സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ കൊറോണയെ ഭയപ്പെടേണ്ടതുണ്ടോ?
കൊറോണയെ ഭയപ്പെടേണ്ടതുണ്ടോ?
2020 ആരംഭിച്ചതുമുതൽ കേൾക്കാൻ തുടങ്ങിയതാണ് കൊറോണ വൈറസിന്റെ വാർത്തകൾ. ഇപ്പോൾ ഏകദേശം നാലരമാ സക്കാലമായി. ഇതുവരെ അതിനൊരു ശമനം ഉണ്ടായിട്ടില്ല. ഈയൊരു ചുരുങ്ങിയ കാലയളവിൽ തന്നെ ലക്ഷകണക്കിന് ആളുകൾക്ക് അവരുടെ ജീവൻ നഷ്ടമായി. മറ്റു രാജ്യങ്ങളുടെ സ്ഥിതി വളരെ രൂക്ഷമാണ്. ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് മരിക്കുന്നത്. ശാസ്ത്രസാങ്കേതിക വിദ്യയിൽ ഉന്നതിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ അവസ്ഥയാണെന്ന് നാം ഓർക്കണം. ഇന്ത്യയിൽ കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത് നമ്മുടെ ഈ കൊച്ചുകേരളത്തിലാണ്. ആദ്യം രോഗം ബാധിച്ച മൂന്നു പേരെയും ചികിത്സിച്ചു രക്ഷപെടുത്തിയതോടെ കേരളം രോഗമുക്തി നേടിയിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ രോഗം വ്യാപിച്ചു കൊണ്ടേയിരുന്നു. പിന്നീട് കേരളത്തിൽ വീണ്ടും രോഗബാധിതർ ഉണ്ടാകാൻ തുടങ്ങി. പെട്ടെന്ന് തന്നെ ബാധിതരുടെ എണ്ണം വളരെ വർധിച്ചു. എല്ലാ ജില്ലകളിലും രോഗബാധിതരായി. എന്നാൽ മലയാളികൾക്ക് സ്വയം അഭിമാനം തോന്നിയ നിമിഷം. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വ്യാപനം അനിയന്ത്രിതമായി തുടർന്നപ്പോൾ, കേരളത്തിൽ നിയന്ത്രിത അവസ്ഥയിലായിരുന്നു കോവിഡ് വ്യാപനം. രണ്ടു മധ്യവയസ്കർക്കും ജന്മനാ അസുഖമുള്ള പിഞ്ചുകുഞ്ഞുമടക്കം മൂന്നു പേർക്കാണ് ജീവൻ നഷ്ടമായത്. ഇപ്പോഴും ബാധിതരുടെ എണ്ണം പൂർണമായി അവസാനിച്ചിട്ടില്ല എങ്കിലും സ്ഥിതി ആശ്വാസകരമാണ്. മാർച്ച് 24 -ടുകൂടി രാജ്യം സമ്പൂർണ ലോക്ദടൗണിലേക്ക് നീങ്ങി. ആദ്യം 21 ദിവസത്തേക്ക് എന്ന് പറഞ്ഞു. പിന്നീട് 19 ദിവസത്തേക്ക് കൂടി നീട്ടി, മെയ് 3-വരെ എന്നാക്കി. ഇപ്പോഴിതാ വീണ്ടും മെയ് 17-വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നു. നമുക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഞങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇനിയും പരീക്ഷകൾ ബാക്കിയുണ്ട്. അത് എന്നായിരിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. പക്ഷെ ഈ ലോക്ക്ഡൗൺ കാലയളവിൽ നാം പല യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു. അയല്പക്കത്തും സുഹൃത്തുക്കളുടെയും വീടുകളിൽ അവധിയ്ക്ക് പോകാറുള്ള നമ്മൾ ഇപ്പോൾ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ അവസ്ഥയിലാണ്. ആദ്യം പൊരുത്തപ്പെടാൻ ഒട്ടും സാധിച്ചില്ല എങ്കിലും, നാം ഇപ്പോൾ ശരിക്കും ആസ്വദിക്കുന്നുണ്ട് ഈ ലോക്ക്ഡൗൺ കാലം. വീട്ടുകാരുമൊത്ത് ചിലവിടുന്ന സമയത്തിന് ഇപ്പോൾ കണക്കില്ല. അവരുമായുള്ള സൗഹൃദസംഭാഷണങ്ങൾ ഇത്രയും മധുരമുണ്ടോ എന്നു നാം ഇപ്പോൾ സംശയത്തോടെ തിരിച്ചറിയുന്നു. സുഹൃദ്ബന്ധങ്ങളിൽ അകൽച്ച തോന്നാതിരിക്കാൻ നാം ഇടയ്ക്കൊക്കെ വിളിക്കുകയും സംഭാഷണങ്ങൾ അയക്കുകയും ചെയ്യുന്നു. അതിനും ഒരു പ്രത്യേക സുഖമാണ്. കേരളത്തിലെ ആശുപത്രികളിൽ ലോകോത്തര ചികിത്സകളാണ് ലഭ്യമാകുന്നത് എന്നത് മനസ്സിലാക്കാൻ നമുക്ക് ഈ കൊറോണാകാലം വേണ്ടി വന്നു. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള രോഗബാധിതർ പോലും ഇവിടുത്തെ ചികിത്സമൂലം സുഖം പ്രാപിക്കുന്നു. അവർ നെഞ്ചിൽ തൊട്ടുക്കൊണ്ട് 'ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് പറയുമ്പോൾ അറിയാതെ നാം മലയാളി ആയതിൽ അഭിമാനം കൊള്ളുന്നു. ഇതോടൊപ്പം നമ്മുടെ ആരോഗ്യപ്രവർത്തകരുടെ സേവനം എടുത്തുപറയാതിരിക്കാൻ വയ്യ. ഡോക്ടർമാർ, നഴ്സുമാർ മറ്റ് സ്റ്റാഫുകൾ എല്ലാവരും അക്ഷീണം നമ്മുടെ നാടിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പല നഴ്സുമാരും തങ്ങളുടെ പിഞ്ചോമനകളെ വിട്ട് ആശുപത്രികളിൽ ദിവസങ്ങളോളം പ്രവർത്തിക്കുന്നതിന്റെ കാഴ്ചകൾ നമ്മുടെ കണ്ണുകളിൽ ഈറനണിയിക്കുന്നു. ഇവരെയെല്ലാം ഇത്രമാത്രം ഊർജത്തോടെ നിർത്തുന്നതിനു പിന്നിൽ ഒരു വ്യക്തിത്വമുണ്ട്. തന്റെ തൊഴിൽ എന്ന ചിന്ത മാറ്റിനിർത്തിക്കൊണ്ട് തന്റെ ജീവിതം ഇതാണ് എന്ന് പ്രവർത്തിയിലൂടെ കാണിച്ചുതന്ന നമ്മുടെ ആരോഗ്യമന്ത്രി ശ്രിമതി കെ. കെ. ശൈലജ ടീച്ചർ. അവർ നൽകുന്ന ധൈര്യവും ഊർജവും ശ്രദ്ധയുമൊന്നും വേറെ ആർക്കും നൽകാൻ സാധിക്കില്ല. ടീച്ചറെ പോലൊരു വ്യക്തിയെ നമ്മുടെ ആരോഗ്യമന്ത്രിയായി ലഭിച്ചതിൽ നാം നിപ്പയുടെ കാലത്ത് എന്നപോലെ ഇപ്പോഴും അഭിമാനിക്കുന്നു. നാം കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും എന്നു മുക്തി നേടും എന്നത് പ്രവചനാതീതമാണ്. അതിനെ പറ്റി ആർക്കും വ്യക്തമായ ഒരു തീരുമാനം അറിയിക്കുവാൻ സാധിക്കില്ല. ഒന്നു ചോദിക്കട്ടെ... കൊറോണ എന്ന വൈറസിനെ നാം പേടിക്കേണ്ടതുണ്ടോ? ഇല്ല, നാം ഒരിക്കലും അതിനെ ഭയക്കരുത്. മറിച്ച് അതിന്റെ തീവ്രത മനസ്സിലാക്കി, 'ജാഗ്രത' പാലിക്കയാണ് വേണ്ടത്. പ്രളയകാലത്ത് നാം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾ നാം ഒറ്റക്കെട്ടായി അല്ല പ്രവർത്തിക്കേണ്ടത്. മറിച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക്, മനസ്സുകൾകൊണ്ട് മാത്രം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാം. നമ്മൾ ഇത് അതിജീവിക്കുക തന്നെ ചെയ്യും. കാരണം നമ്മൾ 'മനുഷ്യരാണ് '.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം