ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/മടക്കം
മടക്കം
രണ്ടു വർഷം മുന്നെ ഇതുപോലെ ഒരു മഴയത്താണ് സൽമയുടെ കണ്ണിൽ നിന്ന് ഇത്ര ശക്തിയിൽ കണ്ണീരു പൊഴിയുന്നത് കണ്ടത്."യാത്രയാവുമ്പോ വീടിന്റെ വാതിൽക്കൽ നിന്ന് തേങ്ങിത്തേങ്ങി കരയണ ശബ്ദം ഇപ്പോഴുണ്ട് കാതില്...! " ഒക്കത്തിരുന്ന നിജുമോനോട് ഉപ്പച്ചി കോലുമുട്ടായി വാങ്ങാൻ പോവാന്ന് പറഞ്ഞ് പോർത്തിയാക്കാൻ കഴിയാതെ ഓളെ തൊണ്ട ഇടറുന്ന ശബ്ദം ഖൽബിൽ കത്തിപോലെ കൊണ്ടതായിരുന്നു. മഴ ഊക്കിൽ പെയ്യുകയാണ്....ആകാശങ്ങളെ ഭേദിച്ചുകൊണ്ട്... !! ... ഇടിനാദങ്ങൾ.... പ്രണയിച്ചിരുന്ന കാലത്ത് മരത്തിന്റെ ചോട്ടിലിരുന്ന് ഓള് കൂടെക്കൂടെ പറയുമായിരുന്നു... ഓർമകളാണ് മഴയായ് പെയ്യുന്നതെന്ന്... ഒരുപക്ഷേ ഇന്നലെകളെ അവൾ ഓർക്കുന്നുണ്ടാവണം! കൊഞ്ചിക്കുഴഞ്ഞുള്ള ഓളെ വർത്താനം... അത് കേൾക്കാൻ തന്നെ വല്ലാത്തൊരു സുഖം തന്നെയായിരുന്നു.. ഈ വിരഹത്തിന് വല്ലാത്തൊരു വേദനേണ് ല്ലേ..?? "ഇൻക് ഇന്റെ ജാസിക്ക ഇല്ലാത്തപ്പോ അതുപോലൊക്കെയാ.. " "ഒന്ന് പോടീ...
ലോകത്ത് വിരഹത്തിനേക്കാൾ സഹിക്കാൻ പറ്റാത്ത കൊറേ കാര്യങ്ങള്ണ്ട്..
ഇയ്യ് പട്ടിണി കെടന്ന്ക്ക്ണോ?? ഇല്ലല്ലോ?
അല്ലേലും കൊട്ടാരത്തിൽ ജനിച്ച അനക്ക് അതൊന്നും പറഞ്ഞാ മനസിലാവൂല.. "
ഓർമകളുടെ കുത്തിയൊഴുക്കിൽ ഓളുടെ കണ്ണ് വല്ലാണ്ട് നിറഞ്ഞുപോയി..
"ഇല്ല ജാസിക്ക.,, പട്ടിണിനെ കുറിച്ച് ഒന്നും എനിക്കറിയില്ല പക്ഷേ ഉമ്മയില്ലാത്ത വേദനയും ഉമ്മാക്ക് പകരം ഉപ്പ കണ്ടെത്തിയ മൂത്തമ്മാന്റെ കാട്ടികൂട്ടലുകളും ഒരുപാട് സഹിച്ചതാ ഞാൻ..
ഇങ്ങക്ക് ഖൽബറിഞ്ഞു സ്നേഹിക്കാൻ ഒരു ഉമ്മ ഇല്ലേ?
