സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/* *ഒരു ലോക് ഡൗൺ ഡയറിക്കുറിപ്പ്**

Schoolwiki സംരംഭത്തിൽ നിന്ന്
* *ഒരു ലോക് ഡൗൺ ഡയറിക്കുറിപ്പ്**
                                      ആറു പരീക്ഷകളിൽ നാലെണ്ണമേ പൂർത്തിയായിരുന്നുള്ളൂ; രണ്ടെണ്ണം അവശേഷിച്ചിരുന്നു: ബിസിനസ്സ് സ്റ്റഡീസും കമ്പ്യൂട്ടറും. രണ്ടും ഒരേ പോലെ പഠിക്കാൻ സമയം ആവശ്യമുള്ള സബ്ജകറ്റുകളും. അതെന്തായാലും നന്നായി. എല്ലാ ദിവസവും നിശ്ചിത സമയം രണ്ടിനും വേണ്ടി മാറ്റി വച്ചു. എന്നിട്ടും ഇഷ്ടം പോലെ സമയം ബാക്കി. ഈയിടെയായി പുതിയൊരു ദുശ്ശീലം. ആ നശിച്ച ഉച്ച ഉറക്കം!!! അതൊന്നു അവസാനിപ്പിച്ചു കിട്ടിയപ്പോൾ ,സമയം പിന്നെയും ബാക്കി. ഉറക്കം കഴിഞ്ഞുള്ള ആ ചതഞ്ഞു ചതഞ്ഞുള്ള ഇരിപ്പുണ്ടെല്ലോ !!! അതാണ്, അസഹ്യം. എല്ലാത്തിനും ഇഷ്ടം പോലെ സമയം.രാവിലെ ഉണർന്നുടനെ ചെടികളോടും പക്ഷികളോടും ഒരു സല്ലാപം .സോളമൻ രാജാവിന് പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ വശമായിരുന്നത്രേ. മൊട്ടിൽ നിന്നും പൂവിലേക്കുള്ള പരിണാമം ലോകത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ച തന്നെ . കാറ്റിനും കിളികൾക്കും ചെടികൾക്കുമെല്ലാം ഒരേ രാഗവും താളവും തന്നെ. അനിയത്തിയും ഞാനും ,അമ്മ കഴുകുന്ന തുണികൾ അയയിൽ വിരിച്ചിടാനും, അച് ഛനെ, വാഹനം കഴുകുമ്പോൾ സഹായിക്കാനുമൊക്കെ കൂടാറുണ്ട്. അതിൻ്റെ പ്രതിഫലമായി ഡ്രെവിങ്ങ് സീറ്റിൽ കയറിയിരുന്നുള്ള ചില പരാക്രമങ്ങൾക്ക്  അച്ഛൻ എന്നെ അനുവദിക്കാറുണ്ട്. അമ്മയുടെ വക സ്പെഷ്യൽ മധുര പലഹാരങ്ങളും. ഈ അനിയത്തിയുടെ ഒരു കാര്യം. അവൾക്കെല്ലാത്തിനെക്കുറിച്ചും സംശയം തന്നെ. സർവ്വ സമയവും കലപില ,കലപില തന്നെ !!! ആദ്യമൊക്കെ പത്രവായന തലക്കെട്ടുകളും സപോർട്സ് പേജുകളുമായിരുന്നെങ്കിലും , ഇപ്പോൾ എഡിറ്റോറിയൽ പേജുകളും എനിക്ക് ദഹിക്കുന്നുണ്ട്. അച് ഛൻ്റെ പഴയ ബുക്കുകളുടെ കൂമ്പാരത്തിൽ നിന്നും രണ്ടെണ്ണം ഞാൻ പൊടി തട്ടിയെടുത്തു. ഒന്ന് ആൻ ഫ്രാങ്ക് എന്ന ജൂത പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. ഒരാളുടെ ഡയറിക്കുറിപ്പുകൾ അത്രയ്ക്ക് മെച്ചമായിരിക്കുമോ എന്ന മുൻ വിധിയോടെയാണ് തുടങ്ങിയത്.