സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

പരിണാമ പ്രക്രിയയിൽ പ്രതിസന്ധികളെ അതിജീവിച്ച് മനുഷ്യൻ ഭൂമുഖത്തിന്റെ നാഥനായി വിലസുന്നു.എന്നാലിന്ന് കോവിഡ് 19 എന്ന വൈറസിന്റെ പത്മവ്യൂഹത്തിലാണ് മനുഷ്യരാശി.2018-ലെ മഹാപ്രളയത്തിൽ സഹജീവികളുടെ രക്ഷയ്ക്കായ് നാം ഓടിയെത്തിയെങ്കിൽ പൊതുനന്മയ്ക്കായ് രാഷ്ട്രം നമ്മുടെ ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഉത്തമ പൗരന്മാരായി നാം വീട്ടിലൊതുങ്ങി കഴിഞ്ഞു കൊണ്ടു തന്നെ നമ്മുടെ നാടിനെ സംരക്ഷിക്കുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് എന്റെ ചിന്തകൾക്ക് പൂട്ട് വീഴാഞ്ഞത് ഭാഗ്യം തന്നെ.ഞാനിപ്പോൾ ലോകത്തെയല്ല, എന്നെ തന്നെയാണ് ട്യൂൺ ചെയ്യുന്നത്.

സൂററ്റ് ഇന്ത്യയിലെ വൃത്തിയുള്ള നഗരമായി മാറിയതിന് നിമിത്തമായത് ഏതാനും വർഷം മുമ്പ് അവിടെ പുനർജനിച്ച പ്ലേഗ് ആയിരുന്നുവെങ്കിൽ കോവിഡ് നമ്മളെ കൈകഴുകാനും പഠിപ്പിച്ചു. വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും അതിന്നത്തെ അതിജീവനത്തിലുപരി നമ്മുടെ നിത്യ സുഖത്തിനു വേണ്ട ശീലമാകണമെന്നും നാം തിരിച്ചറിഞ്ഞു.രാവിലത്തെ ബെഡ് കോഫിയിൽ തുടങ്ങുന്ന നമ്മുടെ ദുശീലങ്ങളിൽ പലതിനും കോവിഡ് ഫുൾസ്റ്റോപ്പിട്ടു. കുളിച്ചൊരുങ്ങി യാത്ര പോയാൽ മാത്രം ശുചിത്വമാകില്ല,മടങ്ങി വന്ന് കുളിച്ചാലെ അത് പൂർണ്ണമാകൂ. ചുരുക്കത്തിൽ ഉണർന്നാൽ ഉറങ്ങും വരെ വേണ്ടതാണ് വൃത്തി. നമ്മുടെ പൂർവ്വികർക്ക് ഇത്തരം മഹാമാരികളെ നേരിടേണ്ടി വന്നിട്ടില്ല. അതിന്റെ പ്രധാന കാരണം അവരുടെ ശുചിത്വ ശീലങ്ങളായിരുന്നു.പുറത്ത് പോയി വന്നാൽ ഉമ്മറത്തു നിന്ന് കയ്യും കാലും കഴുകിയിട്ടേ അവർ അകത്ത് പ്രവേശിക്കൂ.ഇന്ന് നമ്മൾ ആ പഴയ ശീലത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു.

ബാഹ്യ ശരീര ശുദ്ധി കൂടാതെ നമുക്ക് ആന്തരിക ശുചിത്വവും വേണം.വിഷമില്ലാത്ത ആഹാരം കഴിക്കാൻ ചെറിയ പച്ചക്കറി തോട്ടവും വേണം. ശാരീരിക ആരോഗ്യത്തിന് പോഷകാഹാരം എന്ന പോലെ നല്ല പുസ്തകങ്ങൾ വായിച്ച് മനസിന് ശുഭ ചിന്ത നൽകണം.കുടുംബാംഗങ്ങളുമായി ഒന്നിച്ചിരുന്ന് ചമ്മന്തിയും കൂട്ടി ചോറുണ്ണുമ്പോൾ കിട്ടുന്ന സംതൃപ്തിയും ഗുണവും ഹോട്ടൽ ഭക്ഷണത്തിനും ബേക്കറി പലഹാരങ്ങൾക്കും ഇല്ലെന്ന കാര്യം നമ്മൾ തിരിച്ചറിഞ്ഞു.കെട്ടിപ്പിടുത്തവും ഹസ്തദാനവും ഇല്ലാതെ കൈകൂപ്പി നമസ്തെ പറഞ്ഞ് നാം ഇന്ന് അതിഥിയെ സ്വീകരിക്കുന്നു.

ഓരോ മാസവും ഒരാഴ്ച്ചയെങ്കിലും ഇതുപോലെ ലോക്ക് ഡൗൺ ആചരിച്ചാൽ സമൂഹത്തിലെ മാലിന്യങ്ങളുടെയും മലിനവായുവിന്റെയുമൊക്കെ അളവിൽ ഒരു ചെറിയ മാറ്റമെങ്കിലും നമുക്ക് സൃഷ്ടിക്കാനായേക്കും എന്നാണ് എനിക്ക് തോന്നുന്നത്.ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും 'ട്രൈ ഡേ' ആചരിക്കുന്നതും നിരവധി രോഗങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തും.നമുക്ക് ഭുമിയേയും ജലാശയങ്ങളേയും വായുവിനേയും കഴിയുന്നത്ര ശുദ്ധമാക്കി വരും തലമുറയ്ക്ക് സമ്മാനിക്കാം.നല്ല പരിസ്ഥിതിയിലെ ജീവിതം ഓരോ പൗരന്റെയും മൗലീക അവകാശമാണെന്ന കാര്യം നമ്മളിൽ ഉടലെടുക്കട്ടെ.

അനഘ രാജീവ്
8 B സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം