എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/ഓർക്കാപ്പുറത്തെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കാപ്പുറത്തെ മഹാമാരി

വന്നു കയറിയ കടബാധ്യതകൾ തീർക്കാൻ വേണ്ടിയായിരുന്നു അന്ന് അദ്ദേഹം മുംബൈയ്ക്ക് പോയത്. അവിടെ അയാൾക്ക്‌ വണ്ടി ഓടിക്കലായിരുന്നു പണി. കടങ്ങൾ എല്ലാം തീർത്തിട്ട് വേണം, ഒരിക്കൽ മുടങ്ങിപ്പോയ തന്റെ മകളുടെ കല്യാണം നടത്താൻ. മൂത്തമകന് നല്ലൊരു ജോലിയും വാങ്ങിക്കൊടുക്കണം. അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടാണ് അന്ന് അദ്ദേഹം കേരളക്കര വിട്ടത്.

തെക്കാട്ടുപുരയിൽ തോമസ് എന്ന് ആരോടുചോദിച്ചാലും പറഞ്ഞുതരും. കാരണം അത്രയ്ക്കും പ്രശസ്തമായ വീടായിരുന്നു അദ്ദേഹത്തിന്റെ. നാട്ടിലെ ഏറ്റവും വലിയ പ്രമാണി. സ്വന്തമായി ഒരുപാട് തോട്ടങ്ങളും... എന്നാൽ ഇല്ലാത്തവർക്ക് കൊടുത്തും, ഉളളവർ അദ്ദേഹത്തെ ചതിച്ചും അദ്ദേഹം ദരിദ്രനായി. അങ്ങനെ അദ്ദേഹം പ്രശസ്തി നേടിയെങ്കിലും പണക്കാരനായ തോമസ് ദാരിദ്രമായ വീടിന്റെ നാഥനായിമാറി. ഒന്നര വർഷം മുമ്പ് ഇല്ലാത്ത കാശുണ്ടാക്കി മകളുടെ കല്യാണം നടത്താൻ തീരുമാനിച്ചതായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തെ നടുക്കിയ ആ പ്രളയത്തിൽ മകളുടെ വിവാഹമെന്ന സ്വപ്നം ഇല്ലാതായി. ഇപ്പോൾ വീണ്ടും മകളുടെ കല്യാണമാണ്. അതിന്റെ തിരക്കിലാണ് തോമസും, കുടുംബവും. രാവെന്നോ പകലെന്നോ ഇല്ലാതെ അദ്ദേഹം സമ്പാദിക്കുകയാണ്. കല്യാണത്തിന് ഇനി കഷ്ടിച്ച് ഒരു മാസമേ ബാക്കിയുളളൂ. കല്യാണപ്പെണ്ണിനുളള സാരിയും, സ്വർണവും എല്ലാം വാങ്ങി. ഇനി അദ്ദേഹം വീട്ടിലേക്കെത്തിയാൽ മതി. എന്നാൽ കല്യാണത്തിന് ഒരാഴ്ച മുൻപേ താൻ വരികയുളളൂ എന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. “ഈ മാസം കിട്ടുന്ന ശമ്പളം കൊണ്ട് അവൾക്ക് ഒരുതരി പൊന്ന് കൂടി വാങ്ങാൻ പറ്റുകയാണെങ്കിലോ” എന്നായിരുന്നു അയാളുടെ ഉളളിലെ ചിന്ത.

