റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2020-23
| Home | 2024-27 | 2025-28 | 2026-29 |

“തിരികെ വിദ്യാലയത്തിലേക്ക്” ഫോട്ടോഗ്രാഫി മത്സരം
കൊറോണ മഹാമാരിക്കുശേഷം വിദ്യാർത്ഥികളെ വീണ്ടും വിദ്യാലയജീവിതത്തിലേക്ക് ആവേശത്തോടെ നയിക്കുന്നതിനായി “തിരികെ വിദ്യാലയത്തിലേക്ക്” എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കപ്പെട്ടു. ഈ മത്സരത്തിൽ നമ്മുടെ സ്കൂളും സജീവമായി പങ്കാളിയായി. സ്കൂളിലെ വിവിധ ക്ലാസുകളിലെ കുട്ടികൾ മത്സരത്തിൽ ആവേശത്തോടെ പങ്കെടുക്കുകയും സ്കൂൾ ജീവിതം, പഠനാന്തരീക്ഷം, കൂട്ടുകാരുമായുള്ള നിമിഷങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന നിരവധി ഫോട്ടോകൾ എടുക്കുകയും ചെയ്തു. കുട്ടികൾ എടുത്ത മികച്ച ഫോട്ടോകൾ മത്സരത്തിനായി അയച്ചു. കൊറോണയ്ക്ക് ശേഷം ആദ്യമായി സംഘടിപ്പിച്ച ഈ മത്സരം കുട്ടികൾക്ക് നല്ല അവസരമായി. ഈ മത്സരം കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും കലാപരമായ കഴിവുകൾ കണ്ടെത്താനും സഹായകമായി.

“സത്യമേവ ജയതേ –ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്
ഡിജിറ്റൽ ലോകത്തിലെ ശരിയും തെറ്റും തിരിച്ചറിയാൻ മാതാപിതാക്കളെ സഹായിക്കുന്നതിനായി “സത്യമേവ ജയതേ” എന്ന പേരിൽ ഒരു ബോധവൽക്കരണ പരിപാടി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഇന്നത്തെ കാലത്ത് കുട്ടികൾ കൂടുതലായി മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്ന സാഹചര്യത്തിൽ, അതിന്റെ ഗുണദോഷങ്ങൾ മാതാപിതാക്കൾക്ക് മനസിലാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
സൈബർ സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ, കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദമായി സംസാരിച്ചു. മാതാപിതാക്കളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശിവകീർത്തി ,നവ്യാകൃഷ്ണ സൂര്യജിത്ത് എന്നിവർ ക്ലാസെടുത്തു.