എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/കൈറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റ്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. അടിസ്ഥാന വികസന പ്രവർത്തനങ്ങൾകൂടി ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവർത്തനമേഖല കമ്പനി രൂപീകരണത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചു.2017 ആഗസ്റ്റിൽ ഐ.ടി @ സ്കൂൾ പ്രോജക്ട്, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനിയായി മാറി.

ഹൈടെക് സ്കൂൾ

നവകേരള മിഷനു കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്തു.2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ സമ്പൂർണ പൂർത്തീകരണ പ്രഖ്യാപനം വിക്ടേഴ്സ് ചാനലിലൂടെ നടത്തി. പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം പൊതുവിദ്യാഭാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളും സജ്ജമാക്കി.

സമഗ്ര ഇ പോർട്ടൽ

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ക്ലാസ്‌മുറികളിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിനാവശ്യമായ റിസോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ്, സമഗ്ര എന്ന പേരിൽ ഒരു ഇ - പോർട്ടൽ വികസിപ്പിക്കുകയുണ്ടായി. ഈ പോർട്ടലിൽ‌ ഇ - റിസോഴ്സസുകളും പാഠപുസ്തകങ്ങളും ചോദ്യ ശേഖരങ്ങളും ‌ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ വിഭവങ്ങൾ ലഭ്യമാണ്.

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ഓൺലൈൻ ക്ലാസുകൾ

കോവിഡ് ഭീതി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ആണ് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചത് .വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്തത്. ഇതിനു​പുറമെ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാക്കുന്നു .41 ലക്ഷം കുട്ടികൾക്കാണ് പഠനത്തിന് അവസരം ഒരുക്കിയത്.

കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL)

കേരളത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഓൺലൈനായി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൈറ്റ് ആരംഭിച്ച ഓൺലൈൻ പരിശീലന പോർട്ടലാണ് കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL).സഹായക ഫയലുകളുടെയും വീഡിയോ പഠന വിഭവങ്ങളുടെയും സഹായത്തോടെ നിശ്ചിത കാലയളവിലുള്ള കോഴ്സുകളാണ് പോർട്ടലിൽ നല്കിയിരിക്കുന്നത്. പ്രൊബേഷൻ പൂർത്തീകരിക്കേണ്ട അധ്യാപകർക്കുള്ള പരിശീലന പരിപാടിയാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.

സ്കൂൾവിക്കി

സ്കൂൾവിക്കി കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി. വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും,വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ പങ്കുവക്കുന്നതിനുമായാണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്.