ഒരാഴ്ച കൂടി കടന്നുപോയി. കല്യാണത്തിന് ഇനി വെറും മൂന്ന് ആഴ്ചകൾ മാത്രം. അന്ന് വൈകുന്നേരം ചെറുതായൊന്ന് കൊഞ്ചിക്കുഴഞ്ഞുകൊണ്ട് ആ മകൾ അവളുടെ പിതാവിനെ ഫോണിൽ വിളിച്ചു. “അപ്പാ.. കല്യാണത്തിന് ഇനി മൂന്ന് ആഴ്ചയല്ലേയുളളൂ...ഒന്ന് വേഗം വാ, എനിയ്ക്ക് കാണാൻ കൊതിയാവുന്നു. ഒന്നര വര്ഴഷമായില്ലെ അപ്പനെ കണ്ടിട്ട്”. “ഞാൻ വരാം, ഈ ആഴ്ച കൂടി കഴിയട്ടെ”. അവൾ തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുന്പ് തോമസ് ഫോൺ കട്ട് ചെയ്തു. അത്രയ്ക്കും തിരക്കുളള ദിവസമായിരുന്നു അദ്ദേഹത്തിന് അന്ന്. എന്നാൽ ആ മകൾ ഉമ്മറത്തിണ്ണയിൽ പോയി വിതുന്പിക്കരഞ്ഞു. എന്നിട്ട് ഒരു കുടുസ്സുമുറിയിൽ പോയി ഇരുന്നു.

ദിവസങ്ങൾ കടന്നുപോയി. അന്ന് രാവിലെത്തന്നെ തോമസിന്റെ ഭാര്യ ടിവി ഓൺ ചെയ്തു. നേരെ പോയത് വാർത്താ ചാനലിലേക്കാണ്. എന്നാൽ അപ്പോൾ കണ്ട വാർത്തകൾ തോമസിന്റെ ഭാര്യയെ വേദനിപ്പിച്ചു. ചൈനയിലും, ഇറ്റലിയിലും, ഗൾഫിലും എല്ലാം ഉണ്ടെന്നറിഞ്ഞതാണ്. ഈ അടുത്ത് തൃശൂരിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും ഇത്രയ്ക്ക് ഗൗരവമായി ഇതിനെ എടുത്തില്ല. ഇപ്പോൾ കേരളമാകെ ആകെ ഞെട്ടിയിരിക്കുകയാണ്. ആ “ചെറിയ ഭീകരനെ” പേടിച്ച്. ‘കൊറോണ വൈറസ്’ എന്ന ഇത്തിരിക്കുഞ്ഞൻ. അതിനെ ഇന്ന് എല്ലാവരും പേടിക്കുകയാണ്. വാർത്തകൾ കണ്ട തോമസിന്റെ ഭാര്യ കരഞ്ഞു. കാര്യം അറിയാൻ മകൾ ഓടിയെത്തി. “എന്താ അമ്മച്ചി”, ടിവിയിലെ വാർത്ത അവളും ശ്രദ്ധിച്ചു. പിന്നീട് ഒന്നും നോക്കിയില്ല. അവൾ തോമസിന് ഫോൺ വിളിച്ചു. “അപ്പാ എന്തൊക്കേയാ ഈ കേക്കണേ.. അവിടെ ഈ അസുഖം പടരുന്നുണ്ടെന്നോ, ശരിയാണോ അപ്പാ, അപ്പനോട് ഞാൻ നേരത്തേ വരാൻ പറഞ്ഞതല്ലേ, അന്ന് ഞാൻ പറഞ്ഞത് കേട്ടില്ല, ഒരു മറുപടി പോലും തന്നില്ല“. ദേഷ്യത്തോടും, സങ്കടത്തോടും കൂടി അവൾ ഒന്ന് അലറി. എന്നാൽ തോമസ്, “എനിയ്ക്ക് ഒന്നും ഇല്ല, ഞാൻ നാളെ വരാം” എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല. അത് കേട്ടപ്പോൾ അവൾക്ക് ചെറിയ ആശ്വാസമായി.