അന്നും ഓളുടെ കണ്ണിലൊരു മഴയുണ്ടായിരുന്നു
അന്നോളെ ചേർത്ത് വെച്ച് ഓൾക്ക് കൊടുത്ത വാക്കിന്റെ ബലത്തിലാണ് ആരുടെയും വാശിക്ക് പിടികൊടുക്കാതെ എന്റെ ചെറിയ ലോകത്തിലേക്ക് ഓള് കയറിവന്നത്. നാടും വീടും വിട്ട് ഗൾഫിലേക്ക് വേരു പറിച്ചു നടുന്ന പ്രഭാതത്തിനു തൊട്ടുമുമ്പുള്ള അതേ രാത്രിയിലും ഒരു മഴയുണ്ടായിരുന്നു... ആരുടെയോ ഹൃദയമിടിപ്പ് പോലെ "ജാസിക്കാ നമുക്കൊരു വീടുണ്ടാക്കണം. ഞാനും ഇങ്ങളും നിജുമോനും മാത്രമായി ഒരു ലോകം.. "ഒന്നുല്ലടാ... ഇതൊന്നും കാണാൻ ന്റെ ഉമ്മ ഇല്ലല്ലോന്ന് ഓർക്കുമ്പോ.... " അക്ഷരങ്ങൾ പൂർത്തിയാക്കപ്പെടാതെ അർദ്ധവിരാമമിട്ട നിമിഷം... ജനാലകൾക്കപ്പുറം എവിടെ നിന്നോ ഓർമ്മകളുടെയും പ്രണയത്തിന്റെയും ഗാന്ധമുള്ള കാറ്റ് അടിച്ചുവീശി.. രാവിലെ എയർപോർട്ടിലേക്ക് പോവാൻ നേരം ഉമ്മാന്റെ ഖബറിനരികത്ത് പോയി സലാം പറച്ചിലിനും ദുആ ചെയ്യാലിനുമൊടുവിൽ., ഉമ്മ എവിടെ നിന്നൊക്കെയോ അടുത്തേക്ക് വരുന്ന പോലെ ഒരു തോന്നൽ.. ! ഉറക്കമുണരുമ്പോൾ ഒരുപക്ഷെ നിജു കരയുമായിരിക്കും...
കോലുമുട്ടായി വാങ്ങി വരുന്ന ഉപ്പാനെ നോക്കി ജനലഴികൾക്കപ്പുറത്ത് തന്നെ കാത്തിരിക്കുമായിരിക്കും... സൽമ പറഞ്ഞത് ശെരിയാണ്,
രണ്ടു ദിവസം പട്ടിണി കിടക്കുന്നതിലും വേദനയാണ്..പിരിയുമ്പള്..ഓർമ്മകൾ ഹൃദയത്തിനെ കൊല്ലുന്നു...
നിമിഷങ്ങൾ മണിക്കൂറുകൾക്കും ദിവസത്തിനും വഴി മാറി. ആകാശം കറുക്കുന്നതും ഇരുട്ട് മൂടുന്നതും അവളറിഞ്ഞു. അബുക്കാക്കയും ജാബിറിക്കയും കൂടെ ഒരു ഫോൺ കാൾനൊടുവിൽ കാർ എടുത്തു എങ്ങോട്ടോ പോയി. അടുത്ത പ്രഭാതത്തിൽ ഒരുപാടു കാറുകൾ വീട്ടിലേക്ക് ഇരച്ചു കേറി. ഇക്ക കൊണ്ടുവന്ന ഒരുപാട് പെട്ടികളുമായ്..... ഒടുക്കം വലിയൊരു പെട്ടിയിൽ ഇക്കയും കൂടെ വന്ന നാസറിക്ക സൽമയുടെ അടുത്തേക്ക് ചെന്നു. നാല് വർഷങ്ങൾക് മുന്നേ കല്യാണപ്പന്തലുയർന്ന അതേ മുറ്റത്ത് വീണ്ടും പന്തൽ......!! എല്ലാത്തിനും ഒടുവിൽ റൂഹ് നഷ്ടമായവളെപ്പോലെ മോനെയും മടിയിലിരുത്തി മറ്റൊരു മയ്യിത്ത്.. ആകാശം ഏറെ നേരം പിടിച്ചു വച്ചിരുന്ന കണ്ണീർ മഴയായ് രൂപാന്തരം പ്രാപിച്ചപ്പോൾ ജാസിക്കയുടെ വീട്ടിൽ ഖുർആനിന്റെ ധ്വനി ഭൂമിയെ പിളർക്കുന്ന മട്ടിൽ ഉയരുന്നുണ്ടായിരുന്നു!.....
മഴ കനത്തു....
|