ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഭൗതികസൗകര്യങ്ങൾ

.

പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


കെട്ടിടങ്ങൾ

.

മുൻ മാനേജർ കെ.സി ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം ഒന്നേമുക്കാൽ കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഗോൾഡൻ ജൂബിലി ബിൽഡിങ്ങ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ ആയ പൂർവ്വവിദ്യാർത്ഥികളുടെ ഉപഹാരമാണ്. ഈ ബഹുനില കെട്ടിടം മുൻ ഹെഡ്മാസ്റ്റർ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തിൽ സമർപ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉൾക്കൊള്ളുന്നു. ഗോൾഡൻ ജൂബിലി ബിൽഡിങ്ങിനോടൊപ്പം പുരാതനവും പ്രൗ‍ഢവുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.


                                                                             ഹയർ സെക്കണ്ടറി വിഭാഗം
                                             


500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.


                                                                                         ഹൈസ്കൂൾവിഭാഗം   
                                                                                        


രാജാ ഹോസ്റ്റൽ : നാനാത്വത്തിന്റെ മേളനതീരം

.


                                                         
                                                                             രാജാ ഹോസ്റ്റൽ


വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ മേളന സ്ഥലമാണ് രാജാ ഹോസ്റ്റൽ. ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം നൽകുന്നതിനുവേണ്ടി 1965 ൽ ആരംഭിച്ചതാണ് രാജാ ഹോസ്റ്റൽ. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമാണിവിടം


3 വിഭാഗം കുട്ടികളാണ് രാജാ ഹോസ്റ്റലിൽ ഉള്ളത്.


1. ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ്) ആഭിമുഖ്യത്തിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. സാധാരണ സ്കൂളിൽ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവർക്ക് എെ. എ - എസ്സ്, എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ് പ്രത്യേകം പ്രത്യേകം ഹോസ്റ്റലിൽ നൽകിവരുന്നു.


2. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോൾ പ്രതിഭകളെ തെരഞ്ഞെടുത്ത് സെപ്റ്റിന്റെ നേതൃത്വത്തിൽ ഇവർക്ക് ഫുട്ബോളിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. ഇവർ അന്തർദേശീയ - ദേശീയ – സംസ്ഥാന തലങ്ങളിൽ ഉന്നത നിലവാരം പുലർത്തിവരുന്നു.


3. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും താമസ സൗകര്യത്തോടെ പഠനത്തിന് വരുന്ന സാധാരണക്കാരായുള്ള കുട്ടികൾ.


മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുമായി 90ഓളം കുട്ടികൾ ഇപ്പോൾ ഹോസ്റ്റലിലുണ്ട്. ഇതിൽ 10 കുട്ടികൾക്ക് തിരുവനന്തപുരത്തെ സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് ഈ വർഷം സെലക്ഷൻ ലഭിച്ചു. വ്യത്യസ്ഥ ഭാഷകളും ആചാരങ്ങളുമായി വ്യത്യസ്ഥ ജില്ലകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ സ്വരചേർച്ചയിൽ കഴിയുന്നു എന്നത് രാജാ ഹോസ്റ്റലിന്റെ പുണ്യം തന്നെ.


സെപ്റ്റ് എലൈറ്റ് സെന്റർ

.

സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ കോഴിക്കോട് ഘടകത്തിന്റെ എലൈറ്റ് സെന്റർ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പ്രതിഭകൾക്ക് സെപ്റ്റ് ഫുട്ബോളിൽ പരിശീലനം നൽകുന്നു. രാജാ ഹോസ്റ്റലിലെ റസിഡൻഷ്യൽ സൗകര്യം ഇതിന് മുതൽക്കൂട്ടാണ്.


                                               




അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോൾ അക്കാദമിയിലേക്ക് ഒരു വർഷത്തെ ഫുട്ബോൾ പരിശീലനത്തിനായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാൻ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസിൽ, ഇംഗ്ലണ്ടിലെ ആഴ്സണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടർ 17 ഇന്ത്യൻ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാർഥികൾ , കൂടാതെ കേരള സംസ്ഥാന ഫുട്ബോൾ ടീമിൽ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളർന്നുവന്നവരാണ്.

ഫാറൂഖ് എഡ്യൂകെയർ

.

                


പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. നിർധനരും നിരാലംബരുമായ ധാരാളം വിദ്യാർഥികൾക്ക് പഠനം നടത്തുന്ന സ്ഥാപനമാണ് നമ്മുടെ വിദ്യാലയം. ദാരിദ്ര്യം മൂലം പഠനം ഏറെ പ്രയാസകരമായി അനുഭവപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിന് 2013 ൽ രൂപം നൽകിയതാണ് ഫാറൂഖ് എഡ്യൂകെയർ എന്ന സംരംഭം. പഠനസഹായത്തോടൊപ്പം വിദ്യാർഥികളെ സ്വന്തം കാലിൽ നിൽക്കാനും ഫാറൂഖ് എഡ്യൂകെയർ സഹായിക്കുന്നു. പട്ടിണിയും രോഗവും ബാധിച്ചവരും താമസിക്കാനൊരിടമില്ലാത്തവരും മാത്രമല്ല ശാരീരികവും മാനസികവുമായ വിവിധ വെല്ലുവിളികൾ നേരിടുന്നവരും ഏറെ പ്രതീക്ഷയർപ്പിക്കുന്ന സംരംഭമാണ് ഫാറൂഖ് എഡ്യൂകെയർ.


                                                            ഫാറൂഖ് എഡ്യൂകെയർ മീറ്റിംഗ്
                                    


ലക്ഷ്യം :- അശണരും, അവഗണിക്കപ്പെട്ടവരുമായ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക. പഠനരംഗത്തും, സാമൂഹ്യരംഗത്തും അവർ അന‌ുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക.


പ്രവർത്തന മേഖല :- ആഹാരം, ചികിൽസ, പഠനം, വീട്, വീട് വൈദ്യുതീകരണം, യാത്രാ സൗകര്യം, സ്കോളർഷിപ്പ്, ഹോസ്റ്റൽ ചെലവ് വഹിക്കൽ തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന അർഹരായ വിദ്യാർഥികൾക്കം അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ ഫണ്ട് അനുവദിക്കുന്നു.


സമിതി :- മാനേജർ ചെയർമാനും, ഹെഡ്മാസ്റ്റർ കൺവീനറും, പ്രിൻസിപ്പാൾ ട്രഷററും, പി. ടി. എ. പ്രസിഡൻണ്ട്, പൂർവ്വവിദ്യാർഥി സംഘടനാ പ്രസിഡൻണ്ട്, സ്റ്റാഫിൽ നിന്ന് തിരഞ്ഞെടുക്കുന്ന നിശ്ചിത പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് സമിതി


ഫണ്ട് സ്വരൂപണം :- മാനേജ്മെന്റ്, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ മറ്റ് ഉദാരമതികൾ എന്നിവരിൽ നിന്നും ഫണ്ട് കണ്ടെത്തുന്നു. സ്കൂൾ അദ്ധ്യാപകരിൽ നിന്നും മാസം തോറും ഒരു വിഹിതം ഈ സംരംങത്തിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു.

ടൈലറിങ്ങ് യൂണിറ്റ്

.

എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെ‍ഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


                                       


കൂടാതെ എല്ലാ വർഷങ്ങളിലും യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ കുടകൾ നിർമ്മിച്ചു വരുന്നു. ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചോക്ക്, പൗച്ച്, ഫയൽ, ബൾബ്, സോപ്പ്, പലതരം പേപ്പർ ബാഗ്, തുണിസഞ്ചി തുടങ്ങിയ പലതരത്തിലുള്ള ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയൻ സ്വപ്നം നിറവേറുന്നു എന്ന നിർവൃതിയുണ്ട്.


                             


                                                        


ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തുവരുന്നുണ്ട്.


എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനങ്ങൾ ഫാറൂഖ് എഡ്യൂകെയറിന്റെ സഹായത്തോടെ നൽകി വരുന്നു. കഴി‍ഞ്ഞ വർഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എംബ്രോയ്ഡറിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന വിദ്ധ്യാർത്ഥിനിക്കായിരുന്നു.


                 
                   ഹിബ ഫാത്തിമ

സ്കൂൾ ഗ്രൗണ്ട്

.

                                               


കലാ-കായിക രംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറിൽ ഗാലറിയോടുകൂടിയ അതിവിശാലമായ ഗ്രൗണ്ട് ഉണ്ട്. അതിൽ 105മീറ്റർ നീളത്തിലും 75 മീറ്റർ വീതിയിലുമുള്ള ഫുട്ബോൾ ഗ്രൗണ്ട് പുൽത്തകിടി വച്ചുപിടിപ്പിച്ച് കളിക്കുന്നതിന് അനുയോജ്യമാക്കിയ്ട്ടുണ്ട്. 5000 പേർക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ രണ്ടു വശങ്ങളിലായി നിർമ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേർന്ന് സ്പോട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു ഹാളും, സ്പോട്സ് താരങ്ങൾക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണൽമരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിർമ്മിച്ചിരിക്കുന്നത്.

സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം

.

                                            


ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ രണ്ടു സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.


ഇതിൽ ഹൈസ്കൂൾ വിഭാഗത്തിനായുള്ള മൾട്ടിമീഡിയ റൂം സ്കൂളിലെ മുൻകാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്ററുടെ പേരിൽ പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ഹാൾ, അദ്ദേഹം സ്കൂളിനു തന്നെ സമർപ്പിക്കുകയാണുണ്ടായത്. ഒരേ സമയം 250 ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ഈ ഹാളിൽ. എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.


300ൽ അധികം പേർ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ മുൻ ഹെഡ്മാസ്റ്റർ അസീസ് മാസ്റ്ററുടെയും 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, മുൻ ഹെഡ്മാസ്റ്റർ പി.എ. ലത്തീഫ് മാസ്റ്ററുടെയും നാമധേയത്തിൽ പൂർവ്വ വിദ്യാർത്ഥികൾ സമർപ്പിച്ചവയാണ്.


ലൈബ്രറി

.

റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.


           


ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.


ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ക്ലാസ് ലൈബ്രറിക്കായി ക്ലാസ്സിൽ പ്രതേകം അലമാറകൾ സജ്ജമാക്കിയിട്ടുണ്ട്.


                        


ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കമ്പ്യൂട്ടർ ലാബ്

.


                                                 


ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി (ഹയർ സെക്കണ്ടറി - 1, ഹൈസ്കൂൾ - 2) ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ. സി. ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്, വൈറ്റ് ബോർ‍ഡ്, കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഹൈസ്കൂൾ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബുകളിലുണ്ട്.

സയൻസ് ലാബ്

.

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർ‍ഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.


ഉച്ചഭക്ഷണ പദ്ധതി

.

                            


സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.

ബയോഗ്യാസ് പ്ളാൻറ്

.

മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.


ഹെൽപ്പ് ഡസ്‌ക്

.

പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.


ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളെ സഹായിക്കാനായി ഒരു കൗൺസലിംങ്ങ് ടീച്ചർ ഇവിടെ സേവനം ചെയ്യുന്നുണ്ട്.

റിസോഴ്സ് ടീച്ചർ

.

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.

കാന്റീൻ

.

വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.

കോ-ഓപ്പറേറ്റീവ് സൊസൈറ്റി

.

കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.