സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ജപ്പാൻ, മലയാളിക്കു മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
ജപ്പാൻ, മലയാളിക്കു മാതൃക

ലോകം കോവിഡ് 19 മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. സമൂഹത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണു പരിസര ശുചിത്വവും രോഗപ്രതിരോധവും. പരിസര ശുചിത്വം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഈ കാലഘട്ടത്തിലെ പല മാറാരോഗങ്ങൾക്കും കാരണമാകുന്നതു പരിസരശുചിത്വമില്ലായ്മയാണ്. വൃത്തിഹീനമായ സാഹചര്യത്തിലാണു പല രോഗാണുക്കളും പിറക്കുന്നതും പടരുന്നതുമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. നമ്മളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.

കോവിഡ് 19 രോഗ ബാധ ലോകത്തിനു വലിയൊരു പാഠമാണ്. കൊറോണയെന്ന മാരക വൈറസിനെ ഇല്ലാതാക്കാൻ, സാമൂഹിക അകലം പാലിക്കണമെന്നാണു വിദഗ്ധരും അധികൃതരും നിർദേശിക്കുന്നത്. നാമൊക്കെ അതു പാലിച്ച് വീട്ടിലിരിക്കുകായണല്ലോ ഇപ്പോൾ ചെയ്യുന്നത്. കൈയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും സദാസമയവും ശുചിയായി സൂക്ഷിക്കണമെന്ന വലിയ പാഠം ഈ സമയത്തു നമ്മൾ പഠിച്ചു. കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയായി കഴുകണമെന്നതു മലയാളികളെ സംബന്ധിച്ചു വലിയ പാഠം തന്നെയാണ്. പൊതുസ്ഥലങ്ങളിലേക്കിറങ്ങുമ്പോൾ, മാസ്ക് ധരിക്കണമെന്നതും മലയാളികൾക്കു വലിയൊരു പാഠമാണ്. റോഡും ബീച്ചും അടക്കം പൊതുസ്ഥലത്തു തുപ്പുന്നതിനും തുമ്മുന്നതിലും ചുമയ്ക്കുന്നതിലും മടിയോ മര്യാദയോ കാണിക്കാത്തവരാണു പൊതുവെ മലയാളികൾ. ഇങ്ങനെ ചെയ്യുന്നതു കോവിഡ് 19 പോലെയുള്ള മഹാമാരികൾ പരത്താൻ എത്രത്തോളം സഹായിക്കുമെന്നു ലോകമെങ്ങും നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നു.

ചൈനയിലെ വുഹാനിലെ വൃത്തിഹീനമായ വന്യജീവി മാർക്കറ്റിൽ നിന്നാണു കൊറോണ വൈറസ് മനുഷ്യരിലേക്കു വ്യാപിച്ചതെന്നതു പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, പരിസര ശുചിത്വത്തിൽ നല്ല മാതൃക നേരത്തെ തന്നെ പിന്തുടരുന്ന ജപ്പാനിൽ കോവിഡ് 19 ബാധ വളരെക്കുറവാണെന്നത് നമുക്കു മാതൃകയാകണം. മാസ്ക് ധരിച്ചു മാത്രം പുറത്തിറങ്ങുന്ന ശീലമുള്ളവരാണു ജപ്പാൻ. തുമ്മലിലൂടെയും മറ്റും രോഗം പകരുന്നതു തടയാൻ ഈ ശീലം നേരത്തെ തന്നെ പാലിച്ചതിലൂടെ ജപ്പാനു സാധിച്ചു. മഹാമാരികൾ വരുമ്പോൾ മാത്രം മുൻകരുതലെടുക്കുകയും പിന്നീട് അതെല്ലാം മറക്കുകയും ചെയ്യുന്ന പതിവു മലയാളി ശീലം മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കോവിഡ് 19 ബാധയെ തടയുന്നതിൽ നാം കാണിച്ച ഒത്തൊരുമയും കരുതലും തുടർന്നും നമ്മളിലുണ്ടാകണം.

നിരഞ്ജൻ ജയപ്രകാശ്
8 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം