ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ദുർഗാ വിലാസിനി ഹയർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. 1917ൽ വടക്കേടത്തു മഠത്തിൽ ശ്രീ രാമകർത്താവ് ആരംഭിച്ച ദുർഗാ വിലാസം എൽ പി സ്കൂൾ പിന്നിട് സർക്കാറിനു കൈമാറുകയും തുടർന്ന് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 1979ൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തിൽ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി മൂന്നേക്കർ സ്ഥലവും കെട്ടിടവും നിർമ്മിച്ച് ക്ലാസുകൾ ആരംഭിച്ചു. ഹൈസ്കുൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ആയിടയ്ക്കുുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ ശ്രീ ടി.കെ, പളനി (കൺവീനർ), വടക്കേടത്ത് ശ്രീ വിശ്വനാഥകർത്താവ് (സെക്രട്ടറി), കമലാലയത്തിൽ ശ്രീ ദാമോദരൻ നായർ (ഖജാൻജി) എന്നിവർ ഉൾപ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എൽ. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷൻ ഉൾപ്പടെ നിരവധി സുമനസ്സുകളുടെ സഹായത്തോടെ ആ വർഷം തന്നെ ഹൈസ്കൂൾ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.
2019-20 കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ടും ബഹുമാന്യനായ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും 1 കോടിയും ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 19 മുറികളുള്ള 2 കെട്ടിട സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്ന ശേഷിക്കാർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ് ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് .2020 ഒക്ടോബർ 3 ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ഓൺലൈനായി ഉദ് ഘാടനം നിർവ്വഹിച്ചു.