സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1998 ജൂൺ 1 എടപ്പെട്ടി നിവാസികളുടെ സ്വപ്നസാക്ഷാത്കാര ദിനമായിരുന്നു. എടപ്പെട്ടിയിൽ ഒരു പൊതുവിദ്യാലയം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം സഫലമായ ദിവസം. രാവിലെ 9 മണിയോടെ പ്രദേശവാസികൾ എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം എത്തിച്ചേർന്ന് വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദ്, പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണി, വാർഡ് വികസന സമിതി കൺവീനർ ജെയിൻ ആൻ്റണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി മണി, കെ പി പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ നടത്തിയത്. വാർഡ് വികസന സമിതി അംഗം കെ പി പ്രദീശൻ ക്ലാസെടുത്തു. കോമളം, പുഷ്പ ജോസഫ് എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപികമാർ. പ്രധാനാധ്യാപകൻ്റെ ചുമതലയുള്ള അധ്യാപകനായി യു ഉണ്ണികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു. അതോടൊപ്പം അധ്യാപികമാരായി വിനീത ജോസഫ്, ശോഭന എന്നിവരും നിയമിതരായി. 1997 ജൂലൈ 19 ലെ സർക്കാർ ഉത്തരവു പ്രകാരം ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളിലുമായി 25 പ്രൈമറി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ടിരുന്നു. ഇതിൽ മുട്ടിൽ പഞ്ചായത്തിലെ വിദ്യാലയം എടപ്പെട്ടി പ്രദേശത്ത് തുടങ്ങാമെന്ന ധാരണയിലെത്തിച്ചേരുകയായിരുന്നു. സ്കൂളിനാവശ്യമായ ഒരേക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകാമെന്ന് പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണിയും അമ്പലക്കുന്നിലെ കരുമ്പിയും താല്പര്യമറിയിച്ചിരുന്നു. ഇവരുടെ സന്മനസ്സിന് പ്രത്യേകഅഭിനന്ദനം അറിയിക്കുന്നു. സ്ഥലം അമ്പലക്കുന്നിൽ ലഭ്യമാകുമെന്നതിനാൽ തുടക്കകാലത്ത് അമ്പലക്കുന്ന് ഗവ. എൽ പി സ്കൂൾ എന്നായിരുന്നു വിദ്യാലയം അറിയപ്പെട്ടിരുന്നത്. സൗജന്യമായി ലഭിക്കുമെന്ന് പറഞ്ഞിരുന്ന ഭൂമി ആദിവാസികളുടെ ഉടമസ്ഥതയിലുള്ളതായതിനാൽ നിയമ തടസം മൂലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ മുടങ്ങുകയും സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടി വരികയും ചെയ്തു. സ്ഥലത്തിന് വിലകൂടുതലായതിനാലും സൗജന്യമായി സ്ഥലം ലഭ്യമല്ലാത്തതിനാലും മുട്ടിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഡി പി ഇ പി ഓഫീസുമായി ബന്ധപ്പെട്ട് ഒരേക്കർ സ്ഥലം എന്നത് പരിമിതപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദും വാർഡ് വികസന സമിതിയും മുൻകൈയെടുത്ത് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വിലകൊടുത്തുവാങ്ങി. രണ്ടു വർഷക്കാലം എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിൽ പ്രവൃത്തിച്ചതിനുശേഷം യൂനസ് എന്നയാളുടെ അടക്കാപ്പുരയിലേക്ക് സ്കൂൾ മാറുകയുണ്ടായി. അവിടെ നിന്നും ജോസ് മാസ്റ്റർ അനുവദിച്ചു തന്ന സ്ഥലത്ത് പ്രദേശവാസികളുടെ സഹായത്തോടെ പണികഴിപ്പിച്ച ഷെഡിലേക്കാണ് സ്കൂൾ മാറിയത്. സ്കൂളിനായി വാങ്ങിയ സ്ഥലത്ത് സ്ഥിരമായി ഒരു കെട്ടിടം പണിയുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ടായിരുന്നു. ഇതിനായി ഡി പി ഇ പി ഓഫീസുമായി നിരന്തരം ബന്ധപ്പെടലുകൾ നടത്തിയിരുന്നു. ഡി പി ഇ പി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒ എം ശങ്കരൻ സ്ഥലം സന്ദർശിക്കുകയും കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിൻ ആൻ്റണി ചെയർമാനായും ടി അരവിന്ദാക്ഷൻ മാസ്റ്റർ കൺവീനറായും സി വിജു സെക്രട്ടറിയായും കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. 2002 സെപ്റ്റംബർ ഒൻപതിന് ഉത്സവാന്തരീക്ഷത്തിൽ കെട്ടിടോദ്ഘാടനം നടന്നു. കല്പറ്റ നിയോജക മണ്ഡലം എം എൽ എ കെ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എം സരസമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനായി വാങ്ങിയ സ്ഥലം എടപ്പെട്ടിയിലായതിനാൽ വിദ്യാലയത്തെ ഗവ. എൽ പി സ്കൂൾ എടപ്പെട്ടി എന്ന് പുനർനാമകരണം ചെയ്തു. എടപ്പെട്ടിയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിൻ്റെ നാഴികക്കല്ലായി സ്കൂൾ മാറി. പ്രദേശത്തിൻ്റെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. വിദ്യാലയത്തിൻ്റെ തുടക്കകാലം മുതലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പങ്കാളികളാവുകയും ചെയ്ത ഭരണകർത്താക്കൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ ഉൾപ്പടെ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.