ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/മുൾപ്പടർപ്പുകൾ പുഷ്പിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മുൾപ്പടർപ്പുകൾ പുഷ്പിക്കുമ്പോൾ


അന്നും ഒരു പെസഹക്കാലത്തായിരുന്നു അത്. കൂർത്തു മൂർച്ചയേറിയ എന്റെ മുള്ളുകൾ ഓജസ്സുറ്റ ഒരു ചെറുപ്പക്കാരന്റെ മാംസളമേനിയിലേക്ക് ഏറ്റവും വാശിയോടെ ഞാൻ ആഴ്ത്തിയിറക്കിയത്. അന്നു എന്റെ മുള്ളുകളിൽ ഞാൻ നാളുകളായി ആവാഹിച്ചെടുത്ത പകയുടെയും വൈരാഗ്യത്തിന്റെയും മുനകൾക്ക് ഇരുതല വാളിനെക്കാൾ മൂർച്ചയുണ്ടായിരുന്നു. അവന്റെ കരച്ചിലുകൾ ഏറ്റവും ആഹ്ളാദത്തോടെ ഞാൻ ആസ്വദിച്ചു. ചിന്തകൾ മുറ്റിയ ഞരമ്പുകളിൽനിന്ന് ചിതറിത്തെറിച്ച ചുടുരക്തത്തുള്ളികൾ കണ്ട് ഞാൻ കോരിത്തരിച്ചു. എന്റെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അവനെ എന്റെ കൈകളിൽ കാലം എത്തിച്ചത്. ഒരു പക പോക്കലിന് എത്രത്തോളം ക്രൂരതയാകാമെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസം.
ഒരു മുൾച്ചെടിയായി പിറന്നതിൽ ഞാൻ ഏറ്റവും അധികം എന്നെത്തന്നെ ശപിച്ചിരുന്നു. അവഗണനയുടെയും അകറ്റി നിർത്തലുകളുടെയും കാലം. പരിഹാസങ്ങളും ഇകഴ്ത്തലുകളും കേട്ട് പകമുറ്റിയപ്പോൾ എന്റെ മുള്ളുകൾക്ക് കാരിരുമ്പിന്റെ കരുത്തും രാകിമിനുക്കിയ വാൾത്തലപ്പിന്റെ മൂർച്ചയും വർദ്ധിച്ചു. ഒരിക്കലും ഒരു സദസ്സിലും ഞാനൊരു സ്വീകാര്യനായിരുന്നില്ല. വെട്ടിയൊതുക്കാൻ ശ്രമിച്ചപ്പോളൊക്കെ കൂടുതൽ കരുത്തോടെ ഭ്രാന്തമായ കുതിപ്പോടെ ഞാൻ വളർന്നു. ഒരു താങ്ങിനു വേണ്ടി എന്റെ തരളമായ കൈകൾ നീട്ടി ‍ഞാൻ കേണപ്പോഴെല്ലാം അരികെയുള്ളവർ ഒഴിഞ്ഞുമാറി.
കുണ്ണുനീരിന്റെ ഉപ്പുരസം ഒലിച്ചിറങ്ങിയ നാളുകളിൽ എനിക്കു നേരെ നീണ്ടുവന്ന തരിളിതൾചൂടിയ കുഞ്ഞുശിഖരം ഞാനിന്നും കണ്ണുനീർമുത്തുകൾക്കിടയിലൂടെ കാണുന്നു. ചുറ്റിപ്പിടിക്കാൻ ഞാനൊന്ന് അറച്ചുനിന്നു. അതിലെ കിരുന്നിലകളുടെ നിഷ്കളങ്കമായ പുഞ്ചിരി മായാതെ ഇന്നും നെഞ്ചിൽ ഉണ്ട്. മെല്ലെ ചുറ്റിപ്പിടിച്ച കൈകളാൽ ഞാൻ മുകളിലോക്കാഞ്ഞപ്പോൾ വേദനയോടെ അവരൊന്നു പിടഞ്ഞുവോ? സാരമില്ലെന്ന ഭാവത്തിൽ എനിക്കായി വീണ്ടും നീട്ടിയ കൈകളിൽ വളരെ ആയാസപ്പെട്ടും സഹായിച്ചവനെ മുറിപ്പെടുത്തുന്നതിലുള്ള നൊമ്പരത്താലും മുള്ളുകൾ നിറഞ്ഞ ആരും സ്നഹിക്കാത്ത എന്റെ ശരീരത്തെക്കുറിച്ചുള്ള അപകർഷത നിറഞ്ഞ മനസ്സോടെയും ഞാൻ ജീവിച്ചു.
