എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/നമുക്ക് ചുറ്റും
നമുക്ക് ചുറ്റും
എന്തോരം കിളികളായിരുന്നു പറമ്പിലും മുറ്റത്തുമൊക്കെ പാറി കളിച്ചിരുന്നത് ..ഇപ്പൊ ഒറ്റ എണ്ണത്തിനെ കാണാനില്ല ..കറുത്ത പൂച്ചയേയും കാണുന്നില്ലല്ലോ ഈശ്വരാ ..... ഇവറ്റകളെല്ലാം എവിടെ പോയൊ ആവോ ..... കല്യാണിയമ്മ ഉമ്മറത്തിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു ..... എങ്ങോട്ടോ തിരക്കിട്ടു പോവുന്ന ഒരു കാക്ക കല്യാണിയമ്മയെ പുച്ഛത്തോടെ ഒന്ന് ഒളികണ്ണിട്ട് നോക്കി പറന്നു പോയത് അമ്മ കണ്ടില്ല .....കാണാഞ്ഞത് ഭാഗ്യം.....അല്ലെങ്കിൽ അതിനെയും വിളിച്ചിരുത്തി ലോക്ക്ഡൌൺ ഇരയാക്കിയേനെ കല്യാണിയമ്മ .. എന്നാലും എന്തായിരിക്കും ഒരു ജീവികളും ഇങ്ങോട്ട് വരാത്തത് .... ഈ മൃഗങ്ങൾക്കും പക്ഷികൾക്കും നമ്മള് മനുഷ്യന്മാർക്കു കാണാൻ പറ്റാത്തതും അറിയാൻ പറ്റാത്തതും അറിയാനുള്ള കഴിവുണ്ട് .....ഭൂമി കുലുക്കവും പെരുമാച്ചി മഴയും വല്യക്കാട്ടെ കാറ്റും ഒക്കെ വരുന്നത് ഇവറ്റകൾക്ക് നേരത്തെ അറിയാൻ പറ്റുമെന്നു രാഘവൻ മാഷ് ഒരിക്കൽ പറഞ്ഞു തന്നിട്ടുണ്ട് .. കൊച്ചു മോളോട് തത്വജ്ഞാനിയെ പോലെ കല്യാണിയമ്മ പറഞ്ഞു ..... നമ്മുടെ ഈ പറമ്പിൽ നമ്മൾ കാണാത്ത എന്തോ ഉണ്ടായിരിക്കും ......ഇനി വല്ല കൊറോണയോ മറ്റോ ആയിരിക്കുമോ ഈശ്വരാ ..... മോള് ഇനി കണ്ടത്തിലേക്കൊന്നും പോണ്ട ..... മ്പക്ക് ഇവിടെ മുഖംമൂടി ഇട്ടോണ്ട് ഇരിക്കാം ട്ടോ ..... മോളിനി അച്ഛമ്മേന്റെ അടുത്ത് നിന്ന് എങ്ങോട്ടും പോണ്ട ട്ടോ ..... തള്ളക്കോഴി ചിറകിനടിയിലേക്കു കോഴിക്കുഞ്ഞിനെ ചേർത്തു പിടിക്കും പോലെ കൊച്ചുമോളെ ചേർത്ത് പിടിച്ചു കല്യാണിയമ്മ ദീർഘനിശ്വാസം വിട്ടു ...... ആ കൈയിൽ നിന്നും മെല്ലെ ഊർന്നു മാറിക്കൊണ്ട് കൊച്ചുമോൾ മെല്ലെ പറഞ്ഞു ..... അച്ചമ്മേ .....പോയ കിളികളും പൂച്ചയും നായയും എല്ലാവരും തിരിച്ചു വരും ........പിന്നെ നമ്മുടെ പറമ്പിൽ കൊറോണയോ നിപ്പയോ ഒന്നുമില്ല ........ ഇത് കേട്ടു കല്യാണിയമ്മക്ക് അരിശം മൂത്തു ........ നീ വെറുതെ ദൈവദോഷം പറയണ്ട ട്ടോ കുട്ട്യേ ........ ഇതൊക്കെ ദൈവം കേൾക്കുകയും കാണുകയും ചെയ്യും ......... ന്റെ അച്ചമ്മേ ..നമ്മുടെ പറമ്പിൽ കൊറോണയല്ല ഉള്ളത് .........ഉള്ളത് മുഴുവൻ വരിക്ക പ്ലാവുകളാ ... കൊച്ചുമോളുടെ പറച്ചില് മുഴുമിക്കാൻ കല്യാണിയമ്മ സമ്മതിക്കാതെ ഇടയിൽ കയറി പറഞ്ഞു ......... അതിനെന്താ മോളെ ..കിളികൾക്ക് പറമ്പിലേക്ക് വന്നാല് ..അയിറ്റിങ്ങളെ ഒച്ച കേൾക്കാൻ തന്നെ എന്തൊരു രസാണ് ..ഇപ്പൊ അതൊക്കെ പോയില്ലേ ......ആ നശിച്ച കാക്കകളെയും കാണുന്നില്ല ... ആ ചക്ക പഴുത്തിട്ട് അണ്ണക്കൊട്ടൻ പോലും തിരിഞ്ഞു നോക്കുന്നില്ല .. അത് തന്നെയാ അച്ഛമ്മേ ഞാനും പറഞ്ഞു വരുന്നത് .....ചിരിയോടെ കൊച്ചുമോൾ തുടർന്നു .... ഇവിടെന്നും ചക്കപ്പുഴുക്കും ചക്കക്കുരു കറിയും ചക്ക ഉപ്പേരിയും എന്തിനു വിഷൂന് ഉണ്ടാക്കിയ പായസം പോലും ചക്ക കൊണ്ടല്ലേ .. ഇതൊക്കെ തിന്നു നമ്മൾക്കും മടുത്തില്ലേ ..അതുപോലെ തന്നെയാണ് ഇവിടുത്തെ കിളികളും പൂച്ചയും നായയും എല്ലാം ..... ഇവിടെ നിന്നാൽ ഇതൊക്കെ തന്നെയല്ലേ എന്നും കിട്ടുന്നത് .......എത്രാന്ന് വെച്ചിട്ടാ അവറ്റകൾ പട്ടിണി കിടക്കുന്നത് ..... അതോണ്ട് അവര് നാട് വിട്ടതാവും ......അവർക്കീ ലോക്ക് ഡൌൺ ഒന്നും ഇല്ലല്ലോ .....എവിടെ വേണമെങ്കിലും ഓടി നടക്കാം ..... അവരൊക്കെ ഇപ്പൊ ഏതെങ്കിലും അതിഥി തൊഴിലാളികൾ ഉള്ള സ്ഥലത്ത് അർമാദിച്ചു കഴിയുന്നുണ്ടാവും ....എന്തോരം വെറൈറ്റി ആഹാരം കഴിക്കുന്നുണ്ടാവും അവറ്റകൾ ഇപ്പൊ ...... ആലോചിക്കുമ്പോൾ തന്നെ കൊതിയാവുന്നു ........ ഒന്നുകിൽ കിളികളായി ജനിക്കണം .....അല്ലെങ്കിൽ അതിഥിയായിട്ട് ......എന്ത് രസമായിരിക്കും ല്ലേ അച്ഛമ്മേ ........ മോളെ .......നമ്മുടെ നാടും നമ്മളുമൊക്കെ ഏത് മഹാരോഗം വന്നാലും ഏത് പ്രളയം വന്നാലും പിടിച്ചു നിക്കുന്നത് എന്താന്നറിയോ മോൾക്ക് ....... നമ്മുടെ ഈ ചക്കയും മാങ്ങയും വെള്ളരിയും കറുമൂസയും എന്ന് വേണ്ട നമ്മുടെ പറമ്പിലെ ഓരോന്നിനും ഏത് രോഗത്തെയും പ്രതിരോധിക്കാൻ ഉള്ള കഴിവുണ്ട് ........ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യം ഉള്ള മനസ്സും ഉണ്ടാവും ...... കൊടും വേനലോ മഴയോ കൊണ്ടൊന്നും ആ മനസ്സിനെയോ ശരീരത്തെയോ തളർത്താൻ പറ്റില്ല ....... കല്യാണിയമ്മ പറഞ്ഞു നിർത്തി ...... ശരിയാ ....അച്ചമ്മേ ...... നമുക്കിതൊക്കെ തിന്ന് ഈ കൊറോണക്കാലം സുരക്ഷിതമായി ഇവിടെ കഴിഞ്ഞോളാം ...... അച്ഛമ്മയുടെ മടിയിലേക്കു മെല്ലെ തല ചായ്ച്ചു കിടന്നുകൊണ്ട് കൊച്ചുമോള് പറഞ്ഞു ... കഥ ഇവിടെ തീർന്നു .. പക്ഷെ ജാഗ്രതയും കരുതലും തുടർന്ന് കൊണ്ടേയിരിക്കും ..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