രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ആയിരത്തിഇരുന്നൂറോളം കുട്ടികളാണ് ഈ വർഷം എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. പുതിയ കൂട്ടുകാരെ വരവേൽക്കാൻ സ്കൂളിലെ സന്നദ്ധ സംഘടനകളായ ലിറ്റിൽ കൈറ്റ്സ്, എസ്. പി .സി ,ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് എസ്.എസ്.എസ് അംഗങ്ങൾ തയ്യാറായി. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വൽസൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.വി രാകേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.അനിൽ കുമാർ സ്വാഗതവും സ്കൂൾ മാനേജർ വി സുനിൽകുമാർ ആശംസയും അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂളിലെ നാലായിരത്തോളം വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു.

പരിസ്ഥിതി ദിനാചരണം

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി സുനിൽകുമാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ ടി കെ ഷാജിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം ടി സനേഷ് ,പ്രിൻസിപ്പൽ കെ അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി,സ്റ്റാഫ് സെക്രട്ടറി പി വിജിത്ത്,എസ് ആർ ജി കൺവീനർ കെ പി സുലീഷ്, കെ പി പ്രഷീന, സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് എന്നിവർ സംസാരിച്ചു.ഈ വർഷം നടപ്പിലാക്കുന്ന " എന്റെ ചങ്ങാതി എന്റെ മരം" വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഒറ്റ ചങ്ങാതിക്ക് തന്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ടു പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.