അത്തിമരം. എന്റെ ഏറ്റവും നല്ല ചങ്ങാതി, അല്ല എനിക്കാകെയുള്ള ചങ്ങാതി. അവഗണനയുടെ നാളുകളിൽ എനിക്ക് താങ്ങായവൻ. ഉള്ളതിൽ പാതി എനിക്കായി പകുത്തവൻ. എന്നെ എല്ലാ കുറവുകളോടെയും സ്നഹിച്ചവൻ. എന്റെ കൂർത്ത മുള്ളുകളെ തന്റെ കുഞ്ഞു ശിഖരങ്ങളെപ്പോലെ കരുതിയവൻ. ഞാനേൽപ്പിച്ച മുറിവുകളും വേദനയും പരാതികളില്ലാതെ സഹാനുഭൂതിയോടെ സഹിച്ച് ഏന്നെ ഏറെ സ്നേഹിച്ചവൻ. വീശിയടിക്കുന്ന വരണ്ട മണൽക്കാറ്റും കോച്ചുന്ന തണുപ്പും ഞങ്ങളൊന്നിച്ചാഘോഷിച്ചു. മണ്ണിലവശേഷിക്കുന്ന അവസാനതുള്ളിയും വലിച്ചെടുക്കാനെന്നപോലെ തീവ്രതയോടെ എരിഞ്ഞ സൂര്യനിൽനിന്നും തന്റെ തളിരിലകൾകൊണ്ട് എന്നെ മറച്ചുപിടിച്ചു. സ്നേഹവും പരിഗണനയും എന്റെ മുള്ളുകളുടെ തീവ്രത കുറയ്ക്കുന്നത് ഞാൻ പോലും അറിഞ്ഞില്ല. പകയുടെയും ക്രൗര്യത്തിന്റെയും കനലിൽ ഉരുക്കിയെടുത്ത എന്റെ മുള്ളുകൾക്ക് എരിയുന്ന വേദന നൽകാൻ കഴിഞ്ഞിരുന്നു. എന്നാൽ അത്തിമരത്തിന്റെ ശിഖരങ്ങളിൽ ചുറ്റിപ്പിണഞ്ഞ എനിക്ക് ഇന്ന് അവന്റെ നനുത്ത കുരുന്നു ശിഖരങ്ങളെ വേദനിപ്പിക്കാതെ നില്ക്കാനറിയാം.
കാളുന്ന വെയിലിൽ ക്ഷീണിച്ഛു തളർന്ന പകൽ. എന്നേ പേടിച്ച് അന്നുവരെ അവിടേക്ക് ആരും വന്നിരുന്നില്ല. എന്നാൽ ആ വെയിലിൽ വിശന്ന് പൊരിഞ്ഞിട്ടാവണം അവൻ വന്നത്. തേജസ്വിയായ ആ യുവാവിന്റെ വരവ് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. തളിരിട്ട് കുടചൂടി നിന്ന മരച്ചില്ലകളിലേക്ക് അവൻ എത്തി നോക്കി. ഇല്ല ഒരു പഴവും അവൻ കണ്ടത്തിയില്ല. അല്ലെങ്കിലും അത്തിപ്പഴം പൂക്കുന്ന കാലമല്ലായിരുന്നല്ലോ അത്. ഞാനും സംശയിച്ചു.എന്തിനായിരിക്കും പിന്നെ ഇത്ര സൂക്ഷമമായി പരിശോധിക്കുന്നത്. ആ സുന്ദരമുഖം നോക്കി നിൽക്കാൻ എന്ത് മനോഹരമാണ്. പതിയെപ്പതിയെ അവന്റെ ചുണ്ടുകളിലെ പുഞ്ചിരി മായുന്നതും മുഖത്ത് ക്രോധം നിറയുന്നതും ഞാൻ കണ്ടു. അത്തിച്ചില്ലകൾ ഭയംകൊണ്ട് വിറക്കുന്നത് ഞാനറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുമ്പേ അത് സംഭവിച്ചു. വിശക്കുന്നവന് ഉപകരിക്കാത്തവനാണെന്ന കാരണത്താൽ അവൻ ശപിച്ച അത്തിമരം നിന്നനിൽപ്പിൽ കരിഞ്ഞുണങ്ങി.ഒന്നുറക്കെ കരയുവാനോ തന്റെ ഭാഗം ന്യായീകരിക്കാനോ അവന് അവസരം ലഭിച്ചില്ല. കരിഞ്ഞുണങ്ങിയ ആ ശരീരത്തിൽനിന്നും ഇലകളടർന്നു. സൂര്യന്റെ ചൂടിൽ ഞാൻ വെന്തുരുകി. എന്ത് നീതി? കാലമല്ലാത്ത കാലത്ത് പൂക്കാതിരുന്നതും കായ്ക്കാതിരുന്നതിനും ആരാണ് കുറ്റവാളി? എന്നിലെ അസ്ത്രമുനകൾക്ക് കനം വെക്കുകയായിരുന്നു. എനിക്കായി നിലനിന്നവനെ ഇല്ലാതാക്കിയ നീതിബോധം തീണ്ടാത്തവനെ എന്നാൽ ആവും വിധം ശിക്ഷിക്കുമെന്ന് അന്നേ ഞാൻ മനസ്സിൽ വരച്ചിട്ടതാണ്.
