Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൽ നാം എവിടെ?
അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ് ലോകം. പുരാതനകാലത്തുനിന്നും ഒരുപാട് മാറ്റങ്ങൾ ഏതൊരു മേഖലയിലും ഇന്ന് നമുക്ക് കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാങ്കേതിക വിദ്യ. സാങ്കേതികവിദ്യ വലിയൊരു കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു ഒരുമേഖല അഭിമാനകരമായ നേട്ടം കൈവരിച്ചപ്പോൾ മറ്റൊരുമേഖല വളർച്ചയിൽ കൂപ്പുകുത്തി, 'ശുചിത്വം '
പണ്ടുമുതൽക്കേതന്നെ ലോകത്ത് ശുചിത്വത്തെ നിലനിർത്തുവാൻ വേണ്ടി ഒരുപാട് സൗകര്യങ്ങൾ നിലനിന്നിരുന്നു. അതിനേറ്റവും വലിയ തെളിവായി പരിഗണിക്കാവുന്ന ഒന്നാണ് 1920 ൽ കണ്ടെത്തിയ ഹരപ്പയിൽ നിലനിന്നിരുന്ന 'മഹാസ്‌നാനഘട്ടം '.ഇന്ന് നാം ശുചിത്വത്തിൽ വളരെയധികം പിന്നോട്ടാണ്. നാം ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ പലയിടങ്ങളിലും ശുചിത്വമെന്ന കാര്യം ഒന്നെത്തിനോക്കിയതിട്ടുപോലുമില്ലാത്ത അവസ്ഥയാണുള്ളത്. പ്രധാനമായും നഗരങ്ങളിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. വികസനമെന്നപേരിൽ നാട് വളരുമ്പോൾ ശുചിത്വമെന്ന ഒന്ന് എങ്ങും എത്തിച്ചേരുന്നില്ല.
ശുചിത്വം ഇല്ലായ്മ വലിയൊരു പ്രതിസന്ധി തന്നെയാണ്. മാലിന്യം നിയന്ത്രിക്കേണ്ടത് നിത്യജീവിതത്തിൽത്തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്, പ്രധാനമായും നാം ഒരു നാഗരികനാണെങ്കിൽ.
കേരളത്തിൽ ഇതിനായി നിലനിൽക്കുന്ന ഒരു മിഷനാണ് ശുചിത്വമിഷൻ. കേരള സർക്കാരിന്റെ ഈ പരിപാടി ജനങ്ങളെ ബോധവൽക്കരിക്കുകയും മാലിന്യസംസ്‌കാരം വിജയകരമായി നടത്താനും ഒരുപരിധിവരെ സാധിക്കുന്നു. എന്നാൽ ഇത് പൂർണമായും എത്തിച്ചേർന്നിട്ടില്ല. ജില്ലകളാടിസ്ഥാനമാക്കിയും ഇത് പ്രവർത്തിക്കുന്നു. ഇതിലേറ്റവും ശ്രദ്ധേയമായ ഒന്നാണ് മലപ്പുറത്തു സംഘടിപ്പിച്ച 'പ്ലാസ്റ്റിക് തരൂ, ഭക്ഷണം തരാം 'പദ്ധതി. പ്ലാസ്റ്റിക്കെത്തിക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്ന രീതിയാണിത്. ഭക്ഷണം വേണ്ടാത്തവർക്ക് സമ്മാനങ്ങളാണ് കൊടുക്കുന്നത്. ജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നടത്തിയ ഈ പദ്ധതി വിജയകരമായിരുന്നു. ഇതുപോലെയുള്ള പദ്ധതി നടപ്പാക്കുന്നത് മാലിന്യനിർമാർജനത്തിന് ഉപകാരപ്പെടുന്നു.
2014 ഒക്ടോബർ 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച 'സ്വച്ഛ് ഭാരത്' മിഷനും ശ്രദ്ധേയമായ നേട്ടങ്ങൾ വരിച്ചിട്ടുണ്ട്. ഈ 6 വർഷത്തിനിടയിൽ ഏകദേശം 93%വരെ ഇത് വിജയം കൈവരിച്ചു. ശൗചാലയങ്ങളുടെ നിർമാണം പല കോളനികളിലും ശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിയിട്ടുണ്ട്.
ആഗോളതലത്തിൽ ചിന്തിക്കുമ്പോൾ ശുചിത്വത്തിൽ 2019 ൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം സ്വിറ്റ്‌സർലണ്ടാണ്. 87.42 എന്ന EPI സ്‌കോറോടെ ശുചിത്വമേറിയ പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്താൻ ഈ രാജ്യത്തിന് കഴിഞ്ഞു. ഈ നേട്ടം സ്വിറ്റ്സർലണ്ടിനു നേടിക്കൊടുത്തത് മറ്റു രാജ്യങ്ങളേക്കാൾ കുറവായ മാലിന്യത്തിന്റെ അളവാണ്. ഇവിടെ മാലിന്യങ്ങളുടെ പുനരുപയോഗത്തിന്റെ തോത് 20 വർഷംകൊണ്ട് ഇരട്ടിയാക്കിച്ചു.
