സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.'

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു.

കനോസ്സായിലെ വിശുദ്ധ മാഗ്ദലിൻ

ഇറ്റലിയിൽ വെറോണയിലെ പ്രസിദ്ധമായ കനോസാ കൊട്ടാരത്തിൽ മാർക്വിസ് ഒക്ടാവിയസിന്റെയും തെരേസയുടെയും അഞ്ചുമക്കളിൽ രണ്ടാമത്തെ മകളായി 1774 മാർച്ച് മാസം ഒന്നാം തീയതി മാഗ്ദലിൻ ഗബ്രിയേൽ ഭൂജാതയായി. മാഗ്ദലിന് അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ അവളുടെ സ്നേഹപിതാവ് മരണമടഞ്ഞു. 7-ാം വയസ്സിൽ അവൾ ജീവനു തുല്ല്യം സ്നേഹിച്ചിരുന്ന മാതാവും പുനർവിവാഹം ചെയ്തു കൊട്ടാരം വിട്ടുപോയി. അനാഥരുടെയും വേദനിക്കുന്നവരുടെയും രക്ഷകനായ യേശുനാഥനിൽ പിതാവിനെയും അശരണരുടെ ആലംബമായ കന്യകാമാതാവിൽ അമ്മയേയും അവൾ ദർശിച്ചു.


സ്വർണ്ണം തീയിലിട്ടു ശുദ്ധീകരിക്കുന്നതുപോലെ ക്ലേശങ്ങളുടെ ചൂളയിൽ നീറ്റി പിതാവായ ദൈവം അവളെ ശുദ്ധീകരിച്ചു. 'ലോകത്തിലേക്കിറങ്ങുക' എന്ന സുവിശേഷവാക്യം അവളെ പീഢിതരുടെയും രോഗികളുടെയും മുറിവേറ്റവരുടെയും ഇടയിലേക്കെത്തിച്ചു. സുഖസൗകര്യങ്ങളുടെ മണിത്തൊട്ടിലിൽ ജീവിച്ചിരുന്ന മാഗ്ദലിൻ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലൂടെ സ്വജീവിതം പൂർണ്ണമായും ദൈവത്തിലർപ്പിച്ചു. രാജാധിരാജനായ ക്രിസ്തുനാഥന്റെ സാമ്രാജ്യം മാനവഹൃദയങ്ങളിൽ സ്ഥാപിക്കുവാനായി തന്റെ ജന്മസ്ഥലമായ വെറോണയിലെ ദുരിതമനുഭവിക്കുന്നവരുടെ കുടിലുകൾ തേടി സ്നേഹത്തിലും സേവനത്തിലുമധിഷ്ഠിതമായ പ്രയാണം ആരംഭിച്ചു. കുട്ടികൾക്കായി വിദ്യാലയങ്ങൾ, ആശുപത്രി സേവനത്തിനായി വനിതകളെ ഒരുക്കൽ, വേദപാഠാദ്ധ്യാപകർക്കുള്ള പരിശീലന പരിപാടികൾ തുടങ്ങിയവയുമായി മുന്നേറിയ മാഗ്ദലിൻ അശരണരായ പെൺകുട്ടികൾക്കായി ഒരു ആശ്വാസഭവനം സ്ഥാപിച്ചു.


1808 മെയ് 8-ാം തീയതി കനോഷ്യൻ ഉപവി സഹോദരികളുടെ സന്യാസസഭയ്ക്ക് രൂപം നൽകി. കനോഷ്യൻ സഭ മാതൃഭവനമായ വെറോണയിൽ നിന്ന് 1812 ൽ വെനീസിലും തുടർന്ന് മിലാൻ, ബെർഗമോ ട്രെന്റ് എന്നീ സ്ഥലങ്ങളിലും കോൺവെന്റുകൾ സ്ഥാപിച്ചു.1860 ൽ പ്രഥമ കനോഷൻ മിഷനറിമാർ തങ്ങളുടെ സേവന ദൗത്യവുമായി മദർ ലൂയിസ ഗ്രാസിയുടെ നേതൃത്വത്തിൽ ഹോങ്കോങിൽ എത്തി അവരുടെ ഉപവി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഹോങ്കോങിൽ നിന്ന് സഭാംഗങ്ങൾ ചൈനയുടെ ഉൾപ്രദേശങ്ങളിലേക്കും അനന്തരം മലേഷ്യ, സിങ്കപ്പൂർ എന്നീ സ്ഥലങ്ങളിലും ഉപവി പ്രവർത്തനങ്ങൾ ആരംഭിക്കുകയും അങ്ങനെ സഭാസ്ഥാപകയായ വി. മാഗ്ദലിന്റെ ആഗ്രഹങ്ങൾ സഫലമാക്കുകയും ചെയ്തു.