നാളുകകൾക്ക് ശേഷം വലിയ ആരവവും ആർപ്പുവിളിയും കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. ആ കാഴ്ച കണ്ട് ഞാനും അറിയാതെ ആർപ്പുവിളിച്ചുപോയി. വലിയ ജനക്കൂട്ടം അരണ്ടവെളിച്ചത്തിൽ കെട്ടിവലിച്ചുകൊണ്ടുവന്ന അവനെ ഞാൻ കണ്ടു. രക്തമൊലിക്കുന്ന മേനിയിൽ കൂടുതൽ വേദനകൾ താങ്ങാനാകാതെ പിടയുന്ന അവന്റെ രൂപം ഞാൻ മനസ്സിൽ കണ്ടു. അവനെ കൊല്ലാൻ കൊണ്ടുപോകുന്ന ആ കാഴ്ചയിലും ഞാൻ കൊതിച്ചത് വേദനയോടെ ഓരോ ഇ‍ഞ്ചും അവൻ പിടയുന്നത് കാണുവാനാണ്. എന്റെ മുള്ളുകൾ ആഴ്ന്നിറങ്ങുമ്പോൾ ചിതറിത്തെറിക്കുന്ന ഓരോ രക്തത്തുള്ളികളും അവന്റെ ശാപം പേറി കരിഞ്ഞുണങ്ങിയ എന്റ പ്രിയ ചങ്ങാതിക്കുവേണ്ടിയുള്ള ത‍ർപ്പണമാകണമെന്ന് ഞാൻ കരുതി. പക്ഷെ എങ്ങനെ?
താഴെ വീണ് നുറുങ്ങിയ ഞാൻ ഏറെ സഹിച്ചു. പഴയതിലും ഭീകരമായി ഇഴഞ്ഞ് വലിഞ്ഞ് അവശതയിൽ മരണം കാത്ത നാളുകൾ...... കരിഞ്ഞുണങ്ങി നുറുങ്ങിപ്പൊടിയുമ്പോഴും എന്റെ മുള്ളുകൾക്ക് പഴയതിലും മൂച്ചയേറുകയായിരുന്നു. ചുറ്റുമുള്ളവയെ വർദ്ധിച്ച വൈരാഗ്യത്തോടെ ഞാൻ വരിഞ്ഞുമുറുക്കി. നിസ്സഹായതയിൽ പിടഞ്ഞ അവയുടെ നിലവിളികൾ എന്റെ അട്ടഹാസത്തിൽ ഒന്നുമല്ലാതായിത്തീ‍ർന്നു. അവസാനകണികയിലെ ശ്വാസവും അടക്കിപ്പിടിച്ച് എന്റെ പ്രതികാരദിനങ്ങൾക്കായി കാത്തിരുന്ന എനിക്ക് വേണ്ടി ഒരുങ്ങിയെത്തിയ ദിവസമാണിന്ന്. കടന്നുപോയ വഴിയാത്രക്കാരന്റെ വസ്ത്രത്തിൽ എന്റെ മുള്ളുകളിലൊന്ന് കുരുങ്ങിയത് ആകസ്മികമായാണ്. പറിച്ചെറിയാൻ നോക്കുമ്പോഴൊക്കെ തീവ്രതയോടെ ആഴ്ന്നിറങ്ങിയ ആ മുള്ളുകളിലെ ക്രൗര്യത അപ്പോഴാകണം അയാൾ ശ്രദ്ധിച്ചത്. ശ്രദ്ധയോടെ എന്നെ കൈകളിലെടുത്ത ആ പടയാളിയുടെ കണ്ണുകളിലും ചുണ്ടുകളിലും ഒരു നിഗൂഢസ്മിതം തെളിയുന്നത് ഞാൻ കണ്ടു. വലയമാക്കി ചുരുട്ടിയെടുക്കുമ്പോൾ ഞാനറിഞ്ഞില്ല എന്റെ പ്രതികാരപൂ‍ർത്തീകരണത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നെന്ന്.
ചമ്മട്ടിയടികളിൽ പിടയുന്ന അവന്റെ ദീനരോദനം എന്റെ കാതുകളിൽ പതിച്ചപ്പോൾ ഞാൻ ആരുമറിയാതെ ഉള്ളാലെ ഉറക്കെയുറക്കെ ചിരിച്ചു. നിസ്സഹായനായ ഒരുവന്റെ പ്രതികാരം ഇങ്ങനെയെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞല്ലോ എന്ന് ‍ഞാൻ സമാധാനിച്ചു. എന്നാൽ അടുത്ത ഊഴം എനിക്കായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. ദേഹം നുറുങ്ങി ഒരി‍ഞ്ചുപോലും ബാക്കിയില്ലാതെ എഴുന്നേറ്റ് നിൽക്കാൻ പോലും ശക്തിയില്ലാതെ തളർന്നവശനായി വന്ന അവനെ അടക്കിച്ചിരിച്ചുകൊണ്ടാണ് ഞാൻ കണ്ടത്. അടുത്തനിമിഷം ചിരുട്ടിപ്പിടിച്ച എന്നെയുമായി നടന്ന്ചെല്ലുന്ന പടയാളിയെ കണ്ട് ദയനീയമായി നോക്കിയ അവന്റെ മുഖം എന്റെ പകമുറ്റിയ മനസ്സിനെപ്പോലും ഒരുനിമിഷത്തേക്ക് പിടിച്ചുലച്ചു. ആ കണ്ണുകളിൽ കണ്ട ദൈന്യതയ്ക്ക് എന്തായിരുന്നു അർത്ഥം? എന്നെ അവൻ തിരിച്ചറിഞ്ഞുവോ?
ചിന്തകളിൽനിന്നു ‍ഞാൻ ഞെട്ടിയുണർന്നത് ഹൃദയം നുറുങ്ങിയ വേദനയോടെ അമ്മേ എന്ന വിളികളിൽ ചിതറിത്തെറിച്ച ചുടുനിണത്തുള്ളികൾ പതിച്ച നേരത്തായിരുന്നു. ഞാങ്ങണകൊണ്ടുള്ള ഓരോ അടിയിലും ആഴ്ന്നിറങ്ങിയ ഞാൻ തിരിച്ചറിവിന്റെ വെളിച്ചത്തിൽ സ്തബ്ധനാകുകയായിരുന്നു. ഓരോതുള്ളി രക്തവും എന്നെ തിരിച്ചറിവിന്റെ കാഴ്ചകളിലേക്ക് നയിച്ചപ്പോൾ ഞാൻ കാണാൻ കൊതിച്ച മനുഷ്യപുത്രനെ ഞാൻ കണ്ടു. ജീവനാഥന്റെ കൊലയ്ക്ക് ഞാനും കൂട്ടുനിന്നുവോ......? ശപിക്കപ്പെട്ട ജന്മം ............. അരുതേയെന്ന് ഉള്ളാലെ തേങ്ങിയിട്ടും ആരുമറിഞ്ഞില്ല എന്റെ നൊമ്പരം...... വിങ്ങുന്ന മനസ്സുമായി ആഴ്ന്നിറങ്ങുമ്പോൾ ഹൃദയം തകരുന്ന വേദനയിൽ പൊട്ടിക്കരഞ്ഞ് ഞാൻ മാപ്പിരന്നു. അവന്റെ ശിരസ്സിൽ നിന്ന് തെറിച്ച ചുടുനിണങ്ങൾക്ക് എന്നെ ചുട്ടുപൊള്ളിക്കാനുള്ള കനലുണ്ടായിരുന്നു. അറിഞ്ഞിരുന്നില്ല ഞാൻ ...... നീ ദൈവപുത്രനെന്ന്......... നുറുങ്ങുന്ന വേദനയിൽ പുളഞ്ഞ അവന്റെ ശിരസ്സിലിരുന്ന് ഞാൻ കണ്ട ഒരു അമ്മയുടെ മുഖം......... കഠിനമായ ദുഃഖം കടിച്ചമർത്തി നിസ്സഹായയായി നിന്ന ആ നോട്ടം........................ പ്രതികാരത്തിനായി ഞാൻ ദാഹിച്ച നിമിഷങ്ങളെ എന്നെയും ചേർത്ത് ഞാൻ ശപിച്ചു...................
