"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/പിൻവഴിയിലെ പൊൻതരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:32, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പിൻവഴിയിലെ പൊൻതരികൾ / സി. സുഗുണൻ

40 വർഷങ്ങൾക്കുമുമ്പ് അച്ഛന്റെ കൈപിടിച്ച് സ്‌കൂളിന്റെ തിരുമുറ്റത്തേക്ക് കയറുമ്പോൾ അൽപം പേടിയും ആശങ്കയും ഉണ്ടായിരുന്നു. അന്നത്തെ ഹെഡ്മാസ്റ്റർ എ.സി അഹമ്മദ്കുട്ടി മാസ്റ്ററിരിക്കുന്ന ഓഫീസ് മുറിയിലേക്ക് എന്റെ കൈപിടിച്ച് അച്ഛൻ കയറുമ്പോൾ അറവുമാടിനെപ്പോലെ ഞാൻ കുതറുന്നുണ്ടായിരുന്നു. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി കണ്ണടയുടെ ഫ്രെയിമിനു മുകളിലൂടെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചിത്രശലഭത്തിന്റെ പടമുള്ള സ്റ്റാമ്പും ഒരു കഷ്ണം ചോക്കും എനിക്ക് മാസ്റ്റർ സമ്മാനിച്ചതുകൊണ്ടാകാം എന്റെ പേടിയും ആശങ്കയും മാറി സന്തോഷത്തോടുകൂടിയാണ് വീട്ടിലേക്ക് മടങ്ങിയത്.

മാക്കൂട്ടം എ.എം.എൽ.പി.എസ് ചൂലാംവയൽ എന്നായിരുന്നു നാലാം തരം വരെ മാത്രമുള്ള അന്നത്തെ സ്‌കൂളിന്റെ പേര്. പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു സ്‌കൂളിന്റെ അന്നത്തെ പശ്ചാത്തലം. കിഴക്കുവശത്തെ സ്‌കൂൾ മുറ്റത്തോട് ചേർന്ന മാവിൻ കൂട്ടങ്ങളും ഇടയ്ക്ക് പ്ലാവുകളും അതിനു താഴേക്കൂടെ വർഷത്തിൽ 6-7 മാസക്കാലം നീരൊഴുക്കുള്ള തോടും. അതിനക്കരെ പച്ചപ്പ് നിറഞ്ഞ നെൽവയലുകളും മരങ്ങളും. എല്ലാം അതിമനോഹരമായിരുന്നു.

ജീവിത ചുറ്റുപാടുകൾ ഇന്നത്തേതിലും എത്രയോ പരിതാപകരമായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഇന്നത്തെപോലെ പുത്തനുടുപ്പുകളോ പഠനോപകരണങ്ങളോ ഭൂരിഭാഗം കുട്ടികൾക്കും ഉണ്ടായിരുന്നില്ല. പകരം മൂടു കീറിയ ട്രൗസറും ലുങ്കിയും മുഷിഞ്ഞ ഷർട്ടുമൊക്കെയായിരുന്നു വേഷം. അർദ്ധ പട്ടിണിക്കാർ ഉച്ചഭക്ഷണമായി കിട്ടുന്ന ഉപ്പുമാവിന് വേണ്ടിയാണ് സ്‌കൂളിൽ വരുന്നത് എന്നു തോന്നിപ്പോകും. ഒന്നാം ക്ലാസിൽ ചെറുണ്ണി മാസ്റ്ററുടെ കഥകളും പാട്ടുകളും സ്‌നേഹത്തോടെയുള്ള തലോടലുകളും വിരസതയകറ്റുമെങ്കിലും റാകിപറക്കുന്ന ചെമ്പരുന്തേ..നീയുണ്ടോ മാമാങ്ക വേലകണ്ടൂ... എന്ന് ഈണത്തിൽ പാടിത്തരുമ്പോൾ അബൂബർക്കാ (മുക്രി അബൂബക്കർ)യുടെ ഉപ്പുമാവിൻ ചട്ടിക്കു മുകളിലൂടെ വട്ടമിട്ടു പറക്കുകയായിരിക്കും ഞങ്ങളുടെ കുഞ്ഞു മനസ്സുകൾ. ആ ഉപ്പുമാവിന്റെ രുചി ഒന്നു വേറെ തന്നെയായിരുന്നു.

