എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നല്ല നാളേക്ക്...


ആരോഗ്യമുള്ള നാടിന് ശുചിത്വം അത്യന്താപേക്ഷിതമായ ഘടകമാണ്.ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല.ജീവിതത്തിൻറെ സമസ്ത തലങ്ങളേയും ഉൾക്കൊള്ളേണ്ട ഒന്നാണത്.ഏതൊരു സമൂഹത്തിൻറേയും ശരിയായ വളർച്ചയ്ക്ക് ആവശ്യാനുസരണമുള്ള ഊർജ്ജ ഉത്പാദന ഇന്ധനങ്ങളും,ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ശാസ്ത്രീയ മാലിന്യസംസ്കരണ പദ്ധതികളും ആവശ്യമാണ്‌.അതിനെല്ലാമുപരി മതിയായ ശുചിത്വ സംവിധാനങ്ങളും ഡ്രൈനേജും അത്യന്താപേക്ഷിതം തന്നെ.പല കാരണങ്ങൾ കൊണ്ടും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരപ്രദേശങ്ങളിലും,ചേരികളിലും,ഗ്രാമങ്ങളിലും മതിയായ ശുചിത്വ സംവിധാനങ്ങൾ ആവശ്യാനുസരണം ലഭ്യമല്ല.നമ്മുടെ ധാർമിക നിഷ്ഠകളും ആരാധനയുമുൾപ്പെടുന്ന മനസ്സിൻറേയും ഹൃദയത്തിൻറേയും ഒരവസ്ഥ കൂടിയാണ് ശുചിത്വം.എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് നമുക്ക് നോക്കാം..... ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു നിര അഭ്യാസങ്ങളെ ശുചിത്വത്തിൻറെ പട്ടികയിൽ പെടുത്താം.ലോക ആരോഗ്യ സംഘടന അനുസരിച്ച് ശുചിത്വം എന്നാൽ രോഗങ്ങൾ പകരുന്നത് തടയാനും ആരോഗ്യം നിലനിർത്തുന്നതിനും വേണ്ടിയുള്ള പ്രയോഗങ്ങളും വ്യവസ്ഥകളുമാണ്.ചില സ്ഥിരം ശുചിത്വങ്ങൾ സമൂഹം നല്ല ശീലങ്ങളായി കൂടെ കൂട്ടിയിട്ടുണ്ടെങ്കിലും ശുചിത്വ വിഷയത്തിലെ അശ്രദ്ധ നല്ല ഭാവിയുടെ ഭീഷണിയാണ്. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം,ഭക്ഷണശുചിത്വം,സ്വകാര്യ സേവന ശുചിത്വം,വൈദ്യശുചിത്വം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിൽ ശുചിത്വം നിലക്കൊള്ളുന്നു.വ്യക്തിശുചിത്വത്തിൻറെ കാര്യത്തിൽ നാം മുന്നിലാണെങ്കിലും പരിസ്ഥിതി ശുചിത്വത്തിൽ നാം പിന്നിലാണെന്നത് വാസ്തവമാണ്.കാക്കകൾ പോലും അവയുടെ കടമ നിർവഹിക്കുമ്പോൾ മനുഷ്യൻ അത് വിസ്മരിക്കുന്നു എന്നതാണ് സത്യം.വീടിന്റെ അകം വൃത്തിയാക്കുന്നതിൽ ശ്രദ്ധാലുക്കളായ നാം ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക്‌ കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റ് പെരുകാനുള്ള വലിയ സാഹചര്യമാണ് ഒരുക്കികൊടുക്കുന്നത്.ദിവസേന രണ്ട് നേരം പല്ല് തേച്ചും,സോപ്പിട്ട് കുളിച്ചും,ഭക്ഷണത്തിന് മുൻപും ശേഷവും കൈകഴുകിയും,നഖം വെട്ടിയും,വൃത്തിയുള്ള വസ്ത്രം ധരിച്ചും, നാം വ്യക്തിശുചിത്വം പാലിക്കുമ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചും വാഹനങ്ങളിൽ നിന്നും വ്യത്യസ്ത വ്യവസായ ശാലകളിൽ നിന്നും അമിതമായി പുറംതള്ളുന്ന പുകയാലും പരിസ്ഥിതിയെ അവഗണിക്കുന്നതിനോടൊപ്പം പരിസരശുചിത്വത്തിൽ നിന്നും അകന്നുപോവുകയാണ് മാനവർ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളേയും ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.കൊറോണ എന്ന മഹാമാരി നമ്മെ വന്ന് വിഴുങ്ങാൻ ശ്രമിക്കുമ്പോഴും ശുചിത്വത്തിൻറെ കരങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നാം അതിനെതിരെ പോരാടി വരുന്നു.അതിനാൽ തന്നെ വ്യക്തി ശുചിത്വത്തിനെ കുറിച്ച് നാം ബോധവാന്മാരാണ്.അതിനാൽ അവ വീണ്ടുമെഴുതി മടുപ്പിക്കുന്നില്ല.എങ്കിലും എല്ലായ്പ്പോഴും നാം അറിഞ്ഞിരിക്കേണ്ടതും ചിലർ അറിയാത്തതുമായ ചില വ്യക്തി ശുചിത്വ ശീലങ്ങൾ ഇതാ നിങ്ങൾക്ക് വേണ്ടി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു...(അറിഞ്ഞിട്ടും പാലിക്കാത്തവ കൂടി ഉൾപ്പെടുത്തുന്നു)

   • വസ്ത്രങ്ങൾ,കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക.ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.