എന്നാൽ പിറ്റേദിവസം വരാമെന്ന് പറഞ്ഞ അപ്പൻ അതിനടുത്ത ദിവസമായിട്ടും വന്നില്ല. കാത്തിരുന്ന് കാത്തിരുന്ന് നേരമിരുട്ടി. തോമസിന്റെ ഭാര്യ അപ്പോഴും ടിവിയുടെ മുന്നിൽ ഇരിക്കുകയായിരുന്നു. “മോളെ, കല്യാണം നടക്കോ”, “അമ്മച്ചിക്കെന്താ, ഇതുപോലെ ഒരു അസുഖം പടരുന്പോഴാ ഒരു കല്യാണം. ആദ്യം എന്റെ അപ്പൻ ഒന്നിവിടെ എത്തട്ടെ”. അവൾ വീണ്ടും അപ്പനെ ഫോൺ വിളിച്ചു. അന്നത്തെ ഇരുപതാമത്തെ കോൾ ആയിരുന്നു അവൾ ചെയ്തത്. ആ കോൾ തോമസ് എടുത്തു. മകൾ കാര്യം തിരക്കി. ഇടുങ്ങിയ ശബ്ദത്തോടുകൂടി അദ്ദേഹം പറഞ്ഞു, “എനിയ്ക്ക് വരാൻ പറ്റാണേൽ ഞാൻ എങ്ങനെയെങ്കിലും എത്താം” എന്ന്. “അപ്പന് ഇപ്പോൾ വന്നാലെന്താ?”. “വരാൻ പറ്റില്ല മോളെ”.

അപ്പോഴാണ് അവൾ അക്കാര്യം ഓർത്തത്, കേരളത്തിൽ നിന്ന് ആരേയും അങ്ങോട്ടോ, ഇങ്ങോട്ടോ കടത്തി വിടുന്നില്ല. അവൾ സർക്കാരിനെ പഴിച്ചു. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് സർക്കാർ ഇതൊക്കെ ചെയ്യുന്നത് എന്ന് ആ നിമിഷം അവൾ മറന്നു. കാരണം എങ്ങനെയെങ്കിലും അവളുടെ അപ്പൻ ഇവിടെയെത്തണം എന്നത് മാത്രമായിരുന്നു അപ്പോൾ അവളുടെ ചിന്ത.

പിറ്റേദിവസം ആയപ്പോഴേക്കും നാട്ടിലാകെ തോമസിനെ സംബന്ധിച്ച വാര്ഴത്ത പരന്നു. “മേരീടെ ഭര്ഴത്താവ് എത്തീട്ടില്ല, കൊറോണ ഉണ്ടാവും, എന്തായാലും ഞാൻ ഇനി അവരോട് ഒന്നിനും ഇല്ല.” നാട്ടിൽ എല്ലാവരും ഒരേസ്വരത്തിൽ ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. “മുംബൈന്ന് അവൻ സാധനങ്ങൾ അയയ്ക്കാറുളളതാ, അതിലൊക്കെ അണു ഉണ്ടെങ്കിലോ” എന്നിങ്ങനെ വ്യാജവാര്ഴത്തകളും പരന്നു.

തോമസിന്റെ കുടുംബത്തിനോട് തന്നെ എല്ലാവർക്കും അറപ്പായി. തോമസിന്റെ ഏക സ്വപ്നമാണ് മകളുടെ കല്യാണം. കല്യാണത്തിയതി കഴിഞ്ഞുപോയി. തോമസിന്റെ സ്വപ്നം ഇല്ലാതായി. വരാൻ വേണ്ടി എന്തെങ്കിലും വഴിയുണ്ടോ എന്ന് അദ്ദേഹം തിരക്കി. എന്നാൽ എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. അദ്ദേഹം അവിടെ കുടുങ്ങിപ്പോയി. തോമസിന്റെ വീട്ടിലാണെങ്കിൽ അദ്ദേഹത്തെ കാണാതെ കുടുംബാംഗങ്ങളെല്ലാം സദാ കണ്ണീരിലാണ്.

