സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്ഥലനാമത്തിനു പിന്നിൽ

റോഡുഗതാഗതം വികസിക്കുന്നതിനു മുമ്പ്, നമ്മുടെ നാട്ടിലെ മുഖ്യനാണ്യവിളയായിരുന്ന കുരുമുളക് വിപണനം നടത്തിയിരുന്നത് കെട്ടുവള്ളങ്ങളിൽ കയറ്റി തൊടുപുഴയാറു വഴി കൊണ്ടുപോയായിരുന്നു. *അന്ന് ഹാരപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിന്റെ നാടിന് ഹാരപ്പുഴയെന്നു പേരുണ്ടായെന്നും അതുലോപിച്ച് ആരക്കുഴയായെന്നും ആണ് ഐതിഹ്യം.*

നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ആരക്കുഴ, വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങൾ സംയോജിപ്പിക്കപ്പെട്ടപ്പോൾ തിരുക്കൊച്ചിയുടേയും, ഭാഷാസംസ്ഥാനങ്ങൾ വന്നപ്പോൾ കേരളത്തിന്റേയും ഭരണസീമയിൽ വന്നു ഈ പ്രദേശം.

പണ്ടുകാലം മുതൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്നു ജീവിക്കുന്ന ഇവിടെ മതസൌഹാർദ്ദം എന്നുമുണ്ട്. പുരാതനമായ ആരക്കുഴ പളളിയും എടമനക്കുരിശും ഹൈന്ദവ ക്രൈസ്തവ ഐക്യത്തിന്റെ ചരിത്രം വിളിച്ചോതുന്നതാണ്.തിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരം ആരംഭിക്കുമ്പോൾ ആരക്കുഴക്കാരും അതിൽ പങ്കാളികളായി. അന്ന്മദ്യവും പുകയിലയും വർജ്ജിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ഇവിടെ വളരാൻ കഴിഞ്ഞു. സ്ത്രീകൾക്ക് മാന്യമായ പദവിക്കുവേണ്ടി ശബ്ദമുയർത്തിയ ഇന്നാട്ടുകാരിയായ മേരി റോയ്(അരുന്ധതി റോയിയുടെ അമ്മ)ആയിരുന്നു പിതൃസ്വത്തിനു ക്രിസ്ത്യൻ പെൺമക്കൾക്കും ആൺമക്കളോടൊപ്പം അവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ തീർപ്പു നേടിയെടുത്തത്. നൂറ്റാണ്ടുകളായി കാർഷികമേഖല മാത്രമായിരുന്ന ആരക്കുഴയിൽ ഒരറുപതു വർഷം മുമ്പ് ഉണ്ടായിരുന്ന വ്യവസായങ്ങൾ തെരുവ വാറ്റും പാക്കുവെട്ടുമായിരുന്നു. കൃഷിക്കാർ അവരവരുടെ തെരുവമലയ്ക്കടുത്ത് സ്ഥാപിക്കുന്ന വാറ്റുപുര ഷെഡിൽ ചെമ്പും വീപ്പയും സ്ഥാപിച്ച് പുല്ലുവാറ്റി തൈലമെടുത്തിരുന്നു. തേങ്ങവാങ്ങി വിൽപ്പനയോടൊപ്പം വെട്ടിയുണക്കി കൊപ്രയുണ്ടാക്കുന്ന പ്രക്രിയയും നാട്ടിൽ പ്രചരിച്ചു.പാക്കാലകൾപോയെങ്കിലും കൊപ്രാ അട്ടികൾ ഇന്നും പ്രവർത്തിക്കുന്നു.എള്ളാട്ടുന്നതിനും കരിമ്പാട്ടുന്നതിനുമുള്ള ചക്കുകൾ പ്രവർത്തിപ്പിച്ചിരുന്നത് കാളകളെകൊണ്ടായിരുന്നു. ദേശീയ പ്രസ്ഥാനവും അതിന്റെ ഭാഗമായ സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങളും കത്തോലിക്കാ സമൂഹവും അവർ ആരംഭിച്ച വിദ്യാലയങ്ങളുമെല്ലാം ആരക്കുഴ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് സംഭാവനകൾ നൽകിയിട്ടുണ്ട്. 1915-ൽ ആരംഭിച്ച കർമ്മലീത്താ മതത്തോടനുബന്ധിച്ചുള്ള സെന്റ് ജോസഫ്സ് എൽ.പി.സ്കൂളാണ് ആരക്കുഴയിലെ ആദ്യത്തെ സ്കൂൾ.ഈ സ്കൂളാണ് സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ആയി മാറിയത്. 1953-ന് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മൂവാറ്റുപുഴയിലോ വാഴക്കുളത്തോ എട്ട് പത്ത് കിലോമീറ്റർ നടന്നാണ് ആരക്കുഴ നിവാസികൾ പൊയ്ക്കൊണ്ടിരുന്നത്. 1953-ലാണ് സെന്റ് മേരീസ് ബോയിസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തിയത്. 1968-ൽ ആരംഭിച്ച പഞ്ചായത്ത് എൽ.പി.സ്കൂൾ ഒഴികെ ആരക്കുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റ് വകയാണ്. 1947-ൽ ആരംഭിച്ച പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി അനൌപചാരിക വിദ്യാഭ്യാസരംഗത്ത് ഗണ്യമായ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു.സമീപപ്രദേശങ്ങളിൽ കോളേജുകൾ ഇല്ലാതിരുന്ന കാലത്ത് ആലുവ,തൃശ്ശിനാപ്പള്ളി തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ പൂർവ്വികരും ഈ പഞ്ചായത്തിലുണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വളരെ വ്യത്യസ്തമായ ഒരു സാംസ്ക്കാരിക ഉണർവ് ആളുകളിൽ ഉണ്ടായി. അതിന്റെ ഫലമായി വായനാശീലം വളർത്തുന്നതിന് പ്രാദേശികമായി വായനശാലകളും കലാകായിക അഭ്യസനത്തിനുവേണ്ടി ക്ളബ്ബുകളും നാടിന്റെ നാനാഭാഗത്തും ഉണ്ടായി. കുട്ടികളേയും സ്ത്രീകളേയും ആകർഷിക്കുന്നതിനുവേണ്ടി ദേശീയ ഉത്സവമായ ഓണത്തോടും ക്രിസ്തുമസിനോടും മറ്റു ഉത്സവങ്ങളോടനുബന്ധിച്ച് കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നതായും അവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ കൊടുത്തിരുന്നതായും കാണുന്നു.

ആരക്കുഴ പഞ്ചായത്തിന് വളരെ പഴക്കവും പാരമ്പര്യവുമുള്ള സാംസ്ക്കാരിക പൈതൃകം ഉണ്ട് എന്നുള്ളതിന് പ്രത്യക്ഷതെളിവാണ് പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ആരക്കുഴ ശ്രീലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രവും, പെരുമ്പല്ലൂർ തൃക്കയും, മലേക്കുരിശ് ക്രിസ്തീയ ദേവാലയവും. ആരക്കുഴ ഉണ്ണിയാതിരിയുടേയും ചേറ്റൂർ കർത്താക്കൻമാരുടേയും കാലത്ത് കളരിപ്പയറ്റ്, യോഗാഭ്യാസം തുടങ്ങിയ സാംസ്ക്കാരിക കലകൾ ഈ ഗ്രാമത്തിൽ പരിപോഷിപ്പിച്ചിരുന്നതായി കാണാം.

പളളിയോടനുബന്ധിച്ച് വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ സാംസ്ക്കാരിക പ്രവർത്തനങ്ങളും അമ്പലങ്ങളോടും കാവുകളോടും അനുബന്ധിച്ച് കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലകളും പ്രചരിപ്പിച്ചിരുന്നതായി കാണുന്നു. ഹിന്ദു ആരാധനാ സ്ഥലത്ത് ചെണ്ടമേളം, പാദ പൂജ, മുടിയേറ്റ്,തൂക്കം, കളമെഴുത്ത്, അമ്മൻകുടം,ശാസ്താംപാട്ട്, തുടി, ഉടുക്ക്, പുല്ലാംകുഴൽ മുതലായ കലാപരിപാടികൾ ഇന്നും നിലനിൽക്കുന്നുണ്ട്. ക്രിസ്ത്രീയ ദേവാലയ പെരുന്നാളിനോടനുബന്ധിച്ച് ബാന്റുമേളം, ചെണ്ട, നാടകം തുടങ്ങിയ കലകളും ഇന്നും കണ്ടു വരുന്നു. അതിപുരാതനമായ ആരക്കുഴപ്പള്ളിയിൽ നിന്നും പിരിഞ്ഞ് മേമടങ്ങ്, തോട്ടക്കര,മീങ്കുന്നം, പെരുമ്പല്ലൂർ, പെരിങ്ങഴ എന്നീ സ്ഥലങ്ങളിൽ ഒരോ ചെറിയപള്ളികൾ സ്ഥാപിച്ച് ആരാധനാ സൌകര്യം ഏർപ്പെടുത്തിയിട്ട് 100-ൽ പരം വർഷങ്ങളായിട്ടുണ്ട്. ആരക്കുഴ ഫെറോനാ പള്ളിയുടെ തൊട്ടടുത്ത് തീർത്ഥാടനകേന്ദ്രമായ കുരിശുമലയിൽ സെന്റ് തോമസിന്റെ നാമത്തിൽ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ആണ്ടിൽ ഒരു പ്രാവശ്യം പുതുഞായറാഴ്ച ദിവസം നാനാജാതി മതസ്ഥരായ ദേശീയരും വിദേശിയരുമായ അനേകായിരം വിശ്വാസികൾ ഈ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് സായൂജ്യം അടയുന്നു. 1-ാം വാർഡിലെ മറ്റപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും,പെരിങ്ങഴ ഭഗവതിക്ഷേത്രവും 2-ാം വാർഡിലെ കൈപ്പുള്ളിക്കാവും മഴുവഞ്ചേരി ഇല്ലം വക ക്ഷേത്രവും, 4-ാം വാർഡിൽ അതിപുരാതനമായ പെരുമ്പല്ലൂർ തൃക്കയും,ഞള്ളൂർക്കാവും 5-ാം വാർഡിൽ പൂതക്കാവ് ഭഗവതി ക്ഷേത്രവും മുല്ലപ്പടി പരദേവതാ ക്ഷേത്രവും 8-ാം വാർഡിൽ 1400 കൊല്ലം പഴക്കമുള്ള തോട്ടക്കരക്കാവും 9-ാം വാർഡിലെ പുരാതനമായ പെരുമാക്കാവ് ക്ഷേത്രവും, 11-ാം വാർഡിലെ രാജഭരണ കാലത്തു പണികഴിപ്പിച്ച ശ്രീലക്ഷ്മി നരസിംഹസ്വാമി (തൃക്ക) ക്ഷേത്രവും 12-ാം വാർഡിലെ പെരുങ്കല്ലിങ്കിൽ ദേവി-ശാസ്താ ക്ഷേത്രവും സജീവമായ ആരാധനാ സ്ഥലങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളുമാണ്.(കടപ്പാട് വിക്കിപീഡിയ,ഫേസ്ബുക്ക്)

ആരക്കുഴ പള്ളിയും റാത്തപ്പിള്ളി മുത്തിയും

ആരക്കുഴ പള്ളിയുടെ സ്ഥാപനത്തിന് പ്രധാന കാരണം റാത്തപ്പിള്ളി മുത്തിയാണെന്ന് പൂർവ്വികർ പറഞ്ഞ്കേട്ടിട്ടുണ്ട്.അക്കാലത്ത് കിഴക്കൻ പ്രദേശത്തെ എക ക്രിസ്തീയ ദേവാലയം മൈലക്കൊമ്പ് ആയിരുന്നു.ഞായറാഴ്ച ദിവസങ്ങളിലും മറ്റ് പ്രധാന ദിവസങ്ങളിലും ആരക്കുഴ താമസിച്ചിരുന്ന ക്രിസ്ത്യാനികൾ മൈലക്കൊമ്പിൽ പോയിയാണ് വി.കുർബാന കണ്ടിരുന്നത്.ദൂരസ്ഥലങ്ങലിൽ നിന്ന് വരുന്ന ആളുകളെ ഉദ്ദേശിച്ച്അവിടുത്തെ കുർബാന ഏകദേശം ഉച്ചയോടെ മാത്രമാണ് നടത്തിയിരുന്നത്.എന്നാൽ ഒരു പുതിയ വികാരിയച്ചൻ വന്നതോടുകൂടി കുർബാന അതിരാവിലെ നടത്താൻ തുടങ്ങി.അതുകൊണ്ട് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കുർബാന കാണാൻ സാധിക്കാതെയായി.ഇതേപ്പറ്റി റാത്തപ്പിള്ളി മുത്തിയും മറ്റ് ചിലരും വികാരിയച്ചന്റെ അടുത്ത് സങ്കടം ഉണർത്തിച്ചെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. പതിവായി കുർബാനയിൽ സംബന്ധിക്കാൻ കഴിയാതെ വന്നപ്പോൾ ആരക്കുഴ ഒരു പള്ളി സ്ഥാപിക്കണമെന്ന് മുത്തി നിശ്ചയിച്ചു. അന്ന് കൊല്ലത്തു നിന്നും ഉദയംപേരൂർ വില്ലാർവട്ടം രാജധാനിയിൽ വന്ന് താമസിച്ചിരുന്ന സാബോർ മെത്രാനെ റാത്തപ്പിള്ളി മുര്രി ചെന്ന് കണ്ട് പള്ളി സ്ഥാപനത്തിൽ ആവശ്യമായ അനുവാദം വാങ്ങി.പള്ളി സ്ഥാപിക്കാൻ എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ആരക്കുഴ ഉണ്ണ്യാതിരി ചെയ്തു കൊടുത്തു.അദ്ദേഹം തന്റെ ഇല്ലത്തിനും അമ്പലത്തിനും അടുത്ത ഒരു പറമ്പ് പള്ളി സ്ഥാപിക്കുന്നതിന് റാത്തപ്പിള്ളി മുത്തിയെ ഏൽപ്പിച്ചു.ഇന്നുള്ള ആരക്കുഴ പള്ളിയുടെ ഏകദേശം ഒന്നര ഫർലോങ്ങ് വടക്കു മാറിയാണ് അതിന്റെ സ്ഥാനം.ആ പറമ്പ് ഇന്നും പള്ളി വകയാണ്.ഇന്നത്തെ കുരിശിൻ തൊട്ടിയുടെ താഴെയുള്ള സ്ഥലത്തിനു പള്ളി അമ്പലത്തുങ്കൽ എന്നാണ് പേരു പറയുക.പള്ളിയും അമ്പലവും ഒരു പറമ്പിൽ തന്നെ ആയിരുന്നതുകൊണ്ടാണ് ആ പേര് ലഭിച്ചത്.

പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലാണ് ആരക്കുഴ പള്ളി സ്ഥാപിച്ചത്. ഓല കൊണ്ടും പനമ്പുകൊണ്ടും മറച്ചുകെട്ടിയ ഒരു ചെറിയ കെട്ടിടമായിരുന്നു ആദ്യത്തെ പള്ളി.മാതാവിന്റെ അത്ഭുതശക്തിയും അനുഗ്രഹവും പള്ളിക്ക് ആദ്യം മുതലേ ധാരാളമായി ലഭിച്ചിരുന്നു.ഒരിക്കൽ ആരക്കുഴ ഉണ്ണ്യാതിരിയുടെ കുറ്റക്കാരനായ ഒരു അടിമ പള്ളിക്കകത്തു കയറി അഭയം പ്രാപിച്ചു.ഉണ്ണ്യാതിരി വിവരം അറിഞ്ഞ് പള്ളിയുടെ ആനവാതിൽക്കൽ വച്ച് കുറ്റക്കാരനെ നിഷ്കരുണം വധിച്ചു,ഇതിന് ശിക്ഷയെന്നോണം പതിനെട്ട് മാസത്തേക്ക് ആരക്കുഴ മഴ പെയ്തില്ല.അവസാനം ഉണ്ണ്യാതിരി തന്റെ കുറ്റം ഏറ്റ് പറയുകയും ആരക്കുഴ പള്ളിക്ക് മുപ്പതു പറ അരിയും മറ്റ് സാധനങ്ങളും ചെലവുചെയ്ത് പാച്ചോറു നേർന്നുകൊള്ളാമെന്ന് നിശ്ചയിച്ച് അതിന്റെ ചിലവിലേക്ക് ഏതാനും നിലങ്ങളും പുരയിടങ്ങളും പള്ളിക്ക് ദാനം ചെയ്തു.ഈ പാച്ചോറു നേർച്ചയെപ്പറ്റി 1860 ൽ ആരക്കുഴ പള്ളി സന്ദർസിച്ച വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ബർണാർദീനോസ് തിരുമേനിയുടെ എഴുത്തുകളിൽ കാണപ്പെടുന്നുണ്ട്.