സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ മാനവിക സ്പർശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ മാനവിക സ്പർശങ്ങൾ

കണ്ടും കേട്ടും പരിചയമില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുന്നു..!! ഇന്നലെ വരെ ഇത്തരം ദുരന്തങ്ങളൊക്കെ അങ്ങ് ദൂരെ വന്നു നോക്കിപോകുന്ന ഒരു വഴിപോക്കൻ ആയിരുന്നെങ്കിൽ, ഇന്നത് കണ്മുന്നിൽ എവിടെയോ നമ്മളെ കാത്തിരിക്കുന്ന ഒന്നായി മാറുന്നു. ജാതിയും മതവും വെറും 'വാക്കുകൾ' മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നാണ്..!! മനുഷ്യൻ, അവനവന്റെ ജീവൻ രക്ഷിക്കുന്ന തത്രപ്പാടിലാണ് . ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുമോ? അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെ കടന്നുപോകുമ്പോൾ അതാണ് ഏവരുടേയും ചോദ്യം. അനുഭവവും ചരിത്രവും പഠിപ്പിക്കുന്നത് ഇതിനവസാനമുണ്ടാകുമെന്നു തന്നെയാണ്. 'അത് എന്ന്' എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ചിലപ്പോൾ ഒരു മാസമാകാം, ആറു മാസമാകാം, ഒരു വർഷമാകാം, ഒരു പക്ഷേ അതിലും നീണ്ടു പോയേക്കാം. സാമ്പത്തിക ചക്രവാളമാകട്ടെ മേഘാവൃതമായിരിക്കുന്നു - കനത്ത അനിശ്ചിതത്വത്തിന്റെ കാർമേഘം. ഏതാനും ദ്വീപ് സമൂഹങ്ങൾ ഒഴിച്ചാൽ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും കൊറോണ വൈറസ് കീഴ്പ്പെടുത്തിയിരിക്കുന്നു. ആയുധമില്ലാത്ത യുദ്ധം - മനുഷ്യരും വൈറസും തമ്മിലാണെന്നു മാത്രം. ആയുധവും അധികാരവും ഉള്ളവരാകട്ടെ നിസ്സഹായരും. ഭരണാധികാരികളും ഉത്തരവാദിത്തപ്പെട്ട ഏജൻസികളും നൽകുന്ന മനോധൈര്യമാണ് മനുഷ്യരുടെ ആയുധം. മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ കാലം വീണ്ടും നീട്ടിയിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. കൊറോണ വൈറസ് എന്ന കോവിഡ് 19 വരുത്തിവെച്ച ഈ ദിനങ്ങൾ മലയാളികൾക്ക് ജാഗ്രതയുടേയും നിയന്ത്രണങ്ങളുടേയും അതിജീവനത്തിന്റെയും തിരിച്ചറിവുകളുടേതുമാണെങ്കിലും തിരക്കുപിടിച്ച ജീവിതത്തിൽ കൈമോശം വന്ന പലതും വീണ്ടെടുക്കാനുള്ള അവനവനിലേക്കുള്ള ഒരു യാത്ര കൂടിയാവുകയാണ് ചിലർകെങ്കിലും ഈ കോവിഡ് കാലം. തങ്ങളുടെ സർഗാത്മകതയും കഴിവുകളും പലരും തിരിച്ചറിയുന്നതും ഈയൊരു കാലത്താണ്. ഏതൊരു കാര്യത്തിനും നല്ലതും ചീത്തയുമായ രണ്ടു വശങ്ങളുണ്ടെന്നതുപോലെ ഈ ലോക്ക് ഡൗൺ കാലത്തെ ഫലപ്രദമായി ഉപയോഗിക്കാനും നാം ശീലിച്ചു കഴിഞ്ഞു. വീട്ടിലിരുന്നു കൊണ്ടു തന്നെ സർഗാത്മകമായും വിജ്ഞാനപ്രദമായും കൊറോണക്കാലത്തെ ഉപയോഗിക്കുന്നവർ ധാരാളമാണ്. ഞങ്ങളുടെ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ അക്ഷരശ്ലോക പരിശീലനവും കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തത്തോടെ തയ്യാറാക്കുന്ന 'നാട്ടുപച്ച മാഗസിനു'മെല്ലാം കൺമുന്നിലെ ഉദാഹരണങ്ങളാണ്. ഭാവിയുടെ ലോകം ഓൺലൈനായിട്ടുള്ള പഠനത്തിന്റെയും ജോലിയുടേതുമാണ്. അത് പ്രാക്ടീസ് ചെയ്തു തുടങ്ങുവാനും ഓൺലൈൻ സംവിധാനം ഉപയോഗിച്ച് നാട്ടിലും വിദേശത്തുമുള്ള കൂട്ടുകാരുമായി ചേർന്ന് എന്തെകിലും പ്രോജക്ടുകൾ പ്ലാൻ ചെയ്യാനുമെല്ലാം ഈ ലോക്ക് ഡൗൺ കാലത്തെ ഉപയോഗിക്കാം.

പുസ്തകവായന ഇല്ലാതായികൊണ്ടിരിക്കുന്ന ഈ കാലത്ത് അത് തിരിച്ചുപിടിക്കാൻ പറ്റിയ സമയമാണ് ഈ കോവിഡ് കാലം. സമയമില്ലാത്ത കാരണം കൊണ്ട് പലപ്പോഴും മാറ്റിവെച്ച പുസ്തകങ്ങൾ വായിക്കാനുള്ള അവസരമാകുകയാണ് പലർക്കും ഈ കാലം. ആയിരക്കണക്കിന് പുസ്തകങ്ങൾ സൗജന്യമായി ഓൺലൈനിൽ ലഭ്യമാണ്. പുസ്തകമായും ഈ-പുസ്തങ്ങളുയുമെല്ലാം ധാരാളം പേരാണ് ഇന്ന് വായനയുടെ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കൂടാതെ വീട്ടുകൃഷിയിലേക്കും ജൈവ പച്ചക്കറി ഉൽപാദനത്തിലേക്ക് ഇറങ്ങുന്നവരും ധാരാളം. ഇവയ്ക്കു പുറമെ കൊറോണയെന്ന മഹാമാരിയെ തുരത്താനുള്ള മാർഗ്ഗങ്ങളുമായി ഹ്രസ്വചിത്രങ്ങളും ബോധവത്കരണവുമായി മുന്നോട്ടു വരുകയാണ് യുവതലമുറ. ഇത്തരത്തിൽ ഒഴിവു ദിവസങ്ങളിലെ വിരസത അകറ്റാൻ ഉപയോഗപ്രദമായ ഒരുപാട് മാർഗ്ഗങ്ങൾ സ്വീകരിച്ചു കഴിഞ്ഞു മലയാളികൾ. അതോടൊപ്പം തന്നെ പ്രകൃതിയുടെ തിരിച്ചു വരവിനും സാക്ഷ്യം വഹിക്കുകയാണ് ഈ ലോക്ക് ഡൗൺ കാലം. വാഹനങ്ങളുടെ ഉപയോഗം കുറച്ചതിനാൽ വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറഞ്ഞു.രോഗങ്ങളെ അകറ്റാൻ പരിസ്ഥിതിയും ശുചിയാക്കി. അതോടെ പ്രകൃതി സ്വസ്ഥം. കൂടാതെ വാഹനാപകടങ്ങളും കൊലപാതകങ്ങളും അക്രമങ്ങും എല്ലാം കുറഞ്ഞു. ഇതെല്ലാം ഈ കാലത്തിന്റെ നല്ല വശങ്ങൾ തന്നെയാണ്. ഇവയ്ക്കെല്ലാം പുറമെ ലോക് ഡൗൺ കാലം നൽകുന്ന ഗുണപരമായ ആരോഗ്യ ശുചിത്വ സംസ്കാരവും കൊറോണക്കാലത്തിനു ശേഷവും ഒരു നല്ലപാഠമായി എന്നും നാം കാത്തു സൂക്ഷിക്കേണ്ടതാണ്. ടോയ്‍ലറ്റിൽ പോയിട്ട് വരുമ്പോഴെങ്കിലും കൈ സോപ്പിട്ട് കഴുകണമെന്ന് പതിറ്റാണ്ടുകളായി ഡോക്ടർമാർ പറഞ്ഞിട്ടും പഠിക്കാതിരുന്ന നമ്മൾ ഒറ്റ ആഴ്ച കൊണ്ട് അത് പഠിച്ചെടുത്തു. ഇത് നാം തീർച്ചയായും നിർബന്ധമായും തുടരേണ്ടത് കൂടിയാണ്. പണമൊ സമ്പത്തൊ അല്ല ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനമെന്നും നാം മനസ്സിലാക്കി. നല്ല ഭക്ഷണ രീതികളും സാധനങ്ങളും അന്വേഷിച്ച് കണ്ടു പിടിച്ച് ഉപയോഗിക്കാനും പഠിച്ചു. കൊറോണ കാലത്ത് നാം ആരോഗ്യത്തിൽ കാണിക്കുന്ന ഈ ശ്രദ്ധയും കരുതലും അതിനു ശേഷവും വേണം. വർഷക്കാലം വരുന്നതോടെ വിവിധ സാംക്രമിക രോഗങ്ങൾക്കുള്ള സാധ്യത കൂടി മുൻകൂട്ടി കണ്ട് നല്ല ആരോഗ്യ ശീലങ്ങൾ തുടരണം. അതിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടുകയാണ് വേണ്ടത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുകയല്ലെ നല്ലത്. ജീവിത ചര്യയിലെ സമൂല മാറ്റത്തിലൂടെ രോഗ പ്രതിരോധശേഷി കൂട്ടുകയെന്നതിനാവണം ലോക് ഡൗൺ കാലത്തെ നമ്മുടെ മുൻഗണന. തിരക്കേറിയ ജീവിതത്തിനിടെ പെട്ടെന്നു കിട്ടിയ അവധി രോഗ്യപരിപാലനത്തിന്റെ ദിനങ്ങളായി മാറ്റാനും നമുക്ക് കഴിയണം.

ഒരുപാട് തിരിച്ചറിവുകളുടേത് കൂടിയായിരുന്നു മലയാളികൾക്ക് ഈ കൊറോണക്കാലം. ഞാനില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ലെന്ന് ചിന്തിക്കുന്നവരോട് നീ വീട്ടിൽ നിന്ന് പുറത്ത് വരാതിരുന്നാൽ മാത്രമേ സമൂഹം രക്ഷപ്പെടുകയുള്ളൂ എന്ന് കോറോണ പഠിപ്പിച്ചു. അധികൃതരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് പുറത്തിറങ്ങി കാഴ്ച കാണാൻ നടന്ന ചിലരെയെങ്കിലും കൊറോണ ബാധിച്ചു. മുന്നറിയിപ്പുകൾ അവഗണിക്കരുത് എന്നതിന് നല്ല പാഠവും എന്നും ഓർത്തിരിക്കാൻ സൗജന്യമായി അനുഭവങ്ങളും കൂടി കൊറോണ നൽകി. തെരുവിലുള്ളവരെ കരുതാൻ സമൂഹത്തിനു പരിധി ഉണ്ടെന്ന് പറഞ്ഞവർ കൊറോണയെ പേടിച്ച്, തെരുവിൽ കിടന്നവരെയെല്ലാം വാരിയെടുത്ത് മൂന്നു നേരം ഭക്ഷണവും പാർപ്പിടവും നൽകി സുരക്ഷിതരാക്കി. സംഗതി സ്വാർത്ഥമാണെങ്കിലും തെരുവിൽ കിടക്കുന്നവർക്ക് ഭക്ഷണവും പാർപ്പിടവും നൽകാൻ സമൂഹം വിചാരിച്ചാൽ നടക്കും എന്നും കൊറോണ കാണിച്ചു തന്നു. ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും വേദന സമൂഹത്തിലെ ഉന്നതന്മാരെയും വി.ഐ.പി കളേയും വിദ്യാസമ്പന്നരേയും കൊറോണ പഠിപ്പിച്ചു. കേരളത്തിലെ നിയമമൊക്കെ എന്ത്? അങ്ങ് അമേരിക്കയിലോട്ടു വരണം, പൊതു സ്ഥലത്ത് തുപ്പിയാൽ പോലും പോലീസ് പിടിക്കും എന്നൊക്കെ വാചക കസർത്ത് നടത്തിയ പ്രവാസി മലയാളികളുടെ പ്രതിനിധി കേരളാ മുഖ്യമന്ത്രിയോട്, കുറച്ചു നാളത്തേക്ക് അമേരിക്കൻ പ്രസിഡന്റാകാൻ കഴിയുമോ എന്ന് ചോദിച്ച തമാശയിലും കൊറോണ നമുക്ക് ചിലതൊക്കെ പറഞ്ഞു തരുന്നു. ആരാധന ആൾക്കൂട്ടങ്ങളിലാണ് നടക്കുന്നത് എന്ന തെറ്റായ ധാരണയെ കൊറോണ തിരുത്തിയെഴുതി. നല്ല ഭക്തന് പ്രാർത്ഥിക്കാനും ദൈവത്തെ പ്രാപിക്കാനും സ്വന്തം വീടുപോലെ സ്വതന്ത്ര്യമായ മറ്റൊരിടമില്ലെന്ന് കൊറോണ പഠിപ്പിച്ചു. ഒരു നല്ല കാര്യത്തെപ്പറ്റി ആലോചിക്കുമ്പോൾ ഒരോരുത്തർക്കും ഒരു നൂറു നിർദ്ദേശങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും നിറത്തിനും എല്ലാം അതീതമായി മനുഷ്യജീവന് മാത്രമാണ് പ്രാധാന്യമെന്നും കൊറോണ തെളിയിച്ചിരിക്കുന്നു. മക്കളെ ഡോക്ടറാക്കണം എന്നും മക്കൾ ഡോക്ടേഴ്സ് ആണെന്നും മറ്റും ഗമയക്ക് പറഞ്ഞു നടന്നവരോട് മെഡിക്കൽ ഡോക്ടർ എന്ന വിശേഷണം ഗമയ്ക്ക് ഉപയോഗിക്കാനുള്ളതല്ല മറിച്ച് സേവന മനോഭാവത്തിൽ പ്രയോഗിക്കേണ്ടതാണെന്ന തിരിച്ചറിവ് കൊറോണ ഒരിക്കൽ കൂടി നൽകി. സ്വന്തം ജീവൻ പണയം വെച്ച് നാട്ടുകാരുടെ ജീവൻ നിലനിർത്താൻ പോരാടുന്ന ഡോക്ടേർസിന്റെയും നഴ്സുമാരുടേയും മഹത്വവും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും പോലീസിന്റെയും സേവന സന്നദ്ധതയും ഈ കൊറോണക്കാലം നമുക്ക് പകർന്നു തരുന്നു. ഇത്തരത്തിൽ ഒരുപാടൊരുപാട് തിരിച്ചറിവുകൾ സമ്മാനിച്ചാണ് ഓരോ ലോക്ക് ഡൗൺ ദിനവും കടന്നു പോകുന്നത്. ഇവയ്ക്കെല്ലാം മുന്നോട്ടുള്ള ജീവിതത്തിന് നന്മ പകർത്തുവാനുള്ള ശേഷിയുമുണ്ട്.


കേരളം ഒരു പരിധി വരെ ഈ കൊറോണ വ്യാപനത്തെ തടഞ്ഞിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണിന്ന് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനെയൊരു വിജയം നേടിയതായി അറിവില്ല. പക്ഷേ 'കീരിക്കാടൻ ചത്തേ....' എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല. അറിവൊ ഉത്തരവാദിത്ത ബോധമോ ഇല്ലാത്ത പത്ത് ആളുകൾ , മുൻകരുതലുകളിൽ അൽപം കുറവ്. അത് മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു ശതമാനം ആളുകൾ... കേരളത്തെ തകർക്കാൻ ഇതു മാത്രം മതി. അതുകൊണ്ട് വീട്ടിലിരുന്നുകൊണ്ട് ലോക്ക് ഡൗൺ ദിനങ്ങളെ നല്ലതിനായി മാത്രം പ്രയോജനപ്പെടുത്തുക, തത്കാലം നാം നേടിയ വിജയത്തിൽ സന്തോഷിക്കുന്നതിനൊപ്പം ഇനിയും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ തയ്യാറെടുക്കുക. കൂടുതൽ ഉത്തരവാദിത്തതോടെ പെരുമാറാൻ പഠിക്കുക. ഇതാണ് തത്കാലം നാം ചെയ്യേണ്ടത്. ഒരു മാസം കഴിഞ്ഞാണെങ്കിലും ഒരു വർഷം കഴിഞ്ഞാണെങ്കിലും ഈ കാലവും കടന്നു പോകും. ഇനിയൊരു കൊറോണയെ വിളിച്ചു വരുത്താതിരിക്കാൻ ഈ ലോക്ക് ഡൗൺ കാലത്ത് നാം ശീലിച്ച ചില നല്ല സംസ്കാരങ്ങളെ, അറിവുകളെ കൂടെ കൊണ്ടു പോകാം... കൊറോണാന്തര കേരളത്തിനായ് പ്രത്യാശയോടെ കാത്തിരിക്കാം....

സാനിയ കെ ജെ
10 ഡി സി എൻ എൻ ജി എച്ച് എസ്സ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം