ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

അവൾ ജനാലയിലൂടെ നോക്കി. ആകാശം മുട്ടെ ഉയരത്തിൽ, അങ്ങതാ തന്റെ ചങ്ങാതിമാർ പച്ചയും മഞ്ഞയും നീലയുമൊക്കെ വർണ്ണവുമായി കളകളമിട്ടുകൊണ്ട് പാറികളിക്കുന്നു. എങ്ങുനിന്നോ മടിച്ചുമടിച്ചു നേർത്ത സൂര്യകിരണങ്ങൾ തന്റെ നാരുനിർമിതമായ കൂട്ടിലേയ്ക്ക് തുളച്ച് കയറുന്നു. പതിവുപോലെ തന്റെ ഓമനയ്ക്ക് വയറുനിറയ്ക്കാൻ തീറ്റയുമന്വേഷിച്ച് അവൾ പറന്നു. പുന്നാരം കാടിനെ ലക്ഷ്യം വച്ചാണ് അവളുടെ യാത്ര. സാധാരണ കാണപ്പെടാറുള്ളപോലെ വഴിയിലെങ്ങും മനുഷ്യരില്ല. 'തെരുവുകൾ ശൂന്യം,........’ തനിക്ക് പലപ്പോഴും ആശ്രയമായിരുന്ന പെട്ടിക്കടകളും താഴിട്ടു പൂട്ടപ്പെട്ടിരിക്കുന്നു. നെന്മണി ഗ്രൗണ്ടിൽ കുട്ടിപ്പട്ടാളത്തിന്റെ പതിവു കളികൾക്കൊന്നും എത്തിയിട്ടില്ല. രാമേട്ടന്റെ കിങ്ങിണിയെ, പുഞ്ചമൈതാനത്ത് കാണായ്കയാൽ അന്വഷിച്ചുചെന്നപ്പഴാ ആശ്വാസമായത് . അവൾ തൊഴുത്തിലുണ്ട് . എന്നാൽ അവളുടെ തൊഴുത്ത് അധികം കാറ്റുകയറാത്ത വിധം നീലപ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നു. "എന്തുപറ്റി,.......?” വാഹനങ്ങളുടെ ചറപറപ്പായ്ച്ചിലില്ലാത്ത ആ വഴികളിൽ ആകെ അവൾക്ക് കാണാൻ കഴിഞ്ഞത് , ക്ഷീണിച്ചവശരായ കുറേ തെരുവുനായ്ക്കളെയത്രേ. തന്റെ ഓമനമകൻ അവിടെ തന്റെ കൊച്ചുവീട്ടിൽ തനിച്ചിരിപ്പാണ് . ചിറകുവിടർത്താൻ അവനായിട്ടില്ല. അരിപ്പല്ലുതെളിഞ്ഞിട്ടില്ല. അമ്പിളിയമ്മാവനെയും താരകങ്ങളെയും ഉല്ലസിപ്പിക്കുവാൻ മോണകാട്ടിയുള്ള അവന്റെ ചെറുപുഞ്ചിരിയ്ക്ക് കഴിയാറുണ്ട്.തന്റെ കുഞ്ഞുചുണ്ടുകൾ ചലിപ്പിച്ചുകൊണ്ട് കൊഞ്ചിക്കുഴഞ്ഞ് -"അമ്മേ" എന്നുവിളിക്കുവാൻ അവനറിയാം.കിന്നരിയണ്ണാന്റെ ചിലയ്ക്കൽ കേട്ടാണ് അവൻ ഉണർന്നത് . അപ്പോഴേയ്ക്കും അമ്മ പോയിരുന്നു, തനിയ്ക്കുവേണ്ടി തീറ്റ തേടാൻ. അമ്മ വരുന്നതുവരെ ആപത്തൊന്നുമുണ്ടാക്കാതെ അവൻ കാത്തിരിക്കും.

അന്ന് അമ്മ തിരികെയെത്താറുള്ള സമയത്ത് അവൾ എത്തിയില്ല. അവന്റെ കാത്തിരിപ്പിന് ആക്കം കൂടി. നേരം ഇരുട്ടി. "അമ്മയ്ക്കെന്തുപറ്റി...?” "എന്താ വരാത്തത് ...?” "എന്നെ മറന്നുകാണുമോ...?” "ഇനി വരില്ലേ...?” "അമ്മേ.., അമ്മേ..,” അവനുറക്കെ കരഞ്ഞു. ഒരുവേള കണ്ണീരാൽ കുതിർന്ന കൂടിന് പുറത്തയ്ക്ക് അവൻ ഏന്തി വലിഞ്ഞുനോക്കി. ഏതാനും വൃക്ഷലതാതികൾക്കപ്പുറെ നിന്ന് ആ അമ്മ തന്റെ ഏക മകനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.അവൾ എല്ലാം മനസ്സിലാക്കിയിരുന്നു. തന്റെ കുഞ്ഞിനെ വാരിപ്പുണരുവാൻ ഇനിയും ദിവസങ്ങൾ ഏറെ വേണ്ടി വരുമെന്ന തിരിച്ചറിവോടെ, അവൾ സ്വയം മന്ത്രിച്ചു : " എനിയ്ക്കുമുണ്ട് കോവിഡ് ...”

ആൻജിസ് മരിയ സോയി
10 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