏഴാം ക്ലാസ്സുകാരന്റെ കുസൃതി….

“ടീച്ചറെ, ഞങ്ങളേയും തേയില സത്ക്കാരത്തിന് ക്ഷണിക്കുമോ? രാത്രിയായാൽ കമ്പ്രാന്തൽ കൊളുത്തി പോകാം.”

മറുപടിക്ക് കാക്കും മുമ്പ് അടുത്ത മലയാള പദങ്ങൾ തേടി അവർ ഓടിപ്പോയി. മാതൃഭാഷാദിനത്തിൽ കുട്ടികളിൽ കൗതുകമുണർത്തി 500 ൽ കൂടുതൽ മലയാള പദങ്ങൾ ഒരുക്കി പാലക്കാട് ജില്ലയിലെ എസ്.ബി എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾക്കാണ് കണ്ണിനും മനസ്സിനും ബുദ്ധിക്കും വിരുന്നേകിയ രംഗങ്ങൾ കാണാൻ കഴിഞ്ഞത്. മറക്കാതിരിക്കാം അമ്മ മലയാളം എന്ന ലക്ഷ്യവുമായി ഉത്സഹാഭരിതരായ അധ്യാപകർ അഞ്ഞൂറോളം മലയാള പദങ്ങൾ കുഞ്ഞു ചാർട്ടുകളിൽ തൂക്കിയപ്പോൾ അവരും കരുതിയില്ല കുരുന്നുകളുടെ കൗതുകം കാക്കത്തൊള്ളായിരമാവുമെന്ന്.

“ഇങ്ങിനെയും മലയാള പദമുണ്ടോ?”മാതൃ ഭാഷ ദിനത്തിൽ പൂർണതോതിൽ വിദ്യാലയത്തിൽ എത്തിയ കുരുന്നുകളുടെ ചുണ്ടുകളിലാകെ തത്തിക്കളിച്ചത് ഈ ചോദ്യമാണ്. ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷ മാതൃഭാഷയാണെന്നും അവയെ ഉപയോഗിക്കുന്നത് ആത്മാഭിമാനത്തിൻ്റെ പ്രകാശനവുമായാ ണെന്ന് തിരിച്ചറിവാണ് അധ്യാപകരെ ഇത്തരമൊരു ഉദ്യമത്തിലേക്കെത്തിച്ചത്.

ഗുഡ് മോണിംഗിൽ തുടങ്ങി വാഷ് റൂം കയറി ബസ്സിൽ യാത്ര ചെയ്ത് ഫോണിൽ കളിച്ച് ഗുഡ് നൈറ്റിൽ അവസാനിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃഭാഷ സ്വാതന്ത്ര്യവും ശക്തിയുമാണെന്ന് തിരിച്ചറിയിപ്പിക്കുന്നതായിരുന്നു ഓലശ്ശേരിയിലെ പരീക്ഷണം.

ഭാഷ അന്യം നിന്ന് പോകുന്ന ഈ ഡിജിറ്റൽ യുഗത്തിൽ നാം അറിയാതെ മലയാളം വാക്കുകളെ മറന്നു പോകുന്നുവെന്ന കണ്ടെത്തലിലൂടെയാണ് ഇങ്ങനൊരാശയം ഉരുത്തിരിഞ്ഞത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് പദങ്ങളുടെയും മലയാളഅർത്ഥം നമ്മുടെ കുട്ടികൾക്ക് പരിചിതമല്ല എന്ന തിരിച്ചറിവ് അധ്യാപകരെ അലോസരപ്പെടുത്തിയിരുന്നു.

മറ്റേത് ഭാഷയേക്കാളും എറ്റവും പദസമ്പന്നമായ ഭാഷ മലയാളമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓലശ്ശേരി സ്ക്കൂൾ തീർത്ത അക്ഷരമുറ്റങ്ങൾ.

“തിരശ്ശീല]യും”[10], “ ചിമ്മിനിയും”[11], “ക്ഷണപത്രികയും ” വായിച്ച് വല്ലാത്ത ഒരാവേശത്തോടെയാണ് കുട്ടികൾ പിരിഞ്ഞത്.

ഏറ്റവും കൂടുതൽ പദങ്ങൾ കണ്ടെത്തിയ കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും വിതരണം ചെയ്തു.

വായനാചങ്ങാത്തം

സ്വതന്ത്ര വായനശീലമാക്കുന്നതിനു വേണ്ടി വായന ചങ്ങാത്തം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. 23/02/22 ബുധനാഴ്ച വൈകുന്നേരം 6മണിക്ക് ഓൺലൈൻ വഴി Dr.s സുജ ഉദ്ഘാടനം ചെയ്തു.എല്ലാ കുട്ടികളെയും മാതൃഭാഷയിൽ എഴുതാനും വായിക്കാനും കഴിവുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിടുന്നത് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ വ്യക്തമാക്കി.സ്വതന്ത്ര വായന പരിപോഷണവും കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്കും അവരിൽ രചനാപരമായ സാമഗ്രികൾ വികസിപ്പിക്കുന്നതിനും കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയം ഏറ്റെടുത്തു നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും അധ്യാപികയായ ശ്രീമതി സ്മിത ടീച്ചർ വിശദീകരിച്ചു.വായന ചങ്ങാത്തപ്രവർത്തനത്തിന് ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട് വീട്ടിലൊരു ലൈബ്രറി, ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, കുട്ടി വായന, അമ്മവായന ,എന്നീ പരിപാടികളെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ വിശദീകരിച്ചു.തുടർന്ന് അധ്യാപികയായ ഇന്ദുപ്രിയങ്ക ടീച്ചറുടെ നന്ദി പ്രകാശത്തോടെ യോഗം അവസാനിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സൃഷ്ടികൾ ചേർത്തുവച്ചുകൊണ്ട് മാർച്ച് അവസാനവാരം മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസ്സ്ടിസ്ഥാനത്തിൽ ഇപ്പോൾ പുരോഗമിച്ചുവരുന്നു.

അവലംബങ്ങൾ

  1. https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82
  2. https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC
  3. https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC
  4. https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)
  5. https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82
  6. https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF
  7. https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82
  8. https://ml.wiktionary.org/wiki/%E0%B4%AD%E0%B4%BF%E0%B4%B7%E0%B4%97%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%BB
  9. https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF
  10. https://ml.wiktionary.org/wiki/%E0%B4%AF%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%95
  11. https://ml.wiktionary.org/wiki/%E0%B4%9A%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF