സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''ജീവിതസത്യം '''

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതസത്യം

സൂര്യന്റെ പുഞ്ചിരിയോട് കൂടിയുള്ള ഉദയവും കിളികളുടെ മൂളിപ്പാട്ടും, അങ്ങനെ ആ പ്രഭാതം വന്നെത്തി. ഉണ്ണിക്കുട്ടൻ കാത്തുനിന്ന ആ ദിവസം.അവന് ഇന്നൊരു കൊച്ചനുജനെ കിട്ടാൻ പോവുകയാണ്. അവൻ അതിന്റെ സന്തോഷത്തിലാണ്. അവനും അച്ഛന്റെ കൂടെ ആശുപത്രിയിലേക്ക് പോയി. അവൻ ആശുപത്രിക്ക് പുറത്ത് ആകാംഷഭരിതനായി കാത്തുനിന്നു. കുറച്ചു സമയത്തിനു ശേഷം റൂമിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു. ഡോക്ടർ അച്ഛനോട് എന്തോ പറയുന്നത് അവൻ കണ്ടു. അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റുന്നത് അവൻ കണ്ടു. അച്ഛനോട് അവൻ കാര്യം അന്വേഷിച്ചു. അച്ഛൻ വിതുമ്പിക്കൊണ്ട് പറഞ്ഞു" ഡോക്ടർ പറഞ്ഞു അമ്മയെ രക്ഷിക്കാനായില്ല കുഞ്ഞിനെ രക്ഷിച്ചു പെൺകുഞ്ഞാണ്." ഉണ്ണിക്കുട്ടന് ഒന്നും മിണ്ടാനായില്ല അവൻ വാഷിംഗ് റൂമിലേക്ക് ഓടി. നിറഞ്ഞൊഴുകുന്നകണ്ണുനീരുമായി അവൻ അവിടെ കുറേ സമയം ചിലവഴിച്ചു. പിന്നീടവർ വീട്ടിൽ പോവുകയും അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തു. എല്ലാവരും ആ കൊച്ചുമോളെ വെറുത്തു. എന്നാൽ അപ്പുക്കുട്ടനെ അവളോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. അമ്മയില്ലാത്ത ആ മക്കളെ നോക്കേണ്ട ചുമതലയുള്ള അച്ഛൻ മഹാകുടിയനായി മാറി. സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുടുംബം ദാരിദ്ര്യത്തിലും കടത്തിലുമായി. ആ കൊച്ചു മോളെ പോറ്റാനായി ഉണ്ണിക്കുട്ടൻ പല ജോലികൾക്കും പോയി. ഒരു ദിവസം ഉണ്ണിക്കുട്ടന്റെ സുഹൃത്ത് അവനോട് പറഞ്ഞു "നിന്റെ അനിയത്തിക്ക് ഒരു പേര് ഇടേണ്ടേ"

ഉണ്ണിക്കുട്ടൻ കേട്ട പാതി കേൾക്കാത്ത പാതി വീട്ടിലേക്കോടി. ആ പിഞ്ചു മോളെ കൈയിലെടുത്തു ലക്ഷ്മി എന്ന് വിളിച്ചു. അങ്ങനെ അവൾ ഉണ്ണിക്കുട്ടന്റെ ലക്ഷ്മിക്കുട്ടി ആയി . ചേട്ടന്റെ കഷ്ടപ്പാടും അച്ഛന്റെ മുഴുക്കുടിയും കണ്ടവൾ വളർന്നു. അവൾക്ക് അച്ഛനോട് വെറുപ്പായി. അച്ഛനെ ഒരു അന്യനായി കണ്ടു. ആ സങ്കടത്തിൽ അച്ഛൻ കുടിച്ചു കുടിച്ചു മാരകമായ ലിവർ സിറോസിസ് എന്ന രോഗത്തിനടിമയായി. അച്ഛനെ രക്ഷിക്കാനായി ലിവർ മാറ്റി വെക്കണം എന്നും അതിന് ഒരുപാട് പണം വേണമെന്നും ഡോക്ടർ ഉണ്ണിക്കുട്ടനോട് പറഞ്ഞു. ഉണ്ണിക്കുട്ടൻ എല്ലാ കാര്യങ്ങളും ലക്ഷ്മിയോട് പറഞ്ഞു. അച്ഛനെ രക്ഷിക്കാനായി ഉണ്ണിക്കുട്ടൻ പല വഴികളും ശ്രമിച്ചു. അവന്റെ ബൈക്ക് വിറ്റു. കൂട്ടുകാരുടെ കൈയിൽ നിന്നും പണം കടം വാങ്ങി. പക്ഷേ എന്നാലും കുറച്ചു പണം കൂടി വേണമായിരുന്നു. അതിനായി ഉണ്ണിക്കുട്ടനും ലക്ഷ്മിയും ലക്ഷ്മിയുടെ സുഹൃത്തായ ശ്രുതിയുടെ പപ്പയുടെ ഷോപ്പിൽ ജോലി ചെയ്തു. അങ്ങനെ ഒരുപാട് നാളത്തെ അവരുടെ കഷ്ടപ്പാടിന്റെ ഫലമായി അവർക്ക് ഓപ്പറേഷന് വേണ്ട പണം ലഭിച്ചു. അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞു. അച്ഛൻ പഴയ നിലയിലായി. പുറത്തിറങ്ങിയ അച്ഛൻ മക്കളെ രണ്ടുപേരെയും വിളിച്ച് നെഞ്ചോട് ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു. " മക്കളെ ഞാൻ ഇനി കുടിക്കില്ല. എന്റെ ഓപ്പറേഷൻ നടത്താൻ വേണ്ടി നിങ്ങൾ എത്ര കഷ്ടപ്പെട്ടു എന്ന് ഡോക്ടർ എന്നോട് പറഞ്ഞു. നമുക്ക് എല്ലാം തിരിച്ചുപിടിക്കാം. ഇനിമുതൽ ഞാൻ ജോലിക്ക് പോകാം." അങ്ങനെ അച്ഛന്റെയും മകന്റെയും കഠിനാധ്വാനത്തിന്റെ ഫലമായി അവർ എല്ലാം തിരിച്ചു പിടിച്ചു. ലക്ഷ്മിയുടെ വിവാഹം വിപുലമായ രീതിയിൽ തന്നെ അവർ നടത്തി. അങ്ങനെ അവരുടെ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആയി. എത്ര സങ്കടത്തിലും കഷ്ടപ്പാടിലും ജീവിച്ചാലും എല്ലാവരുടെ ജീവിതത്തിലും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങൾ ഉണ്ടാവുമെന്ന് അവർക്ക് മനസ്സിലായി.

മുഹമ്മദ്‌ സിദാൻ
7 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