ശുചിത്വമെന്നത് ഒരു ഭരണാധികാരിയുടെയോ ഒരു നഗരസഭയുടെയോ മാത്രം ഉത്തരവാദിത്വമല്ല. ഒരു രാജ്യത്തിലെ ഓരോ പൗരനും മാലിന്യനിർമാർജനത്തിൽ അവരവരുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ട്. നമുക്ക് ആഹാരവും ജൈവപരമായ മാലിന്യങ്ങളും വീട്ടിൽത്തന്നെ സംസ്കരിക്കാം. അജൈവപരമായ മാലിന്യങ്ങളും മറ്റും വലിച്ചെറിയാതെ ബന്ധപ്പെട്ട ആളുകൾക്കും സംഘടനകൾക്കും കൈമാറുന്നത് ആഹാരം പാഴാക്കാത്തതുപോലെതന്നെ മഹത്വപൂർണമായ ഒന്നാണ്. പാരിതോഷങ്ങൾക്കുവേണ്ടിയോ അഭിനന്ദനങ്ങൾക്കുവേണ്ടിയോ അല്ല നാം ഇതിനു വേണ്ടി പ്രവർത്തിക്കേണ്ടത്. ഭരണഘടന നമുക്ക് നൽകുന്ന ഓരോ അവകാശങ്ങളും നാം വാദിച്ചു നേടുമ്പോൾ നാം നിർവഹിക്കേണ്ട കടമ നാം ചെയ്യേണ്ടതല്ലേ? അത് സമയോചിതമായി ചെയ്തില്ലെങ്കിൽ പ്രകൃതി, സാംക്രമികരോഗങ്ങളുടേയോ വൻവിപത്തുകളുടേയുമൊക്കെ രൂപത്തിൽ നമ്മളോട് ചോദിച്ചു വാങ്ങും. ആഴ്ചയിൽ ഒരു ദിവസം സ്‌കൂളുകളിലും വീടുകളിലും മറ്റും 'ഡ്രൈ ഡേ ' ആചരിക്കാം. പ്ലാസ്റ്റിക്കുകൾ പാടെ ഒഴിവാക്കം. സ്കൂളുകളിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ വിദ്യാർഥികൾക്ക് പങ്കാളിത്തം ഉറപ്പാക്കാം.
വൈലോപ്പിള്ളിയുടെ ഒരു കവിത നാമേവരും നികൃഷ്ടമായിക്കാണുന്ന കാക്കയെ അടിസ്ഥാനമാക്കിയുള്ളതാണ്:
"കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ
സൂര്യപ്രകാശത്തിനുറ്റ തോഴി
ചീത്തകൾ കൊത്തി വലിക്കുകിലും
ഏറ്റവും വൃത്തി വെടിപ്പെഴുന്നോൾ. "
ബാഹ്യമായി നാം ആഡംബരം കാണിക്കുമ്പോൾ ഒന്ന് ഈ വരികൾ ഓർക്കുക. വീടിന്റെ പിന്നാമ്പുറങ്ങളും നഗരങ്ങളിലെ മാലിന്യകൂമ്പാരങ്ങളും നോക്കുക. പ്രകൃതിയുടെ കണ്ണിലെ ഏറ്റവും സുന്ദരിയായി മാറുകയാണ് കാക്കകൾ. നാം പുറമെ സൗന്ദര്യം ചമഞ്ഞിട്ട് കാര്യമില്ല, ചുറ്റുപാടിനെയും സുന്ദരമാക്കണം, ശുചിത്വമാക്കണം ! വ്യക്തി ശുചിത്വത്തെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസരശുചിത്വവും. "ഞാനിട്ട മാലിന്യമല്ലല്ലോ, പിന്നെ ഞാനെന്തിനാ എടുക്കുന്നേ? "എന്ന സ്വാർത്ഥത നിറഞ്ഞ ചിന്തയെ പായിക്കുക. ഞാൻ, നീ എന്നുള്ള ഭാവമില്ലാതെയാണ് അവസാനം രോഗങ്ങളും ദുരന്തങ്ങളും നമ്മളെ തേടിയെത്തുന്നത്.
വികസനങ്ങൾ നല്ലതുതന്നെ. എന്നാൽ അതിനോടൊപ്പം നാം ശുചിത്വത്തിനും പ്രാധാന്യം നൽകുക. ഒഴിവാക്കാം വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ, ശീലമാക്കാം മാലിന്യനിർമാർജനം.
"ഹരിതമാകട്ടെ നമ്മുടെ ശീലങ്ങൾ !"
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|