ജി.എൽ..പി.എസ്. ഒളകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ല യിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾ പ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ  ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി കൊണ്ടു പോകാൻ കമ്മറ്റിക്ക് പ്രയാസമാവുകയും വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും  ചെയ്തു. അതോടൊപ്പം കുമാരൻ എന്ന മാനുനായർ കുടുംബം കൃഷിക്ക് ഉപയോഗിച്ചിരുന്ന 1.77 ഏക്കർ പറമ്പ് നാടിന്റെ പഠന ആവശ്യത്തിനായി സർക്കാറിന് വിട്ടു നൽകുകയുണ്ടായി.[1]

സ്കൂൾ പഠനം തുടങ്ങുന്നത് ഈ ആദ്യകാല കെട്ടിടത്തിൽ നിന്ന് 1922
1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ

1917 കാലയളവിലാണ് വാടക വീട്ടിൽ പഠനം തുടങ്ങിയതെന്ന് ഒളകരയിലെ തറവാട്ടു കാരണവൻമാർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2017 ൽ സ്കൂളിന്റെ നൂറാം വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂളിൽ ഇന്ന് ലഭ്യമായ രേഖയുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10 ന്  വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തിരിക്കുന്നത് നാലാം ക്ലാസിലേക്കാണ്.[2] ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്.

കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്.[2] ആദ്യ ഹെഡ്മാസ്റ്റർ ശ്രീ:കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി.

1969 ലാണ് സർക്കാർ സ്കൂളിന് പുതിയ കെട്ടിടം സമർപ്പിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്.

1969 ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ രണ്ടാമത് കെട്ടിടം

സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും പരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം മാത്രമാണുണ്ടായിരുന്നത്. മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായതിനാൽ പുതിയ കെട്ടിടങ്ങളെ കുറിച്ചൊന്നും അതുവരെ ചിന്തിച്ചിരുന്നില്ല. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി  മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ച ഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു അന്ന് ഈ പ്രദേശങ്ങളിൽ.

എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. ഗൾഫ് കുടിയേറ്റവും നന്നായി പഠനം പൂർത്തിയാക്കി പിന്നീട് ഉന്നത ജോലികളിൽ കയറി കൂടിയും പൂർവ്വ വിദ്യാർത്ഥികൾ ഒളകര നാടിന്റെ പുരോഗതിയിൽ മാറ്റം കൊണ്ടു വന്നു. ഒരു നൂറ്റാണ്ടുകാലം പഴക്കമുള്ള ഈ വിദ്യാലയം പെരുവളളൂർ പഞ്ചായത്തിലെന്നല്ല ജില്ലാ തലത്തിൽ തന്നെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഇന്ന് ഈ കലാലയം വഹിക്കുന്നത്.

2017 ൽ സ്കൂളിന്റെ നൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ചപ്പോൾ ഉന്നത നിലയിലെത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു മുഴുവൻ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നത്. സ്കൂളിലെ പഠനം കൊണ്ടുണ്ടായ നേട്ടങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കലിലുമുണ്ടായിരുന്നു. ഇന്ന് ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന മേഖലയിൽ പ്രവർത്തിക്കുകയാണ്. ഇന്ത്യൻ നേവിയിലുൾപ്പടെ പലരും ഉന്നത ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ്.

ഇന്ന് സ്കൂൾ പാഠ്യ-പാഠ്യേതര മേഖലയിൽ ഉന്നത നിലവാരത്തിലെത്തിയിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിഭാഗം ബെസ്റ്റ് പി.ടി.എ അവാർഡിന് അർഹരാണ്. വേങ്ങര ഉപ ജില്ല യിൽ തുടർച്ചയായ വർഷങ്ങളിൽ നേട്ടം കരസ്ഥമാക്കുന്നു. ഇവയെല്ലാം നാട്ടുകാരുടെ, വിദ്യാർത്ഥികളുടെ, രക്ഷിതാക്കളുടെ അകമഴിഞ്ഞ  സഹകരണങ്ങൾ കൊണ്ടാണ്. അത്തരം എല്ലാവിധ സഹായങ്ങളും തുടരട്ടെ... സ്കൂൾ ഇനിയും ഉയരങ്ങളിലെത്തട്ടെ...

  1. പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം
  2. 2.0 2.1 1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ
"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര/ചരിത്രം&oldid=1887994" എന്ന താളിൽനിന്ന് ശേഖരിച്ചത്