ഇതു എഴുതികൊണ്ടിരിക്കുമ്പോൾ വേദനാജനകമായ സംഭവങ്ങൾ ഓർമ്മയിൽ വരുന്നത് എഴുതട്ടെ. സ്‌കൂൾ ജീവിതത്തിൽ മൂന്നു ഘട്ടങ്ങളിലായി അപകടങ്ങളിൽ പെട്ട് മൂന്നു സഹപാഠികൾ ദാരുണമായി കൊല്ലപ്പെട്ടു. അവരുടെ സ്മരണയ്ക്കു് മുമ്പിൽ ഒരായിരം ഓർമ്മപ്പൂക്കളർപ്പിക്കുന്നതോടൊപ്പം റോഡ് മുറിച്ചു കടക്കുമ്പോൾ നിങ്ങളും അതീവ ശ്രദ്ധാലുക്കളാകണമെന്ന് ഓർമ്മിപ്പിക്കുന്നു.

അധികപേരും അർദ്ധ പട്ടിണിക്കാരായിരുന്നതിനാലാവും എല്ലാവരും പരസ്പരം നല്ല സ്‌നേഹത്തോടു കൂടിയായിരുന്നു പെരുമാറിയിരുന്നത്. ഇന്റർവെൽ സമയത്ത് മുതിർന്ന കുട്ടികൾ കൊച്ചു കുട്ടികൾക്ക് വേണ്ടിയും, അറബി പിരീയഡിൽ ഞങ്ങൾ പുറത്തുപോകുമ്പോൾ ക്ലാസിലിരിക്കുന്ന കൂട്ടുകാർക്ക് ഉപ്പുമാവ് വാങ്ങിക്കുന്നതിനു വേണ്ടി ഉപ്പൂത്തിയില ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിൽ അക്കാലത്ത് നല്ല ബന്ധമായിരുന്നു. അതിനു കാരണം ഇന്നത്തെപോലെ ആശയവിനിമയം നടത്തുവാൻ ഫോൺ സൗകര്യമോ ഇന്റർനെറ്റോ ഇല്ലാതിരുന്നതിനാൽ നേരിട്ടുള്ള കണ്ടുമുട്ടലുകളും കുശലം പറച്ചിലുമായിരുന്നു. ഈ സമയത്ത് രണ്ടാം ക്ലാസിൽ ഞങ്ങൾ പഠിച്ച കുഞ്ചൻ നമ്പ്യാരുടെ ഒരു പദ്യം ഓർമ്മ വരികയാണ്. ഉള്ളത്തിൽ ഭയമേറുക മൂലം വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു

അങ്ങിനെ എവിടെയങ്കിലും ഒളിച്ചിരിക്കുന്ന മടിയൻമാരെ സ്‌കൂളിലെത്തിക്കുന്നതിനു വേണ്ടി പതിമംഗലം വഴി വരേണ്ട അസൈൻമാസ്റ്ററും തോട്ടക്കര വഴി അഹമ്മദ്കുട്ടി മാസ്റ്ററും വിദ്യാർത്ഥികളുടെ വീട്ടിൽ കയറി വിളിച്ചിറക്കി മൂന്നു വഴികളിലൂടെ മൂന്ന് ജാഥകളായി സ്‌കൂൾ മുറ്റത്ത് സംഗമിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. പഠിച്ച് ഞങ്ങൾ ജയിച്ചു കയറിക്കൊണ്ടിരിക്കുമ്പോൾ പഠന രീതികളും മാറിക്കൊണ്ടിരിക്കയായിരുന്നു. മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഖാദർ സാറായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ ക്ലാസ് ശ്രദ്ധിച്ചാൽ പിന്നെ പുസ്തകം വായിക്കേണ്ടതില്ലായിരുന്നു. അത്രയ്ക്ക് രസകരവും മനസ്സിലാക്കാൻ എളുപ്പവുമായിരുന്നു. മമ്മിക്കുട്ടി മാസ്റ്റർ മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് വായോളി മാസ്റ്റർ, സുലൈമാൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ തുടങ്ങിയ ഗുരുനാഥൻമാരുടെ ക്ലാസുകളും ഒന്നിനൊന്ന് മെച്ചം തന്നെയായിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്തത് അഹമ്മദ് മാഷിന്റെ കണക്കു ക്ലാസാണ്. ഞങ്ങൾ നല്ല രീതിയിൽ പഠിക്കുന്നതിനു വേണ്ടിയായിരിക്കണം അദ്ദേഹം ക്ലാസിൽ വന്നാൽ ചോദിക്കും എല്ലാവരും ഗുണനപട്ടിക പഠിച്ചോ? എല്ലാവരും ഒരേ സ്വരത്തിൽ ...ഓ.. എല്ലാവരും അടി പേടിച്ച് തലേദിവസം മന:പാഠമാക്കിയതായിരിക്കും. മാഷ് എല്ലാവരേയും വീക്ഷിച്ച് ഒരാളോട് എഴുന്നേറ്റ് നിന്ന് ചൊല്ലാൻ പറയുകയും ആ ആളുടെ അടുത്ത് ചെന്ന് പുറത്ത് ബനിയനുള്ളിൽ തിരുകി വീട്ടിൽ നിന്നും കൊണ്ടുവന്ന വള്ളിച്ചൂരൽ വീശിക്കൊണ്ടായിരിക്കും. ആ സമയത്ത് മകുടിയൂതുന്ന പാമ്പാട്ടിയെ നോക്കി ആടികൊണ്ടിരിക്കുന്ന പാമ്പിനെപ്പോലെ, കറങ്ങിക്കൊണ്ടിരിക്കുന്ന ചൂരലിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിയുകയും ഭയം കാരണം ആരോമൽ ചേകവർ അങ്കം വെട്ടുന്നതുപോലെ മാഷിന്റെ ചൂരൽ പയറ്റുമാണ്. വേദന സഹിക്കാതെ മുള്ളിപോയിട്ടുണ്ട് ഞങ്ങളിൽ പലരും. അതുകൊണ്ടായിരിക്കും അന്ന് പഠിച്ചതൊന്നും മറന്നുപോകാതിരിക്കുന്നത്.

മാക്കൂട്ടം എ.എം.എൽ.പി.എസ് ആ കാലഘട്ടത്തിൽ മാക്കൂട്ടം എ.എം.യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ഏഴാം ക്ലാസുവരെ ആരംഭിക്കുകയും ചെയ്തപ്പോഴാണെന്നു തോന്നുന്നു ആദ്യമായി രണ്ടു അധ്യാപികമാർ വന്നത്. ശാന്തകുമാരി ടീച്ചറും ആനന്ദവല്ലി ടീച്ചറും. പിന്നീട് പുതിയ അധ്യാപികമാരുടെയും അധ്യാപകരുടെയും വരവായിരുന്നു. സുരേന്ദ്രൻ, വിജയൻ, സൈനുദ്ദീൻ, രഘുനാഥൻ തുടങ്ങിയ അദ്ധ്യാപകരും ശാന്തമ്മ, മാളു, കല്യാണിക്കുട്ടി, ആയിശ, രാജേശ്വരി, സുധ തുടങ്ങിയ അധ്യാപികമാരും (കുറച്ചു പേരുടെ പേരുകൾ ഓർമ്മ വരാത്തതിനാൽ വിട്ടു പോയിട്ടുണ്ട്.) ഇവരുടെ വരവോടുകൂടി മാറുന്നു സ്‌കൂളിന്റെ മുഖഛായ.