പക്ഷേ, വിചാരിച്ച പോലൊന്നുമല്ലായിരുന്നു, കേട്ടോ!!! ഒരൊറ്റെയിരുപ്പിനിരുന്നല്ലേ വായിച്ചു തീർത്തത്. നാസികളുടെ അതിക്രമങ്ങളെ പേടിച്ച് ഒളിവിൽ താമസിക്കേണ്ടി വന്ന ഒരു കൂട്ടം ജൂതരുടെ കരളലയിക്കുന്ന കഥകളുടെ ഓർമ്മക്കുറിപ്പുകൾ. രണ്ടാമത്തെ ബുക്കും ഒന്നാന്തരം തന്നെയായിരുന്നു. വിശ്വ പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരൻ മാർക്ക് ട്വയ്നിൻ്റെ "ഹക്കിൾബറി ഫിന്നിൻ്റെ വിക്രമങ്ങൾ "എന്ന ബുക്ക്‌ . മൺമറഞ്ഞ പ്രശസ്ത മലയാള സാഹിത്യകാരൻ പ്രൊഫ.സുകുമാർ അഴീക്കോട് ആയിരുന്നു വിവർത്തകൻ.മിസ്സിസ്സിപ്പി നദിയും, ഹക്കും, ജിമ്മെന്ന കാപ്പിരിയും, തരികിടകളായ രാജാവും പ്രഭുവും, ടോമും ,മേരി ജെയിനും, പോളി അമ്മായിയുമെല്ലാം കുറച്ചൊന്നുമല്ല, എൻ്റെ ചങ്കിനെ പിടിച്ചു കുലുക്കിയത് . അനിയത്തിയെ കൂടി വായിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളൊന്നു പേജു മറിച്ചു നോക്കിയിട്ടു സ്ഥലം വിട്ടു കളഞ്ഞു!! എന്തായാലും അച് ഛൻ്റെ കയ്യിൽ നിന്നും ,ഒരു പഴയ ഡയറി സംഘടിപ്പിച്ച് ഞാനും എഴുതി തുടങ്ങി.അനിയത്തിയോടൊപ്പം ഇഷ്ടം പോലെ കളിക്കാൻ സമയം കിട്ടി. ഇടയ്ക്ക് ഇടവേളകളിൽ സമയം കിട്ടുമ്പോഴൊക്കെ ഗൗരവം ഒക്കെ മാറ്റിവച്ച് അച്ഛനും കൂടി, ഞങ്ങളോടൊപ്പം കളിക്കാൻ . പിന്നെന്തെല്ലാം കളികൾ !!! ചിത്രരചന, കാർട്ടൂൺ വരപ്പ്, പഴയ പേപ്പറുകളും കുപ്പികളും കൊണ്ടുള്ള ക്രാഫ്റ്റുകൾ. ശരിക്കും രസകരം തന്നെയായിരുന്നു. ഒരൂ നിശ്ചിത സമയം ടിവി കാണാനും അനുവദിച്ചിരുന്നു. മുറ്റത്ത് അനിയത്തിയോടൊപ്പം സൈക്കിൾ ചവിട്ടിയതും അവളെ കുറുമ്പ് കാണിച്ച് വീഴ്ത്തിയതുമെല്ലാം എത്ര ചിരിച്ചാലും മതിയാകില്ല കേട്ടോ!!!  പിന്നെ ചെസ്സും കാരംസ് കളിയും. അന്താക്ഷരികളിക്കുന്നതിനായി കുറെയധികം പദ്യശകലങ്ങൾ മനം പാഠമാക്കി. പകൽ മുഴുവൻ തിരക്കിൽ മുങ്ങിയിരുന്നതിനാൽ ,രാത്രിയിൽ കിടക്ക കണ്ടതേ ഉറക്കം തന്നെ ശരണം!!!. ചുരുക്കി പറഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള ഈ ലോക് ഡൗൺ കാലഘട്ടം, ജീവിതത്തിലേറ്റവും മനോഹരവും സൗരഭ്യവും കലർന്ന ദിനങ്ങളായിരുന്നു!!.   
അമൽ
12 G സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