   • മല വിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.
   • മറ്റുള്ളവരുടെ ടൂത്ത് ബ്രഷ്,ഷേവിംഗ് സെറ്റ്,തോർത്ത്‌ എന്നിവ ഉപയോഗിക്കരുത്.രക്തം പുരണ്ട ഷേവിംഗ് സെറ്റ്,ബ്ലേഡ്,ബ്രഷ് മുതലായവ എച് ഐ വി മുതലായ അണുബാധകൾ പകരാൻ കാരണമാകും.
   • ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും ഒഴിവാക്കണം.
   • ഉപ്പ്,എണ്ണ,കൊഴുപ്പ്,മധുരം എന്നിവ കുറയ്ക്കുക.
   • കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം(പാൽ,മുട്ട.....) ശീലമാക്കി അമിതാഹാരം ഒഴിവാക്കുക.
   • പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.രാത്രി ഭക്ഷണം കുറയ്ക്കുക.
   • അത്താഴം ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും കഴിക്കുക.
   • ചായ,കാപ്പി എന്നിവ കുറയ്ക്കുക.
   • ആഹാരം കൊണ്ടുവരാൻ പ്ലാസ്റ്റിക്‌ നിർമിത പാത്രങ്ങളും കുപ്പികളും ഒഴിവാക്കുക.
   • ദിവസേന 7-8 മണിക്കൂർ ഉറങ്ങുക.
   • ദിവസവും 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്.
   • അര മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കരുത്.
           അത്യാവശ്യം വേണ്ട എല്ലാ വ്യക്തിശുചിത്വങ്ങളും നാം സ്വായത്തമാക്കിയിരിക്കുന്നു.
              ജീവിതശൈലി പാടെ മാറ്റിയപ്പോൾ മുതലാണ്‌ ഉത്പാദിക്കപ്പെടുന്ന മാലിന്യത്തിന്റെ സ്വഭാവവും അളവും ക്രമാതീതമായി പെരുകാനും അവ നിർദാക്ഷിണ്യം വലിച്ചെറിയാനും നാം ശീലിച്ചത്.നാലും അഞ്ചും സെൻറിൽ വീടുകൾ നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡരികിലും പുഴയിലും തോട്ടിലും മാലിന്യം ചേക്കേറാൻ തുടങ്ങി .കേരളീയൻറെ ശുചിത്വ ബോധത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ ‘പെരുമാറ്റ ദൂഷ്യ’ത്തെ അകറ്റാൻ ആർക്കും കഴിഞ്ഞതുമില്ല.മാലിന്യം ഉത്പാദിപ്പിക്കുന്നവർ തന്നെ അതിൻറെ സംസ്കരണത്തിലേക്ക് തിരിയണമെന്ന ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ ചുവടുവെപ്പ്‌ നടത്താൻ ആര് പറഞ്ഞിട്ടും മലയാളി കേട്ടതുമില്ല.വ്യക്തിശുചിത്വം പാലിക്കുന്ന മലയാളി സാമൂഹികശുചിത്വം എന്ന പാഠം ഒരിക്കലും പഠിച്ചെടുത്തിരുന്നില്ല.വീടുകളും നഗരങ്ങളും കൂടുകയും സമ്പത്തും സൗകര്യങ്ങളും വർദ്ധിക്കുകയും ചെയ്തെങ്കിലും പൊതുവായി പാലിക്കേണ്ട മര്യാദകളുടെ കാര്യത്തിൽ നമ്മുടെ നില വളരെ പരിതാപകരമായി മാറുന്നു.
          വീട്ടിൽ സൂക്ഷിച്ചു വെച്ച മാലിന്യം പ്ലാസ്റ്റിക്‌ കവറിലാക്കി ഇരുട്ടിൽ അടുത്ത പറമ്പിലോ തെരുവോരത്തോ കളയാൻ വിദ്യാഭ്യാസവും ശുചിത്വബോധവും കേരളീയനെ തടയുന്നില്ലെന്നതാണ് അത്ഭുതം.ഹോട്ടലുകളും ആശുപത്രികളും മാലിന്യം പുഴകളിലേക്ക് ഒഴുക്കി വിടുന്നു.രാത്രികളിൽ അറവുശാലകളിലെ മാലിന്യം ലോറിയിൽ കൊണ്ടുവന്ന് റോഡരികിലും പുഴയോരത്തും വയലുകളിലും നിക്ഷേപിച്ച് ആളുകൾ ഓടി മറയുന്നു.

എല്ലാവരും നിത്യവും ഒന്നോ രണ്ടോ തവണ കുളിക്കും,പല്ല് തേക്കും.ഇത് മാത്രമാണ് മലയാളിയുടെ ശുചിത്വബോധം.ഒരാളും തൻറെ പരിസരത്തെക്കുറിച്ച് ഉത്കണ്ഠാകുലനല്ല.അതൊക്കെ മറ്റുള്ളവർ അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടതല്ലേയെന്ന ബോധമാണ് ഒരു തരത്തിൽ കേരളത്തിൻറെ മലിനമായ കാലാവസ്ഥയ്ക്ക് കാരണം.എല്ലാവരും അവകാശത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നാൽ കടമയുടെ കാര്യത്തിൽ അതില്ലെന്ന് മലയാളിയെ ചൂണ്ടിക്കാട്ടി മറ്റുള്ളവർ പറയുമ്പോഴാണ് നാണക്കേട്‌ കൊണ്ട് നമ്മുടെ ശിരസ്സ്‌ കുനിയുക.ഇത്തരത്തിൽ അധർമ്മികളായി കേരള ജനതയെ മാത്രം പഴിക്കുന്നില്ല.ലോകത്തെങ്ങും ഇത്തരത്തിലുള്ള നശോന്മുഖപ്രവൃത്തികൾ നടമാടുമ്പോഴും മാനവരാശിക്ക് മാതൃകയാകുന്ന പ്രത്യാശയേകുന്ന നന്മയുടെ കരങ്ങളാൽ സമൃദ്ധമായ പ്രദേശങ്ങളും നിലനിൽക്കുന്നു.ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ ലോകത്തിൽ എല്ലായിടത്തും ഒരുപോലെ അല്ലെന്നതാണ് വാസ്തവം.നന്മയുടെ ആശയം പകർന്നുകൊണ്ട് ശുചിത്വത്തിൻറെ മഹത്വം കാത്തുസൂക്ഷിക്കുന്ന കരങ്ങൾ അങ്ങിങ്ങായി നിലക്കൊള്ളുന്നത് ഒരുപക്ഷേ എല്ലാം ദർശിക്കുന്ന ഈശ്വരന് ആശ്വാസം പകരാനോ മാനവപ്രവൃത്തികൾ കണ്ട് കുപിതയാകുന്ന ഭുമിദേവിയെ കോപമുക്തയാക്കുന്നതിനോ വേണ്ടിയാകാം.ശുചിത്വം സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ആളുകൾ വളർന്നുവരുന്നത്. ഗാർഹികമാലിന്യം,വ്യാവസായിക മാലിന്യം,ആശുപത്രി മാലിന്യം,ഹോട്ടൽ മാലിന്യം തുടങ്ങി ഇ-മാലിന്യങ്ങൾ വരെ നമ്മുടെ ഭാവിയെ ആശങ്കാകുലമാക്കുന്നുണ്ട്.ഇന്ൻ നാം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യഭീഷണി മാലിന്യമാണെന്ന് അറിയാത്തവരായി ആരുമില്ല.അപ്പോഴും ശുചിത്വത്തിൻറെ വ്യത്യസ്ത നിലകളെക്കുറിച്ച് ബോധവാനല്ല.ആഹാരശുചിത്വം,വൈദ്യശുചിത്വം തുടങ്ങി ഉറക്കത്തിന് പോലും ശുചിത്വം ലഭിക്കുവാനായി നാം ശീലമാക്കി മാറ്റേണ്ട പ്രവൃത്തികളെ അറിയാതെ ഇന്നും ജീവിക്കുന്നു.