ആ സമയത്ത് റോഡിന്റെ പടിഞ്ഞാറു വശത്ത് പുതിയ കുറച്ച് ക്ലാസ് റൂമുകൾ പണിതു. ആ സ്ഥലം ഒരു നീർത്തടവും കവുങ്ങിൻ തോട്ടവും ആയിരുന്നു. പുതിയ അധ്യാപക-അധ്യാപികമാർ കുട്ടികളിലെ ഉറങ്ങിക്കിടക്കുന്ന സർഗ്ഗ വാസനകളെ തൊട്ടുണർത്താൻ കെൽപ്പുള്ളവരായിരുന്നു. അതിനാൽ സ്‌കൂളിൽ കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി ഷട്ടിൽ, ബാറ്റ്, വോളിബോൾ, ഫുട്‌ബോൾ, റിംഗ്, സ്‌കിപ്പിംഗ് വയർ എന്നിവ വാങ്ങുകയും താൽക്കാലികമായി കിഴക്കുവശത്തെ ഗ്രൗണ്ടിലും മുൻവശത്തെ വയലുകളിലും അധ്യാപകരും കുട്ടികളും ഒരുമിച്ച് കളികളിൽ ഏർപ്പെടുകയും അതോടൊപ്പം തന്നെ ശാന്തകുമാരി ടീച്ചറുടെയും സുരേന്ദ്രൻ മാഷിന്റെയും നേതൃത്വത്തിൽ ആടുവാനും പാടുവാനും വരയ്ക്കുവാനും അഭിനയിക്കുവാനും കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും തുടങ്ങിയതോടു കൂടി കുട്ടികളിലും ഗുരുക്കൻമാരിലും മത്സരബുദ്ധി വളരുകയും അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് വിപുലമായ രീതിയിൽ സാഹിത്യ സമാജങ്ങൾ പോലെയുള്ള കലാപരിപാടികൾ അരങ്ങേറാൻ തുടങ്ങുകയും സബ്ജില്ലാ കലാമേളകളിൽ നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ തൂത്തുവാരാനും തുടങ്ങി. കൂടാതെ സ്‌കൂൾ കായികമേളകളിൽ നമ്മുടെ ചുണക്കുട്ടികൾ അനവധി സമ്മാനങ്ങൾ വാങ്ങിയതോടുകൂടി ഇങ്ങിനെ ഒരു സ്‌കൂൾ ഈ പഞ്ചായത്തിലുണ്ടെന്ന് മറ്റു സ്‌കൂളുകൾക്ക് അറിയുവാനും കഴിഞ്ഞു. ഇതിനിടയിൽ സ്‌കൂളിന്റെ സുവർണജൂബിലി സമുചിതമായി ആഘോഷിക്കുകയും ചെയ്തു.

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നീ രോഗങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കുന്നതിനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ചെറുപ്രായത്തിൽ തന്നെ പലതരം കളികളിൽ ഏർപ്പെടുന്നതു വളരെ ഗുണം ചെയ്യും. സ്‌കൂളിന് ഒരു ഗ്രൗണ്ട് വേണമെന്ന് രഘുനാഥൻ, സൈനുദ്ധീൻ, ഖാദർ, മുഹമ്മദ്, സുരേന്ദ്രൻ തുടങ്ങിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തോന്നിയതിന്റെ ഫലമാണ് പടിഞ്ഞാറുവശത്തെ ഇന്നത്തെ കാണുന്ന ഗ്രൗണ്ട്. കളി പിരീയഡ് ഞങ്ങളെ പുറത്തുവിടുന്ന കൂട്ടത്തിൽ ഖാദർ, മുഹമ്മദ് തുടങ്ങിയ അധ്യാപകരും ഞങ്ങൾക്കൊപ്പമിറങ്ങി. ഓരോരോ കവുങ്ങുകളായി മറിച്ചിട്ട് കഷ്ടപ്പെട്ട് ഗ്രൗണ്ട് നിർമ്മിച്ചതിന് ഫലം കാണാൻ അധികം കാത്തുനിൽക്കേണ്ടി വന്നില്ല. സ്‌കൂൾ കായികമേളകളിൽ ഞങ്ങളിൽ പലരും സമ്മാനങ്ങൾ വാങ്ങിയതിലുപരി ഹൈസ്‌കൂൾ കോളേജ് തലങ്ങളിലെത്തിയപ്പോൾ മാക്കൂട്ടം എ.എം.യു.പി ചൂലാംവയലിന്റെയും ഞങ്ങളുടെ പിൻവഴികളിൽ പൊൻതരികളായി നിന്ന ഗുരുക്കൻരുടെയും യശസ്സ് ഉയർത്തിപ്പിടിച്ച് പല ടീമുകളിലും ഇടം നേടാനും കഴിഞ്ഞിട്ടുണ്ട്. അതുപോലെ നിങ്ങളുടെ വഴികളിലും പൊൻ തരികളുണ്ടാവട്ടെ എന്നാംശംസിക്കുന്നു.