ഈ ജന്മം എന്റെ വൈരാഗ്യങ്ങളെയും പകയെയും ഉൾപ്പെടെ ഞാൻ അവസാനിപ്പിക്കുക യാണ്. ഈ മുറിപ്പാടിനുള്ളിലിരുന്ന് ഞാൻ തിരിച്ചറിയുന്നു ചതിയുടെ മറുവശങ്ങൾ. സഹജീവികൾക്കുപോലും പരിഗണന നല്കാതെ കിട്ടിയതെല്ലാം വാരിവലിച്ച് സ്വന്തമാക്കിയവൻ...... തന്നിലേക്കെത്തുന്നവരെയും ചോദ്യം ചെയ്തവരെയും അകറ്റിനിർത്താൻ ഞാനൊരു മറയായിരുന്നു. എന്റെ കൂർത്തമുള്ളുകളെ ഭയന്നവർ അത്തിമരത്തിലേക്കടുത്തില്ല. എന്നും നിറയെ ഫലങ്ങളുമായി അതിഥികളെ കാത്തുനില്ക്കുന്നവനായി ഉള്ളിൽ നിറയെ കാപട്യം പുലർത്തി. അടുത്തെത്താൻ കഴിഞ്ഞാൽ ഫലങ്ങൾനല്കാൻ തയ്യാറാണെന്ന വ്യാജമുഖവുമായി കാത്തുനിന്നവൻ.......... ആവശ്യത്തിൽ കൂടുതൽ അപഹരിച്ചവൻ അർഹതപ്പെട്ടവന്റെ അന്നവും കവർന്നപ്പോൾ എന്നോട് കാണിച്ച സ്നേഹം ചാവേറായി എന്നെ പോറ്റുന്നതിനാണെന്ന് ഞാൻ അറിഞ്ഞില്ല. തിരിച്ചറിവിന്റെ പടിവാതിൽക്കൽ ഞാൻ അറിയുന്നു കണ്ടതിൽ പാതിയേ സത്യമുള്ളൂ............ കേട്ടതിലശ്ശേഷം സത്യമില്ലെന്നും....................
ജീവന്റെ അവസാനകണവും പൊഴിഞ്ഞുവീഴുമ്പോൾ ഒരു പ്രാർത്ഥന മാത്രം .............. ഇനിയും ഞാൻ പുനർജ്ജനിക്കുമെങ്കിൽ എന്റെ മുള്ളുകൾ പൂക്കളായി വിരിയട്ടെ....... ഓരോ ദിവസവും ഇറുക്കപ്പെട്ട് നിന്റെ മുമ്പിൽ അർച്ചനയായി മാറുവാൻ................... ഇറുക്കപ്പെടുന്ന ഓരോ നിമിഷവും ഇയൊരു ജന്മത്തിൽ സംഭവിച്ച തെറ്റുകൾക്ക് .........................
( കഥാതന്തു ബി എഡ് പഠനകാലത്ത് എന്റെ അധ്യാപകൻ അദ്ദേഹത്തിന്റെ സെമിനാരി ജീവിതത്തിനിടക്ക് വായിച്ച സഹസെമിനാരി വിദ്യാർത്ഥി എഴുതിയ കവിതയിൽ നിന്ന് സ്വീകരിച്ചതാണ്. )

ആൻ്റണി.കെ.എക്സ്
എൽ.പി.എസ്.എ ജി.വി.എച്ച്.എസ്.എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