കനോഷ്യൻ സന്യാസിനികളെ ഫോർട്ടുകൊച്ചിയിൽ പ്രഥമസന്യാസഭവനം സ്ഥാപിക്കുന്നതിനായി ക്ഷണിച്ചത് അന്നത്തെ കൊച്ചി ബിഷപ്പ് റൈറ്റ് റവ. ഡോ. ജോ ഗോമസ് പെരേര ആയിരുന്നു എന്നത് ഏറെ സ്മരണീയമാണ്. മലേഷ്യയിൽ ഒരു മിഷനറിയായി സേവനമനുഷ്ഠിക്കവെയാണ് അദ്ദേഹം കൊച്ചി രൂപതാ ബിഷപ്പായി നിയമിതനായത്. കനോഷ്യൻ സിസ്റ്റേഴ്സിന്റെ നിസ്വാർത്ഥ സേവനങ്ങളെപ്പറ്റി ഏറെ ബോധവാനായിരുന്ന അദ്ദേഹം ഈ സ്തുത്യർഹമായ സേവനം തന്റെ രൂപതയിലും പ്രയോജനപ്പെടുത്തുവാൻ തീരുമാനിച്ചു. അദ്ദേഹം കനോഷ്യൻ സഹോദരിമാരെ കൊച്ചിയിലേക്ക് തന്റെ ഉദ്ദേശ സഫലീകരണത്തിനായി ക്ഷണിച്ചു.


1889 ഒക്ടോബർ 30-ാം തീയതി മദർ ഐഡ ബെൽജേരി, മദൻ മർസലിന ബെർസെത്തി, മദർ മേരി ആൻ വിന്റർ, അർത്ഥിനിമാരായ ലൂയീസ് കോർദേരോ, മരിയ എൻകർ നാക്കോ എന്നീ 5 കനോഷ്യൻ സഹോദരിമാർ ഹോങ് കോങിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.യാത്ര ഏറെ ദുഷ്കരമായിരുന്നു. ഭീകരമായ കൊടുംകാറ്റിൽപെട്ട് കപ്പൽ ആടിയുലഞ്ഞു. ഭീതി നിരാശയിലേക്ക് വഴുതി വീണ നിമിഷങ്ങൾ 24 മണിക്കൂർ കപ്പൽ ഇളകിമറിയുന്ന തിരമാലകളിൽ ചാഞ്ചാടി, കപ്പലിന്റെ കേടുപാടുകൾ തീർക്കുന്നതിനായി നങ്കൂരമിട്ടപ്പോൾ ഹോങ്കോങിലേക്ക് മടങ്ങുവാൻ ഏവരും ഒരേ സ്വരത്തിൽ അപേക്ഷിച്ചു. എന്നാൽ എല്ലാ ഭയങ്ങളേയും അതിജീവിച്ച് സർവ്വശക്തനായ ദൈവത്തിന്റെ സുശക്തകരങ്ങളിൽ പ്രത്യാശയർപ്പിച്ച് കനോഷ്യൻ സമൂഹത്തിന്റെ നേതൃത്വസ്ഥാനം വഹിച്ചിരുന്ന മദർ ഐഡ ബെൽജേരി “വേണ്ട തിരികേ പോകേണ്ട, ദൈവം നമ്മെ രക്ഷിക്കും, നമുക്ക് യാത്ര തുടരാം.. ഇന്ത്യയിലേക്ക് പോകാം എന്നതാണ് ദൈവഹിതം എന്ന് ഉറക്കെ പ്രഖ്യാപിച്ചു. മദറിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചു അവർ തങ്ങളുടെ യാത്ര തുടർന്നു ശാരീരികമായി നന്നേ ക്ഷീണിതരെങ്കിലും ദൈവകൃപയാൽ മാനസികമായി ശക്തിയാർജ്ജിച്ച് ധൈര്യശാലികളായ കനോഷ്യൻ പുത്രിമാർ ആ യാത്രയ്ക്കൊടുവിൽ 1889 ൽ നവംബർ 22-ാം തീയതി അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ എത്തിച്ചേർന്നു.


സർവ്വശക്തനായ ദൈവം തന്റെ അനന്ത കൃപയാൽ നട്ടുവളർത്തി പടർന്നു പന്തലിച്ച കനോഷ്യൻ സഭാതരു ഇന്ന് ലോകത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലായി സേവനം അനുഷ്ഠിക്കുന്നു. ഭാരതത്തിൽ കന്യാകുമാരി മുതൽ ഹിമാലയസാനുക്കൾ വരെ 78 സന്യാസഭവനങ്ങളിലായി ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സാമൂഹ്യപുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി അനേകം പ്രവർത്തനമേഖലകളിൽ കനോഷ്യൻ സന്യാസിനികൾ സജീവമായി പ്രവർത്തിച്ചുവരുന്നു.