ഒരു ദിവസം രാത്രി തോമസ് ഭാര്യയെ വിളിച്ചു. “ഇനി എന്നെ കാത്തിരിക്കണ്ട, ക്രിസ്റ്റി മോൾ പറഞ്ഞത് കേട്ട് രണ്ടാഴ്ച മുൻപെങ്കിലും വന്നിരുന്നെങ്കിൽ എനിയ്ക്ക് ഇത് വരുമായിരുന്നില്ല, എന്നേയും അവൻ തോല്പിച്ചു.”

“ആര്?”. ഭാര്യ ചോദിച്ചു. ഇടുങ്ങിയ ശബ്ദത്തോടുകൂടി തോമസ് പറഞ്ഞു. “കൊറോണ”. ആ ഫോൺ എടുക്കേണ്ടായിരുന്നുവെന്ന് ആ ഭാര്യയ്ക്ക് തോന്നി. ക്രിസ്റ്റിമോൾ ഒരു മൂലയിരിരുന്ന് മാറത്തടിച്ച് കരഞ്ഞു. അവൾ കൊറോണയെ ശപിച്ചു. പക്ഷേ എന്തൊക്കെ പറഞ്ഞിട്ടെന്ത് കാര്യം?. തോമസിന്റെ ആരോഗ്യനില ആകെ മോശമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആ കുടുംബം വിതുമ്പി .

അദ്ദേഹത്തിന് അസുഖം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആ അമ്മയേയും മക്കളേയും ഒറ്റപ്പെടുത്തി. “ഇച്ചായൻ അവിടല്ലേ, പിന്നെ ഞങ്ങൾക്ക് അത് എങ്ങനെ വരാനാ”. “അതൊന്നും പറഞ്ഞിട്ട് കാര്യമില്ല”. എല്ലാവരും അവരെ ഉപേക്ഷിച്ചു. “അപ്പൻ ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ…”. ആ മകൾ ആരൊടെന്നില്ലാതെ ഇങ്ങനെ പുലന്പിക്കൊണ്ടിരുന്നു. അപ്പോഴായിരുന്നു ആ കുടുംബത്തിനെ, ആ നാട്ടുകാരെ നടുക്കിയ വാർത്ത.., “തോമസ് മരിച്ചു മേരിയേ”. മേരിയുടെ ആങ്ങളയാണ് ആ വാർത്ത അറിയിച്ചത്. വാർത്ത വെച്ചപ്പോൾ ആ കേട്ടത് സത്യമാണെന്ന് എല്ലാവർക്കും മനസ്സിലായി.

“അവസാനമായി എന്നേയും മക്കളേയും കാണാതെ...ഒരു വാക്കുപോലും പറയാൻ പറ്റാതെ... എന്റെ ഇച്ചായൻ...” തോമസിനെ മുംബൈയിൽ ഏതോ സ്ഥലത്ത് ആരുടെയൊക്കെയോ കൂടെ മറവുചെയ്തു. മകളുടെ കല്യാണം കൂടാൻ സാധിക്കാതെ , ഒന്നുകാണാൻ സാധിക്കാതെ ആ പിതാവ് യാത്രയായി. അപ്പനെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ആ മകളും.

“എന്നാലും ഒരു ചെറിയ സൂക്ഷ്മജീവി കാരണം എന്റെ അപ്പൻ ഇല്ലാതായല്ലോ...അവളുടെ കണ്ണിൽ നിന്നും മഴയായിരുന്നു, തോരാമഴ...അപ്പനെ അവസാനമായി കാണാൻ സാധിക്കാതെ അവൾ ഇപ്പോഴും വിതുമ്പുകയാണ്, അവളുടെ ജീവിതത്തിലെ വില്ലനായ കൊറോണയെ ഓർക്കുകയാണ്....വിതുമ്പിക്കരഞ്ഞു കൊണ്ട് അവൾ പറയുന്നു, “ഞാൻ അവനെ തോല്പിക്കും”.

മാളവിക ടി.എസ്.
8 F എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