"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/പൊതു വിദ്യാലയം നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:32, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പൊതു വിദ്യാലയം നൽകിയ പാഠം / നൗഷാദ് തെക്കയിൽ

പൊതുവിദ്യാലയമെന്ന നിലയിൽ എന്റെ സ്‌കൂൾ എനിക്ക് നൽകിയ ഒരു പാഠമുണ്ട്. സ്‌നേഹവും കരുണയും ഒരു വേലിക്കെട്ടുമില്ലാതെ, എല്ലാ വിഭാഗക്കാരുമായി ഇഴകിച്ചേർന്ന ഒരു കലാലയജീവിതം. ഇതുതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠവും. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

ഒരിക്കൽ തിരുവനന്തപുരത്തുള്ള ഒരു വീട് സന്ദർശിക്കാൻ ഇടവന്നു. നഗരത്തോട് ചേർന്ന്, വൃത്തിയും വെടിപ്പും ഇല്ലാത്ത കോളനിയിലെ വീട്. സെറിബ്രൽ പൾസി രോഗം ബാധിച്ച ഒരു കുട്ടിയുണ്ട് ആ വീട്ടിൽ. ഒരു മരപ്പലകയിൽ ഷീറ്റ് വിരിച്ച് അവനെ കിടത്തിയിരിക്കുന്നു. കേൾവിയോ കാഴ്ചയോ സംസാരശേഷിയോ ഒന്നും തന്നെയില്ല. പോരാത്തതിന് ഇടക്കിടെ അപസ്മാരവും. പഴങ്ങൾ ജൂസടിച്ച് നേർപ്പിച്ച് മാതാവ് കുഞ്ഞിന്റെ ചുണ്ടുകളിൽ നനച്ചുകൊടുക്കുന്നു. ആ അച്ഛനും അമ്മയും മാനസികമായി എന്തുമാത്രം വേദന അനുഭവിച്ചാണ് ജീവിതം തള്ളിനീക്കുന്നത്? ഭാവിയെക്കുറിച്ചുള്ള അവരുടെ ചിന്തകളും സ്വപ്നങ്ങളും എങ്ങിനെയുള്ളതായിരിക്കും?

മറ്റൊരനുഭവം പറയാം. മാവൂരിനടുത്താണ്. പതിനഞ്ചും പതിനെട്ടും വയസ്സുള്ള രണ്ടാൺകുട്ടികൾ. വീൽചെയറിലാണ് ജീവിതം. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന പ്രായമായ അച്ഛനും അമ്മയും. ചികിൽസക്ക് തന്നെ നല്ലൊരു തുക ചെലവ് വരുന്നുണ്ട്. രോഗം ഭേദമാവുന്നത് ഒരു വിദൂരസ്വപ്നമാണെന്നറിയാമായിട്ടുംതേടി കാടും മലകളും കയറിയിറങ്ങുകയാണവർ. എന്തായിരിക്കും ഭാവിയെക്കുറിച്ചുള്ള അവരുടെ ആശയും ആകുലതകളും?

പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ട കേസിനോടനുബന്ധിച്ച് അടുത്തിടെ കോടതിയിൽ പോകാനിടയായപ്പോൾ ഒരു അമ്മ, തന്റെ ഏഴുവയസ്സ് പ്രായമുള്ള ഭിന്നശേഷിയുള്ള മകനെയുമെടുത്ത് നിസ്സഹായയായി നിന്നത്  കോടതിയെപ്പോലും കണ്ണീരിലാഴ്ത്തി. അവരുടെ പേര് വിളിച്ചപ്പോൾ മകനെ ജഡ്ജിയുടെ മുമ്പിലുള്ള ബെഞ്ചിൽ കിടത്തി. പക്ഷേ അന്നും എതിർ കക്ഷി ഹാജറാവാത്തതിനാൽ കുഞ്ഞിനെയും കൊണ്ട് ഇനി കോടതിയിൽ വരേണ്ടതില്ല എന്ന് ജഡ്ജി വളരെ വിഷമത്തോടെ പറഞ്ഞെങ്കിലും കുഞ്ഞിനെ വീട്ടിൽ കിടത്തി വരാൻ സാധിക്കില്ല എന്ന് അവർ മറുപടി പറഞ്ഞു. പതിനെട്ടാമത്തെ വയസ്സിൽ വിവാഹിതയായ അവർ പറയുന്നു; ഞാൻ ജീവിതം ഇതുവരെ ആസ്വദിച്ചിട്ടില്ല. ഒന്ന് ഉറങ്ങിയിട്ട് പോലുമില്ല. ഞാൻ ഗാഢമായി ഉറങ്ങിപ്പോയാൽ എന്റെ മകന് എന്തെങ്കിലും ഒരു വയ്യായ്ക വന്നാൽ സ്വയമൊന്ന് ചലിക്കാൻ പോലും സാധിക്കില്ലല്ലോ എന്നോർത്ത്.

തങ്ങൾ മരിക്കും മുമ്പ് തങ്ങളുടെ കുഞ്ഞുങ്ങൾ മരിക്കണമേ എന്ന് പ്രാർത്ഥിക്കുന്ന, ജീവിതത്തിൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ സാധിക്കാതെ കണ്ണുനീർ മാത്രം അനുഭവിച്ചുതീർക്കുന്ന ഇത്തരം ഒരു വിഭാഗം ആളുകളും നമുക്കിടയിലുണ്ട് എന്ന യാഥാർത്ഥ്യം ഓർമപ്പെടുത്താൻ വേണ്ടി മാത്രമാണ് മേൽ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവെച്ചത്. അവർക്ക് ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളില്ല. മണിമാളിക പടുത്തുയർത്താനോ കുട്ടികൾ ഉന്നത ശ്രേണിയിൽ എത്തിപ്പെടാനോ അവർ ആഗ്രഹിക്കുന്നില്ല. തന്റെ കുഞ്ഞ് സ്വന്തമായി ഒരു പിടി വറ്റ് വാരിക്കഴിക്കുകയും തങ്ങളെ അച്ഛാ, അമ്മേ എന്ന് വിളിക്കണം, അതൊന്ന് കേൾക്കണം, അതൊന്ന് കാണണം എന്നതുമാത്രമാണവരുടെ സ്വപ്നം.

സമൂഹത്തിലെ വിവിധ അവസ്ഥകളേയും വേദനകളെയും കുറിച്ച് നാം പഠിക്കുകയും ബോധവാൻമാരാവുകയും അവ നമ്മുടെ കുട്ടികളിലേക്ക് പകർത്തപ്പെടുകയും വേണം. അതിന് പൊതുവിദ്യാലയങ്ങൾ കാരണമാവുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ കുട്ടികൾ സമൂഹത്തിന്റെ അവസ്ഥാന്തരങ്ങൾ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും ഒരു വേലിക്കെട്ടും ഇല്ലാതെ ഇഴുകിച്ചേർന്ന് പഠിക്കണം. എന്നാൽ മാത്രമേ സമത്വം, സാഹോദര്യം, മതേതരത്വം, ദേശസ്‌നേഹം എന്നിവയിൽ കാര്യപ്രാപ്തി ഉണ്ടാവൂ. മാക്കൂട്ടം സ്‌കൂൾ പഠനകാലം ഇത്തരത്തിൽ മികച്ച ശിക്ഷണമാണ് നൽകിയിട്ടുള്ളത് എന്നെനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. എളിയ സാമൂഹ്യസേവനങ്ങളിലൂടെ ചെറിയ ആശ്വാസമായെങ്കിലും എനിക്ക് നടക്കാൻ സാധിച്ചത് ഗുരുക്കൻമാരുടെ അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു. എന്റെ എല്ലാ അധ്യാപകരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ ആശംസകൾ നേരുന്നു.