രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ബാങ്കിനടിയിലെ കള്ളൻമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ബാങ്കിനടിയിലെ കള്ളൻമാർ

ഒരു ദിവസം ചെന്നൈ നഗരത്തിൻറെ പ്രാന്ത പ്രദേശത്തുള്ള ഒരു ബാങ്ക് കൊള്ളയടിക്കപ്പെട്ടു.വാതിൽ പൊളിച്ചോ ജനൽ പൊട്ടിച്ചോ ഓടിളക്കിയോ അല്ല കള്ളൻമാർ കയറിയത് എന്നത് വ്യക്തമാണ്. തുടർന്ന് കുറച്ച് ദിവസം കൂടി ഇതേ രീതിയിൽ കൊള്ളയടിക്കപ്പെട്ടു. ചെന്നൈ പോലീസ് പല അന്വേഷണവും നടത്തി. അവർക്ക് എത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് സി.ഐ.ഡി വിക്രമിൻറെ ഫോണിൽ ആരോ വിളിക്കുന്നത്. “ഞാൻ സി.ഐ.ഡി വിക്രം. നിങ്ങൾ ആരാണ്.” മറുഭാഗത്ത്: ”സർ ഞാൻ ചെന്നൈയിലെ എസ്.പി യാണ്. ഇവിടെയുള്ള ബാങ്ക് ആരോ കൊള്ളയടിച്ചു. വാതിൽ തുറന്ന ലക്ഷണമില്ല.ഞങ്ങൾക്ക് സഹായമായി സാർ വരുമോ?” ”ശരി ഞാൻ വരാം.” വിക്രം തൻറെ ബുള്ളറ്റ് എടുത്ത് ചെന്നൈയിലേക്ക് പുറപ്പെട്ടു.

വിക്രം ചെന്നൈയിൽ എത്തി. “ഇന്ന് രാത്രി 10 പേർ ബാങ്കിന് പുറത്ത് കാവൽ നിൽക്കണം”. വിക്രം പറഞ്ഞു. അന്നും അതേ ബാങ്ക് കൊള്ളയടിക്കപ്പെട്ടു. ഓഹോ, അപ്പോൾ കള്ളൻ ബാങ്കിനുള്ളിൽ ആകുമല്ലോ ഉള്ളത്. വിക്രം ആത്മഗതം നടത്തി. അന്ന് രാത്രി 10 പേർ ബാങ്കിന് ഉള്ളിലാണ് കാവൽ നിന്നത്. പക്ഷെ കള്ളൻ അന്ന് വന്നില്ല. ബാങ്കിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടുമില്ല. ഞാൻ ഇവിടെ ഒരു പേന വെക്കുകയാണ്. ഇതിൽ ഒരു ക്യാമറ ഉണ്ട്. ഇവിടെ നടക്കുന്നതെല്ലാം ക്യാമറയിൽ നിന്ന് നമുക്ക് ലാപ്ടോപ്പിലേക്ക് കിട്ടും. അന്ന് രാത്രി കൊള്ളനടന്നു. എല്ലാവരും അത്ഭുതപ്പെട്ടു. വിക്രം തൻറെ ലാപ്ടോപ്പ് തുറന്നു. അതിൽ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭ്യമായിരുന്നു. നോക്കുമ്പോൾ കള്ളൻമാർ അതാ ബാങ്കിൻറെ തറക്കുള്ളിൽ നിന്നും പുറത്തേക്കു വരുന്നു. പണം ചാക്കിൽ നിറക്കുന്നു. തറയിലെ ഗുഹയിലേക്ക് ഇറങ്ങുന്നു. തറയിലെ ഗ്രാനൈറ്റ് വലിച്ചടുപ്പിച്ച് അപ്രത്യക്ഷരാകുന്നു.

ഉടൻതന്നെ വിക്രം അതെ തുരങ്കത്തിലൂടെ നൂണിറങ്ങി. താഴെ എത്തിയപ്പോൾ നിവർന്ന് നിൽക്കാവുന്ന വലുപ്പമുണ്ട് ഗുഹയ്ക്ക്. അദ്ദേഹം തുരങ്കത്തിലൂടെ മുന്നോട്ട് കുതിച്ചു. ഏതാണ്ട് 3 മണിക്കൂർ നടന്നിട്ടുണ്ടാവും, ഗുഹ അവസാനിച്ചു. ഗുഹകവാടം തുറന്നതോ ഒരു കൊടുങ്കാട്ടിലേക്ക്. മുമ്പിൽ കണ്ട കാട്ട് പാതയിലൂടെ വിക്രം മുന്നോട്ട് നടന്നു. ചുറ്റിലും അദ്ദേഹം സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. ഓരോ ചെറിയ അനക്കവും അദ്ദേഹം കേൾക്കുന്നുണ്ടായിരുന്നു. കാട്ടുപാത അവസാനിച്ചതോ ഒരു പഴക്കം ചെന്ന വീടിനു മുൻപിൽ. വീടെന്ന് പറയാൻ കഴിയില്ല. കരിങ്കല്ല് കൊണ്ട് നിർമ്മിച്ച, പേടിപ്പെടുത്തുന്ന ഒരു കെട്ടിടം.

നേരം രാത്രിയാകാനായി, ഇരുട്ട് കാട്ടിലേക്ക് അരിച്ചെത്തുന്നു. വിക്രം ചുറ്റിലും നോക്കി. വീടിനോട് ചേർന്ന് നിൽക്കുന്ന വലിയൊരു മരത്തിലേക്ക് അദ്ദേഹം വലിഞ്ഞുകയറി. ഇല നിറഞ്ഞ ചില്ലയ്ക്ക് പിന്നിൽ അദ്ദേഹം ഒളിച്ചിരുന്നു. സമയം കടന്ന് പോയി. കനത്ത ഇരുട്ട് അപ്പോൾ അതാ ആ വീട്ടിന്നുള്ളിൽ നിന്ന് 3പേർ പുറത്തേക്കിറങ്ങി വരുന്നു. നിലാ വെളിച്ചത്തിൽ വിക്രം ആ കാഴ്ച കണ്ടു. 3 പേരും അതേ ഗുഹയിലേക്ക് കയറി പോയി. വിക്രം ശബ്ദമുണ്ടക്കാതെ താഴെയിറങ്ങി. പതിയെ വീട്ടിനുള്ളിലേക്ക് കടന്നു.പെൻടോർച്ചിൻറെ വെളിച്ചത്തിൽ വിക്രം ചുറ്റിലും പരതി. ഒരു മുറി താഴിട്ട് പൂട്ടിയിട്ടുണ്ട്. വീട്ടിൽ മറ്റാരുമില്ലെന്ന് വിക്രം മനസിലാക്കി. അദ്ദേഹം ഒരു സ്ക്രൂഡ്രൈവർ എടുത്ത് വാതിൽ അഴിച്ചെടുത്ത് അകത്തു കയറി. ചാക്കുകളിലായി സ്വർണ്ണവും പണവും നിറച്ചു വച്ചിരിക്കുന്നു.

ഈ സമയത്ത് ബാങ്കിലെ മുഴുവൻ സ്വർണ്ണവും പണവും മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് കള്ളൻമാർ അപ്പോൾ ചെന്നൈ എസ്.പി. സത്യേന്ദ്രൻറെ ഫോണിലേക്ക് വിക്രമിൻറെ വിളിയെത്തി. “ഉടൻ ബാങ്കിലേക്ക് ഒരു സംഘം പോലീസ് ആയുധങ്ങളോടെ എത്തണം. കൊള്ളക്കാർ ബാങ്കിൻറെ നിലം തുരന്ന് ഇപ്പോളെത്തും ഞാൻ അവരുടെ സ്ഥലം കണ്ടുപിടിച്ചു”. ഉടൻ തന്നെ എസ്.പിയും സംഘവും ബാങ്ക് വളഞ്ഞു. അകത്തേക്ക് പോലീസ് കമാൻറോകൾ പാഞ്ഞു. കൊള്ളക്കാർ രക്ഷപ്പെടും മുൻപ് അവരെ കീഴ്പ്പെടുത്തി. വിക്രം പറഞ്ഞതനുസരിച്ച് ഒരു സംഘം പോലീസ് കാട്ടിനുള്ളിലെ കൊള്ളക്കാരുടെ സങ്കേതത്തിലെത്തി. അപ്പോഴേക്കും നേരം വെളുത്തിരുന്നു. കൊള്ള മുതലുകൾ അവർ ബാങ്കിലേക്ക് എത്തിച്ചു. എല്ലാവരും വിക്രത്തിന് നന്ദി പറഞ്ഞു. ഒരു കുറ്റകൃത്യം കൂടി തെളിയിച്ച സന്തോഷത്തോടെ വിക്രം മടങ്ങി.

അമൻ എൽ ബിനോയ്
3 രാജാസ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