           രോഗത്തിൻറെ വ്യാപനം തടയുന്നതിനോ കുറയ്ക്കുന്നതിനോ വേണ്ടിയുള്ള വൈദ്യസഹായത്തിലും വൈദ്യഭരണത്തിലും പാലിക്കേണ്ട ശുചിത്വമാണ് വൈദ്യശുചിത്വം.സർജറിയ്ക്ക്  ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ അണുപ്രാണിനാശനം,ശരിയായി മുറിവ് ബാൻഡേജ് ഉപയോഗിച്ച് മറക്കുന്നതും,ആശുപത്രി മാലിന്യങ്ങളുടെ ശരിയായ വിക്രയം എന്നിവയെല്ലാം വൈദ്യശുചിത്വത്തിൽ പാലിക്കേണ്ട ചില വ്യവസ്ഥകളാണ്.

ഭക്ഷ്യവിഷബാധ തടയുന്നതിനും മറ്റ് ഭക്ഷണത്തിലേക്കോ,മനുഷ്യനിലേക്കോ,മൃഗങ്ങളിലേക്കോ ഉള്ള അസുഖത്തിൻറെ വ്യാപനം കുറയ്ക്കുന്നതിനും ഭക്ഷണമലിനീകരണം തടയുന്നതിനും വേണ്ടിയുള്ള ആഹാരം പാകംചെയ്യലും നിയന്ത്രണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യവസ്ഥകളാണ് ആഹാരശുചിത്വത്തിൽ ഉൾപ്പെടുന്നത്. ഏതൊരു ഭക്ഷണവും തൊടുന്നതിന് മുൻപ് കൈ കഴുകണം,ഭക്ഷണം പാകം ചെയ്യാൻ ഒരേ അടുക്കള സാമാനങ്ങൾ ഉപയോഗിക്കരുത്,ഭക്ഷണം കഴിക്കുമ്പോഴോ അതിനു ശേഷമോ വിരലുകളോ,കൈയോ നക്കരുത്‌,ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കണം,കഴിക്കാത്ത ഭക്ഷണത്തിൻറെ ശരിയായ നിർമാർജനം എന്നിങ്ങനെ ആഹാരശുചിത്വത്തിലെ വ്യവസ്ഥകൾ നീളുന്നു. ജനങ്ങൾക്ക് സ്വകാര്യ സേവനം നടത്തിവരുന്നവർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശ്രദ്ധയും ഉപയോഗവും സംബന്ധിച്ച ശീലങ്ങളാണ് സ്വകാര്യ സേവന ശുചിത്വത്തിൽ ഉൾപ്പെടുന്നത്.കൈ കഴുകുന്നതും,ശരീരം പിളർക്കാനും,റ്റാറ്റൂ അടിക്കാനും മറ്റും സേവകർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ അണുപ്രാണിനാശനമെല്ലാം ഈ ശുചിത്വത്തിൽ പെടുന്നു. മികച്ച നിലവാരത്തിലുള്ള ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളാണ് ഉറക്കവുമായി ബന്ധപ്പെട്ട ശുചിത്വത്തിൽ ഉൾപ്പെടുന്നത്.സ്ഥിരമായ ഉറക്കസമയം,ഉറങ്ങാനുള്ള സമയത്തിന് വളരെ അടുത്തായി ശാരീരികമായോ മാനസികമായോ ഉള്ള വ്യായാമങ്ങൾ ഒഴിവാക്കണം,ആധികൾ കുറയ്ക്കണം,ഉറക്കം വരുന്നില്ലെങ്കിൽ കിടക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുക,ഉറക്കത്തിനോടടുത്ത സമയങ്ങളിൽ ലഹരി ഒഴിവാക്കണം എന്നിങ്ങനെ ഒരു സമാധാനപരവും തൃപ്തിപെടുത്തുന്നതുമായ ഉറക്കത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ഈ ശുചിത്വം നമ്മെ പഠിപ്പിക്കുന്നു.

             ശുചിത്വം നിർബന്ധമായും പാലിക്കേണ്ട അവസ്ഥ വന്നുകഴിഞ്ഞു.പ്രകൃതിയിൽ നിക്ഷേപിക്കപ്പെടുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ അഥവാ ഇ-മാലിന്യങ്ങൾ ഗുരുതര ഭീഷണിയായി മാറിയിട്ടുണ്ട്.ഇ-മാലിന്യങ്ങളിലുള്ള രസം,ഈയം തുടങ്ങിയ ലോഹങ്ങൾ മറ്റ് മാലിന്യങ്ങളുമായി ചേർന്ന് മാലിന്യസംഭരണകേന്ദ്രങ്ങളിൽ തള്ളുന്നത് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പല പൊതുസ്ഥലങ്ങളും അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിലാണ് കിടക്കുന്നത്.ചില വ്യവസായശാലകൾ അന്തരീക്ഷത്തെ മലിനമാക്കുന്നു.പക്ഷേ,വ്യവസായശാലകളോ വാണിജ്യകേന്ദ്രങ്ങളോ ഒന്നുമല്ല വാസ്തവത്തിൽ മലിനീകരണമുണ്ടാക്കുന്നത്.മനുഷ്യരാണ് അതിന് ഉത്തരവാദികൾ.ലോകവ്യാപക മലിനീകരണത്തിനും അതിൻറെ ദൂഷ്യഫലങ്ങൾക്കുമുള്ള പ്രധാന കാരണം അത്യാഗ്രഹം ആണെങ്കിലും പ്രശ്നത്തിൻറെ ഭാഗികമായ കാരണം ആളുകളുടെ വ്യക്തിപരമായ ശുചിത്വമില്ലായ്മയാണ്. പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ യഥാർത്ഥത്തിൽ നമ്മുടെ പൗരബോധത്തിൻറെയും ശുചിത്വബോധത്തിൻറെയും ഉത്പന്നങ്ങളാണെന്ന് നാം തന്നെ ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുകയാണ്.എത്ര പരിഷ്കാരിയായാലും മാറാത്ത മലയാളിയുടെ മനസ്സ് തന്നെയാണ് ഒരിക്കലും ഒഴിയാത്ത മാലിന്യം പേറാൻ വിധിക്കപ്പെട്ട നാടാക്കി കേരളത്തെ മാറ്റിയത്.ബോധവത്കരണം കൊണ്ട്മാത്രം ഈ വലിച്ചെറിയൽ സംസ്കാരം നിയന്ത്രിക്കാൻ കഴിയില്ല.ശക്തമായ നിയമങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്.മാലിന്യങ്ങൾ ചാക്കിലാക്കി നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകർത്തുന്നവർക്കെതിരെ കർശന നടപടി തന്നെ വേണം.ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമോ ഗ്യാസോ ആക്കി മാറ്റണമെന്നും പ്ലാസ്റ്റിക്‌ തുടങ്ങിയവ പുനരുപയോഗത്തിനായി സംസ്കരിക്കണമെന്നും കുന്നിൻ മുകളിലേയും ചെരുവുകളിലേയും പുല്ലും പടർപ്പും വെട്ടിക്കിളച്ച് വേരോടെ പിഴുതെടുക്കരുതെന്നുമുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. മാലിന്യപ്രശ്നത്തിൻറെ വസ്തുനിഷ്ഠ കാരണങ്ങൾ കണ്ടെത്തി,കുറവുകൾ പരിഹരിച്ച് ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടും ജനപങ്കാളിത്തത്തോടും കൂടി ബൃഹത്തായ ഒരു പുതിയ ശുചിത്വപരിപാടിയാണ് ഇനി നടപ്പിലാക്കേണ്ടത്.മാലിന്യങ്ങൾ അതിൻറെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ സംസ്കരിക്കുന്നതിനുള്ള ബോധവത്കരണവും സമുചിത സാങ്കേതിക വിദ്യകളുടെ വ്യാപനവും വിഭാവനം ചെയ്യണം.സാക്ഷരതാപ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും ഫലപ്രദമെന്ന് തെളിഞ്ഞ ജനകീയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞാൽ സമ്പൂർണ്ണ ശുചിത്വമെന്ന ലക്ഷ്യം നേടാനാകുമെന്നതിൽ തർക്കമില്ല.ഇതിന് കൈകോർത്തിറങ്ങാൻ ഇനിയെങ്കിലും എല്ലാവരും തയ്യാറായില്ലെങ്കിൽ നേരിടേണ്ടിവരിക പരിഹാരമില്ലാത്ത മഹാമാരികൾ തന്നെയാകും. ശുചിത്വത്തിൻറെ അഭാവത്താലുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് മനുഷ്യൻ ബോധവാനല്ല.അറിഞ്ഞാലും “കണ്ണടച്ച് ഇരുട്ടാക്കുന്നത്” പോലെ അവൻ അതെല്ലാം കണ്ടില്ലെന്ന് നടിച്ച് സ്വന്തം സ്വാർത്ഥതയ്ക്ക് പിന്നാലെ പായും. “കണ്ടാലറിയാത്തവൻ കൊണ്ടാലറിയും” എന്ന പഴമൊഴി അർത്ഥവത്താക്കികൊണ്ട് അവൻ ഭൂമിയുടെ ശാപങ്ങൾ ഏറ്റുവാങ്ങും.ഇതിനുത്തമോദാഹരണം നാം നേരിടേണ്ടി വന്ന പ്രകൃതിദുരന്തങ്ങൾ തന്നെ. വൃത്തിഹീനമായ പരിസ്ഥിതി നമുക്ക് ഒരിക്കലും സന്തോഷം നൽകുകയില്ല.ശുചിത്വമില്ലാത്ത പ്രകൃതിയുടെ ദുരവസ്ഥയിൽ വിലപിക്കാൻ മാനവരാശി സമയം കണ്ടെത്തിയില്ലെങ്കിൽ പ്രകൃതി സ്വയം സ്വന്തം അവസ്ഥയിൽ ദു:ഖിക്കും.പ്രകൃതിയുടെ കണ്ണിൽ നിന്ന് ഒലിക്കുന്ന ഓരോ തുള്ളി കണ്ണീരും നമുക്ക് തീർത്താൽ തീരാത്ത നഷ്ടം വിതക്കും.ഇത് ഓർക്കുക.എന്ൻ കരുതി നമ്മുടെ ശുചിത്വം മറന്ന നാടിൻറെ ദുരവസ്ഥയെക്കുറിച്ച് ആലോചിച്ച് കണ്ണുനീർത്തുള്ളി പൊഴിക്കുന്നത് വ്യർത്ഥമാണ്‌.ആ കണ്ണീരിനേക്കാൾ വില പ്രകൃതിയുടേതിന് തന്നെ.അതിനാൽ മറിച്ച് പ്രകൃതിയെ ദുരവസ്ഥയിലേക്ക് തള്ളിയിടാതിരിക്കാൻ ശ്രമിക്കണം.അതിന് ഓരോ പൗരനും തീരുമാനിക്കണം പോരാ പ്രതിജ്ഞ എടുക്കണം.ശുചിത്വം ഉറപ്പുവരുത്താനായി സർക്കാരുകൾ ഓരോ പദ്ധതികൾ ആവിഷ്ക്കരിച്ചും മറ്റും കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ‘ശുചിത്വം നല്ല നാളേക്ക്’ എന്ന ചിന്ത ഓരോ മനുഷ്യമനസ്സിലും ഉടലെടുക്കേണ്ടതാണ്.ശുചിത്വത്തിൻറെ ആവശ്യകത മനസ്സിലാക്കാത്ത ‘നേരം വെളുക്കാത്ത’ ചിലർ ഇപ്പോഴുമുണ്ടെന്നത് ദു:ഖകരമാണ്.അവർക്ക് വേണ്ടി ഞാനീ ലേഖനം സമർപ്പിക്കുന്നു. “ഈ നാടിൻറെ തരിയിൽ നമ്മുടെ കരങ്ങളിൽ നിന്നും കറപറ്റിപോയിരിക്കുന്നു.അത് ശുചിയാക്കേണ്ടത് നമ്മുടെ ധർമ്മം.നമുക്കുവേണ്ടിയും നല്ല നാളേക്ക് വേണ്ടിയും ......” ഈ സാഹചര്യത്തിൽ എനിക്ക് ഓർമിപ്പിക്കാനുള്ള ഉദ്ധരണി മറ്റൊന്നുമല്ല –‘സൂക്ഷിച്ചാൽ ദു:ഖിക്കണ്ട’ “വർത്തമാനത്തിലുള്ള മാലിന്യം എന്ന ഭൂതത്തെ തുടച്ചുമാറ്റിയാൽ ഭാവി സുരക്ഷിതമാകും” ശുചിത്വം എന്ന ആയുധം കൊണ്ട് നമുക്ക് നല്ല നാളെയെ പണിതുയർത്താം .

സ്നേഹമോൾ കെ എം
10 F എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം