എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ പാഠം


ജാതിയുടേയും മതത്തിൻ്റേയും വിദ്വേഷത്തിൻ്റേയും സാമ്പത്തിക വേർതിരിവിൻ്റേയും വിത്തുകൾ പാകി മതിമറന്ന് ജീവിക്കുന്നതിൻ്റെ ഇടയിലേക്കാണ് ചൈന എന്ന മഹാനഗരിയിലെ വുഹാനിൽ നിന്ന് മനുഷ്യകുലത്തിൻ്റെ തായ് വേരു തന്നെ പറിച്ചെറിയാൻ ശക്തിയുള്ള കൊറോണ എന്ന മഹാമാരി വന്നെത്തിയത് . തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാവുന്ന ശ്രവത്തൂടെയും രോഗ ബാധിതരായ ആളുകളുമായി ഇടപഴകുന്നതിലൂടെയുമാണ് ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. അതിനാലാണ് കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം എന്ന് പറയുന്നത്.                      ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ആരോഗ്യസംഘടനയും സർക്കാരും കക്ഷിരാഷ്ട്രീയമില്ലാതെ എല്ലാ സംഘടനകളും ഒരുമിച്ച് പോരാടുന്നു.ഇതിൻ്റെ ഭാഗമായി സർക്കാർ ലോക് ഡൗൺപ്രഖ്യാപിച്ചു.ജനജീവിതത്തെ ഇത് ആകെ മാറ്റി മറിച്ചു . ജനജീവിതത്തെ വീട്ടിനുള്ളിലൊതുക്കി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുന്നവരെ പോലീസ് ശക്തമായി തടഞ്ഞു. കടകമ്പോളങ്ങൾ അടച്ചു പൂട്ടി . പരീക്ഷകൾ

,നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു . ഗതാഗതം പൂർണമായി നിലച്ചു. നമ്മുടെ സുരക്ഷക്കു വേണ്ടി നല്ല നാളേക്കു വേണ്ടി എല്ലാവരും വീട്ടിൽ ഒതുങ്ങിക്കൂടി.                          ഇന്നുവരെ ഒന്നിനും സമയമില്ലാതെ നടന്നിരുന്നവർക്ക് ഇന്ന് വീട്ടുകാരോടൊപ്പം ചെലവഴിക്കാൻ ഇഷ്ടം പോലെ സമയമുണ്ട്. കുട്ടികളോടൊപ്പം കളിക്കാനും മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും ഇന്ന് ധാരാളം സമയമുണ്ട്. കുറച്ചു പേർ പല തരം പാചക പരീക്ഷണങ്ങൾ നടത്തുന്നു . ചിലർ പുതിയ കൃഷി രീതികൾ പരീക്ഷിക്കുന്നു. ഇങ്ങനെ ലോക് ഡൗൺ ഒരു വിഭാഗം ആളുകൾ ആനന്ദകരമാക്കുന്നു. എന്നാൽ മറ്റൊരു വിഭാഗം ജനങ്ങൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്.                         സ്വന്തം കുടുബത്തെ പിരിഞ്ഞ് തങ്ങളുടെ ജീവന് പോലും പ്രാധാന്യം കൊടുക്കാതെ ഈ മഹാമാരിയോട് പോരാടുന്നവരാണ് ഡോക്ടർമാർ . നഴ്സുമാർ . ആരോഗ്യ പ്രവർത്തകർ . പോലീസ് സേന . സർക്കാർ എന്നിവർ. ഊണും ഉറക്കവും വിശ്രമവുമില്ലാതെ ഒരു ജനതയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അവർ കഷ്ടപ്പെുന്നു.                         ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരേയും പിന്നിൽ നിൽക്കുന്നവരേയും അത് രണ്ട് തരത്തിൽ ബാധിച്ചു. സാധാരണക്കാരൻ എങ്ങനെ ദിവസം തള്ളി നീക്കാം എന്ന് ചിന്തിക്കുമ്പോൾ മറ്റുള്ളവർ മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കാം എന്ന ചിന്തയിലാണ്. എങ്കിലും ഈ സാഹചര്യത്തെ മറികടക്കാൻ സാധാരണക്കാരനും സഹായം ആവശ്യമുള്ളവർക്കും സർക്കാരും മറ്റ് സംഘടനകളും സഹായമെത്തിച്ചു.                        അമ്പലങ്ങളെന്നും പള്ളികളെന്നും നേർച്ചകളും വഴിപാടുകളുമായി അനാവശ്യമായി പണം ചെലവഴിച്ചിരുന്നവർ അതില്ലാതേയും ജീവിക്കാൻ കഴിയും എന്ന് ചിന്തിച്ചു തുടങ്ങി. ലളിതമായി ജീവിക്കാൻ പഠിച്ചു.ആർഭാടങ്ങളില്ലാതേയും ചടങ്ങുകൾ നടത്താൻ കഴിയുമെന്ന് തെളിയിച്ചു. ഹോട്ടലുകളിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തേക്കാൾ രുചി സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാണെന്നുള്ള തിരിച്ചറിവുണ്ടായി. ഇപ്പോൾ ഉയർന്ന വരെന്നോ താഴ്ന്ന വരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും വീട്ടിൽ കഴിയുന്നു. ഇത് ആശ്വാസം പകരുമ്പോഴും സ്വദേശത്തും വിദേശത്തുമായി ഒരു പാട് ആളുകൾ നിരീക്ഷണത്തിലും അല്ലാതെയും കുടുങ്ങിക്കിടക്കുന്നു. അവരെല്ലാം അധികം വൈകാതെ തിരികെയെത്തും എന്ന് പ്രത്യാശിക്കാം. പണമുണ്ടെങ്കിൽ ഏത് രോഗവും മാറ്റാം എന്ന സമൂഹത്തിൻ്റെ ധാരണ ഇതോടെ മാറി.                     ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ള സ്ഥലങ്ങള്ള അപേക്ഷിച്ച് നമ്മുടെ കേരളം ആരോഗ്യരംഗത്ത് വളരെ മുന്നിലാണ് .പുറത്ത് നിന്ന് വരുന്നവരെയെല്ലാം നിരക്ഷണത്തിൽ വച്ച് രോഗമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് വീട്ടിലേക്ക് വിടുന്നത്. വൈറസ് ബാധിച്ചവർക്ക് മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്നു. അതു കൊണ്ടു തന്നെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുറവാണ്  .                          മനുഷ്യൻ ഒന്നിനു വേണ്ടിയും പോരടിക്കാതെയും അഹങ്കരിക്കാതേയും വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം നിലനിർത്തിയും മനസ്സിലെ അടുപ്പം കാത്തു സൂക്ഷിച്ചും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ നേരിടാം. നമ്മൾ ഇതുവരെ നേരിട്ട പ്രശ്നങ്ങളെയെല്ലാം അതിജീവിച്ചതു പോലെ ഈ പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യാൻ നമുക്ക് കഴിയും .

വിസ്മയ. വി. എസ്
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം