തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യപരിപാലനം പോലെ തന്നെ ശുചിത്വപരിപാലനവും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺ‌തുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്?

ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.

എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ ശാലകൾ, ബസ്സ്‌ സ്റ്റാന്റുകൾ, മാർക്കറ്റുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുച്ചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവമായ പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലെ പരിഹാരത്തിന് ശ്രമിക്കുകയുള്ളൂ.

ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗ ശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം. ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു. ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്ത് ഇരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാൽ അവ ഉപയോഗപ്രദമായ വസ്തുക്കൾ ആയി മാറും.

പൗരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എൻറെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുള്ളതായിരിക്കണമെന്നചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കും, പ്രതികരിക്കും. സാമൂഹ്യബോധമുള്ള ഒരു വ്യക്തി തന്റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. (അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ അയൽക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേൽ കയ്യേറ്റം നടത്തുകയാണ്.)

ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാവകാശമാണ്. ജീവിക്കാൻ ഉള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ശുചിത്വമുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിതഗുണനിലവാരത്തിന്റ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുണ നിലവാരവും ഉയർത്തപ്പെടും.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.

  • പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, ഇൻഫ്ലുവെൻസ, കോളറ, തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ രോഗകാരികളെ നശിപ്പിക്കുന്നു.
  • രോഗ ബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല/മുഖാവരണം ഉപകരിക്കും.
  • മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ഹാൻഡ് സാനിറ്റെസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ ഉത്തമം.
  • പകർച്ച വ്യാധി ബാധിതരുമായി നിശ്ചിത അകലം (1 മീറ്റർ) പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
  • പകർച്ച വ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതു സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക.
  • വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. .
  • മറ്റുള്ളവരുടെ ടൂത്ത് ബ്രഷ്, ഷേവിങ് സെറ്റ്, തോർത്ത്‌ എന്നിവ ഉപയോഗിക്കരുത്. രക്തം പുരണ്ട ഷേവിങ് സെറ്റ്, ബ്ലേഡ്, ബ്രഷ് മുതലായവ എച്ച്ഐവി ഉൾപ്പടെയുള്ള അണുബാധകൾ പകരാൻ കാരണമാകും.
  • പഴങ്ങൾ, പച്ചക്കറികൾ, ഇളനീര്, മുളപ്പിച്ച പയറുവർഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, കടൽ മത്സ്യങ്ങൾ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ശീതള പാനീയങ്ങൾക്ക് പകരം പഴച്ചാർ ഉപയോഗിക്കുക.
  • ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

വ്യക്തികളും സ്ഥാപനങ്ങളും നല്ല നാളേക്കായി ചെയ്യേണ്ട ചില കാര്യ‍ങ്ങൾ കൂടിയുണ്ട്.

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക
  • വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക.
  • വീട്ടിലെ അഴുക്ക് വെള്ളം ഓടയിലെക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക.
  • ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക.
  • വ്യക്തികൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, കോഴി-പന്നി ഫാമുകൾ, വ്യവസായ ശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക, പ്രവർത്തിക്കുക

സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന ഖര-ദ്രവ-വാതക മാലിന്യങ്ങൾ മറ്റുള്ളവർക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്ഥാപനം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ്. അത് അവർ ചെയ്യുക തന്നെ വേണം.

പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിൻറെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തികാണിക്കാൻ കഴിയും.അങ്ങനെ നമുക്ക് ഒരു ശുചിത്വഭാരതം കെട്ടിപ്പടുക്കാം............

യദുനന്ദ് വി.എസ്സ്
9 H തